ആഢ്യബോധത്തിന്റെ ആധിപത്യ പ്രവണതകള്‍

ആഢ്യബോധത്തിന്റെ ആധിപത്യ പ്രവണതകള്‍

കേരളത്തിലെ തോമാശ്ലീഹായുടെ പിന്‍മുറക്കാര്‍ എന്നവകാശപ്പെടുന്നവര്‍ ചരിത്രത്തില്‍ ആഢ്യബോധത്തിന്റെ അവകാശബോധക്കാരായിരുന്നു. തങ്ങള്‍ ബ്രാഹ്മണ്യത്തിന്റെ ആഢ്യവര്‍ഗ്ഗമായി അംഗീകരിക്കപ്പെട്ടവരാണ് എന്നതു പാശ്ചാത്യ മിഷനറിമാരുടെ കാലം മുതലുള്ള ചരിത്രത്തിന്റെ അവശേഷിപ്പുകളില്‍ വ്യക്തമാണ്. ഏഴു വ്യാകുലങ്ങളുടെ കഥകള്‍ വായിച്ചാല്‍ അവിടെയും ഈ ജാതി ഔന്നത്യത്തിന്റെ കഥകള്‍ കേള്‍ക്കാം. പക്ഷെ, അന്നു കേരളത്തിലെ സുറിയാനി വൈദികര്‍ മൂന്നു ഭാഗമായിരുന്നു. കല്‍ദായ പക്ഷക്കാര്‍, വരാപ്പുഴ പക്ഷക്കാര്‍, നാട്ടുഭരണ പക്ഷക്കാര്‍. ഇവരൊക്കെ തങ്ങളുടെമേല്‍ ആധിപത്യം വേണ്ട എന്ന ചിന്താഗതിക്കാരുമായിരുന്നു. ലൂയിസ് പഴേപറമ്പിലിനെ പീഡിപ്പിച്ചത് സ്വന്തം ഇടവകക്കാരന്‍ തന്നെയായിരുന്നു എന്നതും മറക്കാനാവില്ല. പരസ്പരം പോരടിച്ചു എന്നര്‍ത്ഥം. പാറേമാക്കല്‍ തോമാ കത്തനാരുടെ വര്‍ത്തമാന പുസ്തകവും ഈ ആഡ്യബോധത്തിന്റെ തന്നെയാണ്. ശീമക്കാരുടെ ആധിപത്യമാണ് അദ്ദേഹം എതിര്‍ക്കുന്നത്. ഇടപ്പള്ളി പള്ളി വികാരി ചാക്കോ കത്തനാരെ ശീമക്കാര്‍ തല്ലി പീഡിപ്പിച്ചു കൊന്ന കഥയും അദ്ദേഹം പറയുന്നു. ആഢ്യജാതിക്കാര്‍ അനുഭവിച്ച ഈ പീഡനകഥ പറയുമ്പോഴും അദ്ദേഹം മുകളിലേക്കു നോക്കി വിമര്‍ശിക്കുന്നു, അധികാര ദുര്‍വിനിയോഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ശക്തമായ പ്രതിഷേധസ്വരങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും ഈ നാട്ടിലെ ബ്രാഹ്മണ്യത്തിന്റെ ചാതുര്‍വര്‍ണ്ണ്യത്തെയോ അതുമൂലം സംഭവിക്കുന്ന അനീതികളെയോ ഇവിടത്തെ ക്രൈസ്തവര്‍ വീണ്ടുവിചാരത്തിനു വിധേയമാക്കാന്‍ തയ്യാറായിട്ടില്ല. ചാക്കോ കത്തനാരെ പിടികൂടിയതും കൊന്ന തും വരാപ്പുഴയിലെ ശീമക്കാരച്ചന്മാരായിരുന്നു എന്നതു തത്വത്തില്‍ മാത്രം ശരിയാണ്. അവരായിരുന്നു അധികാരികള്‍, പക്ഷെ, അധികാരികളുടെ പട്ടാളമായത് ഇവിടത്തെ പുതുക്രിസ്ത്യാനികളായിരുന്നു. ഇത് എന്തുകൊണ്ട് സംഭവിച്ചു? ഈ ചോദ്യം ഒരിടത്തും ഉന്നയിക്കപ്പെടുന്നില്ല. ചരിത്ര സാക്ഷ്യങ്ങള്‍ നല്കുന്നവര്‍ക്ക് കീഴോട്ടു നോക്കുന്ന മാനസ്സികാവസ്ഥയുണ്ടായിരുന്നില്ല എന്നതാണ് സത്യം. പുതുക്രിസ്ത്യാനികളോടും തങ്ങളുടെ താഴേകഴിയാന്‍ വിധിക്കപ്പെട്ടവരോടും തങ്ങളുടെ കീഴാളരോടും ഈ ആഢ്യക്രിസ്ത്യാനികളുടെ നിലപാട് എന്തായിരുന്നു? അതവര്‍ പറയുന്നില്ല. അങ്ങനെ ഒരു ചോദ്യം അവര്‍ ഉന്നയിക്കുന്നില്ല.

