ഇസ്രായേല്‍ എന്ന അനിവാര്യ അദ്ഭുതം

ഇസ്രായേല്‍ എന്ന അനിവാര്യ അദ്ഭുതം
Published on
  • പോള്‍ തേലക്കാട്ട്

നാസി കൂട്ടക്കൊലയ്ക്കുശേഷം യഹൂദന്റെ വിചിത്രമായ തനിമയുടെ സമസ്യയ്ക്ക് ഒരു ലക്ഷ്യമുണ്ട് എന്നു കാണാന്‍ നിര്‍ബന്ധിതമാകുന്നു. ഇസ്രായേല്‍ ഒരു അദ്ഭുതമാണ്. കാരണം, അത്ര അനിവാര്യമായി മാറുന്നു അതിന്റെ ചരിത്രവും അതിന്റെ അസ്തിത്വത്തിലേക്കു വരവും. ഭീകരമായ പട്ടാളശക്തിയുടെ ആക്രമണത്തിനെതിരായ നിലനില്‍പ്പിന്റെ നേട്ടവും യുക്തിപൂര്‍വകമായി പ്രതീക്ഷിക്കാവുന്നതല്ല. പക്ഷേ, അതു ഇന്നും നിലനില്‍ക്കുന്നു. ഭ്രാന്തമായ ആ കടങ്കഥയുടെ നിലനില്‍പ്പ് അദൃശ്യമായ ഒരു ശക്തിയുടെ വിളിയുടെ ഫലമാണ്. അതു തുടങ്ങുന്നതു തന്നെ ഒരു പുറപ്പാടിലാണ്.

എല്ലാ മനുഷ്യരും ഈ ഭൂമിയില്‍ വിരുന്നുകാരാണ്. എന്തിനു സൃഷ്ടിക്കപ്പെട്ടു? എന്തിനിവിടെ വന്നുപെട്ടു എന്ന് അറിയാത്തവരാണ്. ഇവിടെ ഒന്നും ഇല്ലാതിരിക്കുകയല്ല; എന്തെല്ലാം ഉണ്ടായിരിക്കുന്നു! എന്തിന്? എവിടെ നിന്ന്? ഇവിടെ ഉള്ളതെല്ലാം അനന്തമായ പരിണാമഘട്ടങ്ങളിലൂടെ കടന്നുവന്നവയാണ്. എത്രയോ വസ്തുവകകളും ജീവികളും ഈ പരിണാമദിശകളില്‍ അപ്രത്യക്ഷമായി. പരിണാമത്തിന്റെ പരകോടി ദിശാസന്ധികള്‍ വിട്ട് യഹൂദര്‍ ഇവിടെ എന്തിന് എത്തി, ഈ ഗോളത്തില്‍ അപ്രത്യക്ഷമാകാതെ നിലനിന്നു? ഈ ചോദ്യങ്ങളാലാണ് ജോര്‍ജ് സ്റ്റെയ്‌നര്‍ ഇതില്‍ ''ഒരു തിരഞ്ഞെടുപ്പ്'' കാണാന്‍ നിര്‍ബന്ധിതനാകുന്നു എന്ന് എഴുതുന്നത്. ''ഇത് അദ്ഭുതകരമാണ്'' അദ്ദേഹം തുടരുന്നു. ആയുധബലത്തിന്റെ യാതൊരു അവകാശവുമില്ലാതിരുന്ന ഇവര്‍ക്ക് നിത്യമായ എന്ത് അധികാരമാണ് ഇങ്ങനെ പിടിച്ചുനില്‍ക്കാന്‍ ഉണ്ടായിരുന്നത്?

