പലമ, ഒരുമ തനിമ

പലമ, ഒരുമ തനിമ

പോള്‍ തേലക്കാട്ട്

ഭാരതത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ വൈവിധ്യമാണ്. എന്നാല്‍ ഈ വൈവിധ്യത്തിലും അതു ദേശവും രാജ്യവുമായി നിലനില്ക്കുന്നു. ഈ ഒരുമ വൈവിധ്യങ്ങളുടെ ഒരുമയാണ്. വൈവിധ്യങ്ങളെ തച്ചുടച്ചുണ്ടാക്കുന്ന ഒരുമയല്ല. ഇവിടെ ഒരുമ വര്‍ദ്ധിപ്പിക്കാന്‍ വൈവിധ്യങ്ങളെ ഏകത്വത്തിലാക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ ഏകത്വത്തിന്റെ ആധിപത്യമാകാനുള്ള അപകടമുണ്ട്. പലമയും ഒരുമയും തമ്മിലുള്ള ആരോഗ്യകരമായ വഴി തനിമയുടെ വഴിയാണ്.

തനിമ തന്നെയാണ് നമുക്കും പ്രതിസന്ധിയാകുന്നതും. തനിമയെക്കുറിച്ചുള്ള തെറ്റായ ചിന്താഗതി തന്നെയാണ് ഒരുമയേയും പലമയേയും അപകടത്തിലാക്കുന്നത്. ഒരു തനിമ എന്നതു ജീവിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. അതു ചത്തു കല്ലിച്ചുപോയ ഭൂതമല്ല; ജീവിക്കുന്ന വര്‍ത്തമാനമാണ്. ചത്തതിന് ഒരു മാറ്റവും വരില്ല; അതു കല്ലുപോലെ കഠിനമായി മരവിച്ചിരിക്കും. അതില്‍ ജീവന്റെ ഒരു ചലനവും ഉണ്ടാകില്ല. തനിമ ചത്തതല്ല ജീവിക്കുന്നതാണ്. ഒരു സംസ്‌കാരം, ഒരു വ്യക്തിയുടെ തനിമ, ഒരു ഭാഷയുടെ തനിമ എന്നിവയൊന്നും ഭൂതത്തിന്റെ പുരാവസ്തുവല്ല. മൂന്നു ക്ലാസ്സിക് ഭാഷകളും മൃതഭാഷകളാണ്. ഒരു സമൂഹവും അതു അനുദിനജീവിതത്തില്‍ ഉപയോഗിക്കുന്നില്ല. ചത്ത ഏതു ഭാഷയുടെയും വ്യാകരണവും പദങ്ങളുടെ അര്‍ത്ഥവും ഒരു മാറ്റവുമില്ലാതെ നിശ്ചിതമായിരിക്കും. അവയുടെ നിഘണ്ടു മാറ്റിയെഴുതാനാവില്ല. എന്നാല്‍ ജീവിക്കുന്ന ഭാഷ അങ്ങനെയല്ല. അതിനു പുതുമ എപ്പോഴും ഉണ്ടാകും. വാക്കുകള്‍ക്ക് പുതിയ അര്‍ത്ഥങ്ങള്‍ ഉണ്ടാകും. വ്യാകരണങ്ങള്‍ മാറാം. പദങ്ങള്‍ക്കുള്ള അര്‍ത്ഥങ്ങളും വ്യംഗാര്‍ത്ഥങ്ങളും മാറിക്കൊണ്ടിരിക്കും.

