പ്രാര്‍ത്ഥന പരിഹാസ്യമാക്കല്ലേ

പ്രാര്‍ത്ഥന പരിഹാസ്യമാക്കല്ലേ

പോള്‍ തേലക്കാട്ട്

കേരളത്തില്‍ നിന്നു നിപ വൈറസ് അകന്നുപോയത് ഒരു ധ്യാനഗുരുവിന്റെ പ്രാര്‍ത്ഥനയുടെ ഫലമാണ് എന്ന് അദ്ദേഹം അവകാശപ്പെടുന്നു. പ്രാര്‍ത്ഥനയുടെ അത്ഭുതപ്രവര്‍ത്തകര്‍ കൊറോണക്കാലത്തും അപ്രത്യക്ഷമായിട്ടില്ല. രാവിലെ മൂന്നു മണിക്കു കരുണകൊന്ത ചൊല്ലിയാല്‍ കൊറോണയെ പിടിച്ചു നിര്‍ത്താം എന്നു പറയുന്നവരുണ്ട്. ഇവരൊക്കെ നിഷ്‌ക്കളങ്കരായ വിശ്വാസികളാകാം.

കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ മലയോട് മാറാന്‍ പറഞ്ഞാല്‍ മാറും എന്ന് യേശു പറഞ്ഞിട്ടില്ലേ? വിശ്വസിച്ചാല്‍ മലമാ റും. വിശ്വാസി പ്രാര്‍ത്ഥിച്ച് പോയി സുഖമായി ഉറങ്ങിയാല്‍ ദൈവം മലമാറ്റിക്കൊള്ളും എന്നു കരുതുന്നവര്‍ വിഡ്ഢികളാകും. പ്രാര്‍ ത്ഥിച്ച് കിളച്ചുകോരിയാല്‍ മലമാറും. എല്ലാം ദൈവം ചെയ്തുകൊള്ളുമെങ്കില്‍ യേശു സമറിയാക്കാരന്റെ കഥ പറയേണ്ടിയിരു ന്നില്ല. ദൈവത്തിനു റോഡില്‍ ഇറങ്ങി മുറിവേറ്റവനെ സത്രത്തില്‍ ആക്കാമായിരുന്നില്ലേ? പിന്നെ സമറിയാക്കാരന്റെ യാത്ര മുടക്കണ്ടല്ലോ? ലോകത്തില്‍ പാര്‍പ്പിടമില്ലാത്തവര്‍ക്കും ആഹാരമില്ലാത്തവര്‍ക്കും ദൈവം നേരിട്ടു വന്ന് ഇതൊക്കെ ചെയ്തു കൊള്ളും എന്നു കരുതുന്നത് വിശ്വാസമാണോ? സമറിയാക്കാരന്റെ കഥ പറഞ്ഞിട്ട് യേശു പറഞ്ഞു: "നീയും പോയി ഇതുപോലെ ചെയ്യുക."

ദൈവത്തെ കെട്ടിയിറക്കി നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ശ്രമങ്ങള്‍ ഉത്തരവാദിത്വ രാഹിത്യമാണ്, ഒളിച്ചോട്ടമാണ്, അന്യവല്‍ക്കരണമാണ്. യേശു കുരിശില്‍ കിടന്നു പ്രാര്‍ത്ഥിച്ചു. "എന്റെ ദൈവമേ, എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു?" ഇന്ന് ആശുപത്രികളിലും വീടുകളിലും ഓക്‌സിജന്‍ കിട്ടാതെയും വാക്‌സിനേഷന്‍ കിട്ടാതെയും മരുന്നില്ലാതെയും ഇതേ നിലവിളികളും ആര്‍ത്തനാദങ്ങളും ഉയരുന്നു. പക്ഷെ ആ ചോദ്യം മറുപടിയില്ലാതെ നിശബ്ദ മായി. യേശു കുരിശില്‍ മരിച്ചു. യേശുവിനെ രക്ഷിക്കാന്‍ ദൈവം പിലാത്തോസിന്റെ അരമനയില്‍ എത്തിയില്ല. ഗ്രീക്കു നാടകവേദിയില്‍ മനുഷ്യരുടെ ഊരാക്കുടുക്കുകള്‍ അഴിക്കാന്‍ ആകാശത്തില്‍ നിന്നു കെട്ടിയിറക്കുന്ന ദൈവമല്ല ദൈവം.

നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള വിളി ആരുടേതാണ്. അതിന്റെ ഉത്തരവാദിത്വം നമ്മുടെ ചുമലുകളിലാണ്. പ്രാര്‍ത്ഥന ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. യഹൂദരുടെ സിനഗോഗില്‍ എപ്പോഴും കേള്‍ക്കാവുന്ന ഒരു പ്രാര്‍ത്ഥന സങ്കീര്‍ത്തനഭാഗമാണ്: ശ്മ ഇസ്രായേല്‍ – ഇസ്രയേലേ കേള്‍ക്കുക. പ്രാര്‍ത്ഥന ശ്രദ്ധയും ശ്രവണവുമാണ്. എന്റേത് അപരന്റെ ചെവിയുമാണ്. ശുദ്ധമായ ശ്രദ്ധയാണ് പ്രാര്‍ത്ഥന. എന്താണ് ശ്രദ്ധിക്കേണ്ടത്? ജീവിതസാഹചര്യങ്ങള്‍, ചരിത്ര മുഹൂര്‍ത്തങ്ങള്‍, വെല്ലുവിളികള്‍, രോദനങ്ങള്‍. നമ്മില്‍ വസിക്കുന്ന ദൈവികതയെ ബന്ധപ്പെടുക. ദൈവം നമ്മോട് സംസാരിക്കും. എന്നില്‍ വസിക്കുന്ന ഞാനല്ലാത്തവന്റെ ശബ്ദം. അതു കേള്‍ക്കുന്നതാണ് ഉത്തരവാദിത്വം, അപരന്റെ മുഖം നല്കുന്ന ഉത്തരവുകളാണവ. ഈ ഉത്തരവാദിത്വങ്ങളിലേക്ക് ഇറങ്ങുമ്പോള്‍, എത്ര അദ്ധ്വാനിച്ചിട്ടും ഉത്തരവാദിത്വങ്ങള്‍ ബാക്കിയാകുന്ന കുറ്റബോധത്തില്‍ നിരന്തരം വേദനിക്കുന്നു. പലര്‍ക്കും പ്രാര്‍ത്ഥന ദൈവം ചെയ്യേണ്ട കാര്യങ്ങള്‍ ദൈവത്തെ ഏല്പിച്ച് വിശ്രമിക്കാന്‍ പോകലാണോ എന്നു സംശയിക്കുന്നു. ദൈവത്തി ന്റെ പ്രാര്‍ത്ഥനകള്‍ ദൈവത്തിനുവേണ്ടി ചെയ്യാന്‍ എന്നെ അയ യ്ക്കുന്നതാണ്. അതു സ്വയം മറന്ന് ദൈവത്തിനായി പുറപ്പെടുന്നതാണ്, ഉത്തരവാദിത്വത്തില്‍ നിന്ന് യോനയെപ്പോലെ ഒളിച്ചോടി കപ്പല്‍ കയറുന്നതല്ല.

"ദൈവത്തില്‍ നിന്നു എന്നെ ഒഴിവാക്കിത്തരണമേ" എന്ന് മജിസ്റ്റര്‍ എക്കാര്‍ട്ട് ദൈവത്തോട് പ്രാര്‍ത്ഥിച്ചു. ദൈവവിശ്വാസത്തെ ചില ദൈവസങ്കല്പങ്ങളില്‍ നിന്നു മോചിക്കണം. നാസ്സി പ്രതിസന്ധിയില്‍ ജീവിച്ചു മരിച്ച ലൂഥറന്‍ വൈദികനായിരുന്ന ഡീട്രിച്ച് ബൊനോഫര്‍ എഴുതി "ദൈവമില്ലാത്തതുപോലെ ജീവിക്കാന്‍." അദ്ദേഹം ദൈവം ഇല്ല എന്നല്ല പറഞ്ഞത്. എന്റെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോട്ടമല്ല പ്രാര്‍ത്ഥന. ദൈവത്തെ എന്റെ ഉത്തരവാദിത്വങ്ങള്‍ ഏല്പിച്ച് സ്വതന്ത്രനാകാനും ദൈവം ആവശ്യപ്പെ ടില്ല.