ഇവിടെയാണ് ബ്രാഹ്മണ്യത്തിന്റെ കെട്ടുകഥ എത്ര വിദഗ്ദ്ധമായി വിശ്വാസസത്യങ്ങളേക്കാള്‍ ആഴമായി ഇവര്‍ ഏറ്റെടുത്തു എന്നതു നാം തിരിച്ചറിയണം. തോമാശ്ലീഹാ ഇവിടെ വന്നപ്പോള്‍, അഥവാ ക്രൈ സ്തവവിശ്വാസം ഈ മണ്ണില്‍ വേരുപിടിച്ചപ്പോള്‍ ഇവിടെ ബ്രാഹ്മണര്‍ ഉണ്ടായിരുന്നില്ല എന്ന ചരിത്ര സത്യം അംഗീകരിക്കാന്‍ ഇന്നും നാം തയ്യാറാണോ? റിഗ്‌വേദത്തിലെ ആദ്യ കവിതകളില്‍ പ്രകാശിതമാകുന്ന നാട് ഇന്ത്യയല്ല എന്നും റിഗ്‌വേദത്തില്‍ പറയുന്ന സരയൂ നദിയും സരസ്വതി നദിയും പേര്‍ഷ്യന്‍ മതത്തിന്റെ അവസ്തയില്‍ പറയുന്ന നദികളാണെന്നും ആധുനിക പഠനങ്ങള്‍ പറയുമ്പോള്‍ നാം അതൊന്നും അറിയാന്‍ താത്പര്യമില്ലാതെ ബ്രഹ്മണ്യത്തില്‍ ആണിവച്ചു കഴിയുകയാണ്. ഹാരപ്പയില്‍ യുദ്ധത്തിന്റെ അടയാളങ്ങളോ കുതിരയുടെ അസ്തിത്വ അടയാളങ്ങളോ ഇല്ല എന്നതു നാം ശ്രദ്ധിക്കുന്നില്ല. ആര്യന്മാരുടെ വര വും ആധിപത്യവും നമുക്കും അംഗീകൃത കെട്ടുകഥയാണ്.

ഹിന്ദുത്വയുടെ ഇത്തരം കെട്ടുകഥകളും വിഴുങ്ങി ഇസ്‌ലാം വിരുദ്ധതയുടെ മൗലികവാദത്തിലേക്കു നാം തലകുത്തി വീണത് എന്തിന്? ആധുനിക ഇന്ത്യയില്‍ സുറിയാനി ക്രിസ്ത്യാനികള്‍ സ്വീകരിച്ചിരിക്കുന്ന വര്‍ഗ്ഗീയ നിലപാടുകള്‍ക്ക് എന്ത് ചരിത്രബോധമുണ്ട്? ഇന്ത്യയിലെ നാനാ ജാതി ജനങ്ങളെയും അവരുടെ ഭാഷകളും സംസ്‌കൃതികളും നാം എങ്ങ നെ സ്വീകരിക്കുന്നു? ഇന്ത്യ എന്ന ബഹുസ്വര നാടിന്റെ വൈവിധ്യം സര്‍വ്വാത്മനാ സ്വീകരിക്കുന്ന ഒരു വിശ്വമാനവികതയുടെ സുവിശേഷാവകാശികളാണ് നാം എന്നതു തിരിച്ചറിയുന്നുണ്ടോ?

സുറിയാനിക്കാരന്റെ തനിമ ഒരു ഘര്‍വാപസി തനിമയാക്കി പഴയബ്രാഹ്മണ്യത്തിലേക്കു തിരിച്ചുപോകാനാണോ നമ്മുടെ രാഷ്ട്രീയ നീക്കം? പുതിയ നിയമവും പഴയ നിയമവും വായിക്കുന്നവരും ക്രൈസ്തവസഭയുടെ ചരിത്രം ശ്രദ്ധിക്കുന്നവരുമായ കത്തോലിക്കര്‍ക്കു എന്തു വംശമഹിമയാണ് അവകാശപ്പെടാനാകുക? സുറിയാനി കത്തോലിക്കന്റെ ശരീരം ഒരു സാഹചര്യവും ഒരു ഉപാധിയുമാണ്. അതു കോളനിവല്‍ക്കരണത്തിനാണോ നമ്മോട് ആ ശരീരത്തിന്റെ വിശ്വാസം പറയുന്നത്? അതു ചോദ്യം ചെയ്യുന്ന ഒരു ശാരീരികതയാണ്.

