കോടതികള്‍ സഭ ഭരിക്കുമ്പോള്‍

കോടതികള്‍ സഭ ഭരിക്കുമ്പോള്‍

എറണാകുളം-അങ്കമാലി അതിരൂപതയുടെ സീറോ മലബാര്‍ സിനഡും പിന്നീട് വത്തിക്കാനുമായുള്ള പ്രതിസന്ധി പുതിയ വഴിതിരിവിലേക്കു മാറുന്നു. ഇതു വളരെ ലളിതമായ ഒരു അനുഷ്ഠാനപ്രശ്‌നമായിരുന്നു. അതിനെതിരായി പല സ്ഥലങ്ങളില്‍ നിന്നു വിയോജിപ്പ് പ്രകടിപ്പിക്കപ്പെട്ടു. എതിര്‍പ്പുകാരുമായി സംഭാഷിക്കുന്നില്ല എന്ന നിലപാടില്‍ നിന്നു സിനഡ് മാറുന്നില്ല. അത്ര വലിയ ഗൗരവപ്രശ്‌നമായി അതവര്‍ക്കു മാറി. വെറും ഐകരൂപ്യത്തിന്റെ പ്രശ്‌നം അത്ര ഗൗരവമല്ല എന്നു പോലും മനസ്സിലാക്കാന്‍ അവര്‍ തയ്യാറായില്ല. എന്ത് കാര്യങ്ങളില്‍ കാര്‍ക്കശ്യം വേണം ഏതു കാര്യങ്ങളില്‍ അയഞ്ഞ നിലപാട് സ്വീകരിക്കണം എന്ന വെളിവിന്റെ അഭാവം ഗൗരവമായ പിടിവാശിയായി അവിടെ കടന്നുകൂടി.

അതിരൂപതയിലെ വൈദികരും ജനങ്ങളും തങ്ങള്‍ പരിചയിച്ച അനുഷ്ഠാനം വെടിയില്ല എന്ന് ഉറച്ചു നില്ക്കുന്നു. സിനഡ് തീരുമാനം നടപ്പിലാക്കല്‍ വത്തിക്കാനെ ഏല്പിക്കുന്നു. വത്തിക്കാന്റെ പേപ്പല്‍ പ്രതിനിധിയും ആലോചനയില്ലാതെ നടപ്പിലാക്കല്‍ പതിവനുസരിച്ചുള്ള പൊലീസ് മുറയില്‍ പയറ്റി. അദ്ദഹം ഉരുക്കുമുഷ്ടികൊണ്ട് മതപരമായ അധികാരം നടപ്പിലാക്കാം എന്നു കരുതി. അതു വിജയിക്കാതെ അദ്ദേഹത്തിന്റെ രണ്ടാം ഊഴത്തില്‍ അദ്ദേഹം എല്ലാവരോടും സംസാരിക്കാന്‍ തയ്യാറായി. അപ്പോള്‍ അത്ഭുതകരമായി സമവായത്തിന്റെ സാഹചര്യമുണ്ടായി. പ്രശ്‌നം പരിഹരിക്കപ്പെടും എന്നായപ്പോള്‍ ചിലര്‍ വിദഗ്ദ്ധമായി ചരടുകള്‍ വലിച്ചു. പേപ്പല്‍ ഡലഗേറ്റിന് ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ അധികാരമുണ്ടോ? മാര്‍പാപ്പ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത് നടപ്പിലാക്കാനല്ലേ? ഒത്തു തീര്‍പ്പിലേക്കു നീങ്ങിയ വിവാദം പരിഹരിക്കപ്പെട്ടാല്‍ ചിലര്‍ക്ക് അതു ദഹിക്കുന്നതായിരുന്നില്ല. അങ്ങനെ സംഭാഷണത്തെ വെറും പ്രഹസനമാക്കി ഒത്തുതീര്‍പ്പുകള്‍ അലസി.

ഈ സാഹചര്യത്തിലാണ് സിനഡിന്റെ ഔദ്യോഗിക പക്ഷം മുന്‍സിഫ് കോടതിയില്‍ മൂന്നു പള്ളികള്‍ക്കെതിരെ