അറിവിന്റെ വഴിയിലെ ഇടര്‍ച്ച

അറിവിന്റെ വഴിയിലെ ഇടര്‍ച്ച

കേരളത്തില്‍ അറിവിന്റെ രീതിയെക്കുറിച്ച് ഇന്ന് നിലനില്‍ക്കുന്ന കാഴ്ചപ്പാട് നവോത്ഥാന (enlightenment) കാലഘട്ടത്തിന്റെയാണ്. എമ്മാനുവേല്‍ കാന്റ് ആണ് ഈ അറിവിന്റെ വഴി അന്ന് തുറന്നുതന്നത്. ന്യൂട്ടന്റെ പുതിയ ശാസ്ത്ര വിപ്ലവത്തിന്റെ പാതയിതായിരുന്നു. അത് സ്ഥലകാലങ്ങളുടെ ഘടനയ്ക്കു പുറത്തു നമുക്ക് ഒന്നും അറിയാനാവില്ല. ദൈവം, ധര്‍മ്മം, ഇതൊന്നും സ്ഥലകാലഘടനയ്ക്കുള്ളില്‍ വരുന്നതല്ല, പുറത്താണ്. അങ്ങനെ അതൊന്നും അറിയാനാവാത്തതായി. വിശ്വാസത്തില്‍ മാത്രം നിലനില്‍ക്കുന്ന പരികല്പനകള്‍. ഭാവനയുടെയും താല്പര്യങ്ങളുടെയും മാത്രം വിഷയമായി ദൈവം. അറിവ് വസ്തുനിഷ്ഠമായി. അത് വ്യക്തിനിഷ്ഠമല്ല. ഫലമായി മതം വ്യക്തിനിഷ്ഠമായ അറിവായി. അതിന് അടിസ്ഥാനമില്ല. അറിവിന്റെ സരണിയായി ലോകം അംഗീകരിച്ചത് ശാസ്ത്രീയമായ അറിവായി - അത് വസ്തുനിഷ്ഠമാണ്. നവോത്ഥാനത്തിന്റെ മുദ്രാവാക്യമായിരുന്നു ചിന്തിക്കാന്‍ ധൈര്യപ്പെടുക.

ചിന്തിക്കാന്‍ ധൈര്യപ്പെട്ട നവോത്ഥാന കാലം ദൈവമരണത്തിന്റെ കാലമായി. നീഷേയുടെ പ്രവാചകന്‍ ദൈവത്തെ നാം കൊന്നു എന്നെഴുതി. ഈ കാലഘട്ടമാണ് മനുഷ്യന്റെ അക്രമത്തിന്റെ ഭീകരമായ മനുഷ്യകൊലയുടെയും കാലമായത്. നാസിസവും കമ്മ്യൂണിസവും സമഗ്രാധിപത്യങ്ങളായി. 60 ലക്ഷം യഹൂദര്‍ കൊല്ലപ്പെട്ട് മനുഷ്യന്റെ ഭാവി അപകടത്തിലായി. എന്തുകൊണ്ട് മനുഷ്യന്‍ ഇത്ര ക്രൂരനായി?

ഇന്നും കേരളത്തിലും ഭാരതത്തിലും നിലനില്‍ക്കുന്ന അറിവിന്റെ ശാസ്ത്രം (epistemology) നവോത്ഥാനത്തിന്റെ തന്നെയാണ്. ശാസ്ത്രത്തിലും സാങ്കേതിക വിപ്ലവത്തിലും അഭിരമിക്കുന്ന ഒരു തലമുറയാണിത്. ഇത് സെക്കുലര്‍ ലോകത്തിന്റെ മാത്രം ഒരു കാഴ്ചപ്പാടല്ല. സഭയുടെ മണ്ഡലത്തിലും ഇന്നും അറിവ് വസ്തുനിഷ്ഠമാണ് എന്നാണ് നാം കരുതുന്നത്. ചിന്തിക്കാന്‍ ധൈര്യപ്പെടുന്ന പുരോഗമനക്കാരും ചിന്തിക്കുന്നത് ശാസ്ത്രത്തിന്റെകമ്മട്ടത്തിലാണ്. ഈ ചിന്താസരണിയുടെ കുഴപ്പം എന്തായിരുന്നു? യൂറോപ്പിന്റെ യുദ്ധാനുഭവം? ഇതു ശാസ്ത്രീയമായ ചിന്താ സരണിയാണ്. സുവോളജി തവളയെ പഠിക്കുന്നത് എങ്ങനെ? തവളയെ വിശകലനം ചെയ്തു പഠിക്കുന്നു. തവളയെ കീറിമുറിച്ച് പഠിക്കുന്നു. തവള പഠന വിഷയമാണ്. പഠനത്തിന്റെ വഴിയില്‍ തവള ചാവും. പഠനം പടമെടുക്കുന്ന വിധത്തിലുള്ള പഠനമാണ്. പടമെടുക്കല്‍ ഷൂട്ടിംഗ് ആണ്. കൊന്ന് പടമെടുക്കുന്നു. അതു ചത്ത പടമാകുന്നു. ഈ പഠനരീതി ആധിപത്യത്തിന്റെയും കീഴടക്കല്ലിന്റെയും അക്രമത്തിന്റെയും ആണ്. അത് കോളനിവല്‍ക്കരണമായി, അത് ആര്യ വര്‍ഗ്ഗാധിപത്യമായി. വസ്തുനിഷ്ഠ പഠനം വസ്തുവാക്കി, ചരക്കാക്കിയുള്ള പഠനമാണ്. ഈ പഠനം ലോകത്തെ തന്നെ അപകടത്തിലാക്കുന്നു. ആധിപത്യവും കീഴടക്കലുമാണ് അതിന്റെ ലക്ഷ്യം. ഈ സരണി ചിന്തയുടെ പൊതുസ്വഭാവം ആകുമ്പോള്‍ എന്താണ് സംഭവിക്കുക? ചിന്തിക്കുക എന്നാല്‍ ആധിപത്യം ഉണ്ടാക്കുകയാണ്. ചിന്തിക്കുന്നതെല്ലാം സ്വന്തമാക്കുന്ന നടപടിയാണ് അത്. കമ്പോളത്തിലെ ആര്‍ത്തിയുടെ ചിന്തയാകുന്നു. എല്ലാം എന്റെ വരുതിയിലാക്കാനുള്ള പുറപ്പാടായി മാറുന്നു. ഈ കാഴ്ചപ്പാട് പരസ്യമായി അപകടകരമായ അവതരിപ്പിച്ചതു നീഷേയാണ് -- will to power - അധിശത്വത്തിന്റെ ഇച്ഛ. ഇതായിരുന്നു നാസികള്‍ നീഷേയെ നാസിസത്തിന്റെ വക്താവാക്കാന്‍ കാരണം. ഇത് യുദ്ധചിന്തയാണ്, കോളനിവാഴ്ചയുടെ ചിന്തയാണ്.