അതാണ് കൊച്ചി മെത്രാന്‍ ജോസഫ് കരിയിലില്‍നിന്ന് വടവാതൂര്‍ സെമിനാരി കേട്ടത്. അധികം കിഴക്കോട്ടു പോയി നാം പടിഞ്ഞാറ് എത്തു ന്നുണ്ടോ? ഞങ്ങളുടെ മേല്‍ മേലാളത്തം കൊണ്ടുവരണ്ട എന്നാണ് അദ്ദേഹം പറഞ്ഞത്. മേല്‍ജാതിബോധം ആധിപത്യബോധമായി അധികാരത്തിലാക്കുന്ന പ്രതിസന്ധികളാണ് കേരളത്തിന്റെ സഭയില്‍ സ്ഥിരം കണ്ടത്. വിദേശികളും സ്വദേശികളും ഈ അധികാര വീക്ഷണക്കാരായിരുന്നു. ഹേഗല്‍ പറയുന്നതനുസരിച്ചു അടിമ ആഗ്രഹിക്കുന്നത് ഉടമയാകാനാണ്, അടിമത്തം അവസാനിപ്പിക്കാനല്ല. ഈ ദൂഷിതവലയത്തിനുള്ളിലല്ലേ നാം കഴിയുന്നത്? അദ്ദേഹം ചരിത്രത്തില്‍ ഇടപെട്ടാണ് സംസാരിച്ചത്. ചരിത്രം ദൈവത്തിന്റെ ചരിത്രമാകുന്നതു ദൈവികര്‍ ചരിത്രത്തില്‍ ഇടപെടുമ്പോഴാണ്. ചരിത്രത്തിന്റെ പ്രതിസന്ധികളില്‍ നീതിയുടെ ഇടപെടലുകള്‍ നടത്താന്‍ സഭ സന്നദ്ധമല്ലാതെ അതു ബ്രാഹ്മണ്യത്തിന്റെ ഇടപെടലുകള്‍ ആക്കുന്നതിനെക്കുറിച്ചു നാം ചിന്തിക്കണം. സ്വന്തം കാര്യം മാത്രം നോക്കുന്ന സാമുദായിക ചിന്തയാണോ ചരിത്രത്തില്‍ സഭയുടെ കടമ? ചരിത്രത്തിലെ നീതിയുടെ പ്രതി സന്ധികളില്‍ കര്‍ത്തേസ്യന്‍ ''നിഷ്പക്ഷത'' നാം നിരന്തരം കാണുന്നു. ഈ നിഷ്പക്ഷത എത്രകണ്ട് ക്രൈസ്തവമാകും ധര്‍മ്മമാകും എന്ന് കരിയില്‍ പിതാവിനെ ഉപദേശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നാം ചരിത്രത്തിലേക്കു അയയ്ക്കപ്പെട്ടവരാണ്. ചരിത്രനിയോഗം ക്രൈസ്തവവിളിയാണ്. അതിനെ ജാതീയ വിളിയായി തെറ്റിദ്ധരിക്കുന്നു വക്രീകരിക്കുന്നു. നാസ്സിസത്തിന്റെ കാലഘട്ടത്തില്‍ സഭയുടെ പാപം നിഷ്പക്ഷതയായിപ്പോയി. അനുസരണം പാപകരമായ സ്ഥിതിവിശേഷമായിരുന്നു ഐക്മാനെപ്പോലുള്ളവരെ ജര്‍മ്മനിയില്‍ കുറ്റക്കാരാക്കിയത്. ഭൂതം വെല്ലുവിളിയുണര്‍ത്തുന്ന ഭാവിയുണ്ടാക്കാന്‍ പര്യാപ്തമാണ്. സാമുദായികതയുടെ ഭൂതം നമ്മെ വഷളാക്കാതെ ഭാവിയുടെ പ്രവചനമാക്കാന്‍ നമുക്കു കഴിയുമോ? ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്ന അധികാരപൊളിച്ചെഴുത്തിന് നാം തയ്യാറാണോ?

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org