ദൈവം മുഖം മറയ്ക്കുമ്പോള്‍

ദൈവം മുഖം മറയ്ക്കുമ്പോള്‍

ദൈവത്തിന്റെ പ്രത്യക്ഷത്തിന്റെ ഒരു സമൂഹത്തിലോ സഭയിലോ അല്ല നാം ജീവിക്കുന്നത്. സഭാമണ്ഡലങ്ങളില്‍നിന്നു നിരന്തരം ദൈവം മുഖം മറയ്ക്കുന്നതു നാം കാണുന്നു. ദൈവത്തിന്റെ സാന്നിദ്ധ്യം ഓടി മറഞ്ഞു പോകുന്നു. ദൈവസാന്നിദ്ധ്യപീഠങ്ങള്‍ ശൂന്യമായി ദൈവനിഷേധത്തിെന്റയും ദൈവമരണത്തിന്റെയും അനുഭവങ്ങള്‍ നിരന്തരം ഉണ്ടാക്കുന്നു. നീതി സംഭവിക്കാതെയായി, നേരുകള്‍ ഇല്ലാതായി. അനീതിയുടെ കയ്‌പേറിയ കഷായങ്ങള്‍ നിന്തരം കുടിക്കേണ്ടി വരുന്നു. എല്ലായിടത്തു നിന്നും സത്യം തിരോധാനം ചെയ്യുമ്പോള്‍ എന്തു ചെയ്യും? എല്ലായിടത്തും ദൈവനിഷേധം ഭരണം നടത്തുമ്പോള്‍ ദൈവം എവിടെ? അന്യായങ്ങളുടെയും അക്രമത്തിന്റെയും സംഭവങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാകുമ്പോള്‍, ദൈവനാമത്തില്‍ കള്ളം പറയുമ്പോള്‍ ദൈവം എവിടെയും മരിച്ചടക്കപ്പെടുന്നു.

പഴയനിയമത്തിലെ ജോബ് എന്ന കഥാപാത്രത്തിന്റെ അനുഭവം ഇതായിരുന്നു. അയാള്‍ സത്യസന്ധനായി ജീവിച്ചു. നിരന്തരമായ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നു. അവിടെയെല്ലാം ദൈവം ഇല്ലാതായി. അതു ജോബിന്റെയും കുറ്റം കൊണ്ടാണ് എന്നു കൂട്ടുകാര്‍ ആവര്‍ത്തിച്ചു പറഞ്ഞു. തെറ്റുചെയ്ത് അതു അജ്ഞാതമായിരിക്കാം തെറ്റില്ലാതെ ഈ ദുരന്തങ്ങള്‍ സംഭവിക്കില്ല! ദുരന്തങ്ങള്‍ക്കു കാരണമുണ്ട് എന്ന തത്വമാണ് അവര്‍ പറയുന്നത്. ദൈവം അതുകൊണ്ടു പീന്‍വലിഞ്ഞു. എല്ലാ ദുഃഖദുരന്തങ്ങളും ശിക്ഷയാണ് തെറ്റിനെ ന്യായീകരിക്കുന്ന അധികാരത്തെ അവര്‍ പിന്‍താങ്ങി.

ദാനിയേല്‍ സൂസന്നയുടെ വീട്ടിലേക്കു ചെന്നപ്പോള്‍ അവിടം ദൈവം മരിച്ച വീടായിരുന്നു. കാരണം നീതി അവിടെ മരിച്ചു; സത്യം തിരോധാനം ചെയ്തു; നുണ അവരെ ഭരിച്ചു. ദൈവം മരിച്ച അവസ്ഥയില്‍ അവള്‍ വിലപിച്ചു. ദൈവത്തിന്റെ മരണവീട്ടില്‍നിന്നു നിലവിളി ഉയര്‍ന്നു. അവളെ കൊല്ലാന്‍ കൊണ്ടു പോകുന്നിടത്തേക്കാണ് വിലാപം കേട്ട ദാനിയേല്‍ ചെല്ലുന്നത്. അക്രമത്തിന്റെ വിജയം ദാനിയേലിനെയും ജോബിനെയും വേട്ടയാടി.