മരങ്ങള്‍ക്ക് വേരുകള്‍ ഉണ്ട്. എന്നാല്‍, യഹൂദര്‍ക്ക് ഭൂമിയില്‍ ഒരിടത്തും വേരുകള്‍ ഉണ്ടായിരുന്നില്ല. അവര്‍ക്ക് കാലുകള്‍ ഉണ്ടായിരുന്നു. അവര്‍ എല്ലാ വേലികളും മതിലുകളും മലകളും പുഴകളും മണല്‍ക്കാടുകളും കടന്നു നടന്നുകൊണ്ടിരുന്നു. അങ്ങനെ നടന്ന് അവര്‍ അറിയാതെ പല ഭാഷകള്‍ സംസാരിച്ചവരായി. ഇടമില്ലാത്ത അലച്ചിലിന്റെ ഭാഗമായി അതു വന്നു ഭവിച്ചതാണ്. അതുകൊണ്ട് അവര്‍ക്ക് പറയാം - ഒന്നും അന്യമല്ല. മാനുഷികമായതൊന്നും അന്യമല്ല, അല്ലെങ്കില്‍ ഏതു മനുഷ്യനാണ് യഹൂദനേക്കാള്‍ അന്യന്‍ ആയിട്ടുള്ളത്? അങ്ങനെ അലഞ്ഞു സന്ധ്യയ്ക്ക് കയറി വന്നു വാതിലില്‍ മുട്ടുന്നവന് ആതിഥ്യം കൊടുക്കുന്ന കെട്ടുകഥകളും പുരാണങ്ങളും ഇല്ലാത്ത സംസ്‌കാരങ്ങളും നാടുകളും ഉണ്ടായിട്ടുണ്ടോ?

പാശ്ചാത്യ ലോകത്തിലെ മനുഷ്യന്റെ ബോധത്തെ മൂന്നുവട്ടം യഹൂദന്‍ വെല്ലുവിളിച്ചു. അതൊരു ധാര്‍മ്മിക വെല്ലുവിളിയായിരുന്നു; അതായിരുന്നു മോസസിലും ജീസസിലും മാര്‍ക്‌സിലും സംഭവിച്ചത്.

അപ്പോഴൊക്കെ ദൈവം വിരുന്നിനു വരുന്നു എന്ന് കരുതിയ ജനതയുണ്ടായിരുന്നു. മനുഷ്യര്‍ ഇങ്ങനെ വിരുന്നുകാരായി മാറിയവരാണ്. മറിച്ചുള്ള ഒരു ഗ്രാമമോ നഗരമോ നാടോ വര്‍ഗമോ ജനമോ ഉണ്ടായിട്ടില്ല. മെച്ചപ്പെടാനുണ്ട് എന്നു ചിന്തയില്ലാത്തവര്‍ ഉണ്ടായിരുന്നതായി അറിവില്ല. അതേ കാരണം കൊണ്ട്, അനീതി വാഴുമ്പോള്‍ വിട്ടുപോകാത്ത ഏതു നാടാണ് ഉള്ളത്? ധര്‍മ്മം അതിന്റെ യാത്രാവടിയും കുപ്പായവും പാദുകങ്ങളും എപ്പോഴും തയാറാക്കി വച്ചിരുന്നു. രാജ്യങ്ങളുടെയും രാജ്യഭരണങ്ങളുടെയും അന്ത്യങ്ങളുടെയും അരികുകളുടെയും ഇടയിലൂടെ നാടുവിട്ടു നടന്നുകൊണ്ടിരുന്ന ഒരു ജനം ആയിരുന്നു ഇസ്രായേല്‍.

ഇവരുടെ ദേവാലയം നശിപ്പിക്കപ്പെട്ടതിനുശേഷം അവര്‍ക്ക് ഒരു ദേവാലയമില്ലാതായി. ദേവാലയം മാത്രമല്ല, പൗരോഹിത്യവും ദേവാലയാനുഷ്ഠാനങ്ങളും അവസാനിച്ചു. പിന്നീട് യഹൂദമതത്തിന്റെ അടിസ്ഥാനമായത് യഹൂദ നിയമപഠനമായിരുന്നു. പല രാജ്യങ്ങളിലും ഇതായി മാറി സ്‌കൂള്‍ പഠനം. ആ കാലഘട്ടത്തില്‍ ക്രൈസ്തവര്‍ക്കും യഹൂദര്‍ക്കും മതവും പഠനവും ഒന്നായിരുന്നു. മതം പഠനമായി മാറിയപ്പോള്‍ സെക്കുലര്‍ പഠനം എന്നൊന്നില്ലായിരുന്നു. വായനയും പഠനവുമായി മതം, അത് വേദവായനയായിരുന്നു. അതേസമയം അത് പ്രപഞ്ചവായനയുമായി. ദൈവത്തിന്റെ മതം അറിയാവുന്ന രണ്ടു പുസ്തകങ്ങള്‍ ആയി വേദവും പ്രപഞ്ചവും. രണ്ടിന്റെയും കര്‍ത്താവ് ദൈവമായിരുന്നു. ക്രൈസ്തവ ദൈവശാസ്ത്രവും റാബിമാരും തമ്മില്‍ ബന്ധിച്ചു. ഇസ്രായേല്‍ എന്ന പേര് തന്നെ ദൈവവുമായി മല്‍പിടുത്തം നടത്തിയവന്‍ എന്നതായിരുന്നു.

