കണ്ണില്‍ ഇരുട്ട് കയറിയ കാലം

കണ്ണില്‍ ഇരുട്ട് കയറിയ കാലം
Published on
  • പോള്‍ തേലക്കാട്ട്

കണ്ണില്‍ ഇരുട്ട് കയറിയ കാലമുണ്ടായി. എന്തുകൊണ്ട് അതുണ്ടായി എന്നതു വിവാദപരമായി നീളുന്നു. അധികാരിയായി വന്നയാള്‍ കഠിന കാലുഷ്യം കൊണ്ടുവന്നിരിക്കുന്നു എന്നറിഞ്ഞു. അത് അദ്ദേഹത്തിന്റെ കൂടെ കുറെക്കാലം ജോലി ചെയ്താണ് അറിഞ്ഞത്. തിന്മയുടെ പഴം തിന്ന അറിവ്. അതില്‍ നിന്ന് ഇടറി മാറി. ഭൂമി വിവാദത്തില്‍ സഹവൈദികരും ഇടറി. അധികാരിയെ സംബന്ധിക്കുന്ന രേഖകള്‍ കിട്ടി. അത് അധികാരിക്കു കൊടുത്തു. മാധ്യമങ്ങള്‍ക്കല്ല കൊടുത്തത്. അതു കുറ്റകൃത്യമാക്കി കേസ്സാക്കി.

പൊലീസ് കേസ് നേരിട്ടു. എന്റെ പ്രാദേശിക സഭ മുഴുവന്‍ പ്രക്ഷോഭത്തിലായി. അധികാരികള്‍ ഈ സഭാസമൂഹത്തെ ഒറ്റപ്പെടുത്തി. അവസരങ്ങള്‍ നിഷേധിച്ചു, പീഡിപ്പിച്ചു. അദ്ദേഹം ചെയ്തതൊക്കെ എല്ലാവരും ചെയ്യുന്നതാണ് എന്ന ഒഴുക്കന്‍ ന്യായീകരണം നിരന്തരം കേട്ടു. വല്ലാത്ത കഷ്ടകാലം സഭയില്‍ പിറന്നു. ശാപഗ്രസ്ഥമായ ദിനങ്ങളില്‍ എന്തിന് ഈ വഴിക്കു നടന്നു എന്നു ചോദിച്ചുപോയി. വെളിച്ചം കെട്ട അധികാരത്തിന്റെ വേദിയില്‍ നിന്നു ഇറങ്ങിപ്പോന്നു, അനീതിപരമായ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞുകൊണ്ട്. ഈ കറുത്ത കാലത്തു വെളിച്ചം കിട്ടിയതു വായനയിലാണ്.

ഹന്ന ആറന്റിന്റെ ''ഐക്മാന്‍ ജെറുസലേമില്‍'' വായിച്ചു. ഭീകര കൊല യുടെ കുറ്റവാളി ചിന്തയില്ലാത്തവനായിരുന്നു എന്നറിഞ്ഞു. ചിന്തയില്ലാത്ത ജീവിതം മറ്റുള്ളവര്‍ക്ക് കറുത്തകാലം സൃഷ്ടിക്കുന്നു. സ്വന്തം അധികാരകാമ ത്തിന്റെ ഉന്മാദത്തില്‍. തിന്മ അസാന്നിധ്യമാണ് എന്ന് അഗസ്റ്റിനെ പഠിച്ച പ്പോള്‍ മനസിലായി. അതേ, കളപറിക്കലില്‍പ്പെട്ട അഗസ്റ്റിന്റെ വിലാപം ശരിക്കും മനസ്സിലാക്കി. എന്തുകൊണ്ട് ചിന്തിക്കാന്‍ കഴിയുന്നവര്‍ ചിന്തയി ല്ലാത്തവരാകുന്നു? അഗസ്റ്റിന്റെ കാമ ചിന്ത (cupidity) അതിനു ഉത്തരം നല്‍കുന്നു. അറന്റിന്റെ ''മനുഷ്യാവസ്ഥ'' (The Human Condition) വായിച്ചു. അതിലാണ് മനുഷ്യന്റെ ജീവിതാടിസ്ഥാന സത്തയുടെ അന്വേഷണം ഞാന്‍ കണ്ടത്.

എന്തുകൊണ്ട് ചിന്തയില്ലായ്മ? സ്വാതന്ത്ര്യത്തിന്റെ പ്രഹേളിക! ആ പുസ്തകത്തിലാണ് മനുഷ്യന്റെ മഹത്വം ജന്മമഹത്വമല്ല; കര്‍മ്മമഹത്വമാണ് എന്നതു വ്യക്തമായി ഭാരതീയ ഗ്രീക്ക് സംസ്‌കാരങ്ങളെ വെല്ലുവിളിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചത്. മനുഷ്യമഹത്വം ആയിത്തീരലിന്റെ മഹത്വകഥയാണ്. അതായിരുന്നു യഹൂദ തനിമ.

