ലോകത്തില്‍ തിന്മയുള്ളതിന്റെ പേരില്‍ ദൈവത്തെ പഴിക്കുന്നവരുണ്ട്. എന്നാല്‍, ദൈവത്തിന്റെ അസാന്നിധ്യമാണ് ലോകത്തില്‍ തിന്മയ്ക്കു കാരണമാകുന്നത് എന്ന് നാം തിരിച്ചറിയുന്നില്ല. സീറോ മലബാര്‍ സഭയിലെ പ്രതിസന്ധികള്‍ക്കു കാരണം, ദൈവമില്ലാത്തതുപോലെ ചില അധികാരികള്‍ പ്രവര്‍ത്തിക്കാനും സംസാരിക്കാനും തുടങ്ങി എന്നതാണ്. ദൈവം നാടുകടത്തപ്പെട്ടു. യൂറോപ്പില്‍ രണ്ടാം ലോകമഹായുദ്ധവും നാസ്സിസവും ഉണ്ടായി. ലക്ഷങ്ങള്‍ കൊല്ലപ്പെട്ടു. ഒരു രാജ്യം ഞങ്ങള്‍ ആര്യന്മാരാണ് എന്നു വിശ്വസിച്ച് അനാര്യന്മാര്‍ ലോകത്തില്‍ ജീവിക്കാന്‍ പാടില്ല എന്നു വിധിച്ച് അധര്‍മ്മത്തിന്റെ ഈശ്വര നിഷേധം നടത്തി.
യൂറോപ്യന്‍ ചിന്തകനായ സാര്‍ത്ര് ദൈവനിഷേധിയായിരുന്നു. ''മനുഷ്യന്‍ ഉപയോഗശൂന്യമായ വികാര''മാണ് എന്ന് അദ്ദേഹം നിര്‍വചിച്ചു. മനുഷ്യന്‍ ദൈവമാകാന്‍ ശ്രമിച്ചു, നടപ്പില്ല എന്ന് തിരിച്ചറിഞ്ഞ ഹതഭാഗ്യനാണ്. ''മാനുഷിക യാഥാര്‍ത്ഥ്യം എന്ന വിധത്തില്‍ കാമത്തിന്റെ അസ്തിത്വം മനുഷ്യനെ ഒരു കുറവായി (lack)) കാണുന്നു. ഈ കുറവ് സൃഷ്ടിക്കുന്ന വിനകളിലാണ് മറ്റുള്ളവര്‍. ഹൈഡഗറിനെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ മത്സരിക്കുന്നത് ''എല്ലാറ്റിനെയും അളവ്'', താനാകാനാണ്. അതിനുള്ള ആധിപത്യ യുദ്ധമായി ജീവിതത്തെ വ്യക്തികള്‍ മാറ്റുന്നു. ആഗ്രഹമാണ് മനുഷ്യന്റെ അടിസ്ഥാന വികാരം. ഈ കാമത്തിന് ലക്ഷ്യമില്ലാതായാല്‍, അര്‍ത്ഥമില്ലാതായാല്‍ പിന്നെ അത് സൃഷ്ടിക്കുന്നത് കാമത്തിന്റെ ആധിപത്യത്തിന്റെ പ്രതിസന്ധികളാണ്. ഈ കാമമാണ് മനുഷ്യനെ ആശ്ചര്യപ്പെടുത്തുന്നത്. മനുഷ്യന്റെ കാമത്തിന് അര്‍ത്ഥം കാണാന്‍ കഴിയാത്ത പ്രതിസന്ധിയാണ് ഈശ്വര നിഷേധം സൃഷ്ടിക്കുന്നത്. മനുഷ്യ യാഥാര്‍ത്ഥ്യം തന്നെത്തന്നെ തിരഞ്ഞെടുക്കുന്ന സ്വാതന്ത്ര്യമാണ്. എന്നാല്‍ അവന്റെ ഈ സ്വാതന്ത്ര്യത്തിന്റെ പുറപ്പാടിനെ തനിക്കുള്ളില്‍ നിന്നോ പുറത്തുനിന്നോ ഒരു ലക്ഷ്യമില്ലാതായാല്‍ അത് കലാപങ്ങളും കാലുഷ്യങ്ങളുമായിരിക്കും ഉണ്ടാക്കുക. ദൈവമില്ലാതെ തന്നെ കണ്ടെത്താനോ നിര്‍വചിക്കാനോ സാധിക്കാതെ വരുന്നു.
