അകത്തെ അന്യന്‍

അകത്തെ അന്യന്‍

അസ്തിത്വത്തിലായിരിക്കുക എന്നാല്‍ സൂര്യനു കീഴെ ഒരിടത്തായിരിക്കുകയാണ്. ഈ ഭൂമിയില്‍ ഞാന്‍ നങ്കുരമിടുന്നത് എന്റെ ശരീരത്തിലാണ്. അത് എവിടെയെങ്കിലും ആയിരിക്കണം. റെയില്‍വേ സ്റ്റേഷനിലോ, ബസ്‌സ്റ്റാന്റിലോ അതു സാധിക്കില്ല. അവ പുറമാണ്, അകമാകാന്‍ കഴിയാത്ത ചന്ത. അത് അന്യമാണ്. മനുഷ്യന്‍ വസിക്കുന്നവനാണ്. ഒരു ഇടത്തില്‍ വീടു പണിയുന്നു, കൃഷിയിറക്കുന്നു, വേലികെട്ടുന്നു - എന്റെ മാതൃഭവനം, മാതൃഭൂമി. ഈ മാതൃഭൂമി ചിന്തയാണ് ഇന്നത്തെ ഭാരത സര്‍ക്കാരിന്റെ അനന്യതയുടെ സവിശേഷത. ഇതാണ് സ്വകാര്യ സ്വത്തിന്റെയും ചൂഷണത്തിന്റെയും രാഷ്ട്രഭീകരതയുടെയും യുദ്ധത്തിന്റെയും കാരണം. അതു ചിലരെ പുറത്താക്കുന്നു, ജാതീയത, വര്‍ഗ്ഗം, മതം എന്ന നിരവധി പുറത്താക്കപ്പെടലിന്റെ വേരുകള്‍. ഇവര്‍ ഭൂമിയില്‍ വേരുപിടിച്ചവരാണ്. നാട്ടുകാരനും അന്യനും എന്ന വിഭജനം.

ഗ്രീക്കുകാരനായ ഹോമറിന്റെ യൂളീസസ് പുറത്തേക്കു പോകുന്നു - യുദ്ധത്തിന്. പുറത്തെ അടിച്ചു പുറത്താക്കാന്‍. തിരിച്ചു സ്വന്തത്തിലേക്കു മടങ്ങുന്നു. ബൈബിളില്‍ അബ്രാഹത്തോട് ദൈവം പറയുന്നതു വീടും നാടും സ്വന്തക്കാരും ഉപേക്ഷിച്ച് പുറത്തേക്കു പോകാനാണ്. രണ്ടു വീക്ഷണങ്ങള്‍ പരസ്പരം ഭിന്നമായ നിലപാടുകളുടെയാണ്.

വീട്ടിലാകുക എന്നതുകൊണ്ട് വേരുപിടിക്കുക എന്നു വരുന്നില്ല. വീട് ഇടമാണ്. എനിക്കു ബന്ധമുണ്ടാക്കാനുള്ള താവളം, ഗുഹ, കൂടാരം. അതു ഞാന്‍ പണിതുണ്ടാക്കി. നാമരൂപങ്ങളില്ലാത്ത ലോകത്തിന്റെ മേലുള്ള എന്റെ വിജയമാണ് എന്റെ വീട്. ഞാന്‍ ഞാനാകുന്ന സ്ഥലം. എന്റെ ഭൂതവും ഭാവിയും വസിക്കുന്നിടം. എന്റെ വീട് എന്റെ ആന്തരികതയുടെ സാധ്യതയാണ്. അത് എനിക്കു ഞാന്‍ ഉണ്ടാക്കിയ അകമാണ്. എന്റെ വീട്ടില്‍നിന്നാ ണ് ഞാന്‍ ലോകം കാണുന്നത്. എന്റെ സ്വകാര്യലോകം. അത് എന്നെ വഹിക്കുന്ന പാത്രമല്ല, എന്റെ ഇടമാണ്. എല്ലാറ്റിനെയും കണക്കാക്കുന്ന ഇടം - നക്ഷത്രങ്ങളെയും. എന്റെ ഇടത്തില്‍ നിന്നാണ് അജ്ഞാതലോകങ്ങളെ കാണുന്നത്.

