ദുരന്തപ്രതിരോധത്തിന്റെ തകരച്ചെണ്ട

ദുരന്തപ്രതിരോധത്തിന്റെ തകരച്ചെണ്ട
Published on

ജര്‍മ്മന്‍ സാഹിത്യകാരനായ ഗുന്തര്‍ ഗ്രാസ് 1959-ല്‍ എഴുതിയ നോവലാണ് ''തകരച്ചെണ്ട.'' മൂന്നു വയസ്സുള്ള ഓസ്‌ക്കാര്‍ എന്ന കുള്ളന്റെ കഥയാണ്. നാസ്സി യുദ്ധാനന്തരമുള്ള ജര്‍മ്മനിയുടെ നാസ്സി പ്രതിരോധത്തിന്റെ കഥ. കുട്ടിക്കാലത്തിന്റെ നിഷ്‌ക്കളങ്കത അപഹരിക്കപ്പെട്ട ഒരു തലമുറയോടും അതിന്റെ നാസ്സിസത്തോടുമുള്ള പ്രതിഷേധത്തില്‍ വളരാന്‍ വിസമ്മതിക്കുന്ന ഒരു കുള്ളന്‍ കുട്ടിയുടെ കഥ. ഈ പയ്യനില്‍ വളരുന്നത് ഒരു പ്രത്യേക കഴിവാണ്. മറ്റാര്‍ക്കും കഴിയാത്തതുപോലെ അവന്‍ അലറുന്നു. അതിന്റെ ഫലമായി ചില്ലുകള്‍ തകരുന്നു. ഇതു 1938 നവംബര്‍ 9-10 തീയതികളില്‍ നാസ്സികള്‍ ജര്‍മ്മനിയിലെ യഹൂദരുടെ സ്ഥാപനങ്ങളും വീടുകളും തല്ലിത്തകര്‍ ത്ത രാത്രിയെ അവര്‍ അതിനെ ചില്ലുപൊട്ടിച്ച രാത്രി (Kristallnacht) എന്നു വിളിച്ചതിന്റെ മറ്റൊരു ഹാസ്യരൂപം. ഇങ്ങനെ യഹൂദരെ വേട്ടയാടിയപ്പോള്‍ ജര്‍മ്മന്‍ ജനത നിര്‍വികാരമായി നോക്കിനില്‍ക്കുക മാത്രം ചെയ്ത കുറ്റത്തില്‍ പങ്കാളികളായി. ഭാവി തലമുറയ്ക്കു പകര്‍ന്ന ഒരു പൈതൃകം! വീരപുരുഷന്മാര്‍ നാട്ടില്‍ ആരുമില്ലാതായി. എല്ലാവരും നാസ്സികളുടെ ക്രൂരതയില്‍ പങ്കുപറ്റി ഉണ്ടാക്കിയ ഒരു ദുരന്ത കാലത്തോട് കലഹിക്കുന്ന തലമുറയുടെ ഒരു പയ്യന്‍. നിര്‍ദോഷികളില്ലാത്ത ലോകം ഭാവിതലമുറയുടെ ബാല്യത്തിന്റെ നൈര്‍മ്മല്യം കവര്‍ന്നു കളഞ്ഞ തലമുറ. ഈ നാസ്സി അനുഭവം വര്‍ത്തമാനബോധത്തിന്റെ സ്ഥിരസാന്നിധ്യമാക്കി സാഹിത്യകാരനായി ഗുന്തര്‍ ഗ്രാസ്. ഓസ്‌ക്കര്‍ അലറി ചില്ലുകള്‍ പൊട്ടിക്കുക മാത്രമല്ല. അവന്റെ തലമുറ ഈ കാലഘട്ടത്തിനെതിരെ ചെണ്ടകൊട്ടി ശബ്ദമുയര്‍ത്തുന്നു.

1959-ല്‍ ഗുന്തര്‍ ഗ്രാസ് എഴുതിയ നോവലാണ് 'തകരച്ചെണ്ട.' അത് കണ്ണീര്‍ വറ്റി കരയാനറിയാത്ത ജര്‍മ്മന്‍ ജനതയെ കരയിപ്പിച്ച നോവലാണ്.