നാസികാലഘട്ടത്തില്‍ ജര്‍മ്മന്‍ സമൂഹത്തില്‍ രാഷ്ട്രീയവും സാമൂഹികവുമായി ദൈവം പുറത്താക്കപ്പെട്ടു. അപ്പോഴും പള്ളികളും പൗരോഹിത്യ ശുശ്രൂഷകളുമുണ്ടായിരുന്നു. യഹൂദര്‍ യഹൂദരായതു കൊണ്ട് കൊല്ലപ്പെടണം എന്നു വന്നു. മനുഷ്യരെ കൊല്ലാന്‍ വലിയ ഫാക്ടറികള്‍ ഉണ്ടായി. ദൈവം മുഖം മറച്ചപ്പോള്‍ പുകക്കുഴലുകളില്‍ നിന്നു യഹൂദരുടെ ജീവിതം അവരുടെ ശവങ്ങളും ആവിയായി ആകാശത്തേക്കു പോയിക്കൊണ്ടിരുന്നു. അവരെ കൊല്ലാന്‍ നിരന്തരം ന്യായീകരണങ്ങള്‍ നടത്തപ്പെട്ടു. അക്രമത്തിനു ന്യായം പറയുന്നവര്‍ അനേകരായിരുന്നു. ഭാഷ അക്രമത്തിന്റെ സാധൂകരണത്തിന്റെയായി മാറി. യഹൂദര്‍ക്കെതിരായ ആരോപണം ദൈവത്തിനുമെതിരായി. ദൈവം കുറ്റക്കാരനാക്കപ്പെട്ടു. ദൈവം ക്രൂരനായി, ദൈവം നിലവിളി കേള്‍ക്കാത്ത ബധിരനായി. അവിടെ മനുഷ്യര്‍ നിരന്തരം നിലവിളിച്ചു, ''എന്റെ ദൈവമേ, എന്റെ ദൈവമേ നീ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു?'' ദൈവം ചരിത്രത്തില്‍നിന്നു പിന്‍വലിഞ്ഞു. ചരിത്രത്തിന്റെ ഇളപ്പുകള്‍ തെറ്റി. ചരിത്രത്തിനു ധര്‍മ്മം നഷ്ടമായി. അത് അക്രമത്തിന്റേതായി. അതു ദൈവകോപമായി വ്യാഖ്യാനിക്കപ്പെട്ടു. അനുസരണിയില്ലാത്തവര്‍ക്കു ലഭിച്ച ശിക്ഷയായി വിധിക്കപ്പെട്ടു. വിമതരെ ദൈവം ശപിച്ചു ശിക്ഷിച്ച തായി പ്രചരിപ്പിച്ചു. ദൈവശിക്ഷ കണ്ട് ''അനുസരണക്കാര്‍'' ആനന്ദിച്ചു. ദൈവം വിമതരുടെ ഇടയില്‍നിന്നു പോയി. ഇതൊക്കെ നാം സ്ഥിരം കേള്‍ക്കുന്നു. ഈ കഥകള്‍ എല്ലായിടത്തും പല വിധങ്ങളില്‍ സംഭവിക്കുന്നു.

തിന്മയുടെ ന്യായീകരണമാണ് ഏറ്റവും വലിയ തിന്മ. ജോബിന്റെ കൂട്ടുകാര്‍ ഇന്നും ജീവിക്കുന്നു. ന്യായീകരിക്കുന്നവര്‍ നന്മയെ, സഹനത്തെ ന്യായീകരി ക്കുന്നു. ദൈവത്തിന്റെ അസാന്നിദ്ധ്യം ദൈവത്തിന്റെ ബോധപൂര്‍വ്വകമായ പിന്‍വലിയലാണോ? ദൈവത്തില്‍ വിശ്വസിക്കാതിരിക്കാനാണോ ദൈവം പിന്‍വലിയുന്നത്? അനീതി ദൈവം ചെയ്തതാണോ? ചരിത്രത്തിലേക്കു ദൈവം വരാത്തതു എന്തുകൊണ്ട്? ദൈവം ശിക്ഷിക്കുന്നതാണോ?

