വളരുന്ന ഈഡിപ്പസ് സംസ്‌കാരം

വളരുന്ന ഈഡിപ്പസ് സംസ്‌കാരം

നാസി ജര്‍മ്മനി രണ്ടാം ലോകമഹായുദ്ധത്തില്‍ തോറ്റതിനുശേഷം ജര്‍മ്മനിയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ വലിയ പ്രതിസന്ധിയായതു കരയാന്‍ കഴിയാത്ത ജനസംസ്‌കാരമായിരുന്നു. ജര്‍മ്മന്‍കാര്‍ എന്തുകൊണ്ട് നാസികളായി മാറി എന്നതായിരുന്നു വ്യാഖ്യാന പ്രതിസന്ധി. ഈ വിഷയം അഞ്ചുമാസം നിരവധി ആളുകളെ പല സ്ഥലങ്ങളില്‍ നേരില്‍ കണ്ടു സംസാരിച്ച റോജര്‍ മണി കിറിയെ 1951 ല്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടനുസരിച്ച് ജര്‍മ്മനിയില്‍ രണ്ടു തരം ബോധത്തിന്റെ ആളുകളുണ്ടായിരുന്നു - അധികാരാനുകൂലികളും, മനുഷ്യപക്ഷകാരും. ആദ്യ ത്തെ കൂട്ടര്‍ രണ്ടാമത്തേതിനെക്കാള്‍ അഞ്ചുമടങ്ങ് കൂടുതലായിരുന്നു. ഈ മഹാഭൂരിപക്ഷം അധികാരാനുകൂലികളായിരുന്നു. അവരുടെ ഏറ്റവും വലിയ ധാര്‍മ്മിക മൂല്യം അനുസരണമായിരുന്നു. അനുസരണവാദികള്‍ അനുസരിക്കാത്തവരെ പീഡിപ്പിക്കണ മെന്നും വാദിച്ചിരുന്നു. മാനവിക ചിന്തക്കാര്‍ ന്യൂനപക്ഷവും വളരെ ഭഗ്നാശരുമായിരുന്നു.

ഈ കാലത്താണ് സിഗ്മണ്ട് ഫ്രോയിഡ് ജര്‍മ്മനിയില്‍ ജീവിച്ചിരുന്നത്. അദ്ദേഹം സൈക്കോഅനാലിസിസ് എന്ന മനഃശാസ്ത്ര ചികിത്സാരീതിയുടെ ഉപജ്ഞാതാവായിരുന്നു. യഹൂദനെങ്കിലും മതവിശ്വാസിയല്ലായിരുന്നു. എങ്കിലും സത്താപരമായി യഹൂദനാണ് എന്ന് അവകാശപ്പെട്ടിരുന്നു. അദ്ദേഹത്തിനു മതം മനുഷ്യന്റെ ബോധത്തിന്റെ പ്രശ്‌നമാണ്. അബോധത്തിന്റെ നിയന്ത്രണത്തിലാകുന്നതാണ് മാനസ്സികപ്രശ്‌നങ്ങള്‍. അതുകൊണ്ട് ബോധത്തില്‍ നിന്നു അബോധത്തിലേക്ക് അടിച്ചൊതുക്കിയവ ഉണ്ടാക്കുന്നതാണ് മാനസ്സിക പ്രശ്‌നങ്ങള്‍. ബോധത്തെ അബോധം നിയന്ത്രിക്കുന്നതാണ് പ്രതിസന്ധി, അദ്ദേഹത്തിനു ധാര്‍മ്മികത സ്‌നേഹത്തിന്റെ ജീവിതമാണ്. അദ്ദേഹം എഴുതി ''വിശ്വാസമനുസരിച്ച് ജീവിക്കാത്തവന്‍ വിശ്വസിക്കുന്നില്ല.'' ധാര്‍മ്മികമായ ജീവിതത്തിന്റെ സൈക്കോഅനാലിസിസിനെ യഹൂദ മനഃശാസ്ത്രമായി നാസ്സികള്‍ തള്ളി. ഫ്രോയ്ഡ് നാടുവിട്ട് ഓസ്ട്രിയയിലും പിന്നീട് ബ്രിട്ടനിലേക്കും രക്ഷപ്പെട്ടു. എന്തുകൊണ്ട് നാസികള്‍ ഫ്രോയ്ഡിന്റെ മനഃശാസ്ത്രത്തെ തള്ളി പറയുന്നുവെന്നത് ചിന്തനീയമാണ്. ഫ്രോയ്ഡിന്റെ കണ്ടുപിടുത്തമാണ് ഈഡിപ്പസ് കോംപ്ലക്‌സ്. ക്രിസ്തുവിന് 500 വര്‍ഷങ്ങള്‍ക്കു മുമ്പ് അവതരിപ്പിക്കപ്പെട്ട സോഫോക്ലീസിന്റെ നാടകമാണ് ''ഈഡിപ്പസ് രാജാവ്.'' നാടകമെഴുതി വ്യക്തി ചിന്തിച്ചുണ്ടാക്കാന്‍ സാധ്യതയില്ലാത്ത പ്രശ്‌നമാണ് ഫ്രോയ്ഡ് കണ്ടെത്തുന്നത്.

