ദുരന്തനായകന്റെ വിധി

ദുരന്തനായകന്റെ വിധി

എറണാകുളം-അങ്കമാലി അതിരൂപതയിലും സീറോ മലബാര്‍ സഭയിലും അരങ്ങേറുന്നത് ഒരു ദുരന്തനാടകമാണ്. 3000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രീസില്‍ നടന്നതിനു തുല്യമായ ദുരന്തനാടകം. ക്രെയോണ്‍ രാജാവിന്റെ അചഞ്ചലമായ വിധിക്ക് ഇരയായ ആന്റിഗണിയുടെയും രാജാവിന്റെ കുടുംബത്തിന്റെ ദുരന്തങ്ങള്‍. ഈഡിപ്പസിന്റെ ദുര്‍ഗൃഹമായ കാവ്യവിധിയില്‍ ഉണ്ടായ രാജഹത്യയും നാടിന്റെ വസന്തയുടെയും ദുരന്തങ്ങള്‍. നിസ്സാരമായ ഒരു അനുഷ്ഠാന തീരമാനം ഒരു അതിരൂപത നശിപ്പിക്കുന്നു, സഭയില്‍ വലിയ ഉതപ്പായി പൊട്ടിയൊലിക്കുന്നു. സംഭാഷണത്തിന്റെയോ സാമൂഹ്യബോധത്തിന്റെയോ പ്രായോഗിക യുക്തിക്കു പരിഹരിക്കാനാവാതെ വിചിത്രമായ നിശ്ചയം തുടരുന്നു, ദുരന്തങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ഈ ഗ്രീക്ക് ദുരന്ത നാടകങ്ങളെക്കുറിച്ച് പഠിച്ച ജോര്‍ജ് സ്‌റ്റെയിനര്‍ എഴുതിയത് ദുരന്തനാടകം ദൈവത്തിന്റെ അസാന്നിധ്യത്തിന്റെ അസഹനീയമായ സാന്നിധ്യമാണ് ഉണ്ടാക്കുന്നത് എന്നാണ്. ദൈവം മരിച്ച അവസ്ഥ.

ഇതു സൃഷ്ടിക്കുന്നതു ഫ്രെഡറിക് നിഷേ പ്രവചിച്ച അര്‍ത്ഥരാഹിത്യത്തിന്റെയും വിധിയുടെയും വിലാസകാലമാണ്. സൃഷ്ടാവിനെ കൊല്ലുന്ന സൃഷ്ടിയുടെ കഥയാണിത്. ദൈവമരണം ഉണ്ടാക്കുന്ന കലികാലം. മനുഷ്യന്റെ യുക്തിക്കു മുമ്പുള്ള മനുഷ്യചരിത്രത്തിലേക്കു പിന്‍വലിയുന്ന കാലം. പ്രകൃതിയേയും മനസ്സിനേയും നിയന്ത്രിക്കുന്ന അജ്ഞാത ശക്തിയുണ്ട് എന്ന വിധി വിശ്വാസത്തിന്റെ കാലം. ഈ കാലം എല്ലാവിധ രാഷ്ട്രീയത്തെയും നിഷേധിക്കുന്നു. സമൂഹം നീതിയിലും യുക്തിയിലും വിന്യസിക്കാം എന്നതാണ് രാഷ്ട്രീയം. അതു സാധ്യമല്ലാത്തതായി തീര്‍ക്കുന്ന-ആര്‍ക്കും ഒന്നും ചെയ്യാനാവാത്ത ദുരവസ്ഥ. അതു നിരാശയുടെയും മരണവിധിയുടെയും യുദ്ധവിളയാട്ടമാണ്. ദുരന്തങ്ങളെ അകറ്റുന്ന വലിയ പ്രതീക്ഷയും വിശ്വാസവും പേറി ജീവിതത്തിനു സമര്‍പ്പിക്കാനാവാത്ത ദുരന്തകാലം. സാമൂഹിക ചിന്തയും ധാര്‍മ്മിക ബോധ്യങ്ങളുമുള്ളിടത്ത് ദുരന്ത സാധ്യതയില്ലാതാകുന്നു. ദുരന്തം പരാജയബോധത്തിന്റെ വാഴ്ചയാണ്. സഭയുടെ മാമൂലുകളും സ്ഥാപനങ്ങളും ഉണ്ടാക്കുന്നതു വിധിയുടെ ദുരന്തം മാത്രമാകുന്നു.

