

ഞാനാണ് സത്യം എന്നതു യോഹന്നാന്റെ സുവിശേഷത്തിലെ വാചകമാണ് (യോഹ. 14:6). ഈ വാക്കുകള്‍ യേശുവില്‍ യാഥാര്‍ത്ഥ്യമായി എന്നു മാത്രമല്ല മിഷേല്‍ ഹെന്റി എന്ന ചിന്തകന്‍ പറയുന്നത്. ഏതു ക്രിസ്ത്യാനിയിലും മാത്രമല്ല, ഏതു മനുഷ്യ നിലും ഇത് യാഥാര്‍ത്ഥ്യമാകും എന്ന് അദ്ദേഹം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നു. സത്യം തേടി ആരും അലയേണ്ട എന്നാണ് ഇതു പറയുന്നത്. ഇത്തരം ചിന്ത അദ്ദേഹം സ്വീകരിച്ചത് ഹുസ്സേല്‍ വിഭാവനം ചെയ്ത ഫിനമെനോളജി എന്ന ബോധത്തിന്റെ വ്യാഖ്യാന പദ്ധതിയിലാണ്. ഇവിടെ വളരെ ശ്രദ്ധേയമായത് മനുഷ്യജീവിതത്തിന്റെ പൊരുള് മനുഷ്യന്റെ ബോധത്തിനുള്ളിലാണ് എന്നും അതിന്റെ സത്യസന്ധമായ ആഖ്യാനമാണ് എന്നതുമാണ്.
മനുഷ്യന്‍ സ്വയം അറിയേണ്ടത് ഒരിടത്തും പോയല്ല. സ്വന്തം അകത്തേക്ക് നോക്കി തന്നെത്തന്നെ അറിയാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് സ്വയം മനസ്സിലാക്കല്‍ തുടരേണ്ടത് തന്നില്‍ത്തന്നെയുള്ള ചിന്തയിലാണ്. ഡെക്കാര്‍ട്ട് തത്ത്വചിന്ത തുടങ്ങുന്നത് “ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്” എന്നതിലാണ്. ഞാനുണ്ട് അതു കൊണ്ട് ഞാന്‍ ചിന്തിക്കുന്നു എന്ന പഴയ ചിന്താപദ്ധതി ഉപേക്ഷിക്കലാണത്. എന്റെ ബോധവും എന്റെ ചിന്തയുമാണ് എന്നെ നിശ്ചയിക്കുന്നത്. പഴയകാലത്തും ഇങ്ങനെ ചിന്തിച്ചവര്‍ ഉണ്ടായിരുന്നു. വിശുദ്ധ അഗസ്റ്റിന്‍ തന്റെ ആത്മകഥ എഴുതുന്നത് തന്റെ ബോധത്തിന്റെ വ്യാഖ്യാനമായിട്ടാണ്. ഭാരതീയ ചിന്തയും മനുഷ്യന്റെ ബോധത്തെ കേന്ദ്രീകരിച്ചുള്ള ചിന്താ പദ്ധതിയായിരുന്നു.
പാരമ്പര്യത്തില്‍ മനഃസാക്ഷി എന്ന് പറയുന്നത് എന്നിലെ ഞാനല്ലാത്ത ശബ്ദ സാന്നിധ്യമാണ്. എന്റെ ജീവന്‍ എന്റെ അല്ല അതെനിക്ക് ലഭിച്ചതാണ്.
യേശുവിന്റെ സുവിശേഷം പ്രത്യേകമായി യോഹന്നാന്‍ എഴുതിയ സുവിശേഷം വചനം മാംസം ധരിച്ചതിന്റെ വെളിപാടു കഥയാണ് (യോഹ. 1:14) വചനം മാംസം ധരിച്ചവനാണ് ദൈവപുത്രന്‍. യേശുവില്‍ സംഭവിച്ചത് യേശുവിന്റെ മാംസം വചനമായി വെളിവായ കഥയാണ്. അത് യേശുവിന്റെ മാത്രം കഥയല്ലെന്നും ഏതു മനുഷ്യന്റെയും കഥയാകാമെന്നുമാണ് മിഷേല്‍ ഹെന്റി സ്ഥാപിക്കുന്നത്. മാംസത്തിന്റെ ബോധമാണ് ഭാഷയായി ഒരുവനില്‍ ആകുന്നത്. മനുഷ്യന്റെ മാംസം ഭാഷയായി തര്‍ജ്ജമ ചെയ്ത് സംസാരിക്കുന്നു. യേശുവിന്റെ ബോധം ‘ഞാനാകുന്നു സത്യം’ എന്ന് പറയുന്നു. യേശു തന്നെ പറഞ്ഞു ‘എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു’ (യോഹ. 14:9).
