''നല്ല യുദ്ധം ചെയ്തു''

''നല്ല യുദ്ധം ചെയ്തു''

2011 മെയ് മുതല്‍ 2023 ഡിസംബര്‍ വരെ നീണ്ട കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഭരണം രാജി സ്വീകരണത്തിന്റെ വിമാനത്താവള നാടകീയതയില്‍ അവസാനിച്ചു. ഈ പന്ത്രണ്ട് കൊല്ലങ്ങള്‍ സീറോ മലബാര്‍ സഭയില്‍ തീര്‍ത്തത് ഒരു യുദ്ധകാണ്ഡമാണ്. ഹോമര്‍ ട്രോജന്‍ യുദ്ധത്തിന്റെ കാവ്യമെഴുതി. രണ്ടു പക്ഷത്തുമുള്ള വീരപുരുഷന്മാരെ പുകഴ്ത്തുന്നു. സീറോ മലബാര്‍ സഭയില്‍ നടന്നതു ചാവറയച്ചന്‍ മുതല്‍ വര്‍ക്കി വിതയത്തില്‍ വരെയുള്ള ഒരു പ്രബുദ്ധ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ്. ബുദ്ധിയില്‍ വിശ്വസിച്ച ഒരു ക്രൈസ്തവസമൂഹം പാശ്ചാത്യ സ്വാധീനത്തില്‍ നടന്ന അത്ഭുതാവഹമായ വളര്‍ച്ചയുടെ കാലമായിരുന്നു. ഈ സഭയിലേക്കാണ് തക്കലയില്‍ നിന്നു ചങ്ങനാശ്ശേരി വഴി ആലഞ്ചേരി പിതാവ് എറണാകുളത്തേക്കു വന്നത്. ഈ സഭയുടെ ചരിത്രത്തില്‍ ആദ്യമായി സ്വന്തം സഭാധ്യക്ഷനെ ആ സഭയുടെ മെത്രാന്മാര്‍ തിരഞ്ഞെടുത്ത ആദ്യത്തെ ആളാണ് ഇങ്ങനെ രാജിവച്ച് ഒഴിയുന്നത്. ആ തിരഞ്ഞെടുപ്പ് വളരെ ആസൂത്രിതമായി നടന്നതായി മനസ്സിലാക്കുന്നു. ബിഷപ് ജോര്‍ജ് ആലഞ്ചേരി നിഷ്പക്ഷനാണ് എന്ന വിധത്തിലായിരുന്നു തിരഞ്ഞെടുപ്പ് എങ്കിലും അതു വ്യക്തമായി ഒരു പക്ഷത്തിന്റെ വിജയമായിരുന്നു. അദ്ദേഹം സ്വന്തം രൂപതയുടെ ഭരണത്തിന് കേരളത്തിനു പുറത്തേക്ക് പോയത് എന്തുകൊണ്ട് എന്ന് അന്വേഷിക്കേണ്ടതില്ല. ഒരു നിഷ്പക്ഷനായി പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം എന്ന് എന്റെ ജേഷ്ഠ സഹോദരനായി പഠിച്ച സമര്‍ത്ഥനായ വൈദിക വിദ്യാര്‍ത്ഥിയെക്കുറിച്ചു പറയാനാകും.

