''ഒരുവന്‍ ഭരിക്കപ്പെടുന്ന വിധത്തിന് എല്ലാവരും ഉത്തരവാദികളാണ്.'' കാള്‍ ജാസ്‌പേഴസ് എഴുതി. ജര്‍മ്മനിയിലെ നാസ്സി ഭരണത്തെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്. അതിന് ഓരോ ജര്‍മ്മന്‍കാരനേയും അദ്ദേഹം ഉത്തരവാദിയാക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയിലാണ് നാസ്സികള്‍ അധികാരത്തില്‍ വന്നത്. ഹൈഡല്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ തത്വശാസ്ത്ര പ്രൊഫസര്‍ സ്ഥാനത്തു നിന്നു 1937-ല്‍ അദ്ദേഹം യഹൂദ സ്ത്രീയെ കല്യാണം കഴിച്ചതിന്റെ പേരില്‍ പുറത്താക്കിയ ശേഷം 1945 അതേ യൂണിവേഴ്‌സിറ്റിയില്‍ ജര്‍മ്മന്‍ കുറ്റത്തെക്കുറിച്ച് നടത്തിയ പ്രഭാഷണങ്ങള്‍ ''ജര്‍മ്മന്‍ കുറ്റപ്രശ്‌നം'' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജര്‍മ്മനിയിലെ ജനാധിപത്യത്തില്‍ ഉണ്ടായ മനുഷ്യദുരന്തത്തിന് ജര്‍മ്മന്‍ ജനതയെ ഉത്തരവാദികളായി കാണുന്ന അദ്ദേഹം പറഞ്ഞു: ''കുറ്റം ഏറ്റുപറയുന്ന ജര്‍മ്മന്‍കാര്‍ പലപ്പോഴും താഴേക്കിടയിലുള്ള സാധാരണക്കാരാണ്. അവര്‍ നിരപരാധികളായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുറ്റക്കാരായവര്‍ ലോകത്തില്‍ വളരെ ശാന്തമായ മനസ്സാക്ഷിയുമായി കഴിയുന്നു.'' 60 ലക്ഷം യഹൂദരെ ജര്‍മ്മനിയിലെ 23 പ്രധാന കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ അതിക്രൂരമായി കൊല്ലുകയും അവരുടെ ശവങ്ങള്‍ കുഴിച്ചുമൂടുകയും ചെയ്തതു ജര്‍മ്മന്‍കാരായി അവിടെ ജോലി ചെയ്തവരായിരുന്നു. തങ്ങളുടെ ഇടയില്‍ ജീവിച്ച യഹൂദരെ ഇങ്ങനെ കൊല്ലുന്ന, വെറുപ്പും വിദ്വേഷവും എങ്ങനെ ജര്‍മ്മനിയിലെ സാധാരണക്കാരില്‍ ഉണ്ടായി എന്ന അതിഗൗരവമായ പ്രശ്‌നമാണ് ജാസ്‌പേഴ്‌സ് തന്റെ നാട്ടുകാരോട് ചോദിച്ചത്. ജര്‍മ്മന്‍കാരനായ അദ്ദേഹം ചെയ്ത കുറ്റം ജര്‍മ്മന്‍കാരിയായ ഒരു യഹൂദ സ്ത്രീയെ വിവാഹം കഴിച്ചു എന്നതാണ്. ഈ ജനമെല്ലാം ജര്‍മ്മന്‍ ക്രൈസ്തവ സഭകളിലെ അംഗങ്ങളായിരുന്നു. മഹത്തായ സാഹിത്യകൃതികളുടെ വലിയ പാരമ്പര്യം പേറിയവരുമാണ്.
ഇങ്ങനെ സാംസ്‌കാരികരായിരുന്ന ക്രൈസ്തവ വിശ്വാസത്തിന്റെ നാട്ടിലാണ് വെറുപ്പിന്റെയും വൈരത്തിന്റെയും ലഹരിയില്‍ യഹൂദമതക്കാരെയും സര്‍ക്കാര്‍ അധികാരികള്‍ കുറ്റക്കാരായി മുദ്രകുത്തിയവരെയും കൊന്നൊടുക്കുന്ന യന്ത്രസംവിധാനം എണ്ണയിട്ട് അവര്‍ പ്രവര്‍ത്തിപ്പിച്ചത്. ഇവരുടെ സംഘാത മനസ്സില്‍ ഉണ്ടായ കൊലപാതകത്തിന് എന്തു വിശദീകരണം നല്കും? ബൈബിള്‍ വായിക്കുകയും സംഗീതം കേള്‍ക്കുകയും സാഹിത്യകൃതികള്‍ പഠിക്കുകയും ചെയ്തവര്‍ ഈ ഭൂമിയില്‍ മറ്റൊരു വിഭാഗം ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കുകയില്ല എന്നു തീരുമാനിച്ചത് എന്തുകൊണ്ട്?
ബൈബിള്‍ വായിക്കുകയും സംഗീതം കേള്‍ക്കുകയും സാഹിത്യകൃതികള്‍ പഠിക്കുകയും ചെയ്തവര്‍ ഈ ഭൂമിയില്‍ മറ്റൊരു വിഭാഗം ജനങ്ങളെ ജീവിക്കാന്‍ അനുവദിക്കുകയില്ല എന്നു തീരുമാനിച്ചത് എന്തുകൊണ്ട്?
