കത്തോലിക്കാ സഭയും കഫറ്റീരിയയും

കത്തോലിക്കാ സഭയും കഫറ്റീരിയയും
യേശുവിന്റെ അധികാരം യേശുവും പിതാവുമായുള്ള ഐക്യത്തില്‍ നിന്നുണ്ടാകുന്ന അധികാരമാണ്. ഈ അധികാരം സ്വയം ദൈവത്തില്‍ ശ്രദ്ധയുള്ളവന്‍ കേള്‍ക്കുന്ന ദൈവത്തിന്റെ മന്ത്രണമാണ്. അതു കേള്‍ക്കുന്നവന്‍ ഏതു ചെറിയവനിലും ദൈവത്തിന്റെ വചനം കേള്‍ക്കുന്നവന്‍ ആവും. ഈ ആത്മീയതയില്ലാത്ത ഒരു സഭാധികാരിയും ആദരവ് അവകാശമായി കിട്ടുന്നുവെന്ന് കരുതിപ്പോവും. കാരണം ആദരവ് വിശ്വാസികള്‍ ദാനമായി നല്‍കുന്നു. അത് സഭയിലെ വൈദികരും മെത്രാന്മാരും അംഗീകരിച്ചാല്‍ അവര്‍ ആദരണീയരാകും.

സീറോ മലബാര്‍ സഭയിലെ ഒരു മെത്രാന്‍ സോഷ്യല്‍ മീഡിയയില്‍ എഴുതിയതു താഴേച്ചേര്‍ക്കുന്നു: 'നിങ്ങള്‍ ആഗ്രഹിക്കുന്ന ഭക്ഷണം കഴിക്കുന്ന കഫറ്റീരിയ അല്ല കത്തോലിക്കാസഭ. കഫറ്റീരിയായില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം എടുത്തു കഴിക്കാം. കത്തോലിക്കാസഭയുടെ ആരാധനക്രമത്തെ അതുപോലെ കണക്കാക്കരുത്. സഭ നല്കുന്ന ആരാധനാക്രമം എന്തോ അത് വൈദികരും അല്മായരും നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കണം.'' ഇതു പേരുവച്ച് എഴുതിയ പിതാവിനെ വ്യക്തിപരമായി വിമര്‍ശിക്കാനാഗ്രഹിക്കുന്നില്ല. പക്ഷേ, ഇതു വച്ചുപുലര്‍ത്തുന്ന സമീപനത്തോട് വിയോജിക്കാതിരിക്കാനും പറ്റില്ല.

ഈ പ്രസ്താവത്തില്‍ പ്രകടമാകുന്ന ഒരു അധികാര കാഴ്ചപ്പാട് ക്രൈസ്തവമോ സഭാത്മകമോ അല്ല എന്നു പറയേണ്ടി വരുന്നു. അതു കേരളത്തില്‍ നിലനിന്ന പടിക്കലെ തമ്പുരാന്റെ മനോഭാവമാണ്. തരുന്നതു നിറഞ്ഞ ഹൃദയത്തോടെ വാങ്ങി പോകുക. അദ്ദേഹം പരോക്ഷമായി സഭയെ ഇറ്റലിയിലെ കഫ്‌ത്തേരിയയോടാണ് ഉപമിക്കുന്നത്. ഇഷ്ടമുള്ളതു കിട്ടുന്ന സ്ഥലമാണ് കഫ്‌ത്തേരിയ, അതല്ല സഭ എന്നു പറഞ്ഞാല്‍ നിങ്ങളുടെ ഇഷ്ടത്തിന് അവിടെ സ്ഥാനമില്ല. കിട്ടുന്നതു സ്വീകരിക്കുക. ആരാധനക്രമമാണല്ലോ അദ്ദേഹം ഇങ്ങനെ ''വൈദികരും അല്മായരും'' ''സഭ നല്കുന്ന'' ആരാധനക്രമം നിറഞ്ഞ ഹൃദയത്തോടെ സ്വീകരിക്കണമെന്നാണ് ആവശ്യപ്പടുന്നത്. ഈ ആരാധനക്രമം ഉണ്ടാക്കുന്നതില്‍ അല്മായര്‍ക്കും വൈദികര്‍ക്കും എന്തെങ്കിലും പറയാനുള്ള അവകാശമുണ്ട് എന്നല്ലല്ലോ അദ്ദേഹം പറയുന്നത്. അവര്‍ക്ക് അക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. വാങ്ങിക്കൊണ്ട് പോകുക, അത്രതന്നെ. ഈ പ്രവണത സഭയുടെ സഭാ ജീവിതത്തെക്കുറിച്ചുള്ള നിലപാടല്ല. തീരുമാനിക്കുന്നവരും ഉണ്ണുന്നവരും തമ്മില്‍ ബന്ധമില്ല എന്ന ധ്വനിയാണ് പ്രസ്തവനയിലുള്ളത്. അത് പടിക്കലെ തമ്പുരാന്റെ മനോഭാവമാണ്.

