കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഇടം ഉണ്ടാക്കിയ പ്രബുദ്ധത

കാര്‍ഡിനല്‍ പാറേക്കാട്ടില്‍ ഇടം ഉണ്ടാക്കിയ പ്രബുദ്ധത

എന്നെ ലുവയിന്‍ സര്‍വകലാശാലയില്‍ പഠിക്കാന്‍ വിട്ടതു കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടിലാണ്. അത് ഒരു സമസ്യപോലെ എനിക്കു തോന്നി. തലേദിവസം എന്നെ റോമില്‍ പഠിക്കാന്‍ വിടാന്‍ കൂരിയ തീരുമാനിച്ചതാണ്. ആകസ്മികമായി ഞാനുമായി നടത്തിയ സംഭാഷണമാണ് ഈ മാറ്റത്തിനു കാരണം. നടന്നു പരിചയിച്ച വഴി വിട്ട് നടന്നു വഴിയുണ്ടാക്കുന്ന അദ്ദേഹത്തിന്റെ മനസ്സിന്റെ പ്രത്യേകത ഞാന്‍ കണ്ടു. മങ്കുഴിക്കരി പിതാവ് ഹ്രസ്വമായ ഏതോ പരിപാടിക്ക് അവിടെ പോയതല്ലാതെ ഈ അതിരൂപതയില്‍ നിന്ന് ആരും അവിടെ പഠിക്കാന്‍ പോയിട്ടില്ലായിരുന്നു. എനിക്കുശേഷം എത്രയോ വൈദികര്‍ അവിടെ പഠിച്ചുവന്നു. ഭിന്നമായി ചിന്തിക്കുന്ന ഒരു മനസ്സ് അദ്ദേഹത്തിന് അന്നുണ്ടായിരുന്നു. എന്നു മുതലാണ് അദ്ദേഹത്തിന് അങ്ങനെ ഒരു മനസ്സുണ്ടായത്?

പഠനം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍ എന്നെ നിയമിച്ചതു 'സത്യദീപ'ത്തിലേക്കാണ്. അപ്പോള്‍ വിരമിച്ച് വിശ്രമജീവിതം കഴിച്ചിരുന്ന അദ്ദേഹത്തെ ഞാന്‍ നിയമനശേഷം കാണാന്‍ പോയി. ദീര്‍ഘമായ സംഭാഷണത്തിനുശേഷം തിരിച്ചു പോരുമ്പോള്‍ ഒരു സമ്മാനം തന്നു. അത് അദ്ദേഹം വത്തിക്കാനിലെ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ സെക്രട്ടറിക്ക് എഴുതിയ ഒരു കത്താണ്. ഈ കത്താകട്ടെ ആര്‍ച്ചുബിഷപ് മറൂസിന്‍ എഴുതിയ കത്തിനു നല്കുന്ന മറുപടിയുമായിരുന്നു. ആര്‍ച്ചുബിഷപ് മറൂസിന്റെ കത്ത് 1986-ലെ കുര്‍ബാന ക്രമത്തെക്കുറിച്ചു നല്കിയ 'അന്ത്യവിധി' (Last Judgement) എന്നു വിശേഷിപ്പിക്കുന്ന രേഖയാണ്. വീട്ടില്‍ എത്തിയതിനുശേഷമാണ് കത്ത് വായിച്ചത്. അത് എന്റെ തലച്ചോറില്‍ ഒരു അഗ്നിപര്‍വ്വത സ്‌ഫോടനം ഉണ്ടാക്കി. ഇത്ര വിമര്‍ശനപരമായ ഒരു കത്ത് ഒരു മെത്രാന്‍ തന്റെ അധികാരിക്ക് എഴുതുന്നത് ഞാന്‍ ആദ്യമായിട്ടാണ് വായിക്കുന്നത്. താങ്കള്‍ ആരാണ് ഈ കുര്‍ബാന ക്രമത്തിന് അന്ത്യവിധി പ്രഖ്യാപിക്കാന്‍ എന്നാണ് കത്ത് ലളിതമായി ചോദിക്കുന്നത്. അതു പറഞ്ഞു: നമ്മള്‍ രണ്ടും കേസരകളില്‍ നിന്നു ഒഴിവാകും. വേറെ ആളുകള്‍ വരും. ഈ കുര്‍ബാന ക്രമം ഉപയോഗിക്കുന്ന ആളുകളും സ്ഥലങ്ങളും കാലവും മാറും. ഈ ആളുകള്‍ മാറി ചിന്തിക്കാം. അവരുടെ സ്വാതന്ത്ര്യം നിഷേധിക്കാന്‍ ആര്‍ക്കു കഴിയും? ഇന്നു നാം നില്‍ക്കുന്നത് അദ്ദേഹം അന്ന് സൃഷ്ടിച്ച ഒരു ഇടത്തില്‍ത്തന്നെയാണ്. ഈ ഇടം സൃഷ്ടിച്ച പിതാവിനെ നാം മറക്കുന്നില്ല.

