അധഃപതനത്തിന്റെ ആഴം

അധഃപതനത്തിന്റെ ആഴം
Published on

ഒരാളുടെ എഴുത്ത് അയാള്‍ക്കുശേഷവും നിലനില്‍ക്കുന്നു. അത് ആ വ്യക്തിയെക്കുറിച്ചുള്ള സാക്ഷ്യമാണ്. സീറോ മലബാര്‍ സഭയിലെ മെത്രാന്മാര്‍ക്ക് ഇതിനകം കിട്ടിയിട്ടുള്ള ഒരു എഴുത്താണ് ഈ കുറിപ്പിനാധാരം. എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്തിന്റേതായി പറയുന്ന എഴുത്ത്. അദ്ദേഹത്തിന്റെ സ്ഥിരമായ ചില വാക്കുകളും പ്രയോഗങ്ങളും ഇതിലുണ്ട്. ഈ കത്ത് വത്തിക്കാനില്‍ കത്തോലിക്കാസഭയുടെ പരമാധികാരിയായ മാര്‍പാപ്പയ്ക്ക് 2023 ഒക്‌ടോബര്‍ 9-ാം തീയതി വച്ച് നല്കിയിട്ടുള്ള കത്താണ്. ഈ കത്തിന്റെ നിര്‍ദേശമനുസരിച്ചാകാം ഇപ്പോള്‍ മേജര്‍ ആര്‍ച്ചുബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്റും ഒപ്പുവച്ച് ഇറക്കിയിരിക്കുന്ന സര്‍ക്കുലര്‍. സമാനമായ പദപ്രയോഗങ്ങളും ശൈലീസാമിപ്യവും കാണാം. ഈ കത്ത് വത്തിക്കാന്‍ അധികാരികളെ സ്വാധീനിച്ചിട്ടുണ്ട് എന്നു വേണം കരുതുവാന്‍. ഇതില്‍ ഉന്നയിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥയാണ് വിവാദപരമാകുന്നത്. ആരോപണങ്ങളും കത്തു പറയുന്ന കാര്യങ്ങളും ശ്രദ്ധിക്കാം.

1) 1999-ലെ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ അസംബ്ലിയില്‍ ഏകീകൃത കുര്‍ബാനയര്‍പ്പണത്തെക്കുറിച്ച് വിശദമായ സംഭാഷണങ്ങളും ചര്‍ച്ചകളും ഉണ്ടായി.

2) എറണാകുളത്തെ കലാപകാരികള്‍ (rebel) എന്നു വിളിക്കപ്പെടുന്നവര്‍, എറണാകുളത്തെ വസ്തു വില്പനയെക്കുറിച്ച് കാര്‍ഡിനല്‍ ആലഞ്ചേരിയേയും സഭയേയും അപകീര്‍ത്തിപ്പെടുത്താന്‍ കൃത്രിമമായി കെട്ടിച്ചമച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

3) 35 രൂപതകളില്‍ 34 ലും സിനഡ് തീരുമാനം നടപ്പിലാക്കി. എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപതയിലെ ധാരാളം വൈദികരും ഭൂരിപക്ഷം ജനങ്ങളും അധികാരികളെ അനുസരിക്കാനും സഭയുടെ കൂട്ടായ്മയില്‍ തുടരുവാനും സിനഡിന്റെ വിധത്തില്‍ കുര്‍ബാനയര്‍പ്പിക്കാനും ആഗ്രഹിക്കുന്നു. എന്നാല്‍ വിഘടിക്കുന്ന (rebel) വൈദികരും അല്‍മായരും സഭാവിരുദ്ധരുടെ ഒത്താശയോടെ പലവിധത്തില്‍ ഭീഷണിപ്പെടുത്തുന്നു.

4) സഭയ്ക്കകത്തും പുറത്തുമുള്ള സഭാവിരുദ്ധ സംഘങ്ങളുടെ (ക്രൈസ്തവമല്ലാത്ത തീവ്രവാദസംഘങ്ങളും) സാമ്പത്തികവും തന്ത്രപരവുമായ സഹായം എറണാകുളത്തെ വിഘടന പ്രവര്‍ത്തകര്‍ക്കു ലഭിക്കുന്നു, സഭയെ വിഭജിക്കണം, നശിപ്പിക്കണം എന്ന ലക്ഷ്യത്തോടെ അവര്‍ സഹായിക്കുന്നു.

5) മേജര്‍ ആര്‍ച്ചുബിഷപ്പിനു സഭയുടെ പൊതുകാര്യങ്ങളില്‍ മുഴുകയും പലപ്പോഴും വിദേശങ്ങളിലായിരിക്കുകയും ചെയ്യുന്നതുകൊണ്ട് അതിരൂപതയുടെ അച്ചടക്കത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതുകൊണ്ട് അതിരൂപത അച്ചടക്കരാഹിത്യത്തിലാണ്.

