സിനഡിന്റെ അധികാരം പരിമിതമായോ?

സിനഡിന്റെ അധികാരം പരിമിതമായോ?
Published on

പോള്‍ തേലക്കാട്ട്

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം നടന്ന സീറോ മലബാര്‍ സിനഡ് വിവാദപരമായിരിക്കുന്നു. ഈ ജൂലൈ മൂന്നാം തീയതി ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച കത്തുമായി ബന്ധപ്പെട്ടതാണ് വിവാദം. മാര്‍പാപ്പ സീറോ മലബാര്‍ സഭയ്ക്ക് അയച്ച കത്ത് ഒരു ചാക്രിക ലേഖനമോ അപ്പസ്‌തോലിക ലേഖനമോ ഒരു ഡിക്രിയോ അല്ല, മറിച്ച് ഒരു കത്താണ്. പക്ഷെ മാര്‍പാപ്പ സിനഡിന്റെ തീരുമാനങ്ങളില്‍ ഇടപെടാറില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കത്ത്. ഈ കത്ത് ഒരു ആഹ്വാനമാണ്. പക്ഷെ ഈ സഭയുടെ അധികാരസ്ഥാനത്തുനിന്നു കാണുന്നതു അങ്ങ നെയല്ല. "പരിശുദ്ധ പിതാവിന്റെ തീരുമാനത്തിനു വിരുദ്ധമായൊരു തീരുമാനമെടുക്കാന്‍ സിനഡിനു കഴിയുകയില്ല എന്നതാണ് സിനഡ് ഐക്യകണ്‌ഠേനയുള്ള നിലപാടാണ്." ഈയൊരുവാചകം സീറോ മലബാര്‍ സഭയുടെ മീഡിയ കമ്മീഷന്റെയാണ്. "മൂന്നിലൊന്നു പിതാക്കന്മാര്‍ എതിരായിട്ടും ഭൂരിപക്ഷ തീരുമാനം നിര്‍ബന്ധിതമായി നടപ്പാക്കി എന്ന അര്‍ത്ഥത്തിലു ള്ള ചിലരുടെ പ്രസ്താവന തികച്ചും വാസ്തവവിരുദ്ധമാണ്." ഇതേ കമ്മീഷന്റെ ആഗസ്റ്റ് 31, 2021-ന്റെ പ്രസ്താവന പറയുന്നു.

മീഡിയ കമ്മീഷന്റെ പ്രസ്താവന വ്യക്തമാക്കുന്നതു മാര്‍ പാപ്പ "തീരുമാനിച്ചു" എന്നാണ്. മാര്‍പാപ്പയുടെ തീരുമാനത്തിനു വിരുദ്ധമായി സീനഡിനു തീരുമാനിക്കാന്‍ കഴിയില്ല. സിനഡിന്റെ അധികാരങ്ങള്‍ മാര്‍പാപ്പ പരിമിതെപ്പടുത്തിയോ? അങ്ങനെയൊരു തീരുമാനം മാര്‍പാപ്പയുടെ കത്തില്‍ അടിച്ചേല്പിക്കുന്നുണ്ടോ? "ഐകരൂപ്യത്തിലുള്ള കുര്‍ബാനയുടെ ആഘോഷത്തിനു സത്വരമായി നടപ്പിലാക്കുന്നതിന് ആഹ്വാനം" ചെയ്യുന്നു എന്നാണ് പറയുന്നത്. ഇവിടെ മര്‍പാപ്പ ഒന്നും തീരുമാനിച്ചിട്ടില്ല. ഇവിടെ തീരുമാനിച്ചതു നടപ്പിലാക്കാന്‍ പറയുന്നു.

ഇവിടെ വ്യാഖ്യാനങ്ങള്‍ വ്യത്യസ്തമാകാം. സിനഡ് എടു ത്തു എന്നു പറയുന്നതിന്റെ ഉത്തരവാദിത്വം സിനഡിനാണ്. മാര്‍ പാപ്പയ്ക്കല്ല. ആ തീരുമാനം നടപ്പിലാക്കാന്‍ മാര്‍പാപ്പ പറയേണ്ടതുണ്ടോ? ഇന്നുവരെ അങ്ങനെ ചെയ്തിട്ടില്ലല്ലോ. സിനഡിനു തീരുമാനിക്കാനും നടപ്പിലാക്കാനും അധികാരമുണ്ട്, മാര്‍പാപ്പ നിശ്ചയിച്ചു എന്നു പറയുന്നത് എന്താണ്? സിനഡില്‍ ഇടപെടാന്‍ നിശ്ചയിച്ചു എന്നാണോ? ഐകരൂപ്യം നിശ്ചയിച്ചു എന്നാ ണോ? നടപ്പിലാക്കാന്‍ വിഷമമുള്ള ഒരു കാര്യം മാര്‍പാപ്പയുടെ അധികാരമുപയോഗിച്ച് നടപ്പിലാക്കാന്‍ മാര്‍പാപ്പ സ്വയം നിശ്ചയിച്ചതാണോ അതോ മറ്റാരെങ്കിലും അത് ആവശ്യപ്പെട്ടതാണോ? എന്തായാലും മാര്‍പാപ്പയെ നടപ്പിലാക്കാന്‍ വിഷമമായ വിവാദപ്രശ്‌നത്തിലേക്കു വലിച്ചിഴച്ചു.

