അനുഷ്ഠാന വിഭ്രാന്തിയുടെ ചരിത്രത്തില്‍ ഏലിയ

അനുഷ്ഠാന വിഭ്രാന്തിയുടെ ചരിത്രത്തില്‍ ഏലിയ

ഇസ്രായേല്‍ എന്ന ഉത്തരരാജ്യത്തില്‍ ക്രിസ്തുവിന് ഒമ്പതു നൂറ്റാണ്ടു കള്‍ക്കു മുമ്പ് ജീവിച്ച പ്രവാചകനാണ് ഏലിയ. അദ്ദേഹം അത്യുന്നതങ്ങളിലേക്ക് എടുക്കപ്പെട്ടവനാണ്. ധര്‍മ്മ സംസ്ഥാപനത്തിന് അവന്‍ കഷ്ടകാലങ്ങളില്‍ വീണ്ടും വരും എന്ന് ഇസ്രായേല്‍ ജനം വിശ്വസിച്ചു. യേശുവിനെ ജനങ്ങള്‍ ഏലിയായുടെ രണ്ടാമൂഴമായി കണ്ടു എന്നു പുതിയനിയമം സാക്ഷിക്കുന്നു. പഴയ നിയമത്തിലെ ഏറ്റവും ശക്തനായ പ്രവാചകനായിട്ടാണ് അദ്ദേഹം അറിയപ്പെട്ടത്. സോളമനുശേഷം രാജ്യം രണ്ടായി പിരിഞ്ഞതില്‍ ഉത്തരരാജ്യത്തിന്റെ രണ്ടു ധര്‍മ്മ പ്രതിസന്ധികളിലാണ് അദ്ദേഹം ഇടപെടുന്നത്. ആ ഇടപെടല്‍ ഒരു ആകസ്മികതയായിരുന്നില്ല ഒരു വിളിയായിരുന്നു. അപകടകരമായും വീരോചിതമായും നടത്തിയ ആ രണ്ടു ഇടപെടലും അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു.

പുറപ്പാടിന്റെ നാടോടികളായിരുന്നവര്‍ കാനാന്‍ നാട്ടില്‍ സ്ഥിരതാമസമാക്കിയപ്പോള്‍ നാട്ടുകാരില്‍ നിന്നും അവരുടെ മതസംസ്‌കാരത്തില്‍ നിന്നും ഇസ്രായേല്‍ സ്വീകരിച്ച ഒരു അനുഷ്ഠാനമാണ് ഏലിയ എതിര്‍ത്തത്. കാനന്‍കാര്‍ കൃഷിയുമായി ബന്ധപ്പെട്ട് നടത്തിയിരുന്ന ഒരു പൂജാവിധി. കൃഷിയുടെ അടിസ്ഥാനം വെള്ളവും മഴയുമാണല്ലോ. മഴയ്ക്കുവേണ്ടിയുള്ള ഒരു അനുഷ്ഠാനമായി അവര്‍ ദേവപൂജാവേദികളില്‍ നടന്നതു ദേവദാസി സമ്പ്രദായം പോലെ യോ ലിംഗപൂജയോ പോലുള്ള ഒരു ലൈംഗികവേഴ്ചയുടെ അനുഷ്ഠാനമായിരുന്നു. മഴ പെയ്യുന്നത് ഈ അനുഷ്ഠാനം മൂലമാണെന്ന് അവര്‍ കരുതി. ഇതു പ്രോത്സാഹിപ്പിച്ചതു ആഹാബ് രാജാവും കാനാന്‍കാരിയായിരുന്ന ജസബല്‍ രാജ്ഞിയുമായിരുന്നു. ഏലിയ പറയുന്നു: ദൈവമായ കര്‍ത്താവ് ആകാശങ്ങള്‍ അടയ്ക്കുന്നു. ആ വരള്‍ച്ച അവസാനിക്കുന്നത് ഏലിയ നടത്തുന്ന ബലിയുടെ അവസാനമാണ്. പ്രകൃതിയുടെ കര്‍ത്താവ് ഇസ്രായേലിന്റെ ദൈവമാണ്. ദേവ പ്രതീക്കുവേണ്ടതു കല്പനകള്‍ ധര്‍മ്മനിഷ്ഠയുടേതാണ്. രാജാവും ജനങ്ങളും ധര്‍മ്മമാര്‍ഗം ഉപേക്ഷിച്ച് അവിശ്വസ്തരായി. ഏലിയ നടത്തിയതു ചരിത്രത്തില്‍ ശക്തമായി ഇടപെട്ട് സമൂഹത്തിന്റെ ജീവിതവ്യാകരണം തിരുത്തുകയായിരുന്നു. ആചാരം അധര്‍മ്മമായ ചരിത്രം തിരുത്തപ്പെട്ടു.

