സഭയ്ക്കുള്ളിലെ വൈരുദ്ധ്യാത്മകത
സീറോ മലബാര്‍ സഭയിലെ ആരാധനക്രമ വിവാദത്തില്‍ ഒരു പരിഹാരത്തിനു സാധ്യതയില്ലാത്ത വിധത്തില്‍ വഷളാകുകയാണ്. മഹാഭൂരിപക്ഷത്തിന്റെ ബലത്തില്‍ ഐക്യ രൂപ്യം അടിച്ചേല്‍പ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നു അധികാരികള്‍ പിന്നോട്ടില്ല എന്നു വരുന്നു. ഒരു ചര്‍ച്ചയ്ക്കും തയ്യാറില്ലാത്ത നിലപാടുകളാണ് പ്രകടമാകുന്നത്. അധികാരം പുതിയ മുഖമെടുക്കുകയാണ്.
1999-ല്‍ 50:50 ഫോര്‍മുല ഏകകണ്ഠമായി അംഗീകരിച്ചതായിരുന്നു. അതില്‍നിന്ന് ആര്‍ച്ചുബിഷപ്പ് ജേക്കബ് തൂങ്കുഴിയും പിന്നെ കാര്‍ഡിനല്‍ വര്‍ക്കി വിതയത്തിലും പിന്മാറി. അത് അവരുടെ അനുസരണക്കേടും അവിവേകവുമായി ഇപ്പോഴത്തെ സിനഡ് പിതാക്കന്മാര്‍ കാണുന്നുണ്ടോ? യാഥാര്‍ത്ഥ്യം ആശയത്തേക്കാള്‍ പ്രധാനമാണ് എന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഒരു തത്വമാണ്; ഒരു നിലപാടാണ്. മുന്‍പത്തെ പിതാക്കന്മാര്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ് എന്ന് തിരിച്ചറിഞ്ഞ് അവരുടെ ആശയത്തില്‍ നിന്നു പിന്മാറുകയായിരുന്നു. ഈ വക കാര്യങ്ങളില്‍ പൊതുനന്മയാണ് വ്യക്തികളല്ല പ്രധാനമെന്ന് അവര്‍ നിശ്ചയിച്ചു.
നടപ്പിലാക്കാന്‍ കഴിയാതിരുന്ന പഴയ തീരുമാനം വീണ്ടും പൊക്കിയെടുത്തത് സഭയുടെ നന്മയ്ക്കുവേണ്ടിയായിരുന്നോ? അതോ സാമ്പത്തിക കൈകാര്യത്തിലെ പ്രതിസന്ധിയില്‍ നിന്നു ശ്രദ്ധ തിരിക്കാനും ചിലരുടെ പിന്തുണ വര്‍ധിപ്പിക്കാനും ചിലരെ പാഠം പഠിപ്പിക്കാനുമായിരുന്നോ? ഐക്യരൂപ്യം വലിയൊരു ലക്ഷ്യമെല്ലന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവര്‍ത്തിച്ചു പറയുന്നതു പോലും ആരും ശ്രദ്ധിക്കുന്നില്ല. ഇവിടെ നടന്ന ഏറ്റവും കൗശലപൂര്‍വമായ അട്ടിമറി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത് സംഘടിപ്പിച്ചതാണ്. അങ്ങനെ ഒരു കത്തിന്റെ ആവശ്യം ഇല്ലാതിരിക്കെ അതു സംഘടിപ്പിച്ചത് ഇതിനെക്കുറിച്ച് ചര്‍ച്ചകളുടെ സാധ്യത പോലും തകിടം മറിക്കാനാണ്. ഈ കൗശലം വത്തിക്കാന്‍ അധികാരികള്‍ പോലും മനസ്സിലാക്കിയോ എന്നു സംശയം. മാര്‍പാപ്പയുടെ അധികാരത്തെ ഉപയോഗിച്ച് കാര്യം നേടുന്ന തന്ത്രം ഇവിടെ പ്രകടമായിരുന്നു. മാര്‍പാപ്പയെ ഈ വിവാദത്തിലേക്കു വലിച്ചിടുകയായിരുന്നു.