ഈഡിപ്പസാണ് ഒരു ദുരന്തനായകന്‍. അയാളുടെ വിധി അയാള്‍ ഉണ്ടാക്കുന്ന വിധിയാണ്. അത് അയാളുടെ കാമത്തിന്റെയും ക്രോധത്തിന്റെയും അജ്ഞാതമായി വികാര പരിണാമങ്ങളുടെ വിലാസമാണ്. ഈ വിലാസത്തിന്റെ പിന്നിലെ കാമത്തിന്റെ ആധിപത്യത്തിന് അയാള്‍ അയാളെ വിട്ടുകൊടുക്കുന്നു. ഈ കാമമാണ് ആധുനിക കാലത്തെയും വലിയ ദുരന്ത പ്രശ്‌നമായത്. കാമവഴി ഫ്രോയിഡ് എങ്ങനെ വ്യാഖ്യാനിച്ചു എന്ന് നമുക്കറിയാം. അതു അബോധമാണ്. ബോധത്തെയും കര്‍മ്മങ്ങളെയും നിയന്ത്രിക്കുന്ന ആജ്ഞചരടുകളുടെ ദുരൂഹമായ പ്രതിസന്ധി. കാമത്തിന്റെ വഴി അജ്ഞാതമാണ് എന്ന തു മാത്രമല്ല ഇവിടെ പ്രതിസന്ധി. അതു നിയന്ത്രിക്കാനുമായില്ല. അതു രഹസ്യമായി നമ്മെ വിധിയിലേക്കു വലിച്ചിഴയ്ക്കുന്നു. ഇവിടെ ധര്‍മ്മത്തിന്റെ സാധ്യത തന്നെയാണ് നിഷേധിക്കപ്പെടുന്നത്. ഫലമായി ഉണ്ടാകുന്ന ധര്‍മ്മമില്ലാത്ത ഒരു പ്രകൃതാവസ്ഥയാണ്. കാമത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരിനിറങ്ങുന്നവര്‍ ആഗ്രഹിക്കുന്നതു സ്വാതന്ത്ര്യമല്ല, അടിമത്തമാണ്. ഈ അടിമത്തത്തിലേക്കാണ് ഈഡിപ്പസ് വീണു തകര്‍ന്നത്.

ഈ കാമ വ്യാഖ്യാനത്തിന്റെ മറ്റൊരു പതിപ്പാണ് നിഷേ - അദ്ദേഹം ഇച്ഛയുടെ ആധിപത്യത്തിനുവേണ്ടിയാണ് വാദിച്ചത്. അതാണ് നാസ്സിസമായി ഇരുപതാം നൂറ്റാണ്ടിനെ അന്ധകാരയുഗമാക്കിയത്. അധികാരകാമത്തിന്റെ അബോധത്തിന്റെ ആധിപത്യമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ലോക മഹായുദ്ധങ്ങളുടെ പിന്നില്‍. നാസ്സിസ്സവും മാര്‍ക്‌സിസവും സൃഷ്ടിച്ചതു ദുരന്തങ്ങളെ അന്തമില്ലാത്ത ആഗമനങ്ങളാണ്. മനുഷ്യന്റെ ഭാവിയാണ് അത് അപകടത്തിലാക്കിയത്. അധികാരത്തിന്റെ ഇച്ഛ എന്നതു സൃഷ്ടിച്ച ദുരന്തങ്ങളാണ് ചരിത്രത്തില്‍ ഉടനീളം. ഇവിടെയാണ് അധികാരം വീക്ഷണത്തിന്റെ പ്രതിസന്ധി സഭാതലത്തിലും പ്രസക്തമായി മാറുന്നത്.