പ്രവാചകനായ ഏലിയ രാജാവിനെ ഭയന്ന് കാട്ടില്‍ ഒളിച്ചു താമസിക്കുമ്പോഴാണ് നാബോത്തിനെ അവന്റെ മുന്തിരിത്തോട്ടം തട്ടിയെടുക്കാന്‍ ഇസ്രായേലിന്റെ വിശുദ്ധമായ ഉപവാസം കൗശലപൂര്‍വം ഉപയോഗിച്ചത്. നാബോത്ത് ഉപവാസം ലംഘിച്ചു എന്നു കള്ളസാക്ഷികളെക്കൊണ്ട് രാജാവ് പറയിപ്പിച്ച് അയാളെ കുറ്റം ചുമത്തി കല്ലെറിഞ്ഞു കൊന്ന വിവരമാണ് ഏലിയ അറിഞ്ഞത്. ആചാരവും അനുഷ്ഠാനവും അധികാരത്തിന്റെ ലക്ഷ്യം നേടാന്‍ കാപട്യപൂര്‍വം ഉപയോഗിച്ച് ചെയ്ത അനീതിയുടെയും അക്രമത്തിന്റെയും കഥ. അധികാര കോപം പേടിച്ചു വനവാസത്തില്‍ കഴിഞ്ഞവന്‍ ഒരു പേടിയുമില്ലാതെ രാജാവിനെ കണ്ടു തന്റെ പ്രവാചകന്റെ ധാര്‍മ്മികരോഷത്തില്‍ പറയുന്നു ''നാബോത്തിന്റെ രക്തം നായ്ക്കല്‍ നക്കിക്കുടിച്ചതുപോലെ നിന്റെ രക്തം നായ്ക്കള്‍ നക്കി കുടിക്കും.'' അതു സംഭവിച്ചു.

ഏലിയ ഇടപെട്ടത് അനുഷ്ഠാന ചരിത്രത്തിലാണ്; അതു ചരിത്രം തിരുത്തുന്ന നടപടികളുമായിരുന്നു; മാത്രമല്ല അതു രാജാവിന്റെ വിധിയും നിര്‍ണ്ണയിച്ചു. സീറോ മലബാര്‍ സഭയുടെ അധികാരികളുടെ അനുഷ്ഠാനവിധിയോട് പ്രതിരോധിക്കുന്ന ഒരു ചരിത്ര പ്രതിസന്ധിയില്‍ നാം ജീവിക്കുന്നു. ഇവിടെയും ഒരു ധാര്‍മ്മിക പ്രതിസന്ധിയല്ലേ അന്തര്‍ലീനമായിരിക്കുന്നത് എന്നതാണ് മൗലികമായ ചോദ്യം. ഏതു സംസ്‌കാരത്തിന്റെയും വിശ്ലേഷണം ചെന്നു നില്‍ക്കുന്നതു ധാര്‍മ്മിക അഴിമതിയിലാണ്.

ജോര്‍ജ് സ്റ്റെയിനര്‍ എന്ന യൂറോപ്യന്‍ സാഹിത്യചിന്തകനായ യഹൂദന്‍ തന്റെ നോവലില്‍ 90 വയസ്സായ ഹിറ്റ്‌ലറിനെ നാസ്സി അധികാരികളെ അന്വേഷിക്കുന്ന യഹൂദസംഘം ആമസോണ്‍ കാടുകളില്‍ കണ്ടെത്തുന്നു. നോവല്‍ അവസാനിക്കുന്നിടത്ത് നാസ്സി അധിപന്‍ ഹിറ്റ്‌ലര്‍ തന്നെ പിടികൂടിയ യഹൂദരോട് താന്‍ എന്തുകൊണ്ടു യഹൂദരെ കൊന്നു കളയാന്‍ തീരുമാനിച്ചു പ്രവര്‍ത്തിച്ചു എന്നതിനു വിശദീകരണം പറയുന്നു. ''പാശ്ചാത്യ നാഗരികതയെ രോഗാതുരമാക്കുന്നതിനു മുമ്പ് ഈ രോഗാണുവിനെ കത്തിച്ചുകളയേണ്ടതു അനിവാര്യമായിരുന്നു. സ്വാര്‍ത്ഥനും അത്യാഗ്രഹിയും ഹ്രസ്വദൃഷ്ടിക്കാരനുമാണെങ്കിലും അവന്റെ നാറ്റത്തോടെ മനുഷ്യനു വസിക്കാന്‍ വീട്ടിലേക്കു തിരിച്ചുപോകേണ്ടിയിരിക്കുന്നു. ''മനുഷ്യന്റെ മനസ്സാക്ഷിയാകാന്‍ ഞങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ്'' എന്ന് യഹൂദന്‍ പറയുന്നു. ഞാന്‍ എന്നുപറയുന്ന മാന്യന്‍ അയാളുടെ മുമ്പില്‍ നിന്നുകൊണ്ട് മറുപടി പറയുന്നു. ''നീ മനുഷ്യന്റെ മനസ്സാക്ഷിയല്ല, നീ അവന്റെ ചീത്ത മനസ്സാക്ഷിയാണ്. ഞങ്ങള്‍ നിന്നെ ഛര്‍ദിച്ചുകളയും, ഞങ്ങള്‍ക്ക് സമാധാനമായി ജീവിക്കാന്‍.'' ഒരു അവസാന പരിഹാരം, മറ്റൊ ന്നുമുണ്ടാകാന്‍ പാടില്ല.''

