അധികാരത്തിന്റെ മരണം

അധികാരത്തിന്റെ മരണം

എമ്മാനുവേല്‍ കാന്റില്‍ യൂറോപ്പില്‍ പ്രഘോഷിതമായ പ്രബുദ്ധത (enlightenment) ചിന്തിക്കാന്‍ ധൈര്യപ്പെടുക എന്നതായിരുന്നു. ഈ പ്രബുദ്ധതയുടെ ചിന്തകയായ ഹന്ന അറന്റ് എന്ന യഹൂദ വനിതയുടെ ''ഭൂതത്തിനും ഭാവിക്കുമിടയില്‍'' എന്ന ഗ്രന്ഥത്തില്‍ അധികാരം മരിച്ചു എന്നെഴുതി. അധികാരം എന്താണ് എന്ന് അറിയാന്‍ പറ്റാത്ത സ്ഥിതിയിലാണ് നാം. അധികാരം അനുസരണം ആവശ്യപ്പെടുന്നു. ''അധികാരം പുറത്തുനിന്നുള്ള ബലപ്രയോഗം ഉപേക്ഷിക്കുന്നു. എവിടെ ബലം പ്രയോഗിക്കുന്നുവോ അവിടെ അധികാരം പരാജയപ്പെടുന്നു.'' അധികാരം പ്രേരണയായി ഒന്നിക്കുന്നു വെന്നതാണ് പുതിയ വ്യത്യാസം. കാരണം നാം സമത്വത്തിന്റെ ലോകത്തിലാണ്. ''അതു താര്‍ക്കികമായ നടപടിയും പ്രവര്‍ത്തനവുമാണ്.''

അധികാരത്തിന്റെ മരണം ആദ്യം പ്രഖ്യാപിച്ചതു നിത്‌ഷേ 130 വര്‍ഷങ്ങള്‍ക്കു മുമ്പാണ്, ''ദൈവം മരിച്ചു.'' അധികാരത്തിന്റെ അടിസ്ഥാനമാണ് ഇല്ലാതായത്. അതു നിരാശയുണ്ടാക്കി. പക്ഷേ, സാര്‍ത്ര് എഴുതി, ''ജീവിതം തുടങ്ങുന്നതു നിരാശയുടെ മറുവശത്താണ്.'' മനുഷ്യന്‍ സ്വയം പര്യാപ്തനായി. അവന്റെ ജീവിതം അവന്‍ നിശ്ചയിക്കുന്നു. അതില്‍ മറ്റാര്‍ക്കും പങ്കില്ല. ഇതു തുടങ്ങിയത് ആധുനിക ഫിലോസഫിയിലാണ്. ''ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്.'' മനുഷ്യന്റെ ചിന്ത അവന്റെ ബോധമണ്ഡലത്തിലാണ്. ഈ ബോധമണ്ഡലത്തിനു പുറത്തേക്ക് അവന് കടക്കാനാവില്ല. മാത്രമല്ല ഈ ബോധമണ്ഡലം എല്ലാവര്‍ക്കുമുണ്ട്. എന്റെ ബോധമണ്ഡലവും അപരന്റെ ബോധവും തമ്മില്‍ സംഭാഷണത്തില്‍ ബന്ധപ്പെടുന്നു. ഇതുണ്ടാക്കുന്നതു സ്വതന്ത്രമായ വിനിമയമാണ്. ഇവിടെ ആരുടെയും ആധിപത്യമില്ല.

