ഇസ്രായേലേ, കേള്‍ക്കുക

ഇസ്രായേലേ, കേള്‍ക്കുക

യഹൂദരുടെ പ്രാര്‍ത്ഥനയുടെ അടിസ്ഥാന ദൈവവചനമാണ് ആവര്‍ത്തന പുസ്തകത്തിലേത്, ഇസ്രയേലേ, കേള്‍ക്കുക (ആവ. 6:4-15) യഹൂദ സംസ്‌കാരമനുസരിച്ച് ദൈവത്തെ കാണാനാവില്ല. കാഴ്ചയില്‍ അവര്‍ വിശ്വസിക്കുന്നില്ല. കാഴ്ചയില്‍ കാമം കടന്ന കാഴ്ചവസ്തുവിനെ വക്രീകരിക്കാം. എന്നാല്‍ അവര്‍ കേള്‍വിയില്‍ വിശ്വസിച്ചു. ഏറ്റവും ധാര്‍മ്മികമായ അവയവം കാതാണ്. ദൈവ ത്തെ കേള്‍ക്കാനാവും. അതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന. കേള്‍വിയു ടെ മനുഷ്യനാകണം. ദൈവത്തിന്റെ അപരന്റെയും പ്രപഞ്ചത്തിന്റെ യും പ്രാര്‍ത്ഥന കേട്ട് അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു ജീവിക്കണം. കേള്‍വിയുടെ പരിശീലനമാണ് വേണ്ടത്. സംസ്‌കാരങ്ങളുടെ അടിസ്ഥാനം കേള്‍വിയാണ്. ഏത് പ്രതിസന്ധിയും ശ്രദ്ധാപൂര്‍വ്വകമായ കേള്‍വിയിലൂടെയാണ് പരിഹരിക്കേണ്ടത്. ഇവിടെ പ്രധാനം ശ്രദ്ധയാണ്, ശ്രദ്ധയും ശ്രവണവും ഒന്നിച്ചുപോകുന്നു. സ്വയം കേള്‍ ക്കാന്‍ പഠിക്കണം. എന്നിലെ സംഗീതം കേള്‍ക്കുന്നതുപോലെ പ്രപഞ്ചത്തിന്റെ സംഗീതവും ശ്രദ്ധിച്ചു ശ്രവിക്കണം. പ്രപഞ്ചം സാധാരണമായി നിശബ്ദമാണ്. ഇവിടെ നേരിയ ശബ്ദങ്ങള്‍ പോലും കേള്‍ക്കാം. തന്നെ അറിയുന്നവന്‍ തന്നെ കേള്‍ക്കുന്നവനാണ്.

ഒരുവന്‍ ആത്മകഥ എഴുതുന്നതു സ്വയം കേട്ടെഴുതുന്നതാണ്. സ്വന്തം കഥയില്‍ നിന്നു കഥയെഴുതുന്നവര്‍ ചോര്‍ന്നു പോയ കഥയ്ക്കു ആത്മാവില്ലാതായി മാറാന്‍ സാധ്യതയുണ്ട്. ഒരുവന്‍ തന്റെ ജീവിതസത്യം കേട്ടറിഞ്ഞാണ് എഴുതേണ്ടത്. വി. അഗസ്തീനോസ് തന്നെ നന്നായി കേട്ട് തന്റെ കഥയെഴുതിയത്. ഈ ആത്മകഥയ്ക്കുവേണ്ടി താന്‍തന്നെ കണ്ടെത്തിയ തന്നിലെ ''സംഭരണി''യെക്കുറിച്ചും തന്നിലെ ''ആവൃതി''യെക്കുറിച്ചും പറയുന്നു. ഒരുവനില്‍ തന്നെ ഒരുവന്‍ കണ്ടെത്തുന്ന ''സംഭരണിയും ''ആവൃതി''യുമുണ്ട്. അതു ഓര്‍മ്മ യുടെ ഖനിയാകാം. റൂസ്സോ തന്റെ ആത്മകഥയെക്കുറിച്ച് എഴുതി: ''എന്നെ വായിക്കാതെ ആര്‍ക്കും എന്നെ വിധിക്കാനാവില്ല.'' എല്ലാവരും അപരനെ കേള്‍ക്കാനും അറിയാനും വായിക്കാനുമാണ് ശ്രമിക്കുന്നത്.