പീറ്റര്‍ ബ്രൂക്ക് എന്ന പ്രസിദ്ധനായ നാടക സംവിധായകന്‍ പറയുന്നതു കേവല നിശ്ചയങ്ങളുടെ മണ്ഡലമാണ് ദുരന്തസൃഷ്ടിയിലേക്കു നയിക്കുന്നത് എന്നതാണ്. ക്രെയോണ്‍ രാജാവ് തന്റെ നിശ്ചയത്തില്‍ നിന്നു മാറ്റാന്‍ സന്നധമല്ലാതാകുമ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ തന്നെ അദ്ദേഹത്തോടു പറയുന്നു: ''മയപ്പെടുന്നത് മഹത്വത്തിന്റെയും ലക്ഷണമാണ്'' എന്നാണ്. മയപ്പെടുന്നതു ബലഹീനതയാകുന്നത് ഏകാധിപതികള്‍ക്കാണ്. ഇവര്‍ക്ക് മറ്റുള്ളവരുടെ ജീവിതത്തില്‍ ദുരന്തങ്ങള്‍ ഉണ്ടാക്കണമെന്ന് നിര്‍ബന്ധമുള്ളവരാണ്. ഇത്തരം ദുരന്തനായകര്‍ ഒരു ഒത്തുതീര്‍പ്പിനും സംഭാഷണത്തിനും തയ്യാറല്ല. താന്‍ പെണ്ണുങ്ങളെ ശ്രവിക്കുന്ന രാജാവല്ല എന്നതാണ് ക്രയോണിന്റെ വാദം. മാത്രമല്ല ഇന്നും ദുരന്തനായകര്‍ തങ്ങളുടെ തീരുമാനത്തിന്റെ ചരിത്രത്തിനു പുറത്തു ബന്ധമുണ്ട് എന്നതാണ്. അങ്ങനെ മനുഷ്യരുടെ മണ്ഡലത്തിലെ പ്രശ്‌നം ലോകത്തിനു പുറത്തേക്ക് നോക്കി ദൈവികമോ പൈശാചികമോ ആക്കുന്നു. അക്കില്ലസിന്റെ കോപം ലോകത്തില്‍ ഒരു തീരുമാനമല്ല. അതാണ് പൈശാചികമായി വലിയ വിനാശത്തിന്റെ കാരണമാകുന്നത്. തീരുമാനങ്ങള്‍ക്ക് കേവല സ്വഭാവം നല്കുന്നവര്‍ പരിശുദ്ധാത്മാവിനെ കൂട്ടുപിടിക്കരുത്. ദൈവത്തിന്റെ വഴി ഒരു ഭാഷയുടെ ആധിപത്യമല്ല. ഈ ഏകഭാഷാധിപത്യത്തിലേക്കാണ് ദൈവം ഇറങ്ങി വന്ന് ഭാഷകള്‍ ഭിന്നിപ്പിച്ചത്. ഭാഷകളുടെ പലമ ഉണ്ടാക്കിയത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സിനഡാലിറ്റിയുടെ വഴി ദൈവഭാഷ എന്ന പരലോക ഭാഷയുടെ വഴിയല്ല. അങ്ങനെ ഭാഷയുമില്ല. പല സ്വരങ്ങളുടെ സമ്മേളനത്തിലൂടെയാണ് ദൈവവും സംഭാഷിക്കുന്നത്. പക്ഷേ, ഈ സാധ്യതയാണ് സിനഡ് പരാജയപ്പെടുത്തുന്നത്. സിനഡിന്റെ പേരില്‍ ചിലര്‍ പരാജയപ്പെടുത്തുന്നത്. ദുരന്തനായകര്‍ പരാജയപ്പെട്ടാണ്, ദുരന്തങ്ങള്‍ ഉണ്ടാക്കിയാണ് വീര സാഹസികരാകുന്നത്. തങ്ങളുടെ അധികാര കാമത്തില്‍ കത്തിയെരിയുന്നതില്‍, സന്തോഷിക്കുന്നതാണ് ദുരന്ത സാഹസികത. ഈ പരാജയത്തിനുവേണ്ടിയാണ് ഇവര്‍ പണിയെടുക്കുന്നത്. ഇവര്‍ പ്രളയത്തിന്റെ ദൈവങ്ങളാകുന്നവരാണ്. പ്രളയ ലഹരിയില്‍ ജീവിക്കുന്നു. അത് അധികാര കാമത്തിന്റെ തീക്കളിയാണ്.

ഇതാണ് ഡോ. ഫൗസ്റ്റസ്സിന്റെ മരണമില്ലാത്ത കഥ പറയുന്നത്. ആത്മാവിനെ ചെകുത്താനു വിറ്റ് ഉണ്ടാക്കുന്ന മാന്ത്രികാത്ഭുതങ്ങള്‍. ഇവിടെ അത്ഭുതത്തിന്റെ അടിസ്ഥാനം പിശാചിന്റെ മായാജാലമാണ്. ഇവര്‍ ദുരന്തം തിരഞ്ഞെടുക്കയല്ല, ദുരന്തം ഇവരെ തിരഞ്ഞെടുക്കുകയാണ്. ഇത്തരം ദുരന്ത നായകര്‍ സമൂഹത്തിന്റെ ഏതു തലത്തില്‍ നിന്നുമുണ്ടാകാം. മദം പൊട്ടിയ ആനയെപ്പോലെ ഇവര്‍ ഭ്രാന്തമായി ദുരന്തങ്ങള്‍ ഉണ്ടാക്കും.

ദുരന്തം പ്രതിസന്ധിയുടെ കാലഘട്ടമാണ്. നടപടികളുടെ സ്ഥാപനങ്ങളും സമിതികളും പ്രസക്തി നഷ്ടമായി വന്ധ്യമാകുന്ന പ്രതിസന്ധി. ദുരന്തത്തെ ഭൂതത്തില്‍ കുഴിച്ചുമൂടുകയല്ല, അതിനെ മെരുക്കാനാണ് പഠിക്കേണ്ടത്. ദുരന്തം ഇരുട്ടാണ്, അതു വെളിച്ചത്തിനായി കാത്തിരിപ്പുമായി കാണാം. ദുരന്തത്തിന്റെ പ്രേതങ്ങള്‍ തിരിച്ചുവന്നു ദുരന്തകാലം സൃഷ്ടിക്കാം. അതു ചരിത്രത്തെ ഏകാധിപതികള്‍ക്ക് ഭരിക്കാന്‍ കൊടുത്തിട്ടാണ്. ദൈവത്തിനുവേണ്ടി കാത്തിരിക്കുന്ന കാലം. പക്ഷേ, തൊണ്ടയില്‍ നിന്നു വാക്കുകള്‍ ഉണ്ടാകാതെ വരണ്ടു പോകുന്ന ധാര്‍മ്മിക മരവിപ്പ് എങ്ങനെ അതിജീവിക്കും?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org