
പ്രത്യേകമായി ഇരകളാക്കപ്പെട്ട ജനതയുടെ വീടുകള്‍ തകര്‍ക്കുകയും അവരെ ആക്രമിക്കുകയും കടകളും വ്യവസായ സ്ഥാപനങ്ങളും തകര്‍ക്കുകയും വലിയ ഭീതി ഉളവാക്കുകയും ചെയ്യുന്നു. ഈ നടപടികളൊന്നും നിയമപാലകര്‍ കാണില്ല. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ''ആള്‍ക്കൂട്ടങ്ങളുടെ'' ആക്രമം കണ്ടാലും ഇടപെടില്ല. അധികാരത്തിന്റെ അനുവാദത്തോടെ നടത്തുന്ന അതിക്രമങ്ങളാണ്. ഇതു നടത്തുന്നവര്‍ ആരാണ് എന്ന് അന്വേഷിച്ചാല്‍ ചില വ്യക്തികളും പാര്‍ട്ടികളും ഉപയോഗിക്കുന്ന ചില സംഘങ്ങളാണ്. ഇവര്‍ മുഴക്കുന്നതു ഇവരുടെ മുദ്രാവാക്യങ്ങളല്ല - ഇവര്‍ ചിലരുടെ ഉച്ചഭാഷണികള്‍ മാത്രമാണ്. ഇവര്‍ ശക്തരാണ് എന്നു പറഞ്ഞാല്‍ രാഷ്ട്രീയ പിടിപാടും കായബലമുള്ളവരുടെ ആശ്രിതരുമാകാം. ഇവര്‍ കൃത്യമായി പാര്‍ട്ടി പ്രത്യയശാസ്ത്രം ഉള്ളവരാകണമെന്നില്ല. ഇവര്‍ മാന്യരുടെ പരിവേഷമുള്ളവരല്ല. വളരെ മാന്യരായ ചില നേതാക്കള്‍ ഉപയോഗിക്കുന്ന ''ആള്‍ക്കൂട്ടങ്ങളാണ്.''
ഈ പ്രതിഭാസം വളരെ പുതിയതല്ല. നാസ്സി ജര്‍മ്മനിയിലും ഈ പ്രതിഭാസമുണ്ടായിരുന്നു. ഈ ആള്‍ക്കൂട്ടാക്രമണങ്ങളെക്കുറിച്ചു പഠനങ്ങളുമുണ്ട്. ഇവര്‍ വാടകക്കാരാണ്. ആരോ പറഞ്ഞു കൊടുക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു. ഇവരുടെ ഏറ്റവും വലിയ കഴിവ് ഏതു നല്ല കാര്യത്തോടുമുള്ള അവജ്ഞയും ഒന്നിലും വിശ്വാസമില്ല കടുത്ത കയ്പിന്റെ നിഷേധവുമാണ്. എല്ലാറ്റിനോടും വെറുപ്പും വിദ്വേഷവുമുള്ളവര്‍. അവര്‍ ഏത് അക്രമത്തിനും ധൈര്യമുള്ളവരാണ്. ഇവരെ ഉപയോഗിക്കുന്നവര്‍ക്ക് ലക്ഷ്യമുണ്ട്. അവര്‍ അധികാരകാമികളാണ്. മാത്രമല്ല വിജയത്തിന്റെ വിഗ്രഹാരാധകരാണ്. ഇത്തരം നേതാക്കള്‍ ആള്‍ക്കൂട്ടങ്ങളെ വച്ചു നടത്തുന്ന എല്ലാ അക്രമങ്ങളെയും ഇവര്‍ വിശദീകരിക്കുന്ന 'ഗൂഢാലോചന' കഥകളുണ്ടാക്കും. നാസ്സികളുടെ ഭരണകാലത്തു യഹൂദരുടെ സിനഗോഗുകളും വീടുകളും കടകളും വ്യവസായ സ്ഥാപനങ്ങളും അക്രമിച്ചപ്പോഴെല്ലാം ഇക്കൂട്ടര്‍ കൃത്യമായി അതൊക്കെ ഒരു ഭീകരഗൂഢാലോചനയുടെ പ്രതിക്രിയകളായി വിശേഷിപ്പിക്കുന്നു.
അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ ''എന്റെ യുദ്ധം'' (Mein Kampf) എന്ന പുസ്തകത്തില്‍ ഈ ആഗോളഗൂഢാലോചനക്കാരുടെ പേരു പറയുന്നു - ''The protocols of the Elders of Zion'' - സിയോണ്‍ കാരണവരുടെ ഗൂഢലക്ഷ്യങ്ങളുടെ നടപടികള്‍. ഇവര്‍ അന്തര്‍ദേശീയമായ യഹൂദരുടെ ആധിപത്യം സ്ഥാപിക്കാന്‍ യുദ്ധം വെട്ടുന്ന ആഗോളസംഘടനയാണ്. എല്ലാ യഹൂദ അക്രമങ്ങളും ഈ ഗൂഢാലോചനയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധമായിരുന്നു. ജര്‍മ്മനിയില്‍ നടക്കുന്ന എല്ലാ അപകടങ്ങളും അതിക്രമങ്ങളും ഈ അന്തര്‍ദേശീയശക്തികളുടെ ഗൂഢനടപടികളായി വിശേഷിപ്പിക്കുന്നു. അധികാരത്തിന്റെ അക്രമം അധികാരികള്‍ ആള്‍ക്കൂട്ടത്തിലൂടെ നടത്തുന്നതാണ് കാണുന്നത്.
റഷ്യയില്‍ ബോള്‍ഷെവിക്കുകള്‍ ലെനിന്റെ പാര്‍ട്ടിയായിരുന്നു - അവര്‍ അധികാരം പിടിച്ചു. പിന്നെ നാട്ടില്‍ നടക്കുന്ന ഏത് അക്രമവും അപകടങ്ങളും അത്യാഹിതങ്ങളും വ്യവസായിക അബദ്ധങ്ങളും കൊലപാതകങ്ങളും ലൈംഗികാതിക്രമങ്ങളും രാഷ്ട്രീയവൈരികളുടെയും വിദേശ ചാരന്മാരുടെയും പണികളായിരുന്നുവെന്നു ഭരിക്കുന്നവര്‍ തെളിയിച്ചു കൊണ്ടിരുന്നു. മറ്റൊരു കാലഘട്ടത്തില്‍ എല്ലാ കുറ്റകൃത്യങ്ങളുടെയും ഉത്തരവാദികള്‍ മോസ്‌കോയിലെ 300 കുടുംബക്കാരായിരുന്നു. ഈ ഗൂഢാലോചനയ്‌ക്കെതിരെ ഭരിക്കുന്ന അധികാരികളും അവരുടെ നേതാക്കളും എപ്പോഴും ഉപയോഗിച്ചിരുന്നത് അവര്‍ നിയന്ത്രിക്കുന്ന 'ആള്‍ക്കൂട്ടങ്ങളുടെ' അക്രമങ്ങള്‍ സംഘടിപ്പിച്ചായിരുന്നു. ഇതിനു ഭരിക്കുന്ന അധികാരത്തിന്റെ രഹസ്യപിന്തുണയുണ്ട്.
അതുകൊണ്ടു പൊലീസോ നിയമവ്യവസ്ഥിതി കളോ ഒരു നടപടിയും എടുക്കില്ല. കുറ്റകൃത്യങ്ങള്‍ ഉണ്ടാകുന്നതു മുഴുവന്‍ 'രാഷ്ട്രീയ അട്ടിമറി'കളും അതിനെതിരായ സ്വാഭാവികമായ ജനകീയ 'പ്രതിരോധ'വുമാണ്. ഇവിടെയാണ് ജനക്കൂട്ടങ്ങളെ കൊണ്ടുള്ള രാഷ്ട്രീയ നാടകങ്ങളുടെ കഥയറിയേണ്ടത്. ഹന്ന അറന്റ് പറയുന്നതു ജനങ്ങളുടെ കൂട്ടങ്ങള്‍ പലപ്പോഴും ഒരു പാര്‍ട്ടിയിലും ഗാഢമായി ബന്ധമില്ലാത്തവരും വോട്ടു ചെയ്യാന്‍പോലും പോകാത്തവരും പൊതുവെ എല്ലാറ്റിനെയും എതിര്‍ക്കുകയും എല്ലാറ്റിനോടും പരമപുച്ഛം പുലര്‍ത്തുന്നവരുമാണ്.
