മാഞ്ഞുപോയ ഇന്നലെകള്‍

മാഞ്ഞുപോയ ഇന്നലെകള്‍
Published on

നാസ്സികളുടെ വളര്‍ച്ചയില്‍ യൂറോപ്പിന്റെ 'ഇന്നലെകളുടെ ലോകം' എങ്ങനെ തകര്‍ന്നു എന്ന് അതില്‍ ശ്വാസംമുട്ടി ആത്മഹത്യ ചെയ്ത യഹൂദനായ സ്‌റ്റെഫാന്‍ സൈ്വഗ് എഴുതി, ''എന്റെ താത്പര്യത്തിനു വിരുദ്ധമായി മനുഷ്യബുദ്ധിയുടെ ഭീകരമായ പരാജയത്തിനും മൃഗീയതയുടെ വിജയത്തിനും ചരിത്രത്തിന്റെ ഏടുകളില്‍ ഞാന്‍ സാക്ഷിയായി. ഞാന്‍ ഇനി പറയുന്നതു അഭിമാനത്തോടെയോ നാണത്തോടെയോ അല്ല. നമ്മുടെ തലമുറ അതിന്റെ ബൗദ്ധികമായ ഔന്നത്യത്തില്‍ നിന്നു ധാര്‍മ്മിക പാപ്പരത്തത്തിലേക്കു നിപതിച്ചു.'' അദ്ദേഹത്തിന്റെ 'ഇന്നലെകളുടെ ലോകം' ഈ പരാജയത്തിന്റെ കഥ പറയുന്നു. ഇതു പോലുള്ളൊരു മാനസ്സികാവസ്ഥയിലാണ് ഞാന്‍ 62 വര്‍ഷങ്ങള്‍ സീറോ മലബാര്‍ സഭയില്‍ സുരക്ഷിതമായും അഭിമാനപൂര്‍വകവുമായി ജീവിച്ചത്. എല്ലാം ചുമതലപ്പെട്ടവര്‍ ഭദ്രമാക്കിയിരുന്നു. വാക്കിനും പ്രവൃത്തിക്കും ഇടയില്‍ ഒളിച്ചുകളിയില്ലായിരുന്നു. വാക്കിന്റെ വഴിയിലൂടെ നേതാക്കള്‍ നീങ്ങിയ അഭിമാനപുളകിതമായ ഒരു കാലഘട്ടം നശിപ്പിക്കപ്പെട്ടു. പുരോഗതിക്കു ബൈബിള്‍ നല്കാത്ത അര്‍ത്ഥങ്ങള്‍ ഞാന്‍ നല്കിയോ എന്നു സംശയിക്കുന്നു. അന്നും കൂറന്തായ പിന്‍തിരിപ്പന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ഇത്ര അവിവേകികളും അല്പന്മാരുമാണ് എന്നു കരുതിയില്ല. ശാന്തവും സുരക്ഷിതവുമായ ജീവിതം അങ്ങനെ മുന്നോട്ടു പോകില്ല എന്നു സംശയിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ വന്നപ്പോള്‍ ''ഞാനൊരു കടന്നുപോകുന്നകിളി'' യാണ് എന്നു പറഞ്ഞിരുന്നു. അതുപോലെ കടന്നുപോയി. സത്യസന്ധനായ ഒരു സാധാരണ വിശ്വാസി. ആ സൂര്യന്റ അസ്തമയത്തില്‍ റോമില്‍ കൂടിയവരുടെ ഉപജാപം ഇത്ര വലിയ അപകടം വിളിച്ചു വരുത്തും എന്നാരും പേടിച്ചില്ല. അവരുടെ പാര്‍ട്ടി അധികാരം പിടിച്ചെടുത്തു. പക്ഷെ, അധികാരം മാന്യമായി നടത്തി സഭയെ പൂര്‍വാധികം യശ്ശസ്സിലേക്കു നയിക്കും എന്നു പ്രതീക്ഷിച്ചവര്‍ക്ക് പാളി. വീട്ടിലെ കാരണവര്‍ക്ക് എന്തും ചെയ്യാമെന്നു വന്നപ്പോള്‍ വേറെ വഴിയില്ലാതെ തറവാട്ടിലെ വൈദികര്‍ക്കു പറയേണ്ടി വന്നു. വീട്ടില്‍ താമസിച്ച മകനെ മാറി താമസിക്കുന്ന മക്കള്‍ സംഘടിതമായി കുറ്റപ്പെടുത്തി. കാരണവര്‍ക്ക് അങ്ങനെ ചെയ്യാന്‍ അവകാശമുണ്ട് എന്ന മട്ടിലായിരുന്നു നിലപാട്. കാരണവരെ സംരക്ഷിക്കേണ്ടതു വീടിന്റെ കുടംബപ്രശ്‌നമായി. ശിക്ഷിക്കാന്‍ അവര്‍ ചിന്തിച്ച് കൗശലപൂര്‍വം മാര്‍ഗം കണ്ടെത്തി. ഒറ്റപ്പെടുത്തപ്പെട്ടവര്‍ വെറുക്കപ്പെട്ടവരായി.