എന്നാല്‍ എറണാകുളത്തു വന്ന അദ്ദേഹത്തിനു വ്യക്തമായ വീക്ഷണങ്ങളും പദ്ധതികളുമുണ്ടായിരുന്നു എന്ന് ആരംഭത്തില്‍ വ്യക്തമായിരുന്നു. എറണാകുളത്തെ 400 ലധികം വൈദികരുടെ സമ്മേളനം വിളിച്ചുകൂട്ടുകയും അതില്‍ ഇവിടെ മറ്റാരോടും പറയാതെ ആരാധനക്രമ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചതും ആരും മറക്കുമെന്നു തോന്നുന്നില്ല. അപ്രതീക്ഷിതമായി അദ്ദേഹം നടത്തിയ ഈ സമീപനങ്ങളെ തീര്‍ത്തും അപ്രതീക്ഷിതവും അതിലേറെ അമ്പരിപ്പിക്കുന്നതുമായ വിധത്തിലാണ് വൈദികര്‍ പ്രതികരിച്ചത്. ഒരിക്കല്‍ ഫിലോസഫി ക്ലാസ്സില്‍ ഒരധ്യാപകന്‍ വന്നു ചോദിച്ചു, ''ഹേഗലിനെ എങ്ങനെ തോല്പിക്കും?'' തര്‍ക്കത്തെ എങ്ങനെ തോല്പിക്കാനാവും എന്നതാണ് ചോദ്യം. അതുപോലൊരു പ്രതിസന്ധിയായിരുന്നു. വൈദികര്‍ ഒന്നൊന്നായി വൈദിക സമ്മേളനത്തില്‍ വിരുദ്ധോക്തിയുടെ സറ്റയര്‍കൊണ്ട് നിറഞ്ഞാടി. അദ്ദേഹത്തിനതു താങ്ങാനാവാത്ത ആഘാതം സൃഷ്ടിച്ചു എന്നു തോന്നി. ഓര്‍വലിന്റെ സറ്റയര്‍ ഇത്ര വിദഗ്ദ്ധമായി പ്രയോഗിക്കപ്പെടും എന്ന് ഒരിക്കലും ആര്‍ക്കും പ്രതീക്ഷിക്കാനാവാത്തതായിരുന്നു. അതോടെ നിഷ്പക്ഷതയുടെ ആവരണം പൂര്‍ണ്ണമായി അഴിഞ്ഞുപോയി. അതിനിടെയാണ് വസ്തുകച്ചവടത്തിന്റെ നടപടികള്‍ ഗോപ്യമായത്. അതു ചില വൈദികര്‍ മനസ്സിലാക്കി. പ്രശ്‌നങ്ങള്‍ വൈദികലോകത്തില്‍ മാത്രം അറിയപ്പെട്ടു. പരിഹരിക്കാന്‍ ഉണ്ടായ പല ശ്രമങ്ങളും പരാജയമടഞ്ഞു. ഒരു ക്ഷമാപണത്തില്‍ ഇതവസാനിപ്പിക്കാം എന്ന നിര്‍ദേശം അദ്ദേഹം അംഗീകരിച്ചെങ്കിലും പിന്നെ വക്കീലന്മാര്‍ അനുവദിക്കുന്നില്ല എന്നു പറഞ്ഞു തള്ളി. ഈ പ്രശ്‌നം നിലനില്ക്കുമ്പോള്‍ ലിറ്റര്‍ജി പ്രശ്‌നം ഉണ്ടാക്കി അതിരൂപതയെ ഒറ്റപ്പെടുത്താന്‍ സിനഡിന്റെ സഹായത്തോടെ വിജയിച്ചു. സിനഡ് വിചിത്രമായി അദ്ദേഹം ഒരു പണാപഹരണവും നടത്തിയിട്ടില്ല എന്ന നിലപാട് സ്വീകരിച്ചു. കോടതികള്‍ വിരുദ്ധമായി വിധിച്ചിട്ടും വത്തിക്കാന്‍ നടപടികള്‍ എടുത്തിട്ടും സിനഡ് ഉറച്ചുനില്‍ക്കുന്നു. യുദ്ധത്തില്‍ അതിരൂപത ഒറ്റപ്പെടുത്തപ്പെട്ടു, പീഡിപ്പിക്കപ്പെട്ടു. ഈ അവസ്ഥയിലാണ് രാജി നാടകം വത്തിക്കാന്റെ ഭാഗത്തുനിന്നുണ്ടായത്.

കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലം സീറോ മലബാര്‍ സഭയില്‍ നടന്നത് ഒരു ഹെഗേലിയന്‍ ആത്മാവിന്റെ യുദ്ധ ചരിത്രമായിരുന്നു എന്നു തോന്നുന്നു. ജര്‍മ്മന്‍ ചിന്തകനായിരുന്ന ഹേഗല്‍ ഈശ്വര ചൈതന്യത്തേയും ചരിത്രത്തെയും ഒന്നിപ്പിച്ച വൈരുദ്ധ്യങ്ങളുടെ സംഘര്‍ഷ ചരിത്രമായി കാണുന്നു. കടലില്‍ കാറ്റടിക്കുന്നതു പോലെയാണ് അദ്ദേഹത്തിനു യുദ്ധങ്ങള്‍. കാറ്റില്ലാത്ത ശാന്തമായ കടല്‍ മലിനമാകും. കാറ്റ് കടലിനെ ഇളക്കി മറിക്കാത്ത, ശുദ്ധമാക്കാത്ത, ആത്മാവിന്റെ ചൈതന്യത്താല്‍ ഇളകി മറിയാത്ത ജീവിതം ചത്തതിനൊത്ത വിധത്തിലാകും. പ്രപഞ്ചത്തിലെ ധര്‍മ്മശക്തിയാണ് യുദ്ധമായി മാറുന്നത്. പൊരുത്തവും പൊരുത്തക്കേടും തമ്മിലുള്ള ബലാബലത്തിലാണ് ചരിത്രം നീങ്ങുന്നത്. ജോസഫ് പവ്വത്തില്‍ പിതാവ് പ്രഗത്ഭനായ സാമുദായിക നേതാവുമായിരുന്നു; സുറിയാനി ക്രിസ്തീയ സഭ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തയുടെ ഭാഗവുമായിരുന്നു കള പറിക്കുന്ന കാഴ്ചപ്പാടും. പ്രതിപക്ഷ ബഹുമാനത്തിന് അവിടെ വലിയ പ്രാധാന്യം ഉണ്ടായിരുന്നില്ല. വലതുപക്ഷ ഹെഗേലിയന്‍ വൈരുധ്യ ചിന്ത കത്തോലിക്കാസഭയില്‍ ചില കാലഘട്ടങ്ങളില്‍ ആവസിച്ചിട്ടുണ്ട്. പിശാചുബാധിതരുടെയും പഷണ്ഡികളുടെയും വേട്ടയില്‍ കാണുന്നതു മറ്റൊന്നുമല്ല. ഇത് ഒരു തരം മനിക്കേയിസവും നോസ്റ്റിസിസവുമാണ്. കേരളത്തിലെ ഇടതുപക്ഷ വൈരുധ്യചിന്തയുടേത് മാര്‍ക്‌സിസമാണെങ്കില്‍ കേന്ദ്രത്തില്‍ വലതുപക്ഷ ഹെഗേലിയന്‍ മൗലികവാദവുമാണ്.

