ഏകാകിയായ ഞാന്‍

ഏകാകിയായ ഞാന്‍

ഒരു കത്തോലിക്ക വൈദികന്റെ ജീവിതം ഏകാകിയുടേതാണ്. അയാള്‍ പള്ളിയിലെ കര്‍മ്മാനുഷ്ഠാനങ്ങളില്‍ സമൂഹമധ്യത്തില്‍ കാര്‍മ്മികനാണ്. എന്നാല്‍ വേഷമഴിച്ചാല്‍ അയാള്‍ കടുത്ത ഏകാന്തതയിലുമാണ്. ഞാന്‍ ഇടവക വികാരിയായിരുന്നിട്ടില്ല അധികകാലം. വൈദികജീവിതത്തിന്റെ 38 വര്‍ഷങ്ങള്‍ ഒരു പത്രസ്ഥാപനത്തിലായിരുന്നു. ചില ഒഴിവു ദിവസങ്ങളില്‍ ഞാന്‍ മാത്രമായിരുന്നു ഈ സ്ഥാപനത്തിന്റെ ഏക മനുഷ്യന്‍. അടച്ചുപൂട്ടിയ ഏകാന്തതയിലാണ് ഭൂരിപക്ഷ സമയവും ഞാന്‍ ചെലവഴിച്ചത്. പഴയ സന്യാസികള്‍ വനത്തിലേക്കും മണല്‍ക്കാട്ടിലേക്കും പിന്‍വാങ്ങി ജീവിച്ചു. ഞാന്‍ പട്ടണത്തില്‍ എന്റെ മണല്‍ക്കാട്ടിലായിരുന്നു.

ലുവയിനില്‍ പഠിക്കുമ്പോള്‍ അവിടത്തെ ദൈവശാസ്ത്ര പുസ്തകപ്പുരയില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ടു പത്തു വരെ താപസ്സനെപ്പോലെ അടച്ചുപൂട്ടി പുസ്തകങ്ങളില്‍ വസിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ഞാനൊരു പുസ്തകവാസിയായിരുന്നു. അവസാനകാലഘട്ടത്തില്‍ കംപ്യൂട്ടര്‍ സ്‌ക്രീനിലായി വായന. എന്റെ ഏകാന്തത വായനയിലായിരുന്നു, ആ വിധത്തില്‍ ഞാനൊരു ഒറ്റയാനായിരുന്നില്ല. ബുദ്ധിയും മനസ്സും പലരുടെയും ലോകങ്ങളിലൂടെ പര്യടനം നടത്തി. ഞാന്‍ നാടുകള്‍ കാണുന്നതിലോ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിലോ തല്‍പരനായിരുന്നില്ല. എന്നാല്‍ പുസ്തകലോകത്തിലെ ഏകാന്തത ഞാന്‍ ആസ്വദിച്ചു. ചിന്തകരുടെ ലോകങ്ങളില്‍ ഞാന്‍ സ്ഥിരമായി യാത്ര ചെയ്തു. ഈ ഏകാന്ത യാത്രയായിരുന്നു എന്റെ പ്രത്യക്ഷങ്ങളുടെയും ഭാഷണങ്ങളുടെയും ഊര്‍ജം. ഭൗതികമായി ഞാന്‍ ഒരു റോബിന്‍സണ്‍ ക്രൂസോയായി മാറി.