ദൈവമില്ലാതെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ ശ്രമിച്ചാല്‍ അതിന് അടിസ്ഥാനമില്ലാതെ നിലകൊള്ളും. മനുഷ്യന്റെ ആഗ്രഹം വിശകലനം ചെയ്യുന്ന എല്ലാവരും എത്തിച്ചേരുന്നത് പ്ലേറ്റോ പറഞ്ഞ കഥയിലാണ്. അഥവാ ആഗ്രഹം കഴിവുകളുടെയും ദാരിദ്ര്യത്തിന്റെയും (Poros and Penia) മകനാണ്. ഫലമായി എപ്പോഴും ഒരു കുറവുമായി വേദനയിലാകുന്നു. ആ കുറവ് വ്രണമായി നിന്നു വിങ്ങുന്നു. അതിനു മിണ്ടാതിരിക്കാന്‍ സാധ്യമല്ലാത്ത ജീവിത വീക്ഷണം പുലര്‍ത്തിയാല്‍ മനുഷ്യന്റെ കാമം അര്‍ത്ഥശൂന്യമായി അതിന്റെ ദുരന്തങ്ങള്‍ ഉണ്ടാക്കും. അഗസ്റ്റിന്‍ തന്റെ ആത്മകഥയില്‍ എഴുതി, ''എന്റെ വ്രണങ്ങള്‍ കാണുക; ഞാന്‍ അവ മറച്ചുവയ്ക്കുന്നില്ല'' (Confession, 10.28.19). മനുഷ്യന്‍ എല്ലാമല്ല എന്നതും മനുഷ്യന്‍ മരിക്കണം എന്നതും അറിഞ്ഞതുകൊണ്ട് വി. അഗസ്റ്റിന്‍ എഴുതി, ''ഞാന്‍ എനിക്ക് ഒരു ചോദ്യമായി, ഞാന്‍ എന്താണ് എന്റെ ദൈവമേ?'' (Confession 10.17.20). ദൈവമില്ലെങ്കില്‍ ഈ ചോദ്യത്തിന് ഉത്തരമില്ല. ദൈവം ഇല്ലാത്ത ഒന്നാണ് എന്നതു താത്വിക തീരുമാനമാകാം. ദൈവമില്ലാത്ത വിധത്തിലുള്ള ജീവിതവുമാകാം. പിന്നെ എന്റെ കാമലക്ഷ്യം ശൂന്യതയാണ്. ആ ശൂന്യത തീര്‍ക്കുന്നത് ദുരന്തങ്ങളാണ്.
ലോകത്തില്‍ തിന്മയുള്ളതിന്റെ പേരില്‍ ദൈവത്തെ പഴിക്കുന്നവരുണ്ട്. എന്നാല്‍, ദൈവത്തിന്റെ അസാന്നിധ്യമാണ് ലോകത്തില്‍ തിന്മയ്ക്കു കാരണമാകുന്നത് എന്ന് നാം തിരിച്ചറിയുന്നില്ല.
ഈ താത്വികമായതോ പ്രായോഗികമായതോ ആയ ശൂന്യതയാണ്. മനുഷ്യജീവിതത്തെ ശൂന്യത വേട്ടയാടുമ്പോള്‍ ഉണ്ടാകുന്നത് വല്ലാത്ത ഇരുട്ടാണ്. അത് ഇരുട്ട് വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തികളും ഭാഷയും സൃഷ്ടിക്കും. ശൂന്യമായ അസ്തിത്വ വ്രണം സൃഷ്ടിക്കുന്നതു ചുറ്റും വ്രണങ്ങളാണ്. ഇതാണ് ദൈവത്തിന്റെ അസാന്നിധ്യത്തിന്റെ പ്രതിസന്ധി. ദൈവത്തിന്റെ അസാന്നിധ്യമാണ് നരകം. ദൈവസാന്നിധ്യത്തിന്റെ പ്രഥമ കല്‍പ്പനയാണ് ''നീ കൊല്ലരുത്.''
തിന്മയുടെ പ്രശ്‌നം ദൈവത്തിന്റെ പ്രശ്‌നമായി മാറുന്നു. ദൈവവിശ്വാസികള്‍ക്ക് ദൈവമുണ്ട് എന്നതു വെല്ലുവിളിയാകുന്നു. ദൈവത്തിന്റെ സാന്നിധ്യം തിന്മകള്‍ ഇല്ലാതാക്കും. മനുഷ്യജീവിതത്തില്‍ നിന്നു ദൈവം പുറത്താകുമ്പോള്‍ മനുഷ്യജീവിതത്തിലേക്ക് നരകം താണിറങ്ങുന്നു. ദൈവികതയുടെ ജീവിതത്തില്‍ നിന്നുള്ള നിരോധനമാണ് ധര്‍മ്മരാഹിത്യം ഉണ്ടാക്കുന്നത്, അക്രമങ്ങള്‍ വളര്‍ത്തുന്നത്.