കവി വേഡ്‌സ്‌വര്‍ത്ത് എഴുതി, ''പല വിധത്തിലുള്ള ഈ അറിവിന്റെ ശകലങ്ങളില്‍ സത്യത്തിന്റെ ഭാഗമായത് എന്ത് എനിക്കു പറയാനാവില്ല. കാലത്തിന്റെ നഗ്നമായ ഓര്‍ത്തെടുക്കല്‍ അതു ജീവിതമാണ് എന്നു പറയണമെങ്കില്‍ അതു പരിഗണിച്ചതിനു ശേഷം മാത്രം.'' കേള്‍വി ശുദ്ധമായ ശ്രദ്ധയുടെ സ്വീകരണം മാത്രമല്ല. അതു വെറും ഓര്‍മ്മയല്ല. എന്റെ രഹസ്യ സംഭരണിയില്‍ നിന്നു കണ്ടെടുത്താല്‍ പോരാ. കാരണം അത് പ്രാകൃതമാണ്, അതു ഭൂതവുമാകാം. അവയിന്മേല്‍ ധര്‍മ്മത്തിന്റെ മനനവും പരിഗണനയും കടന്നുവരണം. അതാണ് ആത്മകഥയെഴുത്തില്‍ സംഭവിക്കുന്ന ആള്‍ക്കമിയുടെ മാന്ത്രികത. അഹത്തിന്റെ കേള്‍വിയും അതിന്റെ ഉയര്‍ന്നതും താഴ്ന്നതുമായി ശബ്ദങ്ങളും വിവേചിക്കേണ്ടതുണ്ട്. ദെരീദ് അതുകൊണ്ട് എന്റെ ചെവിയെ അപരന്റെ എന്നിലെ ചെവിയായി വിവക്ഷിക്കുന്നത്. അപരനെ കേള്‍ക്കുന്നതാണ് എന്റെ ചെവി. അതു ഒന്നല്ല, രണ്ടാണ്. എന്റ കഥ പറയുമ്പോള്‍ അതു വസ്തുനിഷ്ഠമാണോ എന്നല്ല പ്രശ്‌നം. അതു സത്യസന്ധമാണോ എന്നതാണ്. ഞാന്‍ എന്ന സത്യമാണോ ഞാന്‍ വെളിവാക്കുന്നത്?

ഇവിടെയാണ് ആന്തരികത എന്നത് എന്റെ ഓര്‍മ്മയും എനിക്കു ഞാന്‍ സന്നിഹിതവുമാകുന്നതാണ്. ഞാന്‍ എന്നെ കേള്‍ക്കുന്നതല്ല എന്റെ കഥ. എന്നില്‍ ഞാന്‍ കേള്‍ക്കുന്നതു എന്റേതല്ലാത്ത ശബ്ദമാണ്. ഈ ശബ്ദം കേള്‍ക്കുമ്പോള്‍ ചെവി എന്റെയല്ലാതാകുന്നു. അത് അപരന്റെ എന്നിലുള്ള കേള്‍വിയായി മാറുന്നു. ഞാന്‍ ദൈവികതയിലേക്കും അപരനിലേക്കും വെയ്ക്കുന്ന കോവണിയായി എന്റെ ചെവി മാറുന്നു. ഇവിടെയാണ് കാവ്യം കടന്നുവരുന്നത്. അതാണ് സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്ന സൃഷ്ടിനടക്കുന്നത്. ''ദൈവമേ, നീ എന്നിലായിരുന്നു, ഞാന്‍ നിന്നിലായിരുന്നില്ല'' എന്ന വി. അഗസ്റ്റിന്റെ വാക്കുകള്‍ വേദനയുടെ ഏറ്റുപറച്ചിലുമാണ്. ഇവിടെയാണ് കൃതിയും എഴുത്തുകാരനും അമര്‍ത്യരാകുന്നത്.