കേരള സഭയിലേക്കും കേരള രാഷ്ട്രീയത്തിലേക്കും ഭാരതരാഷ്ട്രീയത്തിലേക്കും നോക്കുക - നവോത്ഥാന ചിന്തയുടെ സാന്നിധ്യം അര്‍ത്ഥശങ്കയില്ലാതെ വെളിവായിരിക്കുന്നു. ഇതനുസരിച്ച് ജീവിതരംഗം ചതുരംഗ പലകയാണ്. കരുക്കള്‍ നീക്കി വെട്ടിക്കയറുക. ഇതിനെന്താ കുഴപ്പം എന്ന് ചിലര്‍ ചോദിച്ചേക്കാം. എല്ലാ കുഴപ്പങ്ങളും ഉണ്ടായത് ഇതില്‍ നിന്നാണ്. ഇന്ന് കാണുന്ന കമ്പോള വ്യവസ്ഥിതിയും ഈ അന്തമില്ലാത്ത മത്സരങ്ങളുടെയും യുദ്ധവേദിയല്ലേ? ഭിന്നമായ ഒരു രീതിയാണ് കത്തോലിക്കാ സന്യാസിയായി മരിച്ച എഡ്മണ്ട് ഹുസെല്‍ അവതരിപ്പിച്ചത്. അത് അഗസ്റ്റിന്റെ ആത്മകഥയിലെ അറിവിന്റെ സരണിയാണ്. ഇതാണ് ആവിലായിലെ ത്രേസ്യയും മയിസ്റ്റര്‍ എക്കാര്‍ട്ടും കൊച്ചുത്രേസ്യയും ഈഡിത് സ്റ്റെയിന്‍ എന്ന തെരേസ ബെനഡിറ്റ എന്ന കന്യാസ്ത്രീയും നമ്മുടെ എവുപ്രാസി അമ്മയും മറ്റ് അനേകം വിശുദ്ധരും നമ്മെ പഠിപ്പിച്ചത്. ജീവിതത്തിന്റെ സത്യം വസ്തുനിഷ്ഠമല്ല വ്യക്തിനിഷ്ഠമാണ്. യേശുവിന്റെ സുവിശേഷം വസ്തുനിഷ്ഠമായ സത്യത്തെക്കുറിച്ചാണോ?. ''ഞാന്‍ വഴിയും സത്യവുമാണ്'' എന്നത് വ്യക്തിനിഷ്ഠമാണ്. ''ഞാനും പിതാവും ഒന്നാണ്'' എന്നത് വ്യക്തിനിഷ്ഠമാണ്. മരണ പരിശീലനമാണ് തത്വചിന്ത എന്നാണ് സോക്രട്ടീസ് പറഞ്ഞത്. അഞ്ചലൂസ് സിലേസിയൂസും ഹൈജഗറും ഡെക്കാര്‍ട്ടും തത്വചിന്ത അസ്തിത്വബോധമാണ്, വീടണയലാണ് എന്നാണ് അര്‍ത്ഥമാക്കിയത്. മനുഷ്യന്‍ മനസ്സിലാക്കുന്നതു തന്നെത്തന്നെയാണ്. ഈ മനസ്സിലാക്കലിലൂടെയാണ് മറ്റുള്ളവരെയും അറിയുന്നത്. ഇങ്ങനെയുള്ള ചിന്ത സ്വത്വബോധത്തിന്റെ അഹത്തെ മാറ്റിനിര്‍ത്തിയുള്ള ആഖ്യാനമാണ്. മാര്‍ക്‌സ് പോലും മനുഷ്യന്റെ ചിന്ത വസ്തുനിഷ്ഠമാക്കുന്നതാണ് ചിന്തയുടെ പതനം എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബോധം മനസ്സിന്റെ ആന്തരികമായ ദൈവബോധത്തെ അന്യവല്‍ക്കരിച്ച് ദൈവാസ്തിത്വം ഉണ്ടാക്കുന്നതാണ് മതങ്ങളുടെ പരാജയമായി മാര്‍ക്‌സ് ചൂണ്ടിക്കാണിച്ചത്. മാക്‌സിനു മനുഷ്യന്റെ ബോധം വിമര്‍ശനബോധമാണ്. അത് ധാര്‍മ്മികമായി അളന്നു വസിക്കലാണ്. എല്ലാം വിലമതിക്കുകയല്ല എല്ലാം മൂല്യപരിശോധനയ്ക്കു വിധേയമാക്കുകയാണ്. മനുഷ്യന്റെ ചിന്തയില്‍ ചേര്‍ക്കുന്ന രസായനമോ വര്‍ണ്ണമോ അല്ല ധര്‍മ്മം. വസ്തുനിഷ്ഠ ചിന്ത ധര്‍മ്മം തൊട്ടു തീണ്ടാത്ത ചിന്തയാണ്. ധര്‍മ്മത്തെ ചിന്തയില്‍നിന്ന് മാറ്റി നിര്‍ത്തി എന്നതാണ് നവോത്ഥാനത്തിന്റെ പരാജയം. യുദ്ധത്തില്‍ ധര്‍മ്മമില്ല.