''ഞാന്‍ കൊര്‍ദോബയില്‍ ആയിരുന്നപ്പോള്‍ വലിയ ആന്തരിക പ്രതിസന്ധി ജീവിച്ചു... ഞാന്‍ ഒരിക്കലും ഒരു വലതുപക്ഷക്കാരനായിരുന്നില്ല. തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അധികാര രീതിയാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്.'' ഫ്രാന്‍സിസ് മാര്‍പാപ്പ തനിക്ക് 36 വയസ്സുള്ളപ്പോള്‍ ഈശോസഭയുടെ പ്രൊവിന്‍ഷ്യല്‍ ആയ കാലഘട്ടത്തിലെ വീഴ്ചയെക്കുറിച്ചാണ് പറയുന്നത്. അധികാരം പ്രയോഗിക്കുന്ന രീതി തെറ്റിപ്പോയി എന്ന ഏറ്റുപറച്ചിലുണ്ട്. അത് സന്യാസ സമൂഹത്തില്‍ വലിയ പ്രതിസന്ധി ഉളവാക്കി. അതേ പ്രതിസന്ധിയല്ലേ സീറോ മലബാര്‍ സഭയിലും ഉണ്ടാകുന്നത് എന്ന് പിതാക്കന്മാര്‍ സത്യസന്ധമായി മനസ്സിലാക്കുമോ?
കൊര്‍ദോബയില്‍ ഈശോസഭക്കാരനായി ജോര്‍ജ് ബര്‍ഗോളിയോ എന്താണ് പഠിച്ചത്? എന്താണ് തിരുത്തിയത്? അദ്ദേഹം പിന്തുടര്‍ന്ന അധികാര രീതിക്കു എന്തായിരുന്നു കുഴപ്പം? ലാറ്റിന്‍ അമേരിക്ക പൊതുവായും അര്‍ജന്റീന പ്രത്യേകമായും വലതു ഇടതുപക്ഷങ്ങളുടെ ഏറ്റുമുട്ടല്‍ വേദിയായിരുന്നു. ബര്‍ഗോളിയോ ഡോക്ടറല്‍ തീസിസ് പഠനത്തിനു റൊമാനോ ഗര്‍ദീനിയെ പഠിച്ചപ്പോള്‍ മനസ്സിലാക്കിയതു ഹേഗലിന്റെയും അതിനുശേഷം മാര്‍ക്‌സും അനുധാവനം ചെയ്ത വൈരുദ്ധ്യാത്മക (dialectical) ചിന്തയായിരുന്നു. ഈ വിഷയത്തില്‍ ബര്‍ഗോളിയോയെ സ്വാധീനിച്ച ലാറ്റിന്‍ അമേരിക്കന്‍ ചിന്തകനാണ് മെഥോള്‍ ഫെറെ. ഇദ്ദേഹം ഹേഗലിന്റെയും മാര്‍ക്‌സിന്റെയും വൈരുദ്ധ്യാത്മകമായ പാതയുടെ അപകടം മനസ്സിലാക്കിയതാണ്. ഈ സരണി പിന്തുടരുന്ന വലതുപക്ഷവും ഇടതുപക്ഷവും ഉണ്ട്. ഹേഗേലിന്‍ വലതുപക്ഷവും ഇടതുപക്ഷവും പോലെ. എല്ലാത്തരം വ്യത്യാസങ്ങളേയും വൈരുദ്ധ്യങ്ങളാക്കുകയാണ് ഹേഗലിന്റെ ശൈലി. അതുതന്നെ മാര്‍ക്‌സും സ്വീകരിച്ചു. എല്ലാത്തരം വ്യത്യാസങ്ങളും തമ്മിലുള്ള സംഘര്‍ഷം അപ്പോള്‍ നന്മതിന്മകളുടെ ഏറ്റുമുട്ടലും യുദ്ധവുമാണ്. ഹേഗല്‍ യുദ്ധപ്രിയനായിരുന്നു, മാര്‍ക്‌സ് വിപ്ലവ പ്രിയനും. ഈ യുദ്ധങ്ങള്‍ സൃഷ്ടിക്കുന്നതു ഐക്യമില്ലാത്ത വൈവിധ്യവും, വൈവിധ്യമില്ലാത്ത ഐക്യവുമാണ്.