എഡ്മന്റ് ഹുസ്സേല്‍ എഴുതിയ ‘കര്‍ത്തേസ്യന്‍ ധ്യാനങ്ങള്‍’ എന്ന ഗ്രന്ഥം അവസാനിക്കുന്നത് വിശുദ്ധ അഗസ്റ്റിന്റെ ഒരു ഉദ്ധരണി കൊണ്ടാണ്. ആ ഉദ്ധരണി അഗസ്റ്റിന്റെ സത്യം മതത്തെക്കുറിച്ചുള്ള ചെറുഗ്രന്ഥത്തില്‍ നിന്നാണ്. അതിങ്ങനെ, “പുറത്തു പോകേണ്ട, അകത്തേക്ക് മടങ്ങുക. സത്യം നിന്നില്‍ കുടികൊള്ളുന്നു.” മനുഷ്യന്‍ സത്യം അറിയാന്‍ ലോകത്തില്‍ പരതേണ്ടതില്ല എന്നും സ്വന്തം ബോധതല ത്തില്‍ ശ്രദ്ധിച്ചാല്‍ ആ സത്യം കണ്ടെത്താം എന്നുമാണ്. ഞാന്‍ ശരിക്കും ശ്രദ്ധിക്കേ ണ്ടതും ശ്രവിക്കേണ്ടതും എന്നെ തന്നെയാണ്. ഞാന്‍ എന്നത് എന്റെ മാംസം ബോധ മണിഞ്ഞ യാഥാര്‍ത്ഥ്യമാണ്. എന്റെ ബോധത്തിനുള്ളിലാണ്, ഓര്‍മ്മയും സങ്കല്പവും, വിവേകത്തിന്റെ വിലയിരുത്തലും, നിലപാട് സ്വീകരിക്കുന്ന വിധിയും നടക്കുന്നത്. അത് പുറത്തു കടന്നു നടത്തുന്ന ഒരു പഠനവുമല്ല. എന്നിലേക്കു മടങ്ങി എന്റെ അകത്തെ ശ്രദ്ധിക്കുന്നതും അകം ശ്രവിക്കുന്നതുമാണ്.
ഇത് വസ്തുനിഷ്ഠമായ ചിന്തയല്ല. പട്ടിയെക്കുറിച്ചോ പശുവിനെക്കുറിച്ചോ ചിന്തിക്കു ന്നതല്ല എന്റെ മാംസവും എന്റെ അകവും ഞാന്‍ കാണുന്നുണ്ടോ? എന്റെ ജീവനോ എന്റെ അകമോ ഞാന്‍ കാണുന്നില്ല. അതിനെക്കുറിച്ച് എനിക്ക് ബോധമുണ്ട്. അയാള്‍ ജീവിക്കുന്നു എന്നത് ഒരു അനുമാനമാണ്. ഞാന്‍ ജീവിക്കുന്നു എന്നത് ഒരു ബോധമാണ്. അത് ഒരു വെളിച്ചമാണ്, പക്ഷേ സൂര്യന്റെയോ ചന്ദ്രന്റെയോ വെളിച്ചമല്ല. കാണാനാകാത്ത എന്റെ അകത്തെ വസ്തുനിഷ്ഠമായി അന്യവല്‍ക്കരിച്ച് കാണുമ്പോള്‍ അത് എനിക്ക് പുറത്തുള്ള എന്തോ ആയി തോന്നും. ഞാന്‍ എന്റെ ആന്തരികതയെ പുറത്തേക്ക് പ്രക്ഷേപിച്ച് വസ്തുനിഷ്ഠമായ എന്തോ ആക്കുന്ന അന്യവല്‍ക്കരണമാണ്. ഇങ്ങനെയുള്ള അന്യവല്‍ക്കരണം സ്വന്തം ആന്തരികതയെ അവഗണിച്ച് 'ജീവിക്കാന്‍ മറക്കലായി' ഫൊയബാഹും മാര്‍ക്‌സും കണ്ടു. ദൈവം മനുഷ്യസത്തയുടെ അന്യവല്‍കൃത രൂപമാണ് എന്ന് ഫൊയബാഹ് പറഞ്ഞു. അന്യവല്‍ക്കരണത്തെ എതിര്‍ക്കുമ്പോഴും മനുഷ്യസത്തയുടെ ബോധം ഉന്നതമായി കാണുന്നു. പ്രകൃതിയുടെ പുനരുത്ഥാനമാണ് മനുഷ്യന്‍ എന്ന് അദ്ദേഹം എഴുതി.