എന്റെ വീട്ടില്‍ ഞാന്‍ പീഠമുണ്ടാക്കുന്നു. ഇരിപ്പിടങ്ങള്‍, പാത്രങ്ങള്‍. എനിക്കും എന്റെ ആളുകള്‍ക്കും വേണ്ടി മാത്രമല്ല പേരില്ലാത്ത വിരുന്നുകാരനുവേണ്ടിയും. അകം പറത്തുനിന്നു വരുന്നവരേയും ആഗ്രഹിക്കുന്നു, കാത്തിരിക്കുന്നു അവനുള്ള പ്രത്യേക പാത്രങ്ങളുമായി സ്വീകരിക്കാന്‍. എന്റെ ഏറ്റവും നല്ലതു വിളമ്പാന്‍ കാത്തിരിക്കുന്നത് ഒരു അപരനാണ്. അപരന് വീടു തുറന്നുകൊടുക്കാനുള്ള അഭിനിവേശം എന്റെ അകത്തുണ്ട്. അന്യമായത് ഒരു സാംസ്‌കാരിക ആഭരണങ്ങളുമില്ലാതെ കടന്നുവരുന്നു. അവന്‍ കൈവീശി, ഞാന്‍ കൈകൂപ്പി. അവന്‍ കണിച്ചതും ഞാന്‍ കാണിച്ചതും ഞങ്ങള്‍ മനസ്സിലാക്കി. അവന്‍ വിശന്നാണ് വന്നത്. അവന്റെ വിശപ്പടക്കി. അത് എന്റെ രാഷ്ട്രീയമായി, മതമായി. ഞങ്ങള്‍ പറയാതെ പറഞ്ഞത് ഒരേ ഒരു കാര്യം: ആതിഥ്യം.

സത്യത്തിന്റെ സംഭവം ഭാഷയില്‍ നടക്കുന്നു. ഒരുവന്‍ സമീപിക്കുന്നതു ഭാഷയിലാണ്. ഭാഷകൊണ്ട് പരസ്പരം തൊടുന്നു. കണ്ടും കേട്ടും തൊട്ടും അടുക്കുന്നു. കാവ്യം അവിടെ അടുപ്പം എന്നതിനേക്കാള്‍ അയല്‍ക്കാരനായതാണ്. എന്റെ ബോധത്തിന്റെ അളവില്‍പ്പെട്ടവനല്ല അയല്‍ക്കാരന്‍. ബോധത്തിന്റെ പ്രവര്‍ത്തനത്തിലൂടെ അപരന്റെ മുഖം അളന്ന് സ്വന്തമാക്കാന്‍ കിട്ടുന്നില്ല. അയല്‍ക്കാരന്‍ വിളിക്കുന്നു, അത് ഉത്തരവാദിത്വത്തിന്റെ വിളിയാണ്. അയല്‍ക്കാരന്റെ സാന്നിദ്ധ്യം ഒരു അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അടുത്താണെങ്കിലും ഏതോ അസന്നിഹിതമായത് അന്വേഷിക്കുന്നു. ആ സാന്നി ദ്ധ്യം ഏതോ ശൂന്യതയുടെ വക്കിലാണ്. അത് എപ്പോഴും ഓടി മറയുന്നു. അത് അദൃശ്യത അടയാളപ്പെടുത്തുന്നു. നിത്യത സമീപിക്കുന്നന്നതിന്റെ ഒരു അസാന്നിദ്ധ്യം. അടുപ്പം എന്നതു വെറും സഹ-അസ്തിത്വമല്ല. അടുപ്പം അസ്വസ്ഥ്യമാകുന്നു. ഒന്നും പറയുന്നില്ല, പക്ഷെ, ഒന്നും പറയാത്ത സംബന്ധം. ഒന്നും പറയാതെ അടുപ്പം പറയുന്നു. ഭാഷ വേലിയും വാതിലും പൊളിക്കുന്നു. ആദ്യവാക്ക് ഒന്നും പറയലല്ല. അതിന് ഉള്ളടക്കമോ അര്‍ത്ഥ മോ വേണ്ട. പറയലും പറഞ്ഞതും ഒന്നു തന്നെ. പറയല്‍ മാത്രമാണ് മനസ്സിനെ ഇളക്കുന്നത്. ഈ മിണ്ടല്‍ എന്ന വാക്കാണ് ദൈവം. ഞാന്‍ ഉത്തരവാദിയാണ്, അതുകൊണ്ട് ഞാന്‍ സംസാരിക്കുന്നു. ഇതു നാടകവാക്യമല്ല. നടനകളിയുമല്ല. കാര്യമാണ്, ജീവിതമാണ്. ഉത്തരവാദിത്വത്തിന്റെ ഉള്‍പ്രേരണ സ്വാഭാവികമായ അത് - ഉദാരമായ സ്വഭാവം.

എന്നെ അവഗണിച്ചും അന്യനോട് താത്പര്യം. എങ്ങനെയാണ് നിന്നോടുകൂടി നില്‍ക്കുക എന്നു ചോദിക്കാതെ നിന്നോട് കൂടി നില്‍ക്കുക. ഈ നടപടിയില്‍ മരണത്തിനും മരണാനന്തരത്തിനു പുറത്തു നില്‍ക്കുന്ന താനാണ് ഈ ലോകവും അതിലുള്ള സകലതും താങ്ങുന്നത് എന്ന സ്ഥിതി. ഇതു പറയുന്ന ഉത്തരവാദിത്വം അസ്തിത്വത്തിന് അപ്പുറത്താണ്. ഒരു യഹൂദ ചൊല്ലുണ്ട്: ''ഞാന്‍ എനിക്കുവേണ്ടി പറഞ്ഞില്ലെങ്കില്‍, പിന്ന ആര് അതു പറയും? ഞാന്‍ എനിക്കുവേണ്ടി മാത്രം പറഞ്ഞാല്‍, ഞാന്‍ ഞാനാണോ?''