''തുടക്കം ഉണ്ടാക്കാന്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടു.'' പുതുമകള്‍, തുടക്കങ്ങള്‍ ഉണ്ടാക്കാന്‍ മനുഷ്യന്‍ ഉണ്ടായിരിക്കുന്നു.

ഈ ആയിത്തീരല്‍ വി. പൗലോസും, വി. അഗസ്റ്റിനും ആവര്‍ത്തിച്ചു വ്യക്തമാക്കിയതു പോലെ മനുഷ്യന്റെ ഇച്ഛ നിര്‍വഹിക്കുന്ന അദ്ഭുതമാണ്. പക്ഷേ വി. പൗലോസ് വിവേചിക്കുന്നതു പോലെയും അഗസ്റ്റിന്‍ വേദനിക്കുന്നതു പോലെയും ചെയ്യാന്‍ ആഗ്രഹി ക്കുന്നത് ചെയ്യുന്നില്ല, ആഗ്രഹിക്കാത്തതു ചെയ്തുപോകുന്നു. ഇച്ഛയുടെ ബലഹീനതയുടെ മുറിവും മുള്ളും നിരന്തരം മനുഷ്യനെ വേദനിപ്പിക്കുന്നു.

കാന്റിനെക്കുറിച്ചുള്ള ഹന്നയുടെ പഠനത്തില്‍ മനുഷ്യന്റെ തീരുമാനം എന്ന വിധികളുടെ പാരമ്പര്യമാണ് വ്യക്തിയെ സൃഷ്ടിക്കുന്നത് എന്നറിഞ്ഞു. മനുഷ്യന്‍ മനുഷ്യനാകുന്നതു നിരന്തരമായ തീരുമാനങ്ങളുടെ വിധികളിലാണ്. അതു കാണാന്‍ കഴിയാതെ മനുഷ്യനെ തൊഴിലില്‍ നിര്‍വചിച്ച മാര്‍ക്‌സ് പ്രൊമിത്തിയൂസിന്റെ ഭക്തനായി. അഹന്തയുടെ വഴി, ചിന്തയാണ്, വിധിയാണ് മനുഷ്യനെ ഭിന്നനാക്കുന്നത്; ലോകത്തിലെ എല്ലാത്തില്‍ നിന്നും വ്യത്യസ്തനും, വ്യതിരിക്തനുമാക്കുന്നു. ഈ വ്യത്യാസത്തിന്റെ ഉറവിടം എവിടെ? മനുഷ്യന്‍ വിലസിക്കുന്നതു മറ്റുള്ളവരുടെ ഇടയിലാണ്.

അത് സാമൂഹികമാണ്, ഈ സാമൂഹികമായ ജീവിതം രാഷ്ട്രീയമാണ്. സാമൂഹിക ജീവിതത്തിന്റെ വ്യാകരണനിശ്ചയത്തിലെ പങ്കാളിത്തം. രാഷ്ട്രീയ ജീവിതവഴി ഭാഷണത്തിലാണ് അരിസ്‌റ്റോട്ടില്‍ നിര്‍വചിക്കുന്നത്. അടിമകളും സംസ്‌കാര ശൂന്യരുമാണ് അക്രമത്തില്‍ അധികാര വഴി കാണുന്നത്. ഹന്നയുടെ രാഷ്ട്രീയ ചിന്തയുടെ ഒരു അടിസ്ഥാനവാചകം അവര്‍ വി. അഗസ്റ്റിന്റെ ''ദൈവനഗര'' ത്തില്‍ നിന്ന് സ്വീകരിക്കുന്നു. ''തുടക്കം ഉണ്ടാക്കാന്‍ മനുഷ്യന്‍ സൃഷ്ടിക്ക പ്പെട്ടു.'' പുതുമകള്‍, തുടക്കങ്ങള്‍ ഉണ്ടാക്കാന്‍ മനുഷ്യന്‍ ഉണ്ടായിരിക്കുന്നു.