ആല്‍ബര്‍ട്ട് കാമ്യൂ ആണ് വസന്ത (Plague) എന്ന പേരില്‍ നോവല്‍ എഴുതിയത്. അദ്ദേഹം എഴുതി, ''നന്മയും തിന്മയും, കോപവും കരുണയും, വസന്തയും അതിന്റെ രക്ഷയും എല്ലാറ്റിലുമുണ്ട്.'' ആ നോവലില്‍ കരുണാമയനായ ഡോക്ടര്‍ പറയുന്നു, ''എനിക്ക് താല്‍പര്യം ഒരുവന്‍ സ്‌നേഹിക്കുന്നതിനുവേണ്ടി ജീവിക്കുന്നതും മരിക്കുന്നതുമാണ്.'' കാമ്യൂ ആ നോവലില്‍ അവതരിപ്പിക്കുന്ന വലിയ ചോദ്യം ''ഒരുവനു ദൈവമില്ലാതെ വിശുദ്ധനാകാന്‍ കഴിയുമോ?'' എന്നതാണ്. അതിന് ഉത്തരമെന്നോണം ഡോക്ടര്‍ പറയുന്നു, ''ധീരതയും വിശുദ്ധിയും എന്നെ ആകര്‍ഷിക്കുന്നില്ല.'' നിസ്വാര്‍ത്ഥമായ സ്‌നേഹത്തിന് ദൈവം വേണ്ടയെന്ന് അദ്ദേഹം കരുതുന്നു.
ആംഗ്ലിക്കന്‍ സഭയുടെ അധ്യക്ഷനായിരുന്ന വില്യം റോവാന്‍ നോവലിന്റെ പശ്ചാത്തലത്തില്‍ എഴുതി, ''സംരക്ഷിക്കാന്‍ പരാജയപ്പെട്ട ദൈവത്തിന്റെ അക്രമാസക്തമായ ഉപേക്ഷ, രക്ഷിക്കാന്‍ എന്നതിനേക്കാള്‍ ധാര്‍മ്മിക ലോകത്തിന്റെ നിശ്ശബ്ദ കേന്ദ്രമാകുന്ന പുതിയ ദൈവചിത്രത്തിനു വഴിയൊരുക്കുന്നു.'' അതേസമയം ജര്‍മ്മന്‍ സഭയുടെ ചിന്തകനായ ബൊനോഫര്‍ എഴുതി ''ദൈവമില്ലാത്ത ലോകത്തിന്റെ കൈകളില്‍, സഹിക്കുന്ന ദൈവത്തിന്റെ സഹനത്തില്‍ പങ്കുചേരാന്‍ മനുഷ്യന്‍ വെല്ലുവിളിക്കപ്പെടുന്നു.'' ''ലോകം ദൈവമില്ലാത്തതായി, അക്കാരണത്താല്‍ തന്നെ ലോകം പണ്ടെന്നതിനേക്കാള്‍ ദൈവത്തോട് അടുക്കുന്നു.''
പീഡിതന്റെ മുഖത്ത് ദൈവത്തിന്റെ നിഴല്‍ കാണുന്ന ഒരു ലോകം ഉണ്ടാകില്ലേ? ഭാവി ഉണ്ടാകുന്നത് മാപ്പു കൊടുക്കലിലാണ്. അത് മനുഷ്യന് സാധിക്കുന്നത് അകത്തു ദൈവികത നിലകൊള്ളുന്നതുകൊണ്ടാണ്. ചിന്തയുടെ യാത്ര അറിവിന്റെ വേലി പൊളിക്കാതിരിക്കാന്‍ ശ്രദ്ധ ഉള്ളതായിരിക്കും. ശ്രദ്ധയില്‍ ദൈവീകത നിഴലിക്കുന്നു. ലോകത്തിന്റെ സഹനങ്ങളും അനീതികളും വ്യാഖ്യാനിച്ചാല്‍ പോരാ, നാം ലോകം മാറ്റണം. തിന്മയെ എതിര്‍ക്കുന്നത് നിങ്ങളിലും എന്നിലും ദൈവം സന്നിഹിതമായതുകൊണ്ടാണ്.