മോസ്സസ് പത്തു കല്പനകള്‍ ദൈവത്തില്‍നിന്നു സ്വീകരിച്ചു മനുഷ്യനു നല്കി. മോസ്സസ്സിനു ദൈവികാധികാരമുണ്ടായി. പക്ഷേ, പ്രവാചകനായ ജെറമിയ അതു തകര്‍ത്തുകളഞ്ഞു. മോശ പത്തു കല്പനകള്‍ എറിഞ്ഞു പൊട്ടിച്ചതുപോലെ ''ഞാന്‍ എന്റെ നിയമം അവരുടെ ഉള്ളില്‍ നിക്ഷേപിക്കും; അവരുടെ ഹൃദയങ്ങളില്‍ എഴുതി'' (ജെറ. 31:33). ആരും ഇനി മോസ്സസ്സിനെ അന്വേഷിക്കേണ്ടതില്ല. സ്വന്തം ഹൃദയം വായിച്ചാല്‍ മതി. 'ദൈവം മരിച്ചു' എന്നു പറഞ്ഞ നിത്‌ഷേ തന്നെ പറഞ്ഞു, ''വ്യാകരണത്തില്‍ വിശ്വാസമുള്ളിടത്തോളം നമുക്ക് ഈശ്വരനെ ഉപേക്ഷിക്കാനാവില്ല.'' ഹന്ന അറന്റ് പറഞ്ഞ അധികാരത്തിന്റെ മരണം നിലനില്ക്കുന്നു. അവര്‍ സമത്വത്തിന്റെ വഴിയിലെ വാഗ്‌വാദത്തിന്റെ അധികാരത്തിനു പ്രസക്തി കണ്ടെത്തുന്നു. അത് എല്ലാവര്‍ക്കും അറിയാനും ആദരിക്കാനും അംഗീകരിക്കാനും കഴിയുന്ന ആധികാരികതയാണ്.

ടൈം വാരിക 20-ാം നൂറ്റാണ്ടിലെ ഏറ്റവും നല്ല തത്വചിന്തകന്‍ എന്നു വിശേഷിപ്പിച്ചതു കനേഡിയന്‍ ഈശോസഭാ വൈദികനായ ബര്‍ണാര്‍ഡ് ലോഗനെയാണ്. അദ്ദേഹത്തിന്റെ രീതിയെക്കുറിച്ചു പഠനത്തില്‍ മനുഷ്യന്റെ ചിന്തയുടെ പരിധി അവന്റെ ബോധത്തിന്റെ ചക്രവാളമാണെന്ന് എഴുതി ''സഭാധികാരികള്‍ക്ക് മതം സംരക്ഷിക്കാന്‍ കടമയുണ്ട്. അതിന്മേലാണ് ദൈവശാസ്ത്രജ്ഞന്മാര്‍ ചിന്തിക്കേണ്ടത്. പക്ഷേ, ദൈവശാസ്ത്ര പ്രബോധനം എല്ലാവര്‍ക്കും സമ്മത (matter of consensus) മാക്കേണ്ട ചുമതല ദൈവശാസ്ത്രജ്ഞന്മാരുടേതാണ്, മറ്റേതൊരു നിലനില്‍ക്കുന്ന അക്കാദമിക ശാസ്ത്രവും പോലെ.'' അദ്ദേഹം എടുത്തുപറയുന്ന കാര്യം ദൈവശാസ്ത്രനിലപാട് എല്ലാവര്‍ക്കും സുസമ്മതമാക്കേണ്ട ചുമതലയെക്കുറിച്ചാണ്. അത് അടിച്ചേല്പിക്കുന്നതിനെക്കുറിച്ചല്ല. ഈ സാഹചര്യത്തില്‍ അഭിപ്രായ വ്യത്യാസങ്ങളും വ്യാഖ്യാന സംഘട്ടനങ്ങളും എങ്ങനെ പരിഹരിക്കണമെന്നും അദ്ദേഹം എഴുതി. വിവാദപരവും സംഘട്ടനപരവുമായ ആശയഗതികളെ വസ്തുനിഷ്ഠമായി ആഖ്യാനിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ആദ്യമായി, ഇങ്ങനെ എന്താണ് വിവാദമെന്നതു വസ്തുനിഷ്ഠമായി ആഖ്യാനിക്കുന്നതാണ് ''സംഭാഷണം പ്രചോദിപ്പിക്കുന്നത്.'' ഈ സംഭാഷണം യാഥാര്‍ത്ഥ്യവും ബൗദ്ധികമായ പരിവര്‍ത്തനത്തിനും സമ്മേളനത്തിനും ഇടയാക്കണം. ഇവിടെ സംഭവിക്കേണ്ടതു ധാര്‍മ്മികമായ പരിവര്‍ത്തനമാണ്. ധാര്‍മ്മിമായ പരിവര്‍ത്തനം നിരന്തരം കേട്ടും പരസ്പരം മനസ്സിലാക്കിയും സാഹചര്യത്തെ സമഗ്രമായി മനസ്സിലാക്കിയും ഉണ്ടാകുന്ന ധാര്‍മ്മികമായ നിലപാടാണ്.