മിഷേല്‍ ഹെന്റിയെ സംബന്ധിച്ച് മനുഷ്യബോധത്തിന്റെ ഏറ്റവും വലിയ കണ്ടെത്തല്‍ ജീവിത അതിന്റെ എല്ലാ സാധ്യതകളും ദാനമായി ലഭിക്കുന്നു എന്നതാണ്. ഈ കൃതജ്ഞതാബോധത്തോടെ നിരന്തരമായി എന്നിലേക്ക് ഞാന്‍ മടങ്ങുമ്പോള്‍ ഞാന്‍ എന്നെ കണ്ടെത്തുകയാണ്. അത് ഒരു ദാനത്തിന്റെ കണ്ടെത്തലാണ്. എന്നില്‍ എന്നെ വിമര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഏതോ സാന്നിധ്യവും ശബ്ദവും ഞാന്‍ കണ്ടെത്തുന്നു. പാരമ്പര്യത്തില്‍ മനഃസാക്ഷി എന്ന് പറയുന്നത് എന്നിലെ ഞാനല്ലാത്ത ശബ്ദസാന്നിധ്യമാണ്. എന്റെ ജീവന്‍ എന്റെ അല്ല എനിക്ക് ലഭിച്ചതാണ്. ഞാന്‍ വെളിച്ച മല്ല; വിളക്കാണ്. എന്റെ അടിസ്ഥാനം ഞാനല്ല എങ്കിലും എന്റെ അടിസ്ഥാനത്തിന്റെ ഏതോ സാന്നിധ്യവും ശബ്ദവും എന്നിലുണ്ട്. അതാണ് എന്നെ ഞാനാക്കുന്നത്. അത് ഉറവിടത്തെയും ഉറവയെയും അറിഞ്ഞ് ഏറ്റു പറയുന്നതാണ്.
മറ്റാര്‍ക്കും കാണാനാവാത്തതും എനിക്ക് എന്നിലേക്ക് ശ്രദ്ധിച്ച് അറിയാവുന്നതുമാണ്. അങ്ങനെയുള്ള അറിവ് വസ്തുനിഷ്ഠമായ ഒരു അറിവല്ല. അത് ആന്തരികതയുടെ അവ ബോധത്തിന്റെ അനുഭവമാണ്. അത് വിഷയമല്ല. അത് ഞാനാണ്, ഞാന്‍ എന്ന അഹ മല്ല, അതിനും അതീതമായ എന്റെ ജീവന്റെ ഉറവ, അതാണ് ഞാന്‍ എന്ന സത്യം. അത് വാക്കുകളിലോ ഭാഷയിലോ പുതുക്കാനാവാത്ത എന്റെ സത്തയാണ്. ആ അനുഭവത്തില്‍ നിന്നാണ് വിശുദ്ധ പൗലോസ് പറഞ്ഞത്, “ഞാനല്ല ക്രിസ്തു എന്നില്‍ ജീവിക്കുന്നു” (ഗലാ. 2:20). അഗസ്റ്റിന്‍ ആത്മകഥയുടെ 16-ാം പുസ്തകത്തില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു, “ദൈവമേ, നീ എന്നിലായിരുന്നു, ഞാന്‍ നിന്നിലായിരുന്നില്ല.” ഈ ഏറ്റുപറച്ചില്‍ സ്വയം ആത്മ ശക്തിക്കും സാന്നിധ്യത്തിനും വിധേയനായവന്റെ ആത്മാഭാഷണമാണ്. തന്റെ അടി സ്ഥാനത്തോട് വിഘടിക്കാതെ വിധേയപ്പെട്ടവന്റെ ജീവിതയാത്ര സ്വയം കണ്ടെത്തുന്ന ജീവിതചര്യയുടെ നടത്തിപ്പാണ്. അവന്‍ അപരനുവേണ്ടി സംസാരിക്കുന്നു, അപരന്റെ പകരക്കാരനായി ത്യാഗങ്ങള്‍ സഹിക്കും. ഈ ജീവിതമാണ് പ്രവാചികം.