ഭാവി കൊടുക്കുന്ന നല്ല മനുഷ്യര്‍

ഭാവി കൊടുക്കുന്ന നല്ല മനുഷ്യര്‍
Published on
  • പോള്‍ തേലക്കാട്ട്

മറ്റു മനുഷ്യര്‍ക്ക് ഭാവിയും വാഗ്ദാനങ്ങളും കൊടുക്കാന്‍ കഴിയുന്നതു മനുഷ്യനു മാത്രമാണ്. ഒരു മൃഗവും മൃഗീയതയില്‍ നിന്ന് ഉണര്‍ന്ന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. പ്രകൃതിയുടെ പുനരുത്ഥാനമാണ് മനുഷ്യന്‍ എന്ന് മാര്‍ക്‌സ് എഴുതി. മനുഷ്യാവതാരത്തിന്റെ ക്രൈസ്തവ വീക്ഷണത്തില്‍ മനുഷ്യന്റെ ഉത്ഥാനരഹസ്യം അവനില്‍ തന്നെയാണ്. ''വചനം മാംസം ധരിച്ച് നമ്മുടെ ഇടയില്‍ വസിച്ചു'' എന്നാണ് യോഹന്നാന്‍ ക്രിസ്തുവിനെക്കുറിച്ച് എഴുതിയത്. ഏത് മനുഷ്യനും നമ്മുടെ ഇടയില്‍ വാഗ്ദാനത്തിന്റെയും ഭാവിവചനത്തിന്റെയും മനുഷ്യനാകണം. മനുഷ്യന്റെ മാംസമാണ് ബോധമണിയുന്നത്.

''ഞാന്‍ എന്റെ നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും, അവരുടെ ഹൃദയങ്ങളില്‍ എഴുതും'' (ജറെമിയ 31:33) എന്നു ജെറമിയ പ്രവാചകനിലൂടെ ദൈവം പറയുന്നു. ഇതാണ് യേശുവില്‍ വെളിവായത്. നമ്മുടെ മാംസത്തില്‍ ദൈവത്തിന്റെ ആലേഖനമുണ്ട്. അതാണ് എന്റെ ബോധം. അത് മാംസത്തിന്റെ ബോധവല്‍ക്കരണമാണ്. മനുഷ്യ ബോധത്തില്‍ ഓര്‍മ്മയും സങ്കല്പവുമുണ്ട്, മാത്രമല്ല ചിന്തയും വിവേകവും വിധിയുമുണ്ട്. ജീവിതം ഓര്‍മ്മയുടെയും സാധ്യതകളുടെയും പശ്ചാത്തലത്തില്‍ വിലയിരുത്തി നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയും. ഈ വിധത്തിലുള്ള മനുഷ്യന്റെ വിധിയെക്കുറിച്ചാണ് പ്രസിദ്ധനായ കാന്റിന്റെ പഠനമുള്ളത്. ഇവിടെയാണ് മനുഷ്യന്റെ സൗന്ദര്യബോധവും അതിന്റെ രുചിയുമുള്ളത്. ഇത് വളരെ സ്വകാര്യവും ആന്തരികവുമായ വിധിയുടെ വിശേഷമാണ്. കാന്റ് എഴുതി ''സ്വാര്‍ത്ഥനു രുചിയില്ല, അവനെ ഗ്രസിക്കു ന്നതു കമനീയമായതു മാത്രമാണ്. സുന്ദരമായതിന്റെ അടിസ്ഥാനമാകുന്നത് പൊതുവായ സ്വീകാര്യതയാണ്.'' ഒരുവന്റെ ജീവിതം എപ്പോഴും പലരുടെ ഇടയിലാണ്.

''കുറ്റവും ശിക്ഷയും സമൂഹ യാഥാര്‍ത്ഥ്യങ്ങള്‍ മെച്ചമാക്കുന്നില്ല. ക്ഷമിക്കുക എന്നതു പഠിപ്പിച്ച ചരിത്ര ത്തിലെ അനന്യനായ ഗുരുവായിരുന്നു യേശുക്രിസ്തു. ''

മനുഷ്യന്‍ മറ്റ് എല്ലാവരുമായി സമത്വത്തിലാണ്. എങ്കിലും കഴിവുകളില്‍ ഏറ്റക്കുറച്ചിലുകളുമുണ്ട്. വ്യക്തികള്‍ക്ക് മറ്റാര്‍ക്കുമില്ലാത്ത തനിമയുടെ വൈശിഷ്ഠ്യങ്ങളുമുണ്ട്. ചിലര്‍ക്ക് മറ്റുള്ളവരുടെ ഇടയില്‍ വലിയ വ്യക്തി മഹത്വവുമായി ജീവിക്കുന്നവരുണ്ടാകും. ഉന്നതവും ഉദാത്തവുമായി ചിന്തിക്കുന്നവരും ജീവിക്കുന്നവരുമുണ്ടാകാം. അങ്ങനെ ഉന്നതമായത് വിശുദ്ധ അഗസ്റ്റിന്‍ എഴുതി, ''ഞാന്‍ സ്‌നേഹിക്കുന്നു: ഞാന്‍ ആഗ്രഹിക്കുന്നു, നീ ഉണ്ടാകണം.''(Amo: Volo ut sis) ''നിന്നോട് ക്ഷമിച്ചിരിക്കുന്നു'' എന്നു പറയുന്നത് സ്‌നേഹത്തിന്റെ വിസ്മയമാണ്. എല്ലാ പുത്തന്‍ജന്മങ്ങളും ഇങ്ങനെ തുടങ്ങുന്നു. പഴമ ആവര്‍ത്തിക്കാനല്ല, പുതുമ തുടങ്ങാന്‍ മനുഷ്യനു കഴിയും.

