കള്ളന്‍ പൊലീസാകുമ്പോള്‍

കള്ളന്‍ പൊലീസാകുമ്പോള്‍

Published on
  • പോള്‍ തേലക്കാട്ട്

കള്ളന്‍ പൊലീസായാല്‍ നാട് നശിക്കില്ലേ? ഉറപ്പാണോ? ഇല്ല. ആ പൊലീസുകാരനും കള്ളനെ പിടിക്കും. അയാള്‍ കട്ടു എന്ന് സാക്ഷി പറയാന്‍ സാക്ഷികളുണ്ടാവും. അയാള്‍ ശിക്ഷിക്കപ്പെടും; അയാള്‍ അകത്താകും. ഇത് നാം സ്ഥിരം കാണുന്നു. പക്ഷേ നമ്മില്‍ പലര്‍ക്കും ചില സംശയമുണ്ടാകും. കള്ളനെത്തന്നെയാണോ പിടിച്ചതും ശിക്ഷിച്ചതും? അതോ ഭരണവ്യവസ്ഥിതിയില്‍ കള്ളന്‍ പൊലീസിന്റെയാകുമ്പോള്‍ പിടിക്കപ്പെട്ടവന്‍ നിരപരാധിയാവും. ഭരണ വ്യവസ്ഥിതി അവനെ കള്ളനാക്കും, ബലിയാടാക്കും. നമ്മുടെ രാഷ്ട്രീയത്തിന്റെ സാധാരണ വഴി പലപ്പോഴും ഇതാണ്. ഭരണം എവിടെയുണ്ടോ ഭരിക്കുന്നവര്‍ കള്ളന്മാരാകുമ്പോള്‍ ഈ ദുരന്തം ആവര്‍ത്തിക്കും. അത് ഔദ്യോഗികമാകും.

ഇതേ രാഷ്ട്രീയ നാടകമാണ് നാം ബൈബിളില്‍ കാണുന്നത്. ഏശയ്യയുടെ പുസ്തകത്തില്‍ 53-ാം അധ്യായം സഹനദാസനെക്കുറിച്ച് പറയുന്നു. ''ദൈവം അവനെ പ്രഹരിക്കുകയും ശിക്ഷിക്കുകയും ദണ്ഡിപ്പിക്കുകയും ചെയ്തു എന്ന് നാം കരുതി'' (53:4). ഭരണ വ്യവസ്ഥിതി ചെയ്യുന്നത് ദൈവവഴിയിലാണ് എന്ന് നാം കരുതിയതുകൊണ്ടാണ്. ''നമ്മുടെ അകൃത്യങ്ങള്‍ കര്‍ത്താവ് അവന്റെ മേല്‍ ചുമത്തി'' എന്ന് നാം കരുതി. കാരണം അധികാരികളാണ് അവന്റെ മേല്‍ കുറ്റകൃത്യങ്ങള്‍ ചുമത്തിയത്. ഇവിടെ ''ജനം'' അഥവാ ''നമ്മള്‍'' എന്ന് പറയുന്ന ആളുകള്‍ സത്യം കാണുന്നില്ല. സത്യം ഒളിക്കപ്പെട്ടിരിക്കുകയാണ്. സൂസന്ന വ്യഭിചാരം ചെയ്തു എന്ന് എല്ലാവരും കരുതി, ഡാനിയേല്‍ സത്യം വെളിവാക്കുന്നതുവരെ. വേലി തന്നെ വിളവ് തിന്നും എന്ന് ആരും കരുതിയില്ല. ന്യായാധിപന്മാര്‍ വ്യഭിചാരികളാണ് എന്ന് ജനം സംശയിച്ചില്ല.