ഈ പിതാവ് ഇങ്ങനെ ആയിരുന്നോ? ഞാന്‍ അങ്ങനെ കരുതുന്നില്ല. അങ്ങനെ ഒരു സഭാ വിമര്‍ശകനായിരുന്നു എന്ന അഭിപ്രായമില്ല. മാത്രമല്ല ഞാന്‍ കണ്ട ആര്‍ച്ചുബിഷപ് പാറേക്കാട്ടില്‍ യാഥാസ്ഥിതികനായ ഒരു വൈദികനും മെത്രാനുമായിരുന്നു. പരമ്പരാഗതമായ സഭയുടെ വേഷഭൂഷാദികളും ചിട്ടവട്ടങ്ങളും കാഴ്ചപ്പാടുകളുമായി ജീവിച്ചവനായിരുന്നു. മറിച്ചായിരുന്നെങ്കില്‍ കണ്ടത്തില്‍ പിതാവിന്റെ സഹായമെത്രാന്‍ ആകുമെന്നു ഞാന്‍ കരുതുന്നില്ല. 1945 നുശേഷം അദ്ദേഹം 'സത്യദീപ'ത്തിന്റെ പത്രാധിപരായിരുന്നു. അദ്ദേഹത്തിന്റെ എഡിറ്റോറിയലുകള്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അവയൊന്നും വിമര്‍ശകന്റെ ആയിരുന്നില്ല. 'സത്യദീപ'ത്തിന്റെ പ്രതിഭാശാലിയായി എഡിറ്റര്‍ ജേക്കബ് നടുവത്തുശ്ശേരി തന്നെയായിരുന്നു.