1943 നവംബര്‍ 30-ാം തീയതി നാസ്സികള്‍ കൊന്ന യഹൂദ യുവതി എറ്റി ഹില്ലേസും നാസ്സികളുടെ കീഴിലായപ്പോള്‍ ഇങ്ങനെ പ്രാര്‍ ത്ഥിച്ചു, "ഒരു കാര്യം വ്യക്തമാകുകയാണ് നിനക്കു ഞങ്ങളെ സഹായിക്കാനാവില്ല; നീ ഞങ്ങളെ പരസ്പരം സഹായിക്കാന്‍ സഹായിക്കുക… ഞങ്ങള്‍ നിന്നെ സഹായിക്കാം, ഞങ്ങളിലെ നിന്റെ ഇടം മരണം വരെ സംരക്ഷിച്ചുകൊണ്ട്." ഇവളുടെ വാക്കുകള്‍ ഉദ്ധരിച്ച് ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ 2013 ഫെബ്രുവരി 13 ന് പ്രസംഗിച്ചു. സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കാതെ കൂടെയുള്ളവരെ സഹായിച്ചും ബലപ്പെടുത്തിയുമാണ് അവള്‍ മരിച്ചതും. ഏലി വീസല്‍ നാസ്സി തടവറയില്‍ കണ്ട ഭീകരകൊലകളുടെ ഇടയില്‍ സ്വയം ചോദിച്ചു: എവിടെ ദൈവം? അദ്ദേഹം എഴുതി "അവിടെ ആ കഴുമരത്തില്‍" അതാണ് ക്രൈസ്തവീകത.
അഴിമതിയും അനീതിയും ഭൂമിയില്‍ അഴിഞ്ഞാടും. റോമാ സാമ്രാജ്യത്തില്‍ 169-180 കാലഘട്ടത്തില്‍ അന്റോണിയന്‍ വസന്ത പടര്‍ന്നു. 249-262 കാലഘട്ടത്തില്‍ സിപ്രിയന്‍ വസന്തയും. ഇരു വസന്തകളുടെ കാലത്തും ക്രൈസ്തവര്‍ ചെയ്ത രോഗീ പരിചരണത്തിന്റെ പേരിലുമാണ് റോമാ സാമ്രാജ്യത്തില്‍ ക്രൈസ്തവികത വ്യാപിച്ചത്. അഗസ്റ്റിന്‍ എഴുതി: "നിനക്കു മനസ്സിലായെങ്കില്‍ അതു ദൈവമല്ല." ദൈവത്തെ എന്റെ കൈയിലെ ആയുധമാക്കരുത്. ദൈവം പുറത്തല്ല അകത്താണ്. അഗസ്റ്റിന്‍ പ്രര്‍ത്ഥിച്ചു "നീ എന്നിലായിരുന്നു, ഞാന്‍ നിന്നിലായിരുന്നില്ല." മതത്തിന് ഒരു നിര്‍വചനമേയുള്ളൂ: ഉത്തരവാദിത്വം. ദൈവത്തിനു ലോകത്തിലുള്ള തെളിവ് മനുഷ്യന്റെ ധര്‍മ്മമാണ്. ദൈവം എന്നെ കാത്തുകൊള്ളും എന്നു പറഞ്ഞ് മുഖാവരണം ധരിക്കാതെ നിരന്തരം അലഞ്ഞു തിരിയുന്നതു ദൈവവിശ്വാസത്തിന്റെ സാക്ഷ്യമല്ല. ദൈവനാമത്തിന്റെ ദുരുപയോഗം ഉത്തരവാദിത്വരാഹിത്യമാണ്. ഈ കോവിഡ് കാലത്തു കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അഭ്യര്‍ത്ഥിക്കുന്നു. പ്രാര്‍ത്ഥന എന്റെ ഉത്തരവാദിത്വങ്ങളെ ഉണര്‍ത്തുന്നതും അപരനുവേണ്ടി ദൈവനാമത്തില്‍ ഇറങ്ങിത്തിരിക്കാന്‍ ശക്തിപ്പെടുത്തുന്നതുമായിരിക്കട്ടെ.

Related Stories

No stories found.