കല്‍പനകളുടെ സത്ത ധര്‍മ്മമാണ്. ആ ധര്‍മ്മം വെളിവായതു നാമമോ രൂപമോ ഇല്ലാത്ത ദൈവികതയുടെ മനസ്സിലാക്കലിലാണ്. ഭാഷയുടെ അളവില്‍ ഒതുങ്ങാത്ത ഈശ്വരസത്യമായിരുന്നു അവര്‍ക്ക് വെളിവായത്. ജോര്‍ജ് സ്റ്റെയ്‌നര്‍ എഴുതി, ''ശരിയായാലും തെറ്റായാലും റോമും മക്കയും ജെറുസലേമിന്റെ പെണ്‍മക്കളാണ്.'' യഹൂദര്‍ ദൈവരോഗം ബാധിച്ചവരായിരുന്നു. ''യഹൂദനില്ലാത്ത ഒരു പാശ്ചാത്യ ചരിത്രം രചിക്കാനാവില്ല.'' ദൈവത്തെ കൊന്നവരായതുകൊണ്ടല്ല; ദൈവത്തെ പ്രസവിച്ചവര്‍ ആയതുകൊണ്ടാണ് ലോകം യഹൂദരെ ക്ഷമിക്കാതെ പീഡിപ്പിച്ചത്. മനസ്സാക്ഷിയുടെ കണ്ടുപിടുത്തക്കാര്‍. പാശ്ചാത്യ ലോകത്തിലെ മനുഷ്യന്റെ ബോധത്തെ മൂന്നുവട്ടം യഹൂദന്‍ വെല്ലുവിളിച്ചു.

അതൊരു ധാര്‍മ്മിക വെല്ലുവിളിയായിരുന്നു. അതായിരുന്നു മോസസിലും ജീസസിലും മാര്‍ക്‌സിലും സംഭവിച്ചത്. പ്രമാണങ്ങളുടെ ദൈവസാന്നിധ്യം ''മുള്‍പ്പടര്‍പ്പില്‍'' നിന്നു കത്തുന്നു. അതിന്റെ വെളിപാട് ഒന്നിന്റെ തന്നെ ആവര്‍ത്തനമായിരുന്നു. ആയിരിക്കുന്നവന്‍ ഞാനാണ്. സീനായി മലമുകളില്‍ നിന്ന് പുറപ്പെട്ട ഒത്തുതീര്‍പ്പില്ലാത്ത ധാര്‍മ്മിക കല്പനകള്‍. ആ ധര്‍മ്മ വിശ്വാസത്തിന്റെ പേരില്‍ മകനെ കൊല്ലാന്‍ കല്പിക്കുന്ന ദൈവം. ആ പാരമ്പര്യത്തില്‍ സീറോ മലബാര്‍ സഭ ജീവിക്കുന്നു എന്ന ബോധം സഭയ്ക്കുണ്ടോ? സീറോ മലബാര്‍ സഭയ്ക്ക് ഒരു ധാര്‍മ്മിക അദ്ഭുതമായി ഭാരതത്തിന്റെ ജാതി സംസ്‌കാരത്തെയും ദേശീയതാ സംസ്‌കാരത്തെയും വെല്ലുവിളിക്കാന്‍ കഴിയുമോ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org