വെറുപ്പിന്റെ പാനപാത്രം കുടിച്ച അധികാരതലങ്ങള്‍ക്കു തലയ്ക്കുപിടിച്ചു എന്നു വേണം കരുതാന്‍. ആകാശത്തിലും അതിന്റെ അന്തരീക്ഷത്തിലും ഈ വിഷയം പടര്‍ന്നു. എല്ലാം സുരക്ഷിതമാണ് എന്ന അഭിമാനബോധം കാറ്റില്‍ പറന്നു. മനുഷ്യന്‍ മനുഷ്യനാകരുത് എന്ന പുതിയ സുവിശേഷം പ്രസംഗിച്ചവര്‍ നിര്‍ബന്ധം പുലര്‍ത്തി. ക്രിസ്തുവിനേക്കാള്‍ ചിട്ടകളെ സ്‌നേഹിച്ചു. ചിന്തിക്കരുത് - അതു സഭ ചെയ്തുകൊള്ളും - അനുസരിച്ചാല്‍ മതി. അനുസരണയുടെ പുണ്യത്തിന് എല്ലാ പ്രതാപ സാമ്പത്തിക സ്ഥാനമാനങ്ങള്‍ നല്കി വേണ്ടപ്പെട്ടവരെ ആദരിച്ചു. കഴുതയുടേതുപോലെ വലിയ ചെവിയില്ലാത്തവര്‍ക്ക് സഭയില്‍ സ്ഥാനമില്ലാതായി. ആരു കട്ടാലും അത് കണക്കില്‍ പറ്റിയ അബദ്ധമായി, കണക്കു ശരിയാക്കിയാല്‍ മതി. ഇതു കുടുംബത്തിന്റെ നിലനില്പിനു അനിവാര്യമായി മാറി. ഞങ്ങള്‍ കുടുംബമാണ് നന്മയും തിന്മയും ഉണ്ടാക്കും എന്ന് ആവര്‍ത്തിച്ചു കൊണ്ടിരുന്നു.

ജനിച്ചു വളര്‍ന്നു ജീവിച്ച സഭ തകര്‍ത്ത് ഇന്നലെകളുടെ നല്ല കാലം കൈകളിലെ ചായകോപ്പ വീണുടയുന്നതുപോലെ കണ്ണീരോടെ നോക്കി നിന്നുപോയി. പിന്നെ പിറന്നതു യുദ്ധകാലമായിരുന്നു. തിന്മയ്‌ക്കെതിരായ നന്മയുടെ യുദ്ധം. യുദ്ധത്തിന് ഒരു ലക്ഷ്യമേയുള്ളൂ-വിജയം. അതിനു എല്ലാ വഴികളും അനുഗ്രഹിതമാണ്. ഈ യുദ്ധത്തിന്റെ ജനറല്‍മാര്‍ കാണാമറയത്തെ വിദഗ്ദ്ധരായിരുന്നു. േക്രാണിക് അസ്മ പോലെ ശുദ്ധ വായുവിനായി നീറി നിലവിളിച്ചു.