ചിന്തയില്ലാത്തവന്‍ ലോകത്തിന്റെ സാകല്യവുമായി ഒന്നിപ്പിക്കുന്നു. മരണത്തിലാണ് ഈ സാകല്യത്തില്‍ ലയിക്കുക; ശേഷം ചിന്തയില്ല. ചിന്തിക്കുന്നവനില്‍ ഈ സാകല്യം ഭരിക്കുന്നില്ല. ഈ സാകല്യത്തിന്റെ ഭരണത്തില്‍നിന്നു വേര്‍പ്പെട്ടവനാണ് ചിന്തിക്കുന്നത്. സത്യത്തിന്റെ സംഭവമാണ് അപ്പോള്‍ ഭാഷയില്‍ നടക്കുക. വസ്തുവകകളുടെ ആകത്തുക എന്നതിന്റെ ഏതോ ആശ്ചര്യത്തിലാണ് മനുഷ്യന്‍. പക്ഷെ, അവിടെ ചിന്തയാണ് സംഭവിക്കുന്നത്. അതു വെറും ഓര്‍മ്മയല്ല, പുതിയതു ചിന്തിക്കുന്നു. സമഗ്രതയില്‍ പങ്കുപറ്റുന്നു. അതില്‍നിന്നു സ്വതന്ത്രനാകുന്നു. ഈ സ്വാതന്ത്ര്യത്തിലാണ് ലോകത്തിന്റെ സാന്നിദ്ധ്യബോധമുണ്ടാകുന്നത്. പക്ഷെ, ലോകത്തിന്റെ മുമ്പില്‍ ഞാന്‍ നിര്‍ദോഷിയോ കുറ്റക്കാരനോ ആണ്. ചിന്ത സാധ്യമാകുന്നതു മനസ്സാക്ഷിയിലാണ്, ഒരു ധാര്‍മ്മിക വ്യവസ്ഥിതിയിലാണ്. മനസ്സാക്ഷിയെന്നത് എന്നിലെ നിശബ്ദമായ വിളിയാണ്, ആ വിളി എന്നില്‍ നിന്നാണ്, പക്ഷെ എനിക്കതീതവും എനിക്കു മുകളിലൂടെയുമാണ്. എന്നെക്കുറിച്ച് എന്നിലെ ശ്രദ്ധയാണത്. ഞാന്‍ എത്ര കണ്ട് നീതിമാനാകുന്നുവോ അത്രകണ്ട് കുറ്റക്കാരനുമാകുന്നു. ഞാന്‍ വചനം കണ്ടെത്തുന്നു. അകത്തുനിന്നു അകേത്തയ്ക്കു കയറുന്ന വചനം - അതു ഒന്നിപ്പിക്കുന്ന - പ്രവാചക വചനം. അസ്തിത്വത്തിനു അന്യമായ ഒരു വിളിയാണ് മനസ്സാക്ഷി. ഒരു സാക്ഷിക്കു താന്‍ വിശ്വസിക്കുന്നതിനുവേണ്ടി സഹിക്കാനും മരിക്കാനും കഴിയും. വിസ്താരവും വിധിയും ജീവിതത്തിനുള്ള വിലയാകുമ്പോള്‍ സാക്ഷിയുടെ പേരു മാറ്റുന്നു - രക്തസാക്ഷിയാകുന്നു... ഒരു മനുഷ്യന്‍ രക്തസാക്ഷിയാകുന്നത് അയാള്‍ സാക്ഷിയായിരുന്നതുകൊണ്ടാണ്.'' ആ സാക്ഷ്യമാണ് അയാളില്‍ മുഴങ്ങിയ ശബ്ദം. എല്ലാവരും തങ്ങള്‍ക്കുവേണ്ടി മാത്രം മരിക്കുമ്പോള്‍ അപരനുവേണ്ടി മരിക്കുന്നതാണ് ബലി. എന്റെ അസ്തിത്വം തന്നെ എനിക്കു ചോദ്യമായിരിക്കുന്നു. എനിക്ക് എപ്പോഴും ഒരു അടിസ്ഥാനം വേണം. അപരന്റെ മുഖം അവകാശത്തിന്റെ മുഖമായി മാറുന്നു. സംഭാഷണത്തിന്റെ സത്ത പ്രാര്‍ത്ഥനയാണ്.

Related Stories

No stories found.