മലയാളത്തില്‍ പണിക്ക് അര്‍ത്ഥമുണ്ടായിരുന്നു. എന്നാല്‍ പണ്ടില്ലാതിരുന്ന അര്‍ത്ഥത്തിലും പണി ഇന്ന് ഉപയോഗിക്കുന്നു. 'കൂട്ടായ്മ' എന്ന വാക്കിന് പണ്ടുണ്ടായിരുന്ന അര്‍ത്ഥമല്ല ഇന്നുള്ളത്. തേവരുടെ അടിശ്ശി എന്നതു സമസ്തപദമാക്കിയാല്‍ അതിന്റെ അര്‍ത്ഥം ദൈവദാസി എന്ന് പറഞ്ഞാല്‍ വലിയ അപരാധമാകും. ഭാഷയുടെ തനിമ കല്ലച്ചുപോയിട്ടില്ല എന്നു പറയുന്നതു പോലെയാണ് ഒരു സമൂഹത്തിന്റെ തനിമയും സംസ്‌കാരവും. ഭാഷയുടെ തനിമ ആ ഭാഷ ഉപയോഗിക്കുന്നവരാണ് നിശ്ചയിക്കുന്നത്. അവരുടെ സംഘാതമായ തീരുമാനത്തില്‍ അതു മാറാം, മാറാതിരിക്കാം.

വ്യക്തിക്കും നാടിനും സമൂഹത്തിനും മരണത്തോടെ സംഭവിക്കുന്നതു ജീവിച്ചിരിക്കുമ്പോള്‍ സംഭവിക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നവരാണ് മൗലികവാദികള്‍. ജര്‍മ്മന്‍ രാജ്യത്തില്‍ യഹൂദരുണ്ടായിരുന്നു. അവര്‍ ജര്‍മ്മന്‍കാരേയും അല്ലാത്തവരേയും വിവാഹം ചെയ്തു. നാടിന്റെ വൈവിധ്യത്തിന്റെ സാധാരണ നടപടി. ഇതു നാടിന്റെ വസന്തയായി മാറ്റുകയും ഇങ്ങനെ കല്യണം കഴിച്ച് ജര്‍മ്മന്‍ ജനതയുടെ ആദ്യതനിമ നഷ്ടപ്പെട്ടതാണ് ഒന്നാം ലോക മഹായുദ്ധത്തില്‍ ജര്‍മ്മന്‍കാര്‍ തോല്ക്കാന്‍ ഇടയായത് എന്ന് നാസികള്‍ പ്രസംഗിക്കാനും ഈ കാഴ്ചപ്പാട് പടര്‍ത്താനും തുടങ്ങി. ഈ വൈരപ്രചാരണം വെറും അബദ്ധത്തില്‍ അടിയുറച്ചതാണെന്ന് അറിയാം. പക്ഷെ, ഒരു നുണ ആവര്‍ത്തിച്ച് നേരാക്കാം ചില സമൂഹങ്ങളില്‍. അതിന്റെ ഫലമാണ് നാസ്സികള്‍ 60 ലക്ഷം യഹൂദരെ കൊന്നത്.