ഈ ദുരന്തത്തിനെതിരെ ഒന്നും ചെയ്യാനില്ലാതെ നോക്കി നിന്ന ജര്‍മ്മന്‍ ജനതയുടെ പ്രതിരൂപവുമാണ് ഓസ്‌ക്കാര്‍. ചരിത്രത്തിന്റെ ശാപം അത് ആവര്‍ത്തിക്കുന്നു എന്നതാണ്. ഈ ദുരന്തകാലം ഒരിക്കലും തിരിച്ചു വരാത്തതുപോലെ ഈ പഴമയെ ഭാഷയുമായി നിത്യവര്‍ത്തമാനത്തില്‍ ബന്ധിതമാക്കുന്നു. ഓര്‍മ്മകളെ ചോദ്യം ചെയ്യുന്ന സാഹിത്യത്തിനു നട്ടെല്ലു നഷ്ടമായിട്ടില്ല എന്ന് ഈ നോവല്‍ തെളിയിക്കുന്നു.

മറക്കാനാവാത്ത രണ്ടു ചിത്രങ്ങള്‍ ഈ നോവല്‍ തരുന്നു. പട്ടണത്തിലെ പള്ളിയില്‍ ഓസ്‌ക്കാര്‍ പ്രവേശിച്ചു. ''ഇടതു വശത്തുള്ള അള്‍ത്താരയുടെ ഇടതുവശത്തു മുട്ടുകുത്തി ഉണ്ണിയേശുവിനെ ചെണ്ടയടിക്കാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ, ആ തെമ്മാടി ചെണ്ടയടിക്കുന്നില്ല. അവന്‍ ഈ കാലത്ത് ഒരു അത്ഭുതവും പ്രവര്‍ത്തിക്കുന്നില്ല. അവന്‍ ശപഥം ചെയ്തു, പൂട്ടിക്കിടക്കുന്ന പള്ളി വാതില്‍ക്കല്‍ നിന്നു വീണ്ടും ശപഥം ചെയ്തു. ഞാന്‍ ഇവനെ ചെണ്ടയടിക്കാന്‍ പഠിപ്പിക്കും, അടുത്തുതന്നെ.'' യേശുവിന്റെ ശബ്ദിക്കാനുള്ള അധികാരം തകിടം മറിഞ്ഞിരിക്കുന്നു. യേശു അവിടെ മൂകനായി ഇരിക്കുന്നു. ''അവന് താത്പര്യമുണ്ടെങ്കിലും അവന്‍ ചെണ്ടയടിക്കുന്നില്ല. എനിക്കു ബോറടിക്കുന്നു... പിന്നെ അവന്‍ അടിച്ചു. അവന്‍ പെട്ടെന്നു ചെണ്ടയടിച്ചു.'' ഓസ്‌ക്കാര്‍ ഒരേ സമയം യേശുവും അതേസമയം പിശാചുമായി സംഭാഷണത്തിലാണ്. നാസ്സി ക്രൂരത നടന്നപ്പോള്‍ സഭകള്‍ നിശ്ശബ്ദരായി, കുറ്റകരമായ നിശ്ശബ്ദത. മനുഷ്യനെ സംരക്ഷിക്കുന്ന ഭാഷ ഇല്ലാതായി. ഈ നോവല്‍ ഒരു റിയലിസ്റ്റ് കഥയാണ്, പക്ഷേ വിരുദ്ധോക്തിയുടെ സറ്റയര്‍ ഉടനീളമുണ്ട്. ഈ കഥ ഒരു പുരാണമാണ്, ഉപമയാണ്, പ്രേതകഥയാണ്. ദുരന്തത്തിന്റെ ഭീകരത അവതരിപ്പിക്കുന്ന കഥ. ഓരോ വാക്കും ഇതില്‍ പ്രതീകങ്ങളാണ്. ചരിത്രത്തില്‍ മൂടിക്കിടക്കുന്ന ഭീകര യാഥാര്‍ത്ഥ്യങ്ങള്‍ വെളിവാക്കുന്നു.

