അപരനെ പിശാചാക്കുന്നവര്‍

അപരനെ പിശാചാക്കുന്നവര്‍

ഫ്രാന്‍സിസ് യുംഗിന്റെ കൃതിയാണ്. ''കത്തോലിക്ക ക്രൈസ്തവരിലെ പ്രേതോച്ഛാടനത്തിന്റെ ഒരു ചരിത്രം.'' അതിന്റെ അവസാന ഭാഗത്ത് അദ്ദേഹം എഴുതി: ദൈവത്തിന്റെ സഭയെ എതിര്‍ത്തവരെ കത്തോലിക്കാസഭയുടെ യഥാര്‍ത്ഥ സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ ''അപര നിര്‍വചന'' ത്തിന് ഉപയോഗിച്ച പദമാണ് ഭൂതോച്ഛാടനം. കത്തോലിക്കാ സഭയില്‍ ഉണ്ടായ വിവാദങ്ങള്‍ക്കും സഭയുടെ ഉള്ളിലെ സംഘര്‍ഷങ്ങള്‍ക്കും ദൈവശാസ്ത്ര വിവാദങ്ങള്‍ക്കും, സഭയുടെ രാഷ്ട്രീയത്തിനും ഉപയോഗിക്കാന്‍ പറ്റിയ ആയുധങ്ങളായിരുന്നു പിശാചുബാധയും. പിശാചുബാധിതര്‍ എന്ന് ആരോപിച്ചവരെ പീഡിപ്പിക്കുകയും ദ്രോഹിക്കുകയും ചെയ്തപ്പോള്‍ അവര്‍ പറഞ്ഞു എന്നു പറയുന്ന വിവരങ്ങളും വിശദാംശങ്ങളും മറുപക്ഷത്തെ തേജോവധം ചെയ്യാന്‍ വിദഗ്ധമായി ഉപയോഗിക്കപ്പെട്ടു. കത്തോലിക്കാസഭുടെ അനുഷ്ഠാന വിധികള്‍ നൂറ്റാണ്ടുകളിലൂടെ പരിണമിച്ച് ഇന്നു കാണുന്ന വിധത്തിലെത്തിയതു ബാധ ഒഴിപ്പിക്കലിന്റേയും അനുഷ്ഠാനങ്ങളിലൂടെയുമാണ്. ഈ പാരമ്പര്യത്തില്‍ ഏറെ ശ്രദ്ധേയമായതു 1228-1298 കാലഘട്ടത്തില്‍ യാക്കോബൂസ് ദെ ഫൊറെജിനെ (Jaques de Voragine) എന്ന ഡൊമിനിക്കന്‍ സന്യാസി എഴുതിയ ''സുവര്‍ണ്ണ പുരാണം.'' അതു മുഴുവന്‍ വിശ്വാസജീവിതം സമ്പുഷ്ടമാക്കാന്‍ എഴുതിയ ഐതീഹ്യങ്ങളായിരുന്നു. അതിലൊന്നു ലിബിയന്‍ രാജാവിന്റെ മകളെ ഒരു വ്യാളിയില്‍ നിന്നു രക്ഷിച്ച കഥയാണ്. ഈ കഥയില്‍ വ്യാളിയെ കൊന്നാണ് മകളെ രക്ഷിക്കുന്നത്. ഈ കഥ തന്നെയാണ് വി. ഗീവര്‍ഗീസിന്റേതായി പ്രചാരത്തിലുള്ളത്. മധ്യശതകങ്ങളില്‍ വളരെ പ്രസിദ്ധമായിരുന്നു ഈ കൃതി. യൂറോപ്പിലെ എല്ലാ ഭാഷകളിലേക്കും തര്‍ജമ ചെയ്തിരുന്നു. ഇതില്‍ പറയുന്ന കെട്ടുകഥകള്‍ക്കും അത്ഭുതങ്ങള്‍ക്കും ഒരു ചരിത്രാടിസ്ഥാനവുമില്ല. അതുകൊണ്ട് പ്രൊട്ടസ്റ്റ് വിപ്ലവാനന്തരം ഇതെല്ലാം സഭാന്തരീക്ഷത്തില്‍ നിന്നും അപ്രത്യക്ഷമായി.

എന്നാല്‍ ഇതുപോലുള്ള കഥകള്‍ അക്കാലത്തെ സാധാരണ വിശ്വാസികളില്‍ ഉണ്ടാക്കിയ കാഴ്ചപ്പാട് അപകടകരമായിരുന്നു. അതു തിന്മകളുടെ ശക്തിയെക്കുറിച്ചുള്ള കാഴ്ചപ്പാടായിരുന്നു. തിന്മയുടെ പിശാച് ഒരു ചരിത്ര യാഥാര്‍ത്ഥ്യമായി ജനങ്ങള്‍ കരുതി. പ്രപഞ്ചത്തിനുള്ളില്‍ പലതില്‍ ഒന്നായി പിശാചു മാറി. അത് ആരിലും ആവസിക്കാം. അതിന്റെ യാഥാര്‍ത്ഥ്യം പാമ്പുപോലെയും പട്ടിപോലെയും ഒന്നായി മാറി. വി. അഗസ്റ്റിനും കൂട്ടരും തിന്മ ഒരു അസാന്നിധ്യമാണ് (privatio) എന്നു പഠിപ്പിച്ചതു പൂര്‍ണ്ണമായി അവഗണിക്കപ്പെട്ടു. അങ്ങനെ പിശാച് ആരെ വിഴുങ്ങണം എന്ന് അന്വേഷിച്ചു നടക്കുന്ന സാന്നിധ്യമായി.