അതേ സമയം ഞാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനായി തുടരുകയും ചെയ്തു. എന്റെ ബോധവും ബോധ്യവുമാണ് ഞാന്‍ നിരന്തരം സംവേദനം ചെയ്തത്. ഇതിന്റെ അടിസ്ഥാനം ഞാനും ഞാനുമായുള്ള അടുപ്പവും സ്‌നേഹവുമായിരുന്നു. ഏകാകി തന്നോടുതന്നെ അടുത്തിരിക്കുന്നവനും ഞാനുമായി നിരന്തരം തര്‍ക്കിക്കുന്നവനും ഒത്തു തീര്‍പ്പാക്കുന്നവനുമായി ഒന്നിക്കുന്നവനുമാണ്. എന്റെ സ്വകാര്യത ഞാന്‍ ഞാനുമായി ഒന്നിച്ചിരിക്കുന്നതാണ്. എന്റെ സ്വകാര്യബോധത്തിലേക്കു മടങ്ങുമ്പോള്‍ മനസ്സില്‍ പലമ സന്നിഹിതമാണ്. ഭൂതത്തിന്റെ ഓര്‍മ്മയിലാണ് ഈ ആത്മസല്ലാപവും ആത്മവിമര്‍ശനവും. ഏറെ പ്രധാനം ഞാന്‍ എന്നില്‍ നിന്ന് ഓടി ഒളിച്ചവനോ ഓടി മാറിയവനോ അല്ല. ഞാന്‍ എന്റെ ആന്തരികതയില്‍ അടച്ചിരിക്കുമ്പോള്‍ ഞാന്‍ ഉറക്കം കെട്ടവനല്ല. എന്റെ സ്വകാര്യത എനിക്ക് ഉറക്കം കെടുത്തുന്ന രീതിയിലല്ല. എന്നെക്കുറിച്ച് എനിക്കു ജാഗ്രതയുണ്ട്. പക്ഷെ, ഈ ജാഗ്രത ഏതോ സുരക്ഷിതബോധത്തില്‍ മയങ്ങുന്നു. ഏകാന്തത ഉറക്കക്കേടല്ല. സുഖമായി ഉറങ്ങാവുന്ന സുരക്ഷിതബോധത്തിലാണ്. അതിന്റെ അടിസ്ഥാനം ഏതോ ഗര്‍ഭഗൃഹബോധമാണ്. അതില്‍ ഓര്‍മ്മയും പ്രതീക്ഷയും സുരക്ഷിതത്വവുമുണ്ട്. കാരണം ഞാന്‍ എന്നെ സ്‌നേഹിക്കുന്നു. ഈ സ്‌നേഹം ഏതോ സുരക്ഷിതബോധത്തിന്റെ ഗര്‍ഭത്തിലാണ്. അതിനു ഞാന്‍ മാത്രം മതിയോ എന്ന ചോദ്യം പ്രസക്തമാണ്. ഞാന്‍ എന്നിലല്ല ഉറങ്ങുന്നത്, എന്റെ അഹത്തില്‍ കൊട്ടിയടയ്ക്കപ്പെട്ടവനല്ല. ഞാന്‍ ശാന്തനാകുമ്പോള്‍ എന്റെ അഹത്തിന്റെ അസാന്നിധ്യമുണ്ട്. നിത്യതയുടെ നിഴലില്‍ ഞാന്‍ ഉറങ്ങുന്നു. എന്റെ അസ്തിത്വത്തിന്റെ ആധാരം ഞാനല്ല.

അടിയില്‍ ഒന്നുമില്ല എന്നത് അര്‍ത്ഥശൂന്യതയുടെ അറിവാകും. അതു ജീവിതനിഷേധത്തിന്റെ വഴിയിലാകും. ആയിരിക്കുക എന്നതു വിധിയല്ല. അതൊരു ദാനവും വിളിയുമാണ്. ബോധം ഉറക്കുന്ന ശക്തിയായി മാറുന്നു. അസ്തിത്വ ധാരത്തിലേക്ക് താല്‍ക്കാലികമായി പിന്‍വലിയുന്നു. ഈ മടങ്ങലില്‍ ഒരു മെറ്റഫിസിക്‌സ് ഉണ്ട്. ഫിസിക്‌സ് ഇല്ല. അഹത്തില്‍ നിന്നും ഉറക്കത്തിന്റെ സുരക്ഷിതത്വത്തിലേക്കു പിന്‍വലിയുകയാണ്. ഇത് ബോധത്തിന്റെ ഒരു ചരിത്രമാണ്. പക്ഷെ, അതു ചരിത്രമല്ല. ആയിരിക്കുന്നവന്‍ അസ്തിത്വത്തിന്റെ ഉടയോനല്ല. നിലനില്പ് ഞാനല്ലാത്തതിലാണ്. ഫലമായി അതിന്റെ സര്‍ഗാത്മകതയും ശക്തിയും ഉണ്ടാകുന്നു. ഞാന്‍ അറിയുന്നതും അനുഭവിക്കുന്നതും ഒരു സ്വാതന്ത്ര്യമാണ്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായുവില്‍ ജീവിക്കാന്‍ കഴിഞ്ഞു എന്നത് വലിയ കാര്യമാണ്. ഈ സ്വാതന്ത്ര്യം പുതുമകള്‍ ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യമാണ്.