എന്നാല്‍ ഈ തട്ടിപ്പ് എല്ലാ സമൂഹങ്ങളിലും എല്ലാ കാലത്തും നടന്നുകൊണ്ടിരിക്കുന്നു. അങ്ങനെ പ്രത്യക്ഷങ്ങള്‍ ശരിയാണ് എന്ന് വിശേഷിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവര്‍ക്ക് അത് ആവശ്യമാണ്. കാണുന്നതാണ് സത്യം എന്ന് നിരന്തരം പറയുന്നവര്‍ സമൂഹത്തില്‍ മാധ്യമങ്ങള്‍ നടത്തുന്നവരുമായിരിക്കും. കാരണം കാണുന്നതു വിശ്വസിക്കേണ്ടത് പൊലീസായ കള്ളന്റെ ആവശ്യമാണ്. അതിനുവേണ്ട ആളുകളെ അയാള്‍ കച്ചകെട്ടി ഇറക്കുന്നു. ചിലപ്പോള്‍ ആ പണി മാധ്യമക്കാരും കലാകാരന്മാരും ഏറ്റെടുത്ത് നടത്തും. സ്‌നാപക യോഹന്നാന്റെ കാര്യത്തില്‍ നടന്നത് അതാണ്. രാജാവ് വാക്കു പാലിക്കണമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യം. അത് കൗശലക്കാര്‍ ശരിക്കും ഉപയോഗിച്ചു. നൃത്തമാണ് കാണികള്‍ക്കു ക്രൂരതയുടെ ദൃശ്യം സുന്ദരമാക്കിയത്. സ്‌നാപകന്റെ തല ഒരു കൊള്ളരുതാത്തവന്റെ തല മാത്രമായി ഹേറോദേശിന്റെ വിരുന്നുകാര്‍ കണ്ടത് സലോമിയുടെ നൃത്തത്തിന്റെ ലഹരിയിലാണ്.

കള്ളന്‍ ക്രമസമാധാനം ഉണ്ടാക്കുമോ? ഈ ചോദ്യത്തിന്റെ വേറൊരു രൂപമാണ് ''സാത്താന്‍ സാത്താനെ ഒഴിപ്പിക്കുമോ?'' (മര്‍ക്കോ 3:23). സാത്താന്റെ പണി ക്രമസമാധാനം ഉണ്ടാക്കാന്‍ ''അക്രമികളെ'' ഉണ്ടാക്കുകയാണ്. സ്‌നാപകയോഹന്നാനെ സാത്താനാക്കുന്ന പണിയാണ് സലോമി ചെയ്തത്. ഒഴിവാക്കേണ്ടവനെ ''സാത്താനാക്കുക'', ''അക്രമിയാക്കുക'', കള്ളനും കൊള്ളക്കാരനുമാക്കുക. എല്ലാ രാഷ്ട്രീയ പകപോക്കലുകളും ഇങ്ങനെ ഒഴിവാക്കേണ്ടവരെ കുറ്റക്കാരാക്കുകയാണ്. അത് വിദഗ്ധമായി ചെയ്തുകൊടുക്കുന്നവര്‍ ഭരണവ്യവസ്ഥിതിയില്‍ ഉണ്ടാകും. യേശുവിനെ പിശാചാക്കുകയായിരുന്നു. ആ പിശാചിനെ ഒഴിവാക്കി നാട്ടില്‍ ക്രമസമാധാനം ഉണ്ടാക്കിയാണ്.

ഇത് ചെയ്തത് യഹൂദ പുരോഹിതന്മാരിലൂടെയും പ്രമാണികളിലൂടെയും റോമാസാമ്രാജ്യത്തിന്റെ അധികാരത്തിലൂടെയും യേശുവിന്റെ പീഡാനുഭവനാടകം ആസൂത്രണം ചെയ്തു നടത്തിയത് സാത്താനാണ്. അതിന്റെ കൂടോത്രാലയങ്ങളായത് പുരോഹിത പ്രമാണിമാരും ആലോചന സംഘവും പിലാത്തോസിന്റെ അധികാര കച്ചേരിയുമാണ്. അവനെ പിശാചാക്കാന്‍ അവിടെ ''ജനക്കൂട്ടം'' ഉണ്ടായിരുന്നു. അവര്‍ മുദ്രാവാക്യം വിളിച്ചു, ''അവനെ ക്രൂശിക്കുക''. രാഷ്ട്രീയാധികാരം എപ്പോഴും നീതീകരിക്കപ്പെടുന്നത് ജനങ്ങളുടെ പിന്‍ബലത്തിലാണ്. അധികാരം ചെയ്യുന്നത് തെറ്റാണെന്നും ശിക്ഷിക്കുന്നത് നിഷ്‌കളങ്കരെയാണെന്നും വരരുത്. അത് അധികാരത്തിനു ക്ഷീണം ചെയ്യും. കുറ്റമാരോപിക്കപ്പെട്ടവന്‍ കുറ്റക്കാരനാകുന്ന തെളിവുകള്‍ ജനങ്ങള്‍ക്ക് ബോധ്യമാക്കണം. യേശു സാത്താനെ നിര്‍വചിച്ചത് ''നുണയുടെ പിതാവ്'' എന്നാണ്.