ഹെന്റി ക്രെമര്‍ മധ്യശതകത്തിലെ പാഷണ്ഡികളെയും പിശാചു ബാധിതരെയും കുറ്റവിചാരണ നടത്തുന്ന വൈദികനായിരുന്നു. 1520 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച പുസ്തകമാണ് ''പിശാചിന്റെ കൊട്ടുവടി'' (Malleus Maleficarum). പിശാചുബാധിതരെ തിരിച്ചറിഞ്ഞ് അവരെ അടിച്ചിരുത്തി സഭയെ സംരക്ഷിക്കാനുള്ള വിദഗ്ധ ഗ്രന്ഥമായിട്ടാണ് ഇത് അംഗീകരിക്കപ്പെട്ടത്. ഈ പുസ്തകം പിശാചുബാധയുടെ കൃത്യമായ തെളിവുകള്‍ വ്യക്തമാക്കി. ആ കാലഘട്ടത്തില്‍ പിശാചു ബാധിതര്‍ എന്ന് സംശയിക്കുന്നവരെ പിടികൂടി പരിശോധിച്ചു തെളിയിച്ചു കത്തിക്കാന്‍ ഈ പുസ്തകം സഹായിച്ചു. ഇങ്ങനെയാണ് പിശാചു വേട്ട സഭ ആ കാലഘട്ടത്തില്‍ നടത്തിയത്. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ ഇഷ്ടമില്ലാത്തവരെ വേട്ടയാടാന്‍ പറ്റിയ ഒരു അബദ്ധ പുസ്തകമായിരുന്നു അത് എന്നു മാത്രമല്ല അതു സ്ത്രീകളുടെ മേലുള്ള പുരുഷാധിപത്യത്തിന്റെ കിരാത സ്വഭാവം വ്യക്തമാക്കി. ആ കാലഘട്ടത്തില്‍ ഇങ്ങനെ കൊല്ലപ്പെട്ടവരില്‍ 2/3 പേരും സ്ത്രീകളായിരുന്നു. കുറ്റാന്വേഷകര്‍ വിസ്താരം നടത്തുമ്പോള്‍ പ്രതികരണത്താല്‍ അതു പിശാചുബാധയാണ് എന്നതിന്റെ ഉറച്ച തെളിവായിരുന്നു!

ഇതു വ്യക്തമാക്കുന്നത് ആ കാലഘട്ടത്തില്‍ സഭയെ അടിമുടി ഭരിച്ചത് പ്രബോധനങ്ങളല്ലെങ്കിലും പ്രായോഗികമായി ഒരു തരം മനിക്കേയിസമായിരുന്നു. അതു കള പറിക്കുന്ന ഒരു പ്രത്യയ ശാസ്ത്രമാണ്. കള പറിക്കലായിരുന്നു പിശാചു വേട്ട. യേശു കള പറിക്കരുത് എന്നു പഠിപ്പിച്ചതു മറന്നു. ഇഷ്ടമില്ലാത്തവരെ കളയാക്കി പറിച്ചു മാറ്റി. ഇതേ പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസത്തില്‍ പ്രായോഗികമായത്. സ്റ്റാലിന്റെയും മാവോയുടെയും കാലഘട്ടങ്ങളില്‍ നടന്ന ഭീകരമായ പീഡന കൊലപാതകങ്ങളും കള പറിക്കലിന്റെ തുടര്‍ച്ചയായിരുന്നു. കമ്മ്യൂണിസത്തിനുള്ളില്‍ ജീവിച്ച അലക്‌സാണ്ടര്‍ ബോള്‍ ഷെനിറ്റ്‌സിന്‍ ''ഗുലാഗ് ആര്‍ച്ചി പെലാഗോ'' എന്ന നോവലില്‍, നന്മതിന്മകളെ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ വര്‍ഗങ്ങള്‍ ക്കിടയിലൂടെയും രാഷ്ട്രീയങ്ങള്‍ക്കിടയിലൂടെയും കടന്നു പോകുന്നു എന്നു പഠിപ്പിച്ചിരുന്നതായി പറയുന്നു. അങ്ങനെ മുതലാളി എന്നും ക്യാപിറ്റലിസ്റ്റ് എന്നും മുദ്രകുത്തി ആളുകളെ കൊന്നു. അടുത്ത കാലത്ത് വയനാട് വെറ്റിനറി കോളേജില്‍ ഒരു വിദ്യാര്‍ത്ഥിയെ പരസ്യമായി വിസ്തരിച്ച് ശിക്ഷിച്ചതും ഈ കള പറിക്കല്‍ തന്നെ.

ഇന്ന് കേരളത്തിലെ സഭയില്‍ ഇതിന്റെ ചില പ്രേതബാധകള്‍ കാണാം. വിയോജിക്കുന്നവരെ പിശാചുക്കളായി മുദ്ര കുത്തി ആക്ഷേപിക്കയും വ്യക്തിഹത്യ നടത്തുന്നതും കാണുന്നു. വര്‍ഗസമര തുല്യമായി മറ്റു നടപടികളും കണ്ണു തുറന്നാല്‍ കാണാവുന്നതാണ്. ഒരു അതിരൂപതയിലെ ജനങ്ങളോടും വൈദികരോടും പുലര്‍ത്തുന്ന വെറുപ്പിന്റെ ആധാരവും മറ്റൊന്നല്ല. പാശ്ചാത്യ നാടുകളിലെ പിശാചു ബാധയെക്കുറിച്ച് 2013-ല്‍ ബ്രെയന്‍ ലെവാക് എഴുതിയ പുസ്തകത്തിന്റെ പേര് ശ്രദ്ധേയമാണ്, ''പിശാച് അകത്ത്'' (The Devil within).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org