മാധ്യമ കമ്മീഷന്റെ പ്രസ്താവനയനുസരിച്ച് പഴയ തീരുമാനം പ്രതിസന്ധികള്‍ പരിഗണിച്ചു മാറ്റി തീരുമാനിക്കാന്‍ സിനഡിന് അധികാരമില്ല. ഇതൊരു വ്യാഖ്യാനം മാത്രമല്ലേ? മാര്‍പാപ്പ സിനഡിന്റെ അധികാരത്തില്‍ കടന്നുകയറി അതു പരിമിതപ്പെടുത്തിയോ? പക്ഷെ മീഡിയ കമ്മീഷന്റെ പ്രസ്താവന അധികാ രികളുടെ വ്യക്തമായ അംഗീകാരത്തോടെയാണല്ലോ. എന്നാല്‍ മാര്‍പാപ്പയോടു യാതൊരു അനാദരവും കാണിക്കാതെ തീരുമാനം നടപ്പിലാക്കാനുള്ള പ്രയാസങ്ങള്‍ പരിഗണിച്ച്, വൈദികരുടെയും വിശ്വാസികളുടെയും വികാരങ്ങള്‍ ആദരിച്ച് വ്യത്യസ്തമായ തീരുമാനം എടുക്കാന്‍ അവകാശമുണ്ട് എന്നും വ്യാ ഖ്യാനിക്കാം. മാര്‍പാപ്പ സിനഡിന്റെ ഒരധികാരത്തിലും ഇടപെട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ വ്യാഖ്യാനങ്ങളില്‍ ഏതാണ് ശരി എന്ന് മാര്‍പാപ്പയാണ് തീരുമാനിക്കേണ്ടത്. മാര്‍പാപ്പ തീരുമാനിക്കാതെ കാര്യങ്ങള്‍ നടപ്പിലാക്കാനാവില്ല എന്നാണോ?

2016 ജനുവരി 6-ന് കാലുകഴുകല്‍ ശുശ്രൂഷയുടെ ഭാഗമായി അതിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവര്‍ ആണുങ്ങളായിരിക്ക ണം എന്നതു ഫ്രാന്‍സിസ് മാര്‍പാപ്പ തിരുത്തി "ദൈവജന ത്തില്‍" നിന്നു തെരഞ്ഞെടുക്കാന്‍ കല്പിച്ചു. എന്നാല്‍ ഈ കല്പന ലത്തീന്‍ റീത്തുകാര്‍ക്കു മാത്രമാണ് ബാധകം എന്നതായിരുന്നു സീറോ മലബാര്‍ സഭയുടെ ആധികാരിക വ്യാഖ്യാനം. ലത്തീന്‍ റീത്തിലും സുറിയാനി റീത്തിലും സ്ത്രീകളെ പരിഗണിക്കുന്നതു രണ്ടു വിധമാക്കി. ഇതേ അധികാരം സിനഡ് തീരുമാനത്തില്‍ മാര്‍പാപ്പയുടെ "തീരുമാനം" നടപ്പിലാക്കണം എന്ന നിര്‍ബന്ധത്തിലാണ്.

ഇത്ര ശക്തമായി മാര്‍പാപ്പയുടെ ഇടപെടലിനുവേണ്ടി സീറോ മലബാര്‍ സഭാധികാരികള്‍ വാശിപിടിക്കുന്നത് എന്തിനാണ്? സീറോ മലബാര്‍ സിനഡിനു അതിന്റെ ഉത്തരവാദിത്വങ്ങള്‍ പക്വമായും വിശുദ്ധമായും നിര്‍വഹിക്കാന്‍ കഴിയാതെ ആയതുകൊണ്ടാണോ? അത് ഈ സീറോ മലബാര്‍ സഭ അനുഭവിക്കുന്നതു കൃത്യമായി മനസ്സിലാക്കിയതിന്റെ ഫലമാണോ? സീറോ മലബാര്‍ സഭയ്ക്കു പ്രതിസന്ധികളെ പാകതയോടെയും വിശുദ്ധവുമായും പരിഗണിക്കാനും പരിഹരിക്കാനും കഴിയാതെയായി എന്നതിന്റെ പരസ്യമായ ഏറ്റുപറച്ചിലായും ഇതു വായിക്കാം. മൂന്നാം സഹസ്രാബ്ദത്തിലേക്കുള്ള സഭയുടെ വഴി സിനഡ് സംവിധാനത്തിന്റെയും വികേന്ദ്രീകരണത്തിന്റെയുമാണ് എന്നും വൈവിധ്യത്തില്‍ ഐക്യം ഉണ്ടാക്കണം, ഐകരൂപ്യം അടിച്ചേല്പിക്കുന്ന ശൈലി ക്രൈസ്തവമല്ലെന്നും പഠിപ്പിക്കുന്ന ഈ മാര്‍പാപ്പയെ ഇങ്ങനെയൊരു വിവാദത്തിലേക്കു വലിച്ചിഴക്കാതിരിക്കാനുള്ള നന്മ നമ്മുടെ സഭാദ്ധ്യക്ഷന്മാര്‍ക്കുണ്ടായില്ലേ. "സഭ ശ്രവിക്കുന്ന സഭയാണ്. ശ്രവണം വെറും കേള്‍വിമാത്രമല്ല. എന്തെങ്കിലും പഠിക്കാനുള്ള പരസ്പരമുള്ള ശ്രവണമാണവിടെ നടക്കേണ്ടത്" എന്നു പറഞ്ഞ മാര്‍പാപ്പയുടെ സ്വപ്ന വും നമ്മുടെ യാഥാര്‍ത്ഥ്യവും എത്രയോ ഭിന്നമാണ്!

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org