ഇവരെ ഉപയോഗിച്ച് അധികാരം പിടിച്ചെടുക്കുന്നവര്‍ തോമസ് ഹോബ്‌സിന്റെ ലെവിയാത്തനില്‍ വിശ്വസിക്കുന്നവരാണ്. ലെവിയാത്തന്‍ എന്നതു ബൈബിള്‍ പറയുന്ന കടലിലെ ഭീകരസ്വത്ത്വമാണ്. സമഗ്രാധിപത്യത്തിന്റെ രൂപമാണത്. അധികാരകാമം തലയ്ക്കുപിടിച്ച ഏകാധിപതി ഉണ്ടാക്കുന്ന ഭരണക്രമമാണിത്. 'വിജയത്തിന്റെ വിഗ്രഹാരാധകര്‍' ഭരിക്കുന്ന വ്യവസ്ഥിതി. എല്ലാം നിയന്ത്രിക്കാന്‍ ശ്രമിക്കുകയും എല്ലാം നിയന്ത്രിക്കുന്നു എന്നതു സ്വകാര്യകാമമാകുകയും ചെയ്യുന്ന കാലമാണിത്. വിജയത്തിന്റെ ദൈവത്തിന്റെ വഴി യുദ്ധത്തിന്റെയും വഞ്ചനയുടെയും വഴിയാണ്.
സീറോ മലബാര്‍ സഭയില്‍ പരിഹാരമില്ലാതെ നീളുന്ന പ്രതിസന്ധി ആള്‍ക്കൂട്ടങ്ങളെ വച്ച് ഈ പ്രശ്‌നം പരിഹാരമില്ലാതെ നീളണമെന്ന ചില അധികാരകാമികളുടെ നാടകമായി മാറുന്നോ എന്നു സംശയിക്കണം. ഇവിടെയും കാര്യങ്ങള്‍ക്കു പിന്നില്‍ ഭീകരമായ ഗൂഢാലോചനയുടെ രഹസ്യങ്ങള്‍ മേലധികാരികളെ അറിയിച്ച സഭാനേതാക്കളും എല്ലാം നുണയില്‍ അടിസ്ഥാനമിട്ടു നടത്തിയ കഥകളുമുണ്ടല്ലോ, ഗൂഢസംഘങ്ങളുടെ സാമ്പത്തിക സഹായത്തിലാണല്ലോ സമര നടപടി നീങ്ങുന്നത് എന്നാണല്ലോ ചില അഭിവന്ദ്യര്‍ അറിയിച്ചിരിക്കുന്നത്.
എല്ലാം അവസാനിച്ച് പിന്‍തലമുറ ചരിത്രം വീണ്ടും വായിക്കും, വിലയിരുത്തും. മഹത്തായ അധികാരകസേരകളിലിരുന്നവര്‍ തറ മനുഷ്യരായിരുന്നുവെന്നു തിരിച്ചറിഞ്ഞു ലജ്ജിക്കുന്ന കാലം വരാതിരിക്കില്ല. തെറ്റ് സഹിക്കുന്നതാണ് തെറ്റ് ചെയ്യുന്നതിനേക്കാള്‍ അഭിലഷണീയം എന്നതു സോക്രട്ടീസിന്റെ കാലത്തു മാത്രമല്ല ശരിയാകുന്നത്. സ്റ്റാലിനെ എതിര്‍ത്ത ട്രോട്‌സ്‌കിയെ കൊല്ലിച്ചും, അയാളുടെ എല്ലാ ചരിത്രപരാമര്‍ശങ്ങളും മായിച്ചും കളഞ്ഞവരെ ചരിത്രം വിധിച്ചു നില്‍ക്കുന്നു.