ലെവീനാസ് എഴുതി: ''ദൈവത്തെക്കാള്‍ ദൈവത്തിന്റെ കല്പന പാലിക്കുക.'' ദൈവം ഒരിക്കലും നമ്മുടെ ബോധമണ്ഡലത്തില്‍ പ്രവേശിക്കുകയോ അതിന്റെ വിഷയമാകുകയോ ചെയ്യുന്നില്ല. ഈ പ്രപഞ്ചത്തിലെ അസ്തിത്വങ്ങളില്‍ ഒന്നിലും ദൈവമില്ല. ഇവിടെ ദൈവമില്ല. ഒരിടത്തുമില്ല. ദൈവം പ്രപഞ്ചത്തിന്റെ അസ്തിത്വവിലാസത്തിന്റെ പിന്നിലാണ്, വിലാസത്തിലല്ല. നാം വിലസിത ലോകത്തിലാണ്. അതുകൊണ്ട് ദൈവം പ്രത്യക്ഷമല്ല. ഒരിടത്തും ദൈവമില്ല. സ്ഥലകാലങ്ങളിലെ അസ്തിത്വങ്ങളില്‍ ദൈവമില്ല. നമ്മുടെ ബോധത്തില്‍ ദൈവം വരണമെങ്കില്‍ അത് അപരനോടുള്ള ബന്ധത്തില്‍ ധര്‍മ്മമായിട്ടാണ് - അവിടെ കല്പനകളായിട്ടാണ്. അനുഭവ മണ്ഡലത്തില്‍ ദൈവമില്ല, നീതിയുണ്ട്, ധര്‍മ്മമുണ്ട്. ദൈവത്തെ വായിക്കാനാവില്ല, ദൈവം അസന്നിഹിതനാണ്. യഹൂദര്‍ക്കു ദൈവത്തിന്റെ സാന്നിധ്യമായി മാറുന്നതു കല്പനകളിലാണ്. സങ്കീര്‍ത്തകന്‍ ചോദിച്ചു, ''കര്‍ത്താവേ, അങ്ങ് എന്നെ തള്ളിക്കളയുന്നത് എന്തുകൊണ്ട്? (സങ്കീ. 88:14). ദൈവം ആരേ യും തള്ളിക്കളയുന്നില്ല. ദൈവം ഒന്നിലും നേരിട്ട് ഇടപെടുന്നില്ല. പക്ഷെ, ദൈവത്തിന്റെ ഓര്‍മ്മ നമ്മെ വിളിക്കുന്നു. ധര്‍മ്മം വിളിക്കുന്നു. അതു നമ്മില്‍ ആലേഖിതമാണ്. അപരന്റെ മുഖം വിളിക്കുന്നു, അപരന്റെ മുഖം മൊഴിയുന്നത് കേള്‍ക്കാന്‍ ചെവിയുണ്ട്. അതു ചെയ്തു കൊടുക്കാന്‍ ധര്‍മ്മബോധമുണ്ട്. ദൈവം വിളിക്കുന്നത് അപരന്റെ മുഖത്തിന്റെ ഭാഷയിലാണ്. ദൈവത്തിന്റെ പകരക്കാരനായി അവന്റെ മുഖം മൊഴിയുന്നു. ധര്‍മ്മം വിളിക്കുന്നു: ''എനിക്കുവേണ്ടി ആര് പോകും?'' ''ഈ ഞാന്‍'' എന്നതാണ് ധര്‍മ്മത്തിന്റെ മറുപടി. ദൈവം ആര്‍ക്കും ആഹാരം കൊടുക്കുന്നില്ല. ദൈവം അയ യ്ക്കുന്നവര്‍ ആഹാരം കൊടുക്കുന്നു. ദൈവത്തിനു വേണ്ടി അധര്‍മ്മം ധര്‍മ്മബോധത്തിന്റെ വിളിയില്‍ നിന്നു പോകാന്‍ തയ്യാറില്ലാത്തവര്‍ ഉണ്ടാക്കുന്ന ലോകം ധര്‍മ്മം മരിച്ച ലോകമാകും. ദൈവം നേരിട്ട് നീതി നടപ്പിലാക്കുന്നില്ല. ധര്‍മ്മബോധത്തിന്റെയാളുകള്‍ അതു നടപ്പിലാക്കും.

ദൈവത്തിന്റെ ദാസന്മാര്‍ ഭൂമിയില്‍ ഉണ്ടാകും. അവര്‍ നീതി നടപ്പിലാക്കും. ദൈവത്തിന്റെ ദാസന്‍ ചരിത്രത്തിലേക്ക് ഇടിച്ചു ഇറങ്ങുകയില്ല. എല്ലായിടത്തും ദൈവത്തിന്റെ ധര്‍മ്മം എഴുതപ്പെട്ടവരുണ്ട്. അവരുടെ ധര്‍മ്മം ഉണരാതായാല്‍ ദൈവം പരാജയപ്പെടുന്നു. ദൈവം സൈന്യങ്ങളുടെ കര്‍ത്താവല്ല. അവന്‍ ചരിത്രത്തിന്റെ വാതിലുകള്‍ തള്ളിതുറക്കുന്നവനല്ല. അവന്‍ സഹനദാസനാണ്. ''ചതഞ്ഞ ഞാങ്ങണ ഒടിക്കാത്തവന്‍, പുകയുന്ന കരിന്തിരി കെടുത്താത്തവന്‍'' അവന്റെ സ്വരം തെരുവീഥികളില്‍ മുഴങ്ങില്ല. അവന്‍ നീതിയെ വിജയത്തിലെത്തിക്കും. ദാസരില്ലാതെ ദൈവം അശക്തനാകും ദൈവത്തിനു സ്വയം കൊടുക്കാന്‍ വിളിക്കപ്പെട്ടവര്‍ സ്വരം അവനു കൊടുക്കാന്‍ തയ്യാറില്ലാതായാല്‍ ദൈവം നിശബ്ദനാകും. ഇത് ഉത്തരവാദിത്വമാണ്. നീതിയുടെ ഉത്തരവാദിത്വമേല്ക്കുന്നവരിലൂടെ നീതി സംഭവിക്കും. യഥാര്‍ത്ഥമായ ആത്മീയതയ്ക്ക് ഒരു തരം നിരീശ്വരത്വം അനിവാര്യമാണ്. ദൈവത്തിന്റെ പകരക്കാരാണ് ഇവിടെയുള്ളത്. അവര്‍ വിളി മറന്നാല്‍, ഉത്തരവാദിത്വം മറന്നാല്‍ ദൈവം മൃതനാകും. ദൈവത്തിനു എന്നെയും നിന്നെയും ആവശ്യമുണ്ട്. എന്റെ ജന്മം ഒരു വിളിയാണ്. ദൈവനിയോഗം അതാണ് ജീവിതത്തിന് അര്‍ത്ഥവും ലക്ഷ്യവും നല്കുന്നത്. അപരനുവേണ്ടിയുള്ള സഹനമാണ് രക്ഷാകരം. യേശുവിനു ശരീരം കൊടുക്കാതെ യേശു സന്നിഹിതനാകില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org