ഈ സ്‌നേഹത്തിന്റെ നൂതന സംരംഭങ്ങള്‍ മനുഷ്യനില്‍ തുടങ്ങുന്നു. തുടക്കത്തിന്റെ നല്ല മനുഷ്യര്‍ ഏതു സമൂഹത്തിലുമുണ്ടാകാം. യോജിപ്പിന്റെ സ്വരം കൂടുതല്‍ സ്ത്രീകളിലാണ് എന്ന് കരുതുന്നവരുമുണ്ട്. പലരുടെ ഇടയില്‍ പുതിയ ഭാവിയും വാഗ്ദാനവുമായി വരുന്നവര്‍ ഉണ്ടാകുന്നു. അവരാണ് സമൂഹത്തിന് വെളിച്ചവും പ്രതീക്ഷയും നല്‍കുന്നത്. എന്നാല്‍ മറുവശവും സംഭവിക്കാം. കണ്ണില്‍ ഇരുട്ട് കയറുന്ന കാലങ്ങള്‍ ഉണ്ടാകുന്നു. ഭൂമിയില്‍ നരകം ഉണ്ടാക്കുന്നവരും അവിടെ ശവങ്ങള്‍ ഉല്പാദിപ്പിക്കുന്ന വ്യവസ്ഥിതികളും ഉണ്ടാകാം. അവര്‍ ഉണ്ടാക്കുന്നത് കയ്പിന്റെ ഭീകരാവസ്ഥയാണ്. ഇത് ബോധപൂര്‍വവും സൃഷ്ടിക്കാം, മറ്റു ചിലര്‍ ചിന്തയില്ലാതെ അതില്‍പെട്ടു, മനുഷ്യത്വം മറക്കുന്നവരുമാകാം. ഇവരെക്കുറിച്ചാണ് യേശു പറഞ്ഞത്, ''അവര്‍ ചെയ്യുന്നത് എന്ത് എന്ന് അവര്‍ അറിയുന്നില്ല.'' ഇങ്ങനെ ഗ്രീക്കുകാരുടെ ഇടയില്‍ ദുരന്തത്തിന്റെ കറുത്ത കാലം ഉണ്ടായിടത്താണ് പെരിക്ലീസ്സിനോട് വിടവാങ്ങല്‍ ചരമ പ്രഭാഷണത്തില്‍ നുറുങ്ങുവെട്ടമായി തുസിഡിഡസ് (Thucydedes) മാറിയതിനെക്കുറിച്ച് നീഷേ എഴുതിയത്. വൈരത്തിന്റെയും പ്രതികാരത്തിന്റെയും നിഷേധചിന്തകള്‍ അകറ്റി പുതിയകാലം സ്വപ്‌നം കാണുന്നവര്‍ ഉണ്ടാകാം. തിന്മയുടെയും വിദ്വേഷ ത്തിന്റെയും കാലത്തില്‍ ചിന്തയെ ഉറക്കി ഉറക്കത്തില്‍ വ്യാപരിക്കുന്നവരും ഉണ്ടാകാം. അവരെ ഉണര്‍ത്താന്‍ കഴിയുന്നവര്‍ ഭാവന സമ്പന്നരാണ്. ആത്മവഞ്ചകര്‍ അവരുടെ കാപട്യം തിരിച്ചറിയില്ല എന്ന് നിര്‍ബന്ധവും വേണ്ട. നാസിസത്തിനു കീഴടങ്ങാതെ യഹൂദരെ സംരക്ഷിച്ച ഡാനിഷ് ജനത യൂറോപ്പില്‍ ഒറ്റപ്പെട്ടവര്‍ ആയിരുന്നെങ്കിലും സാധക ചിന്തയുടെ പ്രതിരോധം അവര്‍ നടത്തി. മനുഷ്യന്റെ കഥ നാറാണത്തു ഭ്രാന്തന്റെയോ കല്ലുരുട്ടി മലയില്‍ കയറ്റുന്ന സിസിഫസിന്റെ പുരാണമോ ആകാതെ ജീവിതത്തിനു നിരന്തരം അര്‍ത്ഥം കല്പിക്കാന്‍ മനുഷ്യന്റെ ആന്തരികതയ്ക്കു കഴിയും. ആ കഴിവില്‍ നിന്നാണ് മനുഷ്യന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതും ഉടമ്പടികള്‍ ഉണ്ടാക്കുന്നതും. ഊറില്‍ നിന്നു വന്ന അബ്രാഹം വാഗ്ദാനങ്ങള്‍ നല്‍കി സ്ഥിരം പുറപ്പാടുകള്‍ നടത്തി. പലരുടെ ഇടയില്‍ നിരന്തരം ഉടമ്പടികള്‍ ഉണ്ടാക്കി ജീവിച്ചു. അയാള്‍ വാഗ്ദാനങ്ങളുടെയും ഉടമ്പടികളുടെയും രാഷ്ട്രീയം ജീവിച്ചു.