ലോകത്തില്‍ മനുഷ്യന് മനസ്സാക്ഷിയുടെ ഭാരം ഉണ്ടാക്കിയതു യഹൂദനാണ്. മനസ്സാക്ഷിയുടെ ഭാരവും സ്വാതന്ത്ര്യവുമില്ലാതെ സുഖമായി ജീവിക്കാന്‍ ലോകത്തില്‍ നിന്നു യഹൂദനെ നീക്കം ചെയ്യണം. നാസ്സികള്‍ അവകാശപ്പെട്ടതു ഞങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട വംശമാണ് എന്നതാണ്. മറുവശത്ത് യഹൂദര്‍ അവകാശപ്പെട്ടതോ ''ജനതയുടെ മനസ്സാക്ഷിയാകാന്‍ വിളിക്കപ്പെട്ടവരാണ്.'' ഇതാണ് ചരിത്രത്തിനുള്ളിലെ മൗലികമായ സംഘട്ടനം. ഇതിന്റെ അര്‍ത്ഥമെന്ത്? മോസസ്സ് പഠിപ്പിച്ചതു മനുഷ്യന്റെ ധര്‍മ്മമമാണ്. മനഷ്യന്‍ തന്റെ പ്രകൃതിയുടെ പ്രാകൃത വാസനകള്‍ക്കനുസരിച്ചല്ല ജീവിക്കേണ്ടത്. അവന്‍ സ്വന്തം അഹത്തെ ഹനിച്ച് അപരനുവേണ്ടി ജീവിക്കണം. യഹൂദന്റെ ചരിത്രത്തിലെ ഇടപെടലായിരുന്നു അത്. മതം ധര്‍മ്മമാണ്. ഈ യഹൂദ ഇടപെടല്‍ മൂന്നു തവണയുണ്ടായി എന്ന് സ്റ്റെയിനരര്‍ എഴുതി. രണ്ടാമത്തേതു യേശുവിന്റെ ഇടപെടലാണ്. സ്വയം പരിത്യജിച്ചും ശത്രുവിനെ സ്‌നേഹിച്ചും ജീവിക്കണം. മൂന്നാമത്തെ ഇടപെടല്‍ മാര്‍ക്‌സിന്റെയായിരുന്നു. മാര്‍ക്‌സ് പഠിപ്പിച്ചു ''മനുഷ്യന്‍ പ്രകൃതിയുടെ പുനരു ത്ഥാനമാകണം.'' ഈ മൂന്നു യഹൂദ ഇടപെടലുമാണ് ലോകത്തെയും മനുഷ്യനെ യും നിര്‍വചിച്ചത്. ഇവിടെ ജീവിതത്തിന്റെ വിധി അവന്റെ ധര്‍മ്മമാണ്; പ്രകൃതിയല്ല. എന്നാല്‍ നാസ്സിസവും ഫാസിസവും ദേശീയതാവാദവും എന്തു പറയുന്നു? മനുഷ്യന്റെ മഹത്വം അവന്റെ ജന്മത്തിലാണ്; അവന്റെ കര്‍മ്മത്തിലല്ല. നമ്പൂതിരി യാണോ അവന്‍ മഹാനായി. നമ്പൂതിരിയുടെ പിന്മുറക്കാരാണോ? ആഢ്യന്മാരായി. ജന്മമാണ് ആഢ്യനും അന്യാഢ്യനും ഉണ്ടാക്കുന്നത്. ആര്യന്‍ ആഢ്യനാ കുന്നതു ആര്യനായതുകൊണ്ടു മാത്രം.

ഈ പ്രതിസന്ധിയാണ് ജര്‍മ്മനിയും ലോകവും നേരിട്ടത്. ഈ പ്രതിസന്ധിയില്‍ ഇവിടെ സഭാധികാരം എവിടെ നില്‍ക്കുന്നു? കഴിഞ്ഞ കാലത്തെ ചില പ്രസ്താവനകളും രാഷ്ട്രീയ നിലപാടുകളും എന്താണ് നമ്മോട് പറയുന്നത്? ഞങ്ങള്‍ ബ്രാഹ്മണര്‍ മാര്‍ഗം കൂടിയതാണ് എന്ന് ഊറ്റംകൊള്ളുന്നവര്‍ വാഴ്ത്തിപ്പാടുന്ന കാഴ്ചപ്പാട് ധര്‍മ്മമഹത്വത്തിന്റെയോ ജാതിമഹത്വത്തിന്റെയോ? കേരള ത്തില്‍ കഴിഞ്ഞ കാലത്തെ ചില വലിയ ഉതപ്പുകളുടെ ക്രിമിനല്‍ കേസ്സുകളില്‍ നേതാക്കള്‍ ഇരയുടെ കൂടെയായിരുന്നോ അതോ വേട്ടക്കാരന്റെ കൂടെയോ? ഭരിക്കാന്‍ ജനിച്ചവര്‍ എന്ന അന്ധവിശ്വാസം അബോധത്തില്‍ കൊണ്ടുനടക്കുന്നവര്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളില്‍ സഭ തകരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org