മനുഷ്യന്റെ സത്തയിലും അതിന്റെ ആന്തരികതയിലും ധര്‍മ്മം ആലേഖിതമാണ്. അതുകൊണ്ടാണ് ആന്തരികതയിലെ ''ധര്‍മ്മ''ത്തെ ''താരനിബിഡമായ ആകാശത്തിന്റെ'' പാതയില്‍ നിന്നും ഭിന്നമായി കാന്റ് കണ്ടത്. ജീവിതം ആന്തരികതലത്തിന്റെ വ്യാഖ്യാനത്തിലൂടെ മാത്രമേ മനസ്സിലാക്കാനാവൂ. അസ്തിത്വചിന്ത ശൂന്യത വാദത്തില്‍ എത്തിയത് ഈ ആന്തരികതയുടെ നങ്കൂരം കണ്ടെത്തുന്നതിനുള്ള പരാജയത്തിലാണ്. ആന്തരികതയുടെ അതിഭൗതിക സ്വഭാവത്തിലാണ് ഈശ്വരനെ കണ്ടെത്തുന്നത്. വ്യക്തിയെന്ന സമസ്യയുടെ നങ്കൂരമാണ് ഈശ്വരന്‍, അസ്തിത്വത്തിന്റെ അത്താണി ഫ്രാന്‍സിസ് മാര്‍പാപ്പ അവതരിപ്പിക്കുന്ന സിനിഡാലിറ്റി വസ്തുനിഷ്ഠമായ അറിവിന്റെ സരണിയല്ല. സിനഡാലിറ്റിയില്‍ സത്യത്തില്‍ വന്നെത്തുന്നത് പാരസ്പര ഭാഷണത്തിന്റെ ആന്തരിക വ്യാഖ്യാനത്തിന്റെ പങ്കുകൊള്ളലിലാണ്. അതാണ് സംഭാഷണത്തിന്റെ സഞ്ചാര വഴി വെളിവാക്കുന്നത്. രണ്ടാം വത്തിക്കാന്‍ അവതരിപ്പിക്കുന്ന അറിവിന്റെ വഴി ''മനുഷ്യരും ദൈവവുമായുള്ള സംഭാഷണ'' (Colloquium inter Deum et hominem) ഈ നിത്യനായ ദൈവം സന്നിഹിതമാകുന്നത് മനുഷ്യവ്യക്തിയിലാണ്. അതുകൊണ്ടാണ് അഗസ്റ്റിന്‍ ''സത്യം ആന്തരികതയില്‍ കുടികൊള്ളുന്നു'' എന്ന് എഴുതിയത്. മനുഷ്യന്റെ ആയിത്തീരല്‍ സ്വാതന്ത്ര്യത്തിന്റെ പാതയില്‍ പ്രലോഭനങ്ങളുടെ വഴിയിലാണ്. ഈ സ്വാതന്ത്ര്യം ഇല്ലാതെ മനുഷ്യന്‍ തന്റെ സത്തും സത്യവും കണ്ടെത്തുകയുമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org