ഈ കേള്‍വി ഒരു ധാരണയാണ്. ആ ശബ്ദം ആസൂത്രിതമോ ഒരുക്കമുള്ളതോ ബോധപൂര്‍വ്വകമോ അല്ല. അതു പ്രതീക്ഷയ്ക്കു വിരുദ്ധമായി സ്വന്തം അഹത്തെ ചോദ്യം ചെയ്യുന്നു. അതു മഴ പെയ്യുന്നതുപോലെ സംഭവിക്കുന്നു. അതു എന്നില്‍ നിന്നു വരുന്നു. പക്ഷെ, എനിക്കു മുകളില്‍ നിന്നും എനിക്കു അകലെനിന്നുമാണ്. ഇതു പ്രപഞ്ചവും മനുഷ്യനുമായുള്ള സ്വരൈക്യത്തില്‍ ഉണ്ടാകുന്നു. അത് എന്റെ ചിന്തയുടെയോ വര്‍ത്തമാനത്തിന്റെയോ ഫലമല്ല. അത് എന്റെ വാസത്തിന്റെ ഒരു മാധ്യമമാകുന്നു - വാക്കുപോലെ. ഈ വിളി എന്റെ ഉത്തരവാദിത്വങ്ങള്‍ ഉത്തരവാദിത്വപൂര്‍വ്വം നേരിടുന്ന അന്തരീക്ഷമാണ്. എന്നെയും മറ്റുള്ളവരെയും മനസ്സിലാക്കുന്ന സാഹചര്യവും വെളിച്ചവുമാണ്. എല്ലാത്തരം കണക്കുകൂട്ടലുകളില്‍ നിന്നു പിന്‍തിരിയുന്ന രഹസ്യമാണ്. അത് ഒരു സ്വരൈക്യത്തിന്റെ ഭാഷയാണ്, പക്ഷെ, അത് ഒരു സ്വകാര്യഭാഷയല്ല. ആ വിളി ഒരു ദാനമായി വന്നു വീഴുന്നു. അതു പുറമേ നിന്നു വരുന്ന ഒരു കാരണമല്ല. അതു മാടി വിളിക്കുന്നു, ഒരു ക്ഷണം. ആ വിളിയാല്‍ എന്നെ നിശ്ചയിക്കാന്‍ ഞാന്‍ അനുവദിക്കുന്നു. ഈ വിളിയുടെ മറുപടിയാണ് ഉത്തരവാദിത്വം. അവിടെ അതോടെ എന്റെ ദിശമാറുന്നു. അത് എന്റെ ശ്രദ്ധയെ തിരിക്കുന്നു. ഒരു വിശുദ്ധമായ ആവാസമാണ്. എന്റെ വസതിയില്‍ ചിന്തയോടെ ആയിരിക്കാന്‍ വിളിക്കുന്നു. ഈ തിരിയല്‍ സാമാന്യബുദ്ധിയില്‍ നിന്നുള്ള തിരിച്ചിലാണ് എന്നാണ് ചിന്ത എന്നതിലാണ് ഇതു ബാധിക്കുന്നത്. കണക്കുക്കൂട്ടുന്ന ചിന്തയില്‍ സംഭവിക്കുന്ന തിരിച്ചില്‍. അതു മരണാഭിമുഖമായുള്ള തിരിച്ചിലാണ്. അതു പുറത്തിന്റെ കേള്‍വിയാണ്. അതുകൊണ്ടു പ്രവചനപരമായ കേള്‍വിയാണ്. മാത്രമല്ല അത് കാവ്യാത്മകമായ കേള്‍വിയാണ്. അതിനു ഒരു ചെവി പോരാ. ശരീരം ചെവിയായി മാറ്റുക. അപരനെ കേള്‍ക്കുന്ന ചെവിയായി ഞാന്‍ മാറുന്നു. എന്റേതല്ലാത്ത ചെവി. അതിന്റെ വലിപ്പ ചെറുപ്പങ്ങളില്‍ വ്യത്യാസമുണ്ട്. ഈ കേള്‍വിയാണ് മറ്റു കേള്‍വികളുടെ മാനദണ്ഡം. ചിലതിനു ചെവി കൊടുക്കാത്തതിന്റെയും മാനദണ്ഡം. ഏറ്റവും വലിയ ചെവിയുള്ള മൃഗം കഴുതയാണ്. ശരീരം മുഴുവന്‍ ദൈവികതയുടെ ചെവിയായവന്‍ ലോകത്തിനു ബധിരമാകാം. പക്ഷെ, നിലവിളികള്‍ക്ക് ബധിരമാകില്ല; മനുഷ്യത്വത്തിനും. അവര്‍ കവികളായി കരച്ചിലിന്റെ പിന്നാലെ പോകുന്നു. കുരിശില്‍ നിലവിളിച്ചു മരിച്ചവന്റെ നിലവിളി ഇന്നും കേള്‍ക്കുന്നു. ആ നിലവിളിയുടെ പിന്നാലെ പോകുന്നു. കേള്‍വിയുടെ മറുപടിയാണ് ദൈവവിളി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org