ഈവിധ തുടക്കങ്ങള്‍ മനുഷ്യന്‍ തന്റെ വിധികളിലാണ് ഉണ്ടാക്കുന്നത്. വിധികള്‍ ഭാഷണമാകാം, കര്‍മ്മങ്ങളാകാം. യാഥാര്‍ത്ഥ്യത്തിനും സാധ്യത യ്ക്കുമിടയിലെ വടംവലിയില്‍ മനുഷ്യന്‍ തന്റെ നിലപാടിന്റെ വിധി നടത്തുന്നു. അവിടെ ഞാന്‍ ഞാനുമായി ഇരിക്കുന്ന സ്വകാര്യതയിലാണ് ആരംഭങ്ങള്‍ ഉണ്ടാകുന്നത്. വിധിയില്‍ നിന്നും പിന്മാറുന്നതാണ് ജീവിതത്തെ വെറും ഒഴുക്കിന്റെ ഉത്തരവാദിത്വരാഹിത്യമാക്കുന്നത്. ഇത് ഏകാന്തതയല്ല, ഞാന്‍ ഞാനുമായി ഇരിക്കുന്ന സ്വകാര്യതയാണ്. ഞാന്‍ എന്നോടുകൂടിയാകുമ്പോള്‍ അത് മറ്റുള്ളവരോടു കൂടിയാകുന്നതുമാണ്. അതായത് പൊതുബോധവുമായി ഞാന്‍ ബന്ധിതനാകുന്നു. എന്റെ നിശ്ചയം പൊതുബോധവുമായി പൊരുത്ത പ്പെടാം, വിഘടിക്കാം. ആ നിലപാട് പൊതുബോധവുമായി ബന്ധിക്കാറുണ്ട്. ഈ വിധിയിലാണ് ഞാന്‍ തിന്മയില്‍ നിന്നു മാറി നില്‍ക്കുന്നത്. എനിക്ക് ചുറ്റും ഇരുട്ടാകുമ്പോള്‍ പോലും ഉള്ളിലെ ഉലയുന്ന വിളക്കിന്റെ പ്രഭയില്‍ ധീരമായി നില്‍ക്കുന്നതു ഞാനറിയുന്നു.

ഇതു ശരിയാണ്, അതു തെറ്റാണ് എന്ന് മന്ത്രിക്കുന്ന ഉള്ളിലെ വെളിച്ചവു മായി ജീവിക്കുന്ന സ്ത്രീ പുരുഷന്മാര്‍. ഈ വിധിയുടെയും വിവേചനയുടെയും വെളിച്ചം പ്രൊമിത്തിയൂസിനെപ്പോലെ സ്വന്തമാണ് എന്ന് പറയുന്ന അഹ ങ്കാരമില്ല. ഈ വെളിച്ചം എനിക്ക് കിട്ടുന്നു, അത് എന്റെയല്ല. ആ വെളിച്ച ത്തിന്റെ വിമര്‍ശനങ്ങള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. പ്രൊമിത്തിയൂസ്സിന്റേതു തെറ്റിവായനയായി ഞാന്‍ മനസ്സിലാക്കുന്നു.

എന്നെ ഉണ്ടാക്കുന്നതും ഞാന്‍ ഉണ്ടാക്കുന്നതും രണ്ട് സ്രോതസ്സില്‍ നിന്നല്ല. തുടക്കങ്ങള്‍ സങ്കല്‍പ്പിക്കാനും തുടങ്ങാനുമാകുന്നില്ലെങ്കില്‍ മനുഷ്യന്‍ മനുഷ്യനാകാന്‍ പരാജയപ്പെടുന്നു. തുടക്കത്തിന്റെ ഈ അടിസ്ഥാനം വിലാസമണ്ഡലത്തില്‍ നിന്നു പിന്‍വാങ്ങി നില്‍ക്കുന്നു. അതിന്റെ പേര് പറയാം, പറയാതിരിക്കാം. ഈ വിധി നടത്തുന്ന ചിന്തയില്ലാത്ത നേതൃത്വമാണ് സഭയില്‍ ഞാന്‍ നിരന്തരം കണ്ടത്. ഈ ചിന്താശൂന്യതയുടെ കാഠിന്യം നിരന്തരം കാണുന്നു. ചിന്താശൂന്യമായ വിഭാഗീയതയുടെ കഠിനമായ അധര്‍മ്മങ്ങളും ചതിയും നുണയും ധാരാളം കാണേണ്ടിവന്നു. ചിന്തയില്ലാത്ത ഉത്തരവാദിത്വരാഹിത്യം സഭയെ ഭരിച്ചു. യൂറോപ്പില്‍ ഉണ്ടായ ഡോ. ഹൗസ്റ്റസിന്റെ മന്ത്രവാദക്കഥയും ഗ്രീക്കുകാരുടെ ഈഡിപ്പസിന്റെ അബോധക്കഥയും പിന്നെയും സംഭവിക്കുന്നതു കാണുന്നു - അതിന്റെ ഇരുട്ട് പരത്തുന്നു. കാവ്യാത്മകമായി ചിന്തിക്കുന്നവര്‍ സഭയില്‍ നിരന്തരം കുറയുന്നു, പുതുമയുടെ പ്രഭാതങ്ങള്‍ വിരിയട്ടെ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org