ഈഡിപ്പസ് നാടകം തുടരുന്നു

ഈഡിപ്പസ് നാടകം തുടരുന്നു
Published on
  • പോള്‍ തേലക്കാട്ട്

ക്രിസ്തുവിനുമുമ്പ് അഞ്ചാം നൂറ്റാണ്ടില്‍ സോഫോക്ലീസ് രചിച്ച് അരങ്ങേറിയ ഈഡിപ്പസ് രാജാവിന്റെ നാടകം തേബസ് രാജാവിന്റെ കഥയാണ്. ആ വിധത്തില്‍ രാഷ്ട്രീയമാണ്. ഈ നാടകത്തിന് മിഷേല്‍ ഫുക്കോയും ഹന്ന അറന്റും ഒരേ വിധത്തില്‍ ഇത് ജീവന്റെ നിലനില്‍പ്പിന്റെയും അതിന്റെ സ്വാഭാവികമായ ഇടര്‍ച്ചയുടെയും ജീവരാഷ്ട്രീയ (Bio-Politics) നാടകമായി വ്യാഖ്യാനിക്കുന്നു. ജീവന്റെ രാഷ്ട്രീയം എന്ന വിധത്തില്‍ ഏകാധിപത്യത്തിന്റെ അക്രമ രാഷ്ട്രീയമായി അവര്‍ കാണുന്നു. ഒരു നാടിനെ ബാധിച്ചിരിക്കുന്ന വസന്തയുടെ കഥ; നാടിന്റെ പ്രതിസന്ധി, ധാര്‍മ്മികമായ അക്രമവും കൊലയുമാണ് നടക്കുന്നത്. നാടിനെ മുഴുവന്‍ ബാധിച്ച മരണത്തിന്റെ വ്യാപക പ്രതിസന്ധി. ഇതിലേക്കാണ് ഈഡിപ്പസ് രാജാവ് ഉണര്‍ത്തപ്പെടുന്നത്, ഒരു വസന്തയെ നേരിട്ടവനാണ്.

കോറിന്തില്‍ നിന്ന് ഇറങ്ങിപ്പോകുന്നതു അറിവിനുവേണ്ടിയായിരുന്നു, തന്നെത്തന്നെ അറിയാന്‍. പക്ഷേ അയാള്‍ എത്തിയത് തേബസിലാണ്. അത് ഒരു വിളംബരം കേട്ടാണ്, രാജപദവിയും രാജ്ഞിയെയും കിട്ടും എന്ന വിളംബരം, വസന്തയുണ്ടാക്കുന്ന സമസ്യപൂരണം നടത്തിയാല്‍ മതി. അയാള്‍ നടന്നത് അധികാരകാമത്തിന്റെ വഴിയിലായിരുന്നു. അധികാരത്തിന്റെ സത്യത്തിനും സത്യത്തിന്റെ അധികാരത്തിനും ഇടയില്‍ അയാള്‍ സ്വീകരിച്ചത് അധികാര സത്യത്തിന്റെ വഴിയായിരുന്നു. അയാളില്‍ അധികാരത്തിന്റെ സത്യം ദൃശ്യമാക്കുന്നു നാടകം.

അധികാരവഴിയിലെ മനുഷ്യന്റെ വിധിയാണ് ഈഡിപ്പസ് എന്ന മനുഷ്യനില്‍ വെളിവാകുന്നത്. ഈഡിപ്പസ് നേരിടുന്ന മനുഷ്യന്റെ രാഷ്ട്രീയ വഴിയാണ് - അത് പിതൃഹത്യയുടെയും മാതൃഗമനത്തിന്റെയും അക്രമത്തിന്റെയും അതിനിന്ദ്യമായ ദുരന്ത സമസ്യയുടെ ആഖ്യാനമാണ്. വസന്തയുണ്ടാക്കുന്ന അക്രമത്തിന്റെ യക്ഷിയുടെ മുമ്പില്‍ ചെന്നു പെട്ടവന്‍ തന്റെ വിധിയുടെ വഴി സ്വീകരിക്കുന്നു.