ഇവിടെയൊക്കെ മനസ്സിന്റെ ബോധമണ്ഡലത്തിലെ വൈരുധ്യസംഘടന സംഘര്‍ഷങ്ങളെ ചരിത്രത്തിലേക്ക് അന്യവല്‍ക്കരിക്കുകയും വിക്ഷേപിക്കുകയുമല്ലേ എന്നു ചിന്തിക്കണം. മനുഷ്യന്‍ കാലഗംഗയില്‍ ആയിത്തീരുന്നവനാണ്. മനുഷ്യന്റെ അസ്തിത്വം ആയിരിക്കുന്നതല്ല ചരിത്രത്തില്‍ ആയിത്തീരുന്നതാണ്. മനുഷ്യന്റെ ബോധമണ്ഡലത്തിലെ സ്വാതന്ത്ര്യത്തില്‍ പ്രകൃതിയും മനുഷ്യസമൂഹവും സൃഷ്ടിക്കുന്ന വിധികളുമായി ഏറ്റുമുട്ടിയാണ് വ്യക്തി ആയിത്തീരുന്നത്. എന്റെ ആയിത്തീരല്‍ എന്റെ കഥയുടെ വിലാസമാണ്. ഞാന്‍ എന്റെ കേന്ദ്രത്തില്‍ നിന്ന് അകന്നു വസിക്കുകയാണ്, എല്ലാം വിലമതിക്കുകയാണ്. അതു മൂല്യ പരിശോധനയുടെ സര്‍ഗാത്മക നടപടിയാണ്. ഒത്തുവാസത്തിലും സഹവാസത്തിലും നിരന്തരം സംഘര്‍ഷങ്ങളും പ്രതിസന്ധികളുമുണ്ടാകുന്നുണ്ട്. മനുഷ്യന്റെ ആന്തരികതയിലെ ഈ പ്രാതികൂല്യങ്ങളും പ്രതിസന്ധികളും സര്‍ഗാത്മകമായിരുന്നു. എങ്ങനെ സഹവസിക്കുന്നു, എങ്ങനെ സംബന്ധിക്കുന്നു എന്നത് എന്റെ ആന്തരികതയും സന്മാര്‍ഗ-ആത്മീയ പ്രശ്‌നമാണ്. എന്റെ സര്‍ഗസ്വാതന്ത്ര്യത്തിലാണ് എല്ലാം പാകപ്പെടുന്നത്. ഈ സ്ഫുടപാകം ധാര്‍മ്മികവും ആത്മീയവുമായി ആയിത്തീരലിന്റെ വ്യാകരണ നടപടികളാണ്. എന്നാല്‍ ഈ ആന്തരികതയെ ആന്തരികമായി പരിഹൃതമാകാന്‍ കഴിയാതെ അതു സമൂഹത്തിലേക്കും ചരിത്രത്തിലേക്കും കവിഞ്ഞൊഴുകുകയും അന്യവല്ക്കരിക്കയും ചെയ്യാം. ആന്തരികപ്രശ്‌നങ്ങള്‍ സാമൂഹിക പ്രതിസന്ധികളായി മാറുന്നു. ധാര്‍മ്മിക പ്രതിസന്ധികള്‍ രാഷ്ട്രീയ പ്രതിസന്ധികളായി പരിണമിക്കുന്നു. മനുഷ്യന്റെ ആന്തരികതലം ചരിത്രത്തിലേക്ക് കവിഞ്ഞൊഴുകി യുദ്ധങ്ങളായി മാറുന്നു. ആയിത്തീരലിന്റെ അകത്തെ അഗ്നി ചരിത്രത്തിനു തീ പിടിപ്പിക്കും. ആത്മീയവും ധാര്‍മ്മികവുമായ പരാജയങ്ങള്‍ സംഘര്‍ഷസംഘട്ടനങ്ങളുടെ ഘോഷയാത്രയും ഉതപ്പുകളും നിരന്തരം ഉണ്ടാക്കും. ഇവിടെ പ്രസക്തം ''നല്ല യുദ്ധം'' ചെയ്തു എന്നതാണ്. പക്ഷെ, എന്താണ് ''നല്ല യുദ്ധം'' എന്ന് അറിയുന്നതാണ് ജീവിതജ്ഞാനം. ജീവിതം വെളിച്ചവും നിഴലുകളും നിറഞ്ഞതാണ്. അവിടെ നിഴല്‍ യുദ്ധങ്ങള്‍ പ്രബുദ്ധതയുടെ പ്രതിസന്ധികള്‍ തന്നെ. യുദ്ധത്തിന്റെ വീരസാഹസികരാകുന്നവര്‍ സാധാരണക്കാരല്ല, അവര്‍ വീരരാണ്, വിശുദ്ധരല്ല എന്നു മാത്രം. അവരുണ്ടാക്കുന്നതു സഹനദുരിതങ്ങളുടെ ചരിത്രമാണ്. ആ ദുഃഖദുരിതങ്ങളില്‍ പ്രകാശിതമാകുന്നത് ഉദാത്തമായ മഹത്വമല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org