ഈ നോവലിന്റെ 42-ാം അധ്യായം ''ഉള്ളിയുടെ നിലവറ'' എന്നതാണ്. ഈ നിലവറയില്‍ ഒരു നിശാക്ലബാണ്. ഈ നിലവറയില്‍ ബാറില്ല, ഭക്ഷണ സാധനങ്ങളില്ല. ഇവിടെ ഹൃദയം നിറയുമ്പോള്‍ കണ്ണുനിറയും എന്നതു ശരിയല്ല. കണ്ണീരില്ലാത്ത ഒരു കാലമാണ് കഴിഞ്ഞത്. ഈ നിശാക്ലബിന്റെ ചുമതലക്കാരന്‍ എല്ലാവര്‍ക്കും അരിഞ്ഞു നുറുക്കാനുള്ള പലകയും പലതരം കത്തികളും നല്കുന്നു. പല തരത്തിലുള്ള ഉള്ളികള്‍ അരിഞ്ഞു ചാറാക്കുന്നവിധം ചെറുതാക്കന്‍ കൊടുക്കുന്നു. ഉള്ളിയുടെ നീര് എന്തു ചെയ്യും? ലോകത്തിന്റെ ദുഃഖങ്ങള്‍ക്കു ചെയ്യാന്‍ കഴിയാതിരുന്നതു ഉള്ളിയുടെ നീരു നിര്‍വഹിക്കുന്നു. ഉള്ളിയുടെ നീര് അവരെ കരയിപ്പിച്ചു. ഒരു ദുഃഖവും അവരെ കരിയിപ്പിച്ചില്ല. അവസാനമായി അവര്‍ക്കു കരയാന്‍ കഴിയും എന്നായി. ശരിക്കും കരയുക, ഒരു തടസ്സവുമില്ലാതെ ഭ്രാന്തമായി കരയുക. കണ്ണീരൊഴുക്കുക, അത് എല്ലാം മാച്ചു കളഞ്ഞു. മഴ വന്നു, മഞ്ഞു പെയ്തു, മലവെള്ളത്തിന്റെ അടപ്പുകള്‍ തുറക്കപ്പെടുന്നതായി ഓസ്‌ക്കാറിനു ദര്‍ശനമുണ്ടായി. ഒരു സര്‍ക്കാരിനും തടയാനാവാത്ത വിധം എല്ലാ ഉറവകളെയും അതിക്രമിച്ചൊഴുകുന്ന പുഴയുടെ പേര് എന്താണ്?

ഉള്ളിയുടെ നിലവറയില്‍ നടന്നത് ഒരു കൂത്തായിരുന്നു. ഓസ്‌ക്കാറും അയാളുടെ സംഘവും ബാന്റിന്റെ സംഗീതം ആലപിച്ചു. ഓസ്‌ക്കാര്‍ പിന്നെയും തകരച്ചെണ്ടയെടുത്തു. അയാള്‍ വീണ്ടും മൂന്നു വയസ്സുകാരനായി. അതു നഗരത്തിന്റെ നിശാ ക്ലബായി. കണ്ണീര്‍ വറ്റി കരയാനറിയാത്ത ജര്‍മ്മന്‍ ജനതയെ കരയിപ്പിച്ച നോവല്‍. തങ്ങള്‍ സൃഷ്ടിച്ച ദുരന്ത ചരിത്രം കരഞ്ഞു കാണാന്‍ പഠിപ്പിക്കുന്ന നോവല്‍. ദുരന്ത കാലം മറക്കാതെ ദുരന്തമകറ്റുന്ന കഥ.

ഇതുപോലൊരു ദുരന്ത കാലമാണ് സീറോ മലബാര്‍ സഭയില്‍ ഉണ്ടായത്. അതിലെ ഭൂരിപക്ഷം വിശ്വാസികളും വൈദികരും നിര്‍വികാരരായി അതു നോക്കിനിന്നു. കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഭീകര ഉതപ്പുകള്‍ ഉണ്ടാകുന്നത് അവര്‍ കണ്ടു. ഇതു കണ്ടു നിന്നവര്‍ കുറ്റകരമായ അനാസ്ഥയില്‍ കണ്ണീരില്ലാത്തവരായി. ഈ ദുരന്ത കാലം ഇനിയും വരാതിരിക്കാന്‍ കരയാന്‍ പോലും കഴിയാത്തവരായി തുടരുന്നു. ഈ വലിയ പതനം തിരിച്ചറിയാതെ നമുക്കു ഭാവിയുണ്ടോ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org