6) ''ജനസ്വരം ദൈവസ്വരം'' എന്ന പല്ലവി ഉദ്ധരിച്ചുകൊണ്ട് ജനങ്ങളുടെ സ്വരം ദൈവസ്വരമായി അംഗീകരിക്കണമെന്ന വിധത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സിനഡാലിറ്റിയെക്കുറിച്ചുള്ള പ്രബോധനത്തെ വ്യാഖ്യാനിച്ച് റിബലുകളുടെ നേതാക്കള്‍ പ്രചരിപ്പിക്കുന്നു.

7) തങ്ങള്‍ക്കു പിന്‍തുണ കിട്ടാന്‍വേണ്ടി കത്തോലിക്ക അകത്തോലിക്ക സഭാനേതാക്കളുടെ പിന്‍തുണ തേടുന്നു. അതിലൊന്നാണ് കല്‍ദായ പാത്രിയര്‍ക്കീസ്.

8) ഭരിക്കാന്‍ സാധിക്കാത്ത വിധം അതിരൂപത വലുതാണ്. അതു വിഭജിക്കാനും നിര്‍ദേശങ്ങളുണ്ട്. തങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും സിനഡ് നശിപ്പിക്കുന്നു എന്നും അവര്‍ക്കു ചങ്ങനാശ്ശേരി പക്ഷത്തെ പ്രതിഷേധിക്കാന്‍ സാധിക്കാത്ത വിധത്തില്‍ സിനഡ് അവരെ അപമാനിക്കുന്നു എന്നും വാദിക്കുന്നു.

9) എറണാകുളം-അങ്കമാലി അതിരൂപതയില്‍ നിന്നുള്ള മെത്രാന്മാര്‍ അവര്‍ക്കു പരോക്ഷ പിന്‍തുണ നല്കുന്നു.

ഈ പറഞ്ഞ ആരോപണങ്ങള്‍ എല്ലാം മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചിട്ടുള്ളതാണ്. ഇതില്‍ പലതും തെറ്റാണ് എന്ന് അറിയാം. കാര്‍ഡിനല്‍ ആലഞ്ചേരിക്കെതിരെ വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമച്ചു എന്നല്ലേ പറയുന്നത്? അതിനെക്കുറിച്ച് രണ്ടു കോടതി വിധികളുണ്ട്. അതൊക്കെ ഒളിച്ചുവച്ചത് എന്തിന്? കേരള ഹൈക്കോടതി ജസ്റ്റിസ് സോമരാജന്‍ കാര്‍ഡിനല്‍ ''കുറ്റകരമായ ഗൂഢാലോചന നടത്തി'' എന്നു വിധിയില്‍ പറയുന്നുണ്ട്. ഇവിടത്തെ ഭൂരിഭാഗം വൈദികരും ജനങ്ങളും ഏകീകൃത കുര്‍ബാനയാഗ്രഹിക്കുന്നവരാണ് എന്നതും വ്യാജമാണ്. ക്രൈസ്തവ തീവ്രവാദി സംഘങ്ങളില്‍ നിന്നു പണം സ്വീകരിക്കുന്നു എന്നത് അദ്ദേഹം തെളിവ് ഹാജരാക്കാന്‍ കടപ്പെട്ടവനാണ്. അതനുസരിച്ച് അദ്ദേഹം അഡ്മിനിസ്‌ട്രേറ്റര്‍ ആയിരുന്നപ്പോള്‍ നടപടി എടുക്കാതിരുന്നിട്ടാണ് ഇത് മാര്‍പാപ്പയോടു പറഞ്ഞത്. അദ്ദേഹം മാര്‍പാപ്പയോട് നുണ പറയുന്നു എന്നു വരുന്നത് ആ വ്യക്തിയെ പലതിനും അയോഗ്യനാക്കുന്ന ഇരുട്ടിന്റെ നിഴലാണ്. പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ ദരീദയുടെ ഒരു വാചകം ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കട്ടെ. ''ഞാന്‍ ഒരു കടലാസ് ബാക്കിയാക്കിക്കൊണ്ട് പോകുന്നു. എഴുത്തിന്റെ കൃതിയില്‍ നിന്നു രക്ഷപ്പെടുക അസാധ്യമാണ്. ഞാന്‍ എന്റെ മരണമെഴുതി ജീവിക്കുന്നു, ഞാന്‍ എന്തായി അവശേഷിക്കുന്നു എന്നറിയാതെ.''

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org