ഏറ്റവും രസകരമായത് ഈ മെത്രാന്‍ സീറോ മലബാര്‍ സിനഡിന്റെ തന്നെ തീരുമാനം വിഴുങ്ങിയാണ് ഇതു നടത്തുന്നത്. ആരാധനക്രമ വിഷയങ്ങള്‍ രൂപതകളില്‍ ചര്‍ച്ചയ്ക്കു കൊടുക്കണമെന്ന നിര്‍ദേശം സിനഡ് എടുത്തത് അദ്ദേഹം മറന്നു. ആ മറവിയുടെ കാരണം അധികാരത്തില്‍ ആവസിച്ചിരിക്കുന്ന ചില പ്രേതങ്ങളാണ്. ചരിത്രപരമായി മെത്രാന്‍, വൈദികന്‍ എന്നീ സ്ഥാനങ്ങളെ ആവസിച്ചത് രണ്ടു പ്രേതങ്ങളാണ്. സഭയ്ക്കു റോമാസാമ്രാജ്യവുമായി ബന്ധപ്പെട്ട ചരിത്രമുണ്ട്. സാമ്രാജ്യത്തിന്റെ കിരീടം അവകാശമായി മാര്‍പാപ്പയ്ക്ക് ലഭിച്ചിട്ടുണ്ട്. സീസറിന്റെ പ്രേതം മാര്‍പാപ്പതൊട്ട് വൈദികശ്രേണിയിലേക്ക് ഏറ്റവും താഴെയുള്ളവരെ വരെ ആവസിച്ചു എന്നത് ചരിത്രസത്യമാണ്. സീസറായിരുന്ന കോണ്‍സ്റ്റാന്റിയനാണ് സഭയ്ക്ക് സാമ്രാജ്യത്വത്തില്‍ സ്വാതന്ത്ര്യം നല്‍കിയത്. അദ്ദേഹത്തിന്റെ ജീവചരിത്രമെഴുതിയ എവുസേബിയൂസ് മെത്രാന്‍ നല്‍കുന്ന ഒരു ദര്‍ശനവിവരം ക്രൈസ്തവവിശ്വാസത്തെ അട്ടിമറിക്കുന്നതായിരുന്നു. മില്‍വിയന്‍ പാലത്തില്‍വച്ച് കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി ആകാശത്തില്‍ സൂര്യനു മീതെ കുരിശും അതിനു താഴെ ഒരു ലിഖിതവും കണ്ടു. ലിഖിതം ഇതായിരുന്നു ''ഈ അടയാളത്തില്‍ നീ ആധിപത്യം ഉണ്ടാക്കും.'' അതോടെ കുരിശ് പട്ടാളത്തിന്റെ ആധിപത്യത്തിന്റെ അടയാളമായി. ക്രിസ്തുവിന്റെ സഹനത്തിന്റെ കുരിശ് ആധിപത്യത്തിന്റെ ആയുധമായി മാറി. ഈ മാറ്റമാണ് സഭാധികാരത്തെ വളരെ ഗൗരവമായി ബാധിച്ചത്.