യാഥാസ്ഥിതികനായിരുന്ന ഓസ്‌ക്കാര്‍ റൊമേയ്‌റോ എല്‍സാല്‍ദോമിലെ മെത്രാനായതിനുശേഷം വലിയ മാറ്റങ്ങള്‍ക്ക് വിധേയനായി എന്നു വായിച്ചിട്ടുണ്ട്. ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുന്നവരുണ്ട്. അതിനു പല കാരണങ്ങള്‍ ഉണ്ടാകാം. രണ്ടാം വത്തിക്കാന്‍ സൂനഹദോസും പോപ്പ് പോള്‍ ആറാമനും പാറേക്കാട്ടില്‍ പിതാവിന്റെ ജീവിതത്തിന്റെ വളരെ പ്രധാനമായ സംഭവങ്ങളാണ്, സ്വാധീനങ്ങളാണ്. മാത്രമല്ല സീറോ മലബാര്‍ സഭയുടെ അധികാര തലങ്ങളില്‍ സംഭവിക്കുന്നത് എന്തു മാറ്റങ്ങള്‍ ഉണ്ടാക്കിക്കൂടാ? വിവേകത്തിന്റെ മൂങ്ങ സന്ധ്യയ്ക്കുവരുന്നു എന്നാണ് ഹേഗല്‍ എഴുതിയത്. വയസ്സാകുമ്പോള്‍ ജീവിതംകൊണ്ട് കണ്ടതും അറിഞ്ഞതും ഉണ്ടാക്കുന്ന ഗൂഢാലോചനയില്‍ പിറക്കുന്ന വിവേകത്തിന്റെ മൂങ്ങകള്‍ ചില മാറ്റങ്ങള്‍ക്കു വഴിയൊരുക്കാം. അംബാസിഡറായി ജീവിച്ച് വയസ്സനായ ജോണ്‍ 23-ാമന്‍ എന്തുകൊണ്ട് കത്തോലിക്ക സഭയില്‍ ഒരു സൂനഹദോസ് വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചു? പിരമിഡുകള്‍ക്കു മാത്രമാണ് വ്യത്യാസങ്ങള്‍ ഉണ്ടാകാത്തത്. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് തുറന്നിട്ട പുതിയ ചക്രവാളങ്ങളും. സൂനഹദോസിനു മുമ്പുള്ള കാലഘട്ടത്തില്‍ മെത്രാന്‍ രാജകീയ സ്ഥാനമായിരുന്നു. ഇടവകകളിലെ മെത്രാന്മാരായിരുന്നു വികാരിമാര്‍. അതൊരു വിധിയുടെ വ്യവസ്ഥിതിയായിരുന്നു. ഒരവകാശവുമുള്ളവരായി അല്‍മായര്‍ പരിഗണിക്കപ്പെട്ടില്ല. കൃപവാരിധിയായ രാജവാഴ്ചയായി അതു തുടര്‍ന്നു - അധികാരിയും വിധേയരുമായ വ്യവസ്ഥിതി. ഈ സാഹചര്യത്തിലാണ് ജോണ്‍ മാര്‍പാപ്പ സൂനഹദോസ് ഉദ്ഘാടനം ചെയ്തത്. അതിന്റെ പ്രഖ്യാപിത ലക്ഷ്യം കാലാനുസൃതമാകുക -updating, aggiornamento. ഈ വാക്ക് സൂചിപ്പിക്കുന്നതു മാറ്റമാണ്. വിശ്വാസം മാറ്റുകയല്ല, വിശ്വാസത്തെ സംബന്ധിച്ച് വീക്ഷണം മാറ്റുകയാണ്. ഈ അധികാര സംവിധാനം കാലഹരണപ്പെട്ടു എന്നതാണ് സൂനഹദോസ് അര്‍ത്ഥമാക്കിയത്. ഉദ്ഘാടന പ്രസംഗത്തില്‍ ജോണ്‍ മാര്‍പാപ്പ പറഞ്ഞ ഒരു വാചകം ശ്രദ്ധയമാണ്, ''പത്തൊമ്പതു നൂറ്റാണ്ടുകള്‍ നാം കണ്ണീരും, കയ്പും കൊയ്തു കൂട്ടുകയായിരുന്നു.'' ഇതിനോട് യോജിക്കാത്തവര്‍ ഉണ്ടാകും. ഇത് ഒരു വ്യവസ്ഥിതി മുകളിലേക്കു നോക്കി സംസാരിക്കുന്ന നാവിനെ ഭയത്തിന്റെ വേലികെട്ടിയായിരുന്നു. താഴേക്കു നോക്കി അതു ചെയ്യുമ്പോള്‍ ഈ ഭയം വേണ്ട. അത് ഒരു ഉടമ-അടിമ വ്യവസ്ഥിതിയായിരുന്നു. അതാണ് കണ്ണീരും കയ്പും സൃഷ്ടിച്ചത്. അത് എല്ലാവര്‍ക്കുമാകണമെന്നില്ല. ഹേഗല്‍ പറഞ്ഞിട്ടുള്ളതുപോലെ അടിമ സ്വാതന്ത്ര്യമല്ല ആഗ്രഹിക്കുന്നത് ഉടമയാകാനാണ്. മുകളിലേക്കുള്ള ബന്ധം അടിമയുടെയും താഴേക്കുള്ള ബന്ധം ഉടമയുടേതുമായി ജീവിക്കുന്നതില്‍ സുഖം അനുഭവിക്കുന്നവരുണ്ട്. പക്ഷെ, അതായിരുന്നില്ല, സഭ ആഗ്രഹിച്ചത് - സ്വാതന്ത്ര്യത്തിന്റെ സാത്വികബന്ധമാണ്. അതായിരുന്നു പാറേക്കാട്ടില്‍ പിതാവ് വത്തിക്കാന്‍ കൗണ്‍സിലില്‍ നിന്നു പഠിച്ചത്. താഴേയ്ക്കും മുകളിലേക്കും ഒരേ ഭാഷ പറയുക. ഉത്തരവാദിത്വത്തിന്റെ വേലികെട്ടിയ നാവിന്റെ ഉടമയാകാനാണ് അദ്ദേഹം പഠിച്ചത്. കേരളത്തില്‍ നിന്നു സൂനഹദോസില്‍ പങ്കെടുത്ത എല്ലാ മെത്രാന്മാരും ഇതു ഉള്‍ക്കൊണ്ടു എന്ന പറയാമോ?