ജര്‍മ്മന്‍കാര്‍ ചെയ്തത് വെറും ധാര്‍മ്മിക കുറ്റമല്ല എന്നും അതു അതിഭൗതിക പാതകമാണ് (Metaphysical evil) എന്നും അദ്ദേഹം സമര്‍ത്ഥിച്ചു. അദ്ദേഹം പറഞ്ഞു: ''മനുഷ്യന്‍ മനുഷ്യരോട് എന്ന വിധത്തില്‍ സൗഹൃദമുണ്ട്. ഓരോരുത്തരും ലോകത്തില്‍ ചെയ്യുന്ന ഓരോ തെറ്റിനും അനീതിക്കും പ്രത്യേകിച്ചും തന്റെ സാന്നിധ്യത്തിലും അറിവിലും ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ഉത്തരവാദിയാണ്.
ഞാന്‍ എന്നെ അപായപ്പെടുത്തുന്ന വിധത്തില്‍ ഇടപെടാന്‍ തയ്യാറാകാതെ കൊലപാതകത്തില്‍ സന്നിഹിതനായാല്‍ ഞാന്‍ കുറ്റക്കാരനാണ്. ആ കുറ്റം വേണ്ടവിധത്തില്‍ നിയമപരമായും രാഷ്ട്രീയമായും ധാര്‍മ്മികമായും മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കിലും.'' ഈ അതിഭൗതിക കുറ്റം ദൈവത്തിന്റെ മുമ്പില്‍ സ്വന്തം ബോധതലത്തില്‍ ഉണ്ടായ മാറ്റ ഫലമാണ്. സാധാരണ പൗരന്മാര്‍ അധികാരത്തിന്റെ ആജ്ഞയുടെ മുമ്പില്‍ വെറും ഇരുകാലികഴുതകളായി, ഉപയോഗ ആയുധങ്ങളായി മാറി. അധികാരം തലയ്ക്കുപിടിച്ചാല്‍ അഹന്തക്കും അതിന്റെ വിനാശത്തിനും അതിരുകളില്ല. വ്യക്തികള്‍ വലിയ യന്ത്രത്തിന്റെ ചെറിയ അംഗങ്ങളായി മാറുന്ന, ഇല്ലായ്മയിലേക്കു തകരുന്ന മനുഷ്യന്റെ വിധിയും വഴിയുമാണിത്. ഈ ഭീകര ദുരന്തത്തിന്റെ ഇടയിലാണ് കത്തോലിക്കാസഭയുടെ പരമാധികാരം നാസ്സികളുമായി ഉടമ്പടി ഉണ്ടാക്കിയത്.
1933-ല്‍ വത്തിക്കാന്‍ നാസ്സികളുമായി പരസ്പര ധാരണയുടെ ഉഭയസമ്മതത്തില്‍ ഒപ്പുവച്ചു. ലോകത്തെ മുഴുവന്‍ നടുക്കിയ ഒരു സംഭവമായി ജാസ്‌പെഴ്‌സ് ഇതു ചൂണ്ടിക്കാണിക്കുന്നു. ഇതു ഹിറ്റ്‌ലറിനു കൊടുത്ത നല്ല സര്‍ട്ടിഫിക്കറ്റ് അചിന്ത്യമായിരുന്നു. കത്തോലിക്കാസഭയുടെ കേന്ദ്ര അധികാരം പോലും ലോകത്തിനു വെളിച്ചം നല്കുന്നതില്‍ ഗംഭീരമായി പരാജയപ്പെട്ടു. ഹിറ്റ്‌ലറിനെ തടയാന്‍ ലോകത്തില്‍ ആരുമില്ലാതെ പലരും നിഷ്പക്ഷമായി. മനുഷ്യന്റെ മുമ്പില്‍ ഈ നിഷ്പക്ഷതയായി വലിയപാതകം. ഇതു ജര്‍മ്മനിയുടെ മാത്രം ഒരു ധാര്‍മ്മിക പരാജയമായിരുന്നില്ല. ഒരു വ്യാഴവട്ടം എന്ന 12 കൊല്ലങ്ങള്‍ ലോകത്തില്‍ നാസ്സികളുടെ ഭീഷണിയുടെ കാലമായി. ഒരു മതസ്ഥാപനവും സത്യം കണ്ടില്ല, ധീരത കാണിച്ചുമില്ല.
12 കൊല്ലങ്ങള്‍ നീണ്ട ഒരു കറുത്ത യുഗമാണ്. സീറോ മലബാര്‍ സഭയില്‍ അസ്തമിക്കാതെ നിലകൊള്ളുന്നതു കുറെ മെത്രാന്മാര്‍ ചേര്‍ന്നു നടത്തിയ ഒരു തിരഞ്ഞെടുപ്പിന്റെ പരാജയമാണിത്. അതിന്റെ ഭീകരത അനുഭവിച്ചത് ഒരു അതിരൂപതയും. ഈ പ്രതിസന്ധിയില്‍ ഭൂരിപക്ഷം നടത്തിയ നിഷ്പക്ഷത ജര്‍മ്മന്‍ ജനങ്ങളുടേതായിരുന്നില്ലേ എന്നു ചിന്തിക്കണം. ഈ അതിരൂപതയും അതിന്റെ വൈദികരും ജനങ്ങളും അനുഭവിക്കേണ്ടി വന്നത് ഒരു നേതൃത്വപരാജയത്തിന്റെ കഥയാണ്. നമ്മുടെ വിധി നിശ്ചയിക്കുന്നവര്‍ നമ്മള്‍ ആവണമെങ്കില്‍ പ്രവചന സ്വഭാവത്തില്‍ നിന്നു പിന്മാറരുത്. ഭൂരിപക്ഷവും സഭയുടെ നേതാക്കളും സഭയുടെ പ്രശ്‌നങ്ങളില്‍ പ്രവാചകരാകാന്‍ വിസമ്മതിച്ച ഉത്തരവാദിത്വരാഹിത്യത്തിന്റെ കഥയുമാണ്. ഒരു ശുദ്ധീകരണ വഴിയിലേക്കു സഭ നീങ്ങുമോ?