ഇന്ന് നാം ജീവിക്കുന്നത് കുറ്റകൃത്യങ്ങളുടെയും നിയമലംഘനത്തിന്റെയും ശിക്ഷയുടെയും ലോകത്തിലാണ്. കുറ്റക്കാരെ ശിക്ഷിക്കുന്ന ഈ ഏര്‍പ്പാട് പ്രതികാരത്തിന്റെ ഒരു നിയമവഴിയാണ്. അവിടെയൊക്കെ കുറ്റം ചെയ്തവര്‍ ശിക്ഷയുടെ വിധിയുടെ ജീവിതനിഷേധമായി കഴിയേണ്ടി വരുന്നു. ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ജീവിക്കാന്‍ സാധകമായി അധികമില്ല. ഡെമോക്ലീസിന്റെ വാളുപോലെ അവരുടെ തലയ്ക്കു മുകളില്‍ വിധി നില്‍ക്കുന്നു - ഭാവിയില്ലാതെ, പ്രതീക്ഷയില്ലാതെ. കുറ്റവും ശിക്ഷയും സമൂഹ യാഥാര്‍ത്ഥ്യങ്ങള്‍ മെച്ചമാക്കുന്നില്ല. ക്ഷമിക്കുക എന്നതു പഠിപ്പിച്ച ചരിത്രത്തിലെ അനന്യനായ ഗുരുവായിരുന്നു യേശുക്രിസ്തു. ഈ ക്ഷമ വ്യക്തിയുടെ സ്വകാര്യതയിലാണ് നടക്കുന്നത്. മനുഷ്യന്റെ നന്മ പുതിയ തുടക്കങ്ങള്‍ ഉണ്ടാക്കണം. പഴമയുടെ ആവര്‍ത്തനത്തിന്റെ വിധിയെ അഴിച്ചുപണിയണം. മനുഷ്യന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ വാഗ്ദാനം അവനെ ഞെരുക്കുന്ന വിധിയില്‍ നിന്നുള്ള മോചനമാണ് - അതാണ് ഭാവി. കുറ്റക്കാരന് ഭാവി കൊടുക്കാന്‍ കഴിയുന്നവന്‍, കുറ്റം ക്ഷമിക്കുമ്പോള്‍, അവന്റെ ജീവിതത്തില്‍ പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകുന്നു. ഇങ്ങനെ വിധിയുടെ ഭാരത്തില്‍ കഴിഞ്ഞ മനുഷ്യര്‍ക്ക് യേശു ഭാവിയാണ് ഉണ്ടാക്കിക്കൊടുത്തത്. ''പാപങ്ങള്‍ ക്ഷമിക്കുക പോലും ചെയ്യുന്ന ഇവന്‍ ആരാണ്?'' ആളുകള്‍ അദ്ഭുതപ്പെട്ടു. ഇങ്ങനെ പാപങ്ങള്‍ മോചിക്കുന്നതിന്റെ കാരണം യേശു വ്യക്തമാക്കി. ''അവര്‍ ചെയ്യുന്നത് എന്ത് എന്ന് അവര്‍ അറിയുന്നില്ല'' (ലൂക്കാ 23:24). ക്ഷമിക്കുക എന്നത് പ്രതികാരത്തിന്റെ വിപരീതമാണ്. മനുഷ്യന്‍ പലപ്പോഴും തെറ്റ് ചെയ്യുന്നതു ചിന്തയില്ലായ്മയിലാണ്. ബോധമില്ലാതെ ചെയ്തു അവനെ വീണ്ടും തകര്‍ക്കുകയാണ്, ശിക്ഷയും പാപഭാരവും. വൈരത്തിന്റെ പ്രതിപ്രവര്‍ത്തനമല്ല ക്ഷമ. മറിച്ച് അത് പുതുമയുണ്ടാക്കുന്ന പുത്തന്‍ നടപടിയാണ്. പഴമയുടെ പാപഭാരത്തിന്റെ വിധികള്‍ അഴിച്ചുപണിയാന്‍ കഴിയും. പഴമയുടെ ഭാരം ഒഴിവാക്കാന്‍ മനുഷ്യനു കഴിയും. അതു അവന്റെ മാംസത്തില്‍ ലഭിച്ച വരമാണ്. ആ വരത്തില്‍ ജീവിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് പ്രതീക്ഷയുടെ വാഗ്ദാനങ്ങളാകുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org