കോറിന്തിലെ രാജാവിനോടും രാജ്ഞിയോടുമൊന്നിച്ച് ജീവിച്ചവനായിരുന്നു ഈഡിപ്പസ് എന്ന ചെറുപ്പക്കാരന്‍. ഒരു മദ്യപന്‍ ഈഡിപ്പസ് രാജദമ്പതികളുടെ മകനല്ല എന്നു പറഞ്ഞതു കേട്ടു. സത്യമറിയാന്‍ ഡെല്‍ഫി ക്ഷേത്രത്തില്‍ പോയപ്പോള്‍ അരുളപ്പാടു കിട്ടി. ''അപ്പനെ കൊല്ലും അമ്മയെ വേളി ചെയ്യും.'' ചിന്തിക്കാന്‍ പോലും കഴിയാത്തവിധം നികൃഷ്ടമായത് ഒരിക്കലും സംഭവിക്കാതിരിക്കാന്‍ അയാള്‍ കൊട്ടാരം വിട്ട് ഓടിപ്പോയി. അടുത്ത രാജ്യത്ത് യക്ഷിയുടെ ചോദ്യത്തിന് ഉത്തരം നല്കാനാവാതെ വസന്ത പടരുന്നു. ഉത്തരം പറയുന്നവന് രാജത്വവും രാജ്ഞിയെ ഭാര്യയുമായി കൊടുക്കും എന്ന അറിയിപ്പും അറിഞ്ഞു. അവന്‍ അതിന് ഉത്തരം നല്കാനോ മരിക്കാനോ തയ്യാറായി. യക്ഷി ചോദിച്ച ചോദ്യം ബുദ്ധിപൂര്‍വം ഉത്തരം പറഞ്ഞു വിജയിച്ചു. രാജാവായി, രാജ്ഞിയെ വേളി ചെയ്തു. ഇതിനിടയില്‍ തന്നെ വഴിമുടക്കിയവനെ ഏറ്റുമുട്ടലില്‍ കൊന്നു. പിന്നെയും പടര്‍ന്ന വസന്ത മുന്‍ രാജാവിനെ കൊന്നവന്‍ നാട്ടില്‍ വസിക്കുന്നതു കൊണ്ടാണ് എന്നു വരൂന്നു. രാജഘാതകനെ അന്വേഷിച്ച് അവസാനം അത് ഈഡിപ്പസിലേക്കു തിരിയുന്നു. താനാണ് രാജാവിനെ കൊന്നത് എന്നും ഭാര്യയാക്കിയത് അമ്മയെയാണെന്നും അയാള്‍ മനസ്സിലാക്കി. ഡല്‍ഫിയുടെ വെളിപാടില്‍ നിന്ന് അയാള്‍ ഓടിയകലുകയായിരുന്നില്ല. അതേ വഴിയിലൂടെ നടക്കുകയായിരുന്നു. വഴി തടഞ്ഞു എന്ന വിവാദത്തില്‍ അച്ഛനെ കൊന്നവന്‍ കൊന്നതു പിതാവിനെയായി. നടന്നത് അധര്‍മ്മത്തിന്റെ വഴിയിലായി. അത് അബോധം നിശ്ചയിച്ച വഴിയായിരുന്നു. അത് അയാളുടെ വിധിയായി. ഈഡിപ്പസ് ബോധത്തിന്റെ വഴിയിലല്ല ജീവിച്ചത് അബോധത്തിന്റെ വഴിയിലായിരുന്നു. എല്ലാ പുരുഷന്മാര്‍ക്കും ഈഡിപ്പസ് കോംപ്ലെക്‌സ് ഉണ്ട് എന്ന് ഫ്രോയിഡ് എഴുതി. മനുഷ്യന്റെ മൃഗീയതയില്‍ നിന്നുള്ള അടിസ്ഥാന വാസനയാണ് അധികാരത്തിനും അക്രമസുഖത്തിനുമുള്ള ഒടുങ്ങാത്ത വിശപ്പ്. ഈ വിശപ്പിന്റെ പ്രകൃതിയുടെ വഴിയില്‍ ജീവിക്കുന്നതാണ് വിധി. വിധി ഈഡിപ്പസ്സില്‍ വിജയിച്ചു. മനുഷ്യന്‍ മനുഷ്യനാകുന്നതു പ്രകൃതിയുടെ മുകളിലേക്കു വളര്‍ന്നാണ്. അതാണ് സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ജീവിത വഴി. ഫ്രോയിഡ് എഴുതി, ''ഭൂരിപക്ഷം ആളുകളും സ്വാതന്ത്ര്യം ആഗ്രഹിക്കുന്നില്ല. കാരണം സ്വാതന്ത്ര്യം ഉത്തരവാദിത്വം അനിവാര്യമാക്കുന്നു. ഭൂരിപക്ഷം ജനങ്ങളും ഉത്തരവാദിത്വത്തെ ഭയപ്പെടുന്നു.'' ഫ്രോയിഡിന്റെ അബോധമാണ് സാമൂഹ്യവിരുദ്ധതയായി മാറുന്നത്. അതാണ് സ്വാഭാവികമായ ജീവിതം. പഴമ എന്നത് ഒരുവന്റെ പഴയ മൃഗമാണ്, മൃഗീയമായ വാസനയാണ്, ജാതിയും വര്‍ഗവും ഗോത്രവുമാണ്. പഴമ സ്വാധീനിക്കാതെ പഴമ ജീവിതത്തെ നശ്ചയിക്കുന്നു.