ഇതാണ് എന്റെ അന്തസ്സിന്റെയും അഭിമാനബോധത്തിന്റെയും അടിസ്ഥാനം. ഞാന്‍ ഏകാകിയായിരിക്കുന്നതാണ് എന്റെ ബലം. ഏകാന്തത എല്ലാത്തില്‍ നിന്നുള്ള വേര്‍തിരിവാണ്. എന്നെ ബന്ധിക്കുന്ന ബന്ധങ്ങള്‍ ഇല്ലാതാകുന്നു. എന്റെ ബ്രഹ്മചര്യം ഇതാണ് എനിക്കു തരുന്നത്. ഞാന്‍ എന്നിലേക്കു മടങ്ങുന്ന ഒറ്റയാനല്ല. ഒന്നായി നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ധൈര്യവും അഭിമാനബോധവും ഒപ്പം വിറയലുമുണ്ട്. എഴുന്നേറ്റ് നില്‍ക്കാതെ എണ്ണപ്പെടില്ല.

അസ്തിത്വ വേരുകളില്‍ നില്‍ക്കുന്നു എന്ന ബോധമുണ്ട്. ഇത് ഒരു ഭൗതികശരീരത്തിലുമാണ്. എന്റെ ബോധം മാംസത്തിന്റെ ബോധമാണ്, ഭൗതികതയുടെ ബോധമാണ്. മാംസമാണ് വചനമായി ബോധമണ്ഡലത്തില്‍ നിന്നു വിലസിതമാകുന്നത്. അസ്തിത്വ ആധാരവും സാമൂഹിക യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെട്ടു സത്യനിഷ്ഠമാണ്. ഇത് എന്റെ എല്ലാകാലത്തേയും വെല്ലുവിളിയുടെ കഥയും പരാജയങ്ങളുടെ ഏറ്റുപറച്ചിലുമാണ്. ഏകാന്തത ദുരന്ത സ്വഭാവം പേറുന്നില്ല. അത് അപരന്റെ അസാന്നിധ്യം ഉള്‍ക്കൊള്ളുന്ന ബോധമാണ്. ഏകാന്ത ഒരു വഴി തെറ്റലല്ല; അതാണ് ചിന്തയുടെ ഘടനയും വഴിയും. വ്യക്തി ആന്തരിക വെളിച്ചമാണ്. വ്യക്തിനിഷ്ഠമായ വെളിച്ചത്തിന്റെ വസ്തുനിഷ്ഠത. എന്തും ബോധത്തിന്റെ വെളിച്ചത്തില്‍ സംഭാഷിക്കപ്പെടും, വിഷയമാകുക എന്നാല്‍ വെളിച്ചത്തിലാകുകയാണ്. എന്റെ തനിമകളില്‍ അടയ്ക്കപ്പെടുമ്പോഴും പുറത്തേക്ക് ഇറങ്ങാനുള്ള സ്വരം അകത്തുണ്ട്. ഞാനാണ് രക്ഷകന്‍. നിന്നെ രക്ഷിക്കുന്നതിലൂടെ ഞാനും രക്ഷിക്കപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org