രണ്ടാമത്തെ ബാധ ചിന്തയെ വളരെയേറെ സ്വാധീനിച്ച പ്ലേറ്റോയുടേതാണ്. പ്ലേറ്റോയുടെ അധികാരകാഴ്ചപ്പാട് ക്രൈസ്തവ സഭയെ ബാധിച്ചു. അതു മൂന്നു വിധത്തിലാണ് (1) തത്വചിന്തകന്‍ എന്ന രാജാവ് സാധാരണ മനുഷ്യനല്ല. ഗുഹയ്ക്കു പുറത്തു കടന്ന് സൂര്യനെ കണ്ട് പ്രബുദ്ധനായ അയാള്‍ക്ക് ഗുഹാവാസികളായ സാധാരണക്കാരുടെ ഒരഭിപ്രായവും കേള്‍ക്കേണ്ടതില്ല. (2) പ്ലേറ്റോ അധികാരത്തെക്കുറിച്ചു പുലര്‍ത്തുന്നത് ഒരു കെട്ടുകഥയാണ്. അധികാരത്തിലിരിക്കുന്നവരൊക്കെ സ്വര്‍ണ്ണപ്രകൃതിയുള്ളവരാണ്. എന്നാല്‍ സാധാരണക്കാര്‍ ഇരുമ്പിന്റെ പ്രകൃതിക്കാരാണ്. അരിസ്റ്റോട്ടില്‍ പറഞ്ഞതുപോലെ ഭരിക്കാന്‍ ജനിക്കുന്നവരും ഭരിക്കപ്പെടാന്‍ ജനിക്കുന്നവരുമുണ്ട്. ഭരിക്കാന്‍ ജനിച്ചവന്റെ ജന്മത്തില്‍ രാജാവിന്റെ ജന്മസ്വഭാവമുള്ളവരാണ്. അവര്‍ വെറും ഇരുമ്പിന്റെ മനുഷ്യരെ കേള്‍ക്കേണ്ടതില്ല. (3) ഭരിക്കുന്നവന്‍ ഭരണത്തില്‍ മാറ്റമുണ്ടാകാതിരിക്കാന്‍വേണ്ടി നുണയും വ്യാജവും പ്രചരിപ്പിക്കാം. കാള്‍ പോപ്പറിന്റെ പഠനങ്ങളില്‍ പ്ലേറ്റോയാണ് തുറന്ന സാമൂഹ്യഘടനയുടെ ഏറ്റവും വലിയ ശത്രു.

ആധുനിക ലോകം പുലര്‍ത്തുന്ന മൂന്ന് മൂല്യങ്ങളാണ് സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം. ഇത് മൂന്നും അംഗീകരിക്കുന്നിടത്ത് അധികാരം പരസ്പരം പറഞ്ഞും കേട്ടും ആദരിച്ചും നടത്തുന്ന സാമൂഹികബോധമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പ സിനിഡാലിറ്റിയിലൂടെ സഭയില്‍ അധികാരത്തിന്റെ പൊളിച്ചെഴുത്തു നടത്തുന്നത് ക്രൈസ്തവമായ കാഴ്ചപ്പാടിലൂടെയാണ്. എല്ലാം ക്രൈസ്തവരും പരസ്പരം വിശ്വാസത്തില്‍ പുലര്‍ത്തുന്ന സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവുമുണ്ട്. അവിടെ ആരും സ്വയം കൊക്കുകളും മറ്റുള്ളവരെ കാക്കകളും ആക്കരുത്. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു: ''പഠിപ്പിക്കുന്ന സഭ, പഠിക്കുന്ന സഭ എന്ന വിഭജനം കഠിനമാകാതിരിക്കാന്‍ പ്രതിരോധിക്കുന്നതു വിശ്വാസ ബോധമാണ് (sensus fidelium). കാരണം വിശ്വാസസമൂഹത്തിന് കര്‍ത്താവ് സഭയ്ക്കു നല്‍കുന്ന പുതിയ വഴികള്‍ വിവേചിക്കാനുള്ള കഴിവുണ്ട്.

യേശുവിന്റെ അധികാരം യേശുവും പിതാവുമായുള്ള ഐക്യത്തില്‍ നിന്നുണ്ടാകുന്ന അധികാരമാണ്. ഈ അധികാരം സ്വയം ദൈവത്തില്‍ ശ്രദ്ധയുള്ളവന്‍ കേള്‍ക്കുന്ന ദൈവത്തിന്റെ മന്ത്രണമാണ്. അതു കേള്‍ക്കുന്നവന്‍ ഏതു ചെറിയവനിലും ദൈവത്തിന്റെ വചനം കേള്‍ക്കുന്നവന്‍ ആവും. ഈ ആത്മീയതയില്ലാത്ത ഒരു സഭാധികാരിയും ആദരവ് അവകാശമായി കിട്ടുന്നുവെന്ന് കരുതിപ്പോവും. കാരണം ആദരവ് വിശ്വാസികള്‍ ദാനമായി നല്‍കുന്നു. അത് സഭയിലെ വൈദികരും മെത്രാന്മാരും അംഗീകരിച്ചാല്‍ അവര്‍ ആദരണീയരാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org