മെഥോള്‍ എഴുതി, ''കഴിഞ്ഞ നൂറ്റാണ്ടിലെ ദൈവശാസ്ത്രജ്ഞന്മാര്‍ക്ക് ഹേഗലും മാര്‍ക്‌സും നിരീശ്വരന്മാരായിരുന്നു എന്ന് അറിയാമായിരുന്നു. അവര്‍ ഇവരെ തള്ളിപ്പറഞ്ഞു. തള്ളിപ്പറഞ്ഞാല്‍ പോര; അവരുടെ ഉദ്ദേശങ്ങളിലേക്ക് ആഴ്ന്നിറങ്ങണം. അവര്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ അറിയണം.'' വ്യത്യാസങ്ങള്‍ വൈരുദ്ധ്യങ്ങളല്ല; അവ നന്മതിന്മകളുമല്ല. ചിലപ്പോള്‍ രണ്ടും നന്മയായിരിക്കാം. ഹേഗലും മാര്‍ക്‌സും ഒന്നിന്റെമേല്‍ മറ്റേത് ആധിപത്യം പുലര്‍ത്തി, തോല്‍പ്പിക്കുന്നു. അതു കൊലയും യുദ്ധവും ആകും. പരസ്പരം നിഹനിക്കുന്ന യുദ്ധ വഴിയാണിത്. സഭയുടെ വഴി ഇതല്ല. സഭ മാര്‍ക്‌സിന്റെയും ഹേഗലിന്റെയും വഴി സ്വീകരിച്ച് മനിക്കേയനിസത്തില്‍ വീണ കാലഘട്ടങ്ങള്‍ ഉണ്ട്. പാഷണ്ഡികളെ കത്തിച്ച കാലം. ''ശത്രു പുറത്തല്ല, അകത്താണ്. അകത്തെ ശത്രുവിനെ വീണ്ടെടുത്തു രക്ഷിക്കേണ്ടതുണ്ട്.'' അതാണ് ക്രൈസ്തവീകതയുടെ അനന്യത. സഭാ വൈവിധ്യങ്ങളെ സ്വീകരിച്ച് ''അനുരഞ്ജിത വൈവിധ്യം'' സൃഷ്ടിക്കുന്നു. ഇങ്ങനെ റോമിന്റെയും ഗ്രീസിന്റെയും സംസ്‌കാരം സഭ സ്വീകരിച്ചു. മധ്യശതകങ്ങളില്‍ തോമസ് അക്വിനാസ് അവറോയിസം അകത്താക്കി സ്വാംശീകരിച്ചു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പ്രൊട്ടസ്റ്റന്റ് വിപ്ലവവും നവോത്ഥാനവും ഉള്‍ക്കൊണ്ട് സഭ ശരീരത്തിന്റെ ഭാഗമാക്കി. യേശുവിന്റെ അനന്യമായ സന്ദേശം സ്‌നേഹിക്കുക എന്നതല്ല; ശത്രുവിനെ സ്‌നേഹിക്കുക എന്നതാണ്. വ്യത്യാസങ്ങളെ മനസ്സിലാക്കി ഉള്‍ക്കൊള്ളുകയാണ്. ''ആര്‍ക്കും ശത്രുവിനെ വേണ്ട. മറിച്ച് വേണ്ടത് ദൗത്യമാണ്.'' വൈരുദ്ധ്യങ്ങളെ സമ്പത്താക്കി അനുഗ്രഹമാക്കുന്ന, സ്വാംശീകരിക്കുന്ന സരണി.