തന്റെ വഴി പീഡാസഹനത്തിന്റെയാണ് എന്ന് യേശു പറഞ്ഞപ്പോള്‍ പത്രോസ് തടസ്സം പറഞ്ഞു. യേശു പത്രോസിനെ അപ്പോഴാണ് 'ചെകുത്താന്‍' എന്നു വിളിച്ചത്. നുണ പറഞ്ഞു നടക്കുന്ന ആര്‍ക്കും ഈ പേര് ചേരും. ''നീ എനിക്ക് ഉതപ്പാണ്'' - പത്രോസ് യേശുവിനു പ്രലോഭന കാരണമായി. ലോകത്തിന്റെ കാപട്യത്തിന്റെ വഴി തിരഞ്ഞെടുത്ത് ചെകുത്താനെ നേരിടാന്‍. അത് നുണയുടെ വഴിയാണ്, സ്പര്‍ദ്ദയുടെയും വഴിയാണ്. അത് അക്രമവഴിയാണ്. സാത്താന്റെ അക്രമത്തെ അതേ നാണയത്തില്‍ നേരിടാന്‍. യേശു ഈ വഴിയില്‍ വീണില്ല. പത്രോസ് വീണോ? അപ്പസ്‌തോലന്മാരുടെ പിന്‍ഗാമികള്‍ വീണോ? ഏറ്റുമുട്ടലുകളുടെയും യുദ്ധങ്ങളുടെയും വഴിയിലേക്ക് ദൈവവിളിക്കാര്‍ പ്രലോഭിതരാകുന്നു!

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കു കുരിശ് തന്റെ പട്ടാളത്തിന്റെ ആയുധത്തിന്റെ മുദ്രയായി. റോമാ സാമ്രാജ്യവുമായി ഉണ്ടാക്കിയ പുതിയ ബാന്ധവം വിജയത്തിന്റെ രാജകീയ വഴികള്‍ സ്വീകരിച്ച ചരിത്രമുണ്ടാക്കി. സുവിശേഷ വഴി എങ്ങനെയാണ് യുദ്ധവഴിയായത്? സഭാവിശ്വാസികള്‍ക്കുമെതിരായ കുരിശുയുദ്ധങ്ങള്‍ നടന്നു. പാഷണ്ഡികളായും ശീഷ്മക്കാരായും വിധിച്ചു; വിശ്വാസികള്‍ കൊല്ലപ്പെട്ടു. അക്രമം ന്യായീകരിക്കുന്ന നിയമവ്യവസ്ഥകള്‍ ഉണ്ടാക്കപ്പെട്ടു.

എറണാകുളം-അങ്കമാലി അതിരൂപതയും സീറോ മലബാര്‍ സഭയും തമ്മില്‍ ഏറ്റുമുട്ടലിന്റെ ധ്രുവീകരണം ആരാണ് ഉണ്ടാക്കിയത്? അത് ഉണ്ടാക്കിയവര്‍ യാത്ര ചെയ്തത് സത്യനീതികളുടെ വഴിയിലൂടെ ആയിരുന്നോ? ഈ അതിരൂപതയില്‍ പ്രതിഷേധിച്ചവരെ ക്രൂശിക്കണമെന്നു ''ആള്‍ക്കൂട്ടങ്ങള്‍'' എന്തെങ്കിലും കാപട്യവും നുണയും ഒളിക്കുന്നുണ്ടോ? ഇവിടെ ക്രൈസ്തവികത മരണകരമായ രോഗാവസ്ഥയിലാക്കിയത് ആരാണ്? സഭയുടെ ആന്തരികപ്രശ്‌നങ്ങളെ വൈരുദ്ധ്യത്തിന്റെ ഏറ്റുമുട്ടല്‍ പ്രശ്‌നങ്ങളാക്കി മാറ്റിയപ്പോള്‍ മരണകരമായ രോഗാണുക്കള്‍ കടന്നു പറ്റാത്ത സംശുദ്ധര്‍ ഇല്ലാത്ത ഒരു സഭയായി ഇത് മാറിയതില്‍ ആര്‍ക്കാണ് കൈകഴുകാന്‍ കഴിയുന്നത്?

logo
Sathyadeepam Online
www.sathyadeepam.org