യുദ്ധാനന്തര ജര്‍മ്മനി കരയാന്‍ കഴിയാത്ത ജനങ്ങളുടേതായിരുന്നു. കാരണം അവര്‍ അയല്‍ക്കാരോടും അന്യരോടും യഹൂദരോടും കാണിച്ച ക്രൂരതയും മൃഗീയതയും അവരെ ഭരിച്ചു. അതില്‍ കുറ്റബോധമുണ്ടായില്ല. ഫാസിസം വര്‍ഗീയതയാണ്, പഴമയിലേക്കു തിരിഞ്ഞുള്ള ജീവിതമാണ്. ആ ജനത്തിന്റെ മാനസികാവസ്ഥയെ ചികിത്സിച്ചതു പിന്നീട് വികസിതമായ സൈക്കോഅനാലിസിസ് തന്നെയാണ്. സംസ്‌കാരത്തിന്റെ മാര്‍ഗം പഴമയിലേക്കു തിരിഞ്ഞ ജീവിതമല്ല, ആന്റി-ഈഡിപ്പസ് ജീവിതമാണ്. സമൂഹത്തില്‍ വെറുപ്പും വര്‍ഗീയതയും വര്‍ധിക്കുമ്പോള്‍ സമൂഹം ഈഡിപ്പസ് വഴിയിലാണ് എന്നതിന്റെ തെളിവായി അതു മാറുന്നു. ചിന്തിക്കാതിരിക്കുകയാണ് അതിന്റെ മൗലിക ലക്ഷണം. അനുസരിപ്പിക്കാന്‍ നടക്കുന്നവര്‍ സമൂഹത്തില്‍ വര്‍ധിക്കുമ്പോള്‍ ഫാസിസത്തിന്റെ ലക്ഷണങ്ങള്‍ കാണാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org