ഇതാണ് നമ്മുടെ പ്രതിസന്ധി. സൂനഹദോസ് നടന്നതു മുഖ്യമായും ലത്തീന്‍ സഭയിലാണ്. അതിന്റെ ദൈവശാസ്ത്ര സമീപനങ്ങള്‍ എല്ലാം വികസിച്ചതു യൂറോപ്യന്‍ ദൈവശാസ്ത്ര വിദ്യാപീഠങ്ങളിലാണ് - പൗരസ്ത്യ സഭകളുടെ നാമാത്രമായ പങ്കാളിത്തമേ ദൈവശാസ്ത്രപരമായി അതില്‍ ഉണ്ടായിട്ടുള്ളൂ. സൂനഹദോസിന്റെ ഫലങ്ങള്‍ കാര്യമായി ഉണ്ടായത് പാശ്ചാത്യസഭയിലാണ്. പാറേക്കാട്ടില്‍ പിതാവ് ഈ പുതിയ പ്രബുദ്ധതയെ ഉള്‍ക്കൊണ്ട വ്യക്തിയായിരുന്നു. എന്നാല്‍ പാറേക്കാട്ടില്‍ പിതാവ് പിന്നീട് നേരിടേണ്ടി വന്നതു വിപരീത ദിശയിലുള്ള ഒരു പിന്തിരിപ്പന്‍ കാഴ്ചപ്പാടാണ്. സീറോ മലബാര്‍ സഭയുടെ പ്രബുദ്ധത അതിന്റെ വിദേശപഠനം നടത്തിയ പുരോഹിതരുടെ വെളിവായിരുന്നു. ഇവിടെ യൂറോപ്യന്‍ സഭയുടെ പ്രബുദ്ധത സ്വീകരിച്ച പണ്ഡിതര്‍ ഒരു തലതിരിഞ്ഞ കാഴ്ചപ്പാടുകാരായി. ലത്തീന്‍ സഭ ഉപേക്ഷിച്ച അവരുടെ പഴയ അവകാശ വാദങ്ങള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങി. ലത്തീന്‍ സഭാവിരോധം ഇവിടെ വ്യാപിച്ചു. കോളനി വത്ക്കരിച്ച അവരെ കുറ്റം പറഞ്ഞ് കോളനി വല്‍ക്കരണ അവകാശം കിട്ടണം എന്ന വാദമായി പൗരസ്ത്യ ദൈവശാസ്ത്രം. ഞങ്ങള്‍ക്ക് അധികാരവ്യാപനം വേണം. ലത്തീന്‍ വിരോധം ഒരു അനുകരണ ജനിതകമായ സ്പര്‍ദയായി മാറി. ലത്തീന്‍ സഭയെ കുറ്റം പറയുകയും അവര്‍ ഉണ്ടാക്കി എന്നു പറയുന്ന വൃണങ്ങള്‍ നക്കി ജീവിക്കുന്ന ഒരു ശൈലിയുമുണ്ടായി. ഇതൊരു രോഗമാണ്. ഇതു പഴയ രാജവാഴ്ചയ്ക്ക് ലോകം മുഴുവന്‍ ഞങ്ങള്‍ക്ക് അവകാശം കിട്ടണമെന്ന വാദം സുവിശേഷ പ്രവര്‍ത്തനമല്ല. കോളനി വല്‍ക്കരണമായി മാറി സഭയുടെ പ്രവര്‍ത്തനം. ഇതൊരു ഘര്‍-വാപസി പരിപാടിയാണ്.

പാറേക്കാട്ടില്‍ പിതാവിന്റെ എല്ലാ സഭാ നവീകരണ സംരംഭങ്ങള്‍ക്കും വിഘാതമായത് ഈ പ്രവണതയാണ്. നവീന സംരംഭങ്ങളെ യുക്തിപൂര്‍വം ദൈവശാസ്ത്രപരമായി ഭാഷണപരതയില്‍ നേരിടാതെ കൗശലപൂര്‍വം ചരടുവലികളിലൂടെ സഭയുടെ സര്‍ഗാത്മകതയെ ചോര്‍ത്തിക്കളയുന്ന പുരാണ അധികാര കോമരങ്ങളെ പുല്‍കുന്ന ഒരു പ്രവണതയാണ് പ്രകടമായിട്ടുള്ളത്. ഇതു ചെയ്യുന്നവര്‍ എല്ലാവരും പാശ്ചാത്യ ലത്തീന്‍ സഭയുടെ ഔദാര്യത്തില്‍ ഉയര്‍ന്ന വിദ്യനേടിയവരാണ്. അവര്‍ ഇവിടെ പഴയ ആഢ്യജാതി മേല്‍ക്കോയ്മക്കാരായി മാറുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org