അമേരിക്കന്‍ ഐക്യനാടുകളുടെ മുദ്രാവാക്യം Pluribus unum – പലമയില്‍ നിന്നു ഒരുമ എന്നതാണ്. ഇവിടെ ഓരോരുത്തരും തങ്ങളുടെ തനിമ തിരിച്ചറിയണം. എന്റെ തനിമ മാറാന്‍ പാടില്ലാത്ത എന്റെ തനിമയല്ല. അതു എന്റെ സ്വാര്‍ത്ഥതയല്ല. എനിക്കു മാറാന്‍ കഴിയും എന്നത് ഉള്‍പ്പെടുന്നതാണ് എന്റെ തനിമ. എന്റെ തനിമ ആയിത്തീര്‍ന്ന തനിമയല്ല. ആയിക്കൊണ്ടിരിക്കുന്ന തനിമയാണ്. ഞാന്‍ എന്റെ തനിമയ്ക്കുള്ളില്‍ പൂട്ടി കഴിയുകയല്ല. എന്റെ തനിമ എല്ലാവരുമായുള്ള ബന്ധത്തില്‍ വളരുന്നതാണ്. എന്റെ സംസ്‌കാരം, എന്റെ മതം വേലികെട്ടി പുറത്തുനിന്ന് ഒന്നും സ്വീകരിക്കാനോ കൊടുക്കാനോ കഴിയാത്ത സംസ്‌കാരമല്ല. നമ്മുടെ നാട്ടിന്‍പുറത്തു ചില സ്ത്രീകള്‍ അപ്പോത്തിക്കിരിയുടെ അടുത്തുപോകുന്നു എന്നു പറയും. അവര്‍ പറയുന്ന വാക്ക് ഗ്രീക്കാണെന്ന് അവര്‍ അറിയുന്നില്ല. നമ്മുടെ ഭാഷയിലേക്കു സ്വീകരിച്ച ഒരു പദമാണ് – വൈദ്യന്‍.
എന്റെ സംസ്‌കാരത്തിനു ഒരു മാറ്റവും വരാന്‍ പാടില്ല എന്ന് ഇന്നുള്ളവര്‍ നിര്‍ബന്ധം പിടിക്കണോ? അതു അതിന്റെ അവകാശികള്‍ തീരുമാനിക്കട്ടെ. തീരുമാനിച്ചതു തിരുത്താന്‍ വരുന്ന തലമുറയ്ക്ക് അവകാശം നിഷേധിക്കണ്ട. തനിമകളുടെ കാര്യത്തില്‍ അന്ത്യവിധി നടത്തുന്നവര്‍ അന്ത്യത്തിന്റെ ആളുകളാണ്. ഏതു തനിമയും ഉത്തരവാദിത്വ പൂര്‍ണ്ണമായ തീരുമാനങ്ങളിലൂടെ ഓരോ തലമുറയും സ്വീകരിക്കുന്നതാണ്. അതു സ്ഥിരമായി നിലനില്ക്കുന്നില്ല. മലയാളി പുരുഷന്മാര്‍ കോണകമുടുത്തിരുന്നു, പിന്നെ മുണ്ടുടുത്തു, ഡബിള്‍ മുണ്ടുടുത്തു, പാന്റ് ഇട്ടു, നിക്കര്‍ ഇട്ടു. ഭാഷയില്‍ ഏതുടുക്കണമെന്ന് ആരും കല്പിക്കാതിരിക്കട്ടെ!

യഹൂദര്‍ വൈദികപാരമ്പര്യവും ദേവാലയത്തില്‍ മൃഗബലിയും ഉണ്ടായിരുന്നവരാണ്. നാട്ടില്‍നിന്നു പല നാടുകളിലായി ചിതറി, ബലി നിറുത്തി, ദേവാലയം പണിതില്ല, പൗരോഹിത്യം നിറുത്തി അവര്‍ സിനഗോഗു തുടങ്ങി. ബലിക്കുപകരം വേദവായന തുടങ്ങി. പുരോഹിതര്‍ ഉണ്ടായില്ല, റബ്ബിമാരുണ്ടായി. യഹൂദ മതത്തില്‍ നിന്നാണ് ക്രിസ്തുമതം ഉണ്ടായത്. ക്രിസ്ത്യാനികള്‍ ഛേദനാചാരം വേണ്ടെന്നു വച്ചു. യഹൂദര്‍ യഹൂദരായി തുടരുന്നു. ക്രൈസ്തവര്‍ പല നാടുകളില്‍ ക്രൈസ്തവവിശ്വാസം പല വിധത്തില്‍ ആചരിക്കുന്നു.

ചരിത്രത്തെ ഇന്നലെകളുടെ ആവര്‍ത്തനമാക്കാനാണ് മൗലികവാദികള്‍ ശ്രമിക്കുന്നത്. അവര്‍ ചരിത്രത്തിലെ ചില ഭാഗങ്ങള്‍ ആദര്‍ശമാക്കുന്നു. മനുഷ്യന്റെ എല്ലാക്കാലത്തേയും ചൈതന്യത്തെ അറിയാനും ഓര്‍മ്മിക്കാനും കഴിയണം. ഓര്‍മ്മിക്കല്‍ ആവര്‍ത്തിക്കാനല്ല. ഓര്‍മ്മയില്‍ നിന്നു നാളെകളെ ഉണ്ടാക്കാനാണ്. ഭാവി ഉണ്ടാക്കാന്‍ ഭൂതം സാധ്യതകള്‍ തരും. പക്ഷേ, ഭാവിയെ ഭൂതമാക്കരുത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org