വായു മലിനമായി ശ്വാസകോശത്തിനു ചികിത്സയില്ലാതായി. സാമാന്യ വിശ്വാസികള്‍ ഇത്രവേഗം വിഡ്ഢികളാകുന്നതു നോക്കി നില്‌ക്കെ കണ്ടു. എല്ലാത്തരം വിഡ്ഢിത്തങ്ങളും ഉതപ്പുകളും നിരന്തരം സംഭവിച്ചു കൊണ്ടിരുന്നു. സഭ പണിതുണ്ടാക്കിയ പാലങ്ങള്‍ എല്ലാം തകര്‍ന്നു, പള്ളിമണികള്‍ കലമ്പിച്ചു, ദൈവത്തിനു നാവില്ലാതായി. ഈ പ്രശ്‌നത്തില്‍ തൊടുന്നവര്‍ അധികാരത്തിന്റെ ചൂടറിഞ്ഞു പൊള്ളി പിന്മാറി. മനുഷ്യസ്‌നേഹികള്‍ ആത്മീയമായ ഭ്രാന്തു കണ്ട് നിശ്ശബ്ദരായി. നമ്മുടെ മക്കള്‍ നാടുവിടുകയാണ് ഒരിക്കലും തിരിച്ചുവരാതെ. വെറുപ്പിന്റെയും കലഹത്തിന്റെയും കയ്പ്പു മാത്രം അനുഭവിച്ചവരായിരുന്നു അവര്‍.

ഈ കാലഘട്ടത്തിന്റെ മനസ്സ് ചില്ലുകൂട്ടില്‍ അടച്ചു സൂക്ഷിച്ചാല്‍ അത് എന്തായിരിക്കും? ഭ്രാതൃയുദ്ധങ്ങളുടെ നടത്തിപ്പുകാര്‍ പണ്ഡിത കൗശലക്കാരായിരുന്നു - അവര്‍ മൃഗീയ ആയുധ വ്യാപാരികളായിരുന്നു. ശരീരത്തിന്റെ നിലനില്പിനുവേണ്ടി മറക്കാന്‍ കല്പിക്കുന്നതു ബോധത്തില്‍ പിടിച്ചു നിര്‍ത്തിയുണ്ടാക്കുന്ന ഈ എഴുത്തു മരണത്തിനു മുമ്പുള്ള വിളക്കിന്റെ ആളിക്കത്തല്‍ മാത്രമാണ്.

അധികാരത്തിന്റെ അത്യുന്നതന്‍ പ്രാദേശിക സഭയുടെ മേലാളനെ മാറ്റി ചരിത്രം സൃഷ്ടിച്ചു. പക്ഷേ, പാര്‍ട്ടിക്ക് പറ്റിയ പാവയെ കണ്ടെത്തി മുന്നേറാന്‍ അവകാശമുണ്ടല്ലോ. സത്യത്തിനു വീഞ്ഞ്, പെണ്ണ്, ചെങ്കോല്‍ എന്നിവയെക്കാള്‍ ശക്തിയുണ്ടോ എന്ന ചോദ്യം ഉന്നയിക്കാന്‍ ആര്‍ക്കും ധൈര്യമില്ല. നുണയ്ക്കു സത്യത്തിന്റെ ആരാധന കിട്ടിയ കാലം. ദൈവവിളി കേട്ടു, ദൈവം ചതിക്കുമെന്നറിഞ്ഞ് വിപരീതദിശയില്‍ കപ്പല്‍ കയറുന്ന പ്രവാചകര്‍. വാക്കിന്റെ വഴി അപകടം പിടിച്ചതാണ് എന്നു വെളിപാടിന്റെ കാലം. ആത്മീയതയുടെ ഔന്നത്യം നഷ്ടമായ ഒരു തലമുറ നാണം നഷ്ടമായി തകര്‍ന്നടിയുന്നത് കാണാന്‍ കഴിയാത്തവിധം മാലാഖമാര്‍ അന്ധരാക്കിയ ലോകം.

സൈ്വയ്ഗ എഴുതി, ''മനുഷ്യത്വമില്ലാത്ത കാലം നമ്മിലെ മാനവീകതയുടെ പ്രാധാന്യം ഉറപ്പാക്കുന്നു. നമ്മുടെ ആന്തരിക മഹത്വം എന്ന അനന്യവും നശിപ്പിക്കാനാവാത്തതുമായ സമ്പത്തു ഉപേക്ഷിക്കരുത് എന്നു പ്രോത്സാഹിപ്പിച്ചവരോടാണ് നമ്മുടെ ഏറ്റവും വലിയ കടപ്പാട്.'' ഏതൊരുവനും ആത്മപ്രകാശനത്തിനു സ്വാതന്ത്ര്യമുണ്ടായിരുന്ന വസന്തകാലം ഇനി പിറക്കുമോ? നുണയുടെ നരകഗര്‍ത്തത്തില്‍ ആണ്ടുപോയ ആത്മീയ സംസ്‌കാരത്തിന്റെ പൂര്‍വ സമ്പത്തുകള്‍ വീണ്ടെടുക്കാനാവുമോ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org