ഇവിടെ ഏതെങ്കിലും അധികാരം പ്രയോഗിക്കുന്നുണ്ടെങ്കില്‍ അതു സ്വന്തം ആന്തരികതയില്‍നിന്നു വരുന്ന അധികാരമാണ്. അതു പുറത്തുനിന്നുള്ള ഒരു ശക്തിയുമല്ല. അത് അകത്തിന്റെ ആന്തരികതയാണ് - അപരന്റെ മുഖത്തോടുള്ള ഉത്തരവാദിത്വം, മുഖത്തിന്റെ വിളിക്കു നല്കുന്ന മറുപടി. ഒരു അധികാരിയുടെ കല്പനയും ഇവിടെ പ്രവര്‍ത്തിക്കുന്നില്ല. അല്‍ബര്‍ട്ട് കാമ്യൂ ''നമ്മുടെ കാലഘട്ടത്തിന്റെ മഹത്തായ ആത്മാവ്'' എന്നു വിശേഷിപ്പിച്ച സിമോണ്‍ വൈല്‍ 34-ാം വയസ്സില്‍ മരിച്ച യേശുഭക്തയായിരുന്നു. അവര്‍ ശക്തയായ രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്നു. സ്പാനിഷ് ഏകാധിപതി ഫ്രാങ്കോയെയും ഹിറ്റ്‌ലറിനെയുമാണ് അവള്‍ എതിര്‍ത്തത്. അവള്‍ എഴുതി ''ശ്രദ്ധയാണ് പ്രാര്‍ത്ഥന.'' അവള്‍ പിന്നെയും എഴുതി ''ശ്രദ്ധയാണ് മതം.'' ഈ ശ്രദ്ധയും ശ്രവണവും വച്ചാണ് എല്ലാറ്റിനേയും അളക്കേണ്ടത്; അധികാരത്തേയും. ശ്രദ്ധയാണ് അധികാരത്തിന്റെയും ആന്തരികാര്‍ത്ഥം.

മതമണ്ഡലം ആന്തരികതയുടെ അധികാരത്തിന്റേതാണ്. മറ്റ് അധികാരത്തിനു മതമണ്ഡലത്തില്‍ പ്രസക്തിയില്ല. അതാണ് പോള്‍ ആറാമന്‍ പാപ്പ മനുഷ്യമഹത്വത്തെക്കുറിച്ച് എഴുതിയപ്പോള്‍ ആവശ്യപ്പെട്ടത്. ''മതത്തിന്റെ ജീവിതം, അതിന്റെ സ്വഭാവത്താലെ ആന്തരികവും സ്വതന്ത്രവുമായ പ്രവൃത്തിയാണ്, മറ്റെന്തിനേക്കാളും.'' ''ഇത്തരം പ്രവൃത്തികളെ ഒരു മനുഷ്യശക്തിക്കും കല്പിക്കാനോ തടയാനോ സാധിക്കില്ല.'' അധികാരത്തിന്റെ മരണം അംഗീകരിച്ചുകൊണ്ടാണ് സംഭാഷണത്തിന്റെ സിനഡാലിറ്റിയുടെ അധികാരത്തെക്കുറിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org