ഈ നാടകം ആധുനിക ജീവിതത്തിന്റെ രണ്ടു വഴികള്‍ ചൂണ്ടുന്നതായി ഹന്ന അറന്റ് വ്യക്തമാക്കി. വായും വയറും കൈകളുമായി ജോലി ചെയ്യുന്ന തൊഴിലാളിയുടെ ഭൗതിക മാത്രമായ ആയോധന വഴി. തൊഴിലാളിയുടെ മോചന വഴി മാര്‍ക്‌സിനു വിപ്ലവ വഴിയായിരുന്നു - അക്രമത്തിന്റെ ആയോധനം - നിരന്തരമായ അക്രമത്തിന്റെയും ആധിപത്യത്തിന്റെയും വഴി.

അത് ചെന്നെത്തുന്നത് കണ്ണു കുത്തി നാടില്ലാതെ, ഇടമില്ലാതെ അലയുന്ന ദുരന്തത്തിലാണ്. ജന്മം തന്നെ ശാപമാകുന്ന വഴി. ജന്മ മഹത്വത്തിന്റെ രാജകീയ വഴിയായിരുന്നു അത്. ഈഡിപ്പസിനു തെറ്റിയത് എവിടെ? അയാള്‍ അബോധത്തിന്റെ വിധിയുടെ പാവയായി മാറിയോ? ''ഞാന്‍ നിര്‍ദോഷിയാണ്'' എന്ന് ഈഡിപ്പസ് ഒരിക്കലും പറയുന്നില്ല. നാടകം ആദ്യന്തം ഒരേ ഒരു പ്രശ്‌നത്തിന്റെയാണ് - അധികാരം - അതിന്റെ വഴി അക്രമവും. നാടകത്തില്‍ ഉടനീളം അയാള്‍ അധികാരത്തിന്റെയും അറിവിന്റെയും ബിംബമാണ്.

രണ്ടാമത്തേത്, പട്ടണത്തില്‍ വസിക്കുന്നവര്‍ അതിലെ ഓരോ അക്രമത്തിനും അധര്‍മ്മത്തിന്റെയും പ്രത്യാഘാതങ്ങള്‍ സഹിക്കക്കേണ്ടവരാണ്. എല്ലാവരും എല്ലാവരുടെയും സംരക്ഷകരും എല്ലാവര്‍ക്കും വേണ്ടി ധര്‍മ്മം പാലിക്കുന്നവരുമാകണം. ധാര്‍മ്മികത മനുഷ്യവ്യവസ്ഥയിലൂടെ ആന്തരികതയുടെ സത്തയാണ്. അസ്തിത്വ വിലാസത്തിന്റെ രഹസ്യവുമായി അത് ബന്ധപ്പെടുന്നു.

എന്നാല്‍ നാട് നേരിടേണ്ടി വന്ന പ്രശ്‌നം ധാര്‍മ്മികമായിരുന്ന അക്രമം. അത് ജനകീയ പ്രശ്‌നവുമായിരുന്നു. അത് ഒരു പട്ടണത്തിന്റെ വ്യാകരണ പ്രശ്‌നമായിരുന്നു - പട്ടണ വ്യവസ്ഥിതി. പട്ടണജീവിതം അസാധ്യമാക്കുന്ന വ്യാകരണ പ്രശ്‌നം ഈഡിപ്പസ് നേരിട്ടത് എങ്ങനെ? രാജാവിന്റെ വസതിക്കു മുമ്പില്‍ പട്ടണവാസികള്‍ പ്രാര്‍ഥിക്കുന്നു. അവരുടെ ആവലാതി പറയുകയായിരുന്നു. ഗ്രീക്ക് പാരമ്പര്യത്തിന്റെ അധികാര വഴി എന്തായിരുന്നു? ഗ്രീക്കുകാര്‍ അടിമകളെ പോലെയോ പ്രാകൃതരെ പോലെയോ (Barbarians) അക്രമത്തിന്റെ രാഷ്ട്രീയത്തില്‍ വിശ്വസിച്ചവരല്ല. രാഷ്ട്രീയവഴി ഭാഷണവഴിയായിരുന്നു.

അതിന്റെ പ്രധാന ശൈലി വാഗ്മീകത്വ (Rhetoric) ത്തിന്റെ വശീകരണമായിരുന്നു. പലമയുടെ നാട്ടില്‍ പലര്‍ക്കും തോന്നിയ അഭിപ്രായങ്ങളുടെ (doxa) സംയോജനത്തിലാണ് നഗര രാഷ്ട്രീയം നീങ്ങുന്നത്. അഭിപ്രായങ്ങള്‍ ആരായാതെ ദൈവത്തിന്റെ വെളിപാടിന്റെ വിശ്വാസപ്രമാണ (dogma) മാണ് ഈഡിപ്പസ് ക്രെയോണിനെ വിട്ട് ഡല്‍ഫിയില്‍ അന്വേഷിച്ചത്. സമൂഹത്തിന്റെ പൊതുപ്രശ്‌നത്തെ ഒരാളുടെ പ്രശ്‌നമാക്കി അയാളില്‍ അത് കെട്ടിവച്ച് നാടുകടത്തുന്ന ബലിയാടിന്റെ വഴിയാണ് സ്വീകരിച്ചത്. അധര്‍മ്മത്തിന്റെ അക്രമ പ്രതിസന്ധി ധര്‍മ്മത്തിന്റെ അടിസ്ഥാനം തേടി പരിഹരിക്കാന്‍ ശ്രമിക്കാതെ ആ പ്രശ്‌നത്തെ ഒരാളില്‍ അടിച്ചുപൂട്ടി.

വസന്തയുണ്ടാക്കിയ യക്ഷിയെ നേരിടാന്‍ യുക്തിയും ഭാഷയും ഉപയോഗിച്ചവന്‍ സാമൂഹിക പ്രശ്‌നത്തില്‍ അത് ഉപയോഗിച്ചില്ല. പ്രവാചകനായ തിരേസിയൂസിനെ നേരിടുന്നത് താന്‍ സ്പിന്‍ക്‌സിനെ ബുദ്ധികൊണ്ട് നേരിട്ടതു പോലെ എന്തുകൊണ്ട് ബുദ്ധി ഉപയോഗിച്ചില്ല എന്നാണ്. മറിച്ച് ക്ഷേത്രത്തിന്റെ ദൈവിക നിശ്ചയത്തില്‍ നഗരത്തിന്റെ പ്രശ്‌നപരിഹാരം നിശ്ചയിക്കപ്പെടുന്നു. നിശ്ചയം ഒറ്റ ആളിന്റെയാണ്-ഏകത്തിന്റെ ഏകമായ നിശ്ചയം. അത് ഒരാളില്‍ അടച്ചു പൂട്ടപ്പെടുന്നു - മറ്റാര്‍ക്കും അവിടെ പ്രവേശനമില്ല എല്ലാം ഏകത്തിന്റെ നിശ്ചയം. ലോകത്തിന്റെ വിധി ഒരാളുടെ നിശ്ചയത്തില്‍ നിര്‍ണ്ണയിക്കപ്പെടുന്നു.

വിധിയുടെ പിന്നില്‍ എന്ത്? വിധിച്ചവന്‍ വിധിയുടെ പിന്നില്‍ അനിവാര്യമായ ചിന്തയിലേക്ക് പിന്തിരിഞ്ഞോ? അധികാരത്തിന്റെ വിധിക്ക് പിന്നില്‍ ചിന്തയുടെ അധികാരമുണ്ടായിരുന്നോ? എല്ലാം തന്നിലേക്ക് ആവഹിച്ചെടുത്തവന്‍ അധികാരകാമത്തിന്റെ കൂട്ടിലായിപ്പോയ, ഗുഹയിലായിപ്പോയി. അത് ആത്മഹത്യപരമായ അഹത്തിലേക്കുള്ള പിന്‍വലിയലായിരുന്നു. മനുഷ്യസമൂഹത്തിന്റെ പൊതുബോധത്തില്‍ നിന്നുള്ള പിന്‍വലിയല്‍. യാഥാര്‍ഥ്യബോധം നഷ്ടപ്പെട്ട ചിന്താ വിഹീനനായി രാജാവ് മാറി. നഗരപ്രതിസന്ധിയില്‍ നിന്നു നഗരവാസികള്‍ പുറത്താക്കപ്പെട്ടു.

രാജാവിന്റെ അഹത്തിന്റെ ആധിപത്യത്തിന്റെ ഗുഹയില്‍ അടക്കപ്പെട്ട കുറ്റവാളിയായി അയാള്‍ മാറി. ലോകത്തിന്റെ പ്രത്യക്ഷങ്ങളുടെ പ്രാതിഭാസികതയില്‍ നിന്നു മാറി അഹത്തില്‍ അടച്ചുപൂട്ടിയവന്‍ സമൂഹത്തില്‍ ഉണ്ടായ ജീവിത വ്യാകരണ പ്രതിസന്ധിയുടെ പരിഹാര നിശ്ചയത്തിനു ജനങ്ങള്‍ക്ക് പങ്കാളിത്തമോ ഉത്തരവാദിത്വമോ ഇല്ലാതായി. അസ്തികേളിയുടെ പ്രാതിഭാസികതയെ ചിന്തിക്കുമ്പോള്‍ അസ്തിത്വബോധവും നഷ്ടമായി കണ്ണില്ലാത്തവനായി മാറി. ആകാശത്തേക്കു നോക്കി നടന്ന ഗ്രീക്കുകാരന്‍ താലസ് ആകാശനോട്ടത്തില്‍ കാലിന്റെ മുമ്പിലെ കിണര്‍ കാണാതെ കിണറ്റില്‍ വീണ കഥ സോക്രട്ടീസ് പറയുന്നതു തന്നില്‍തന്നെ പൂട്ടപ്പെട്ടവരോടാണ്. തന്നിലേക്കു തിരിഞ്ഞു യാഥാര്‍ഥ്യബോധത്തിന്റെ ചിന്തയിലേക്കു പിന്‍വലിഞ്ഞില്ല.

കര്‍മ്മനിരതനായവന്‍ കര്‍മ്മത്തിന്റെ പിന്നിലെ ചിന്തയുടെ മനനത്തെ അവഗണിച്ചു. അസ്തിത്വ വിളി കേള്‍ക്കാതെ ചിന്തയുടെ മരണത്തില്‍ നാടകം ദുരന്തപര്യവസായിയാകുന്നു. ഇത് ഈഡിപ്പസിന്റെ കഥയാണ്. ഈഡിപ്പസ് കോംപ്ലക്‌സ് ബാധിച്ചവരുടെ കഥയാണ്. തന്തയെ കൊന്നതും തള്ളയെ വ്യഭിചരിക്കുന്നതും അടങ്ങുന്ന അക്രമത്തിന്റെ അധികാരകാമത്തിന് വിട്ട് കൊടുക്കുന്ന ഏതൊരുവന്റെയും കഥയാണ്. ധര്‍മ്മ വഴി ഉപേക്ഷിച്ചാല്‍ ഈ കഥ ഈ ഭൂമിയിലെ ഏതു മനുഷ്യനും ഏതു സാഹചര്യത്തിലും ആവര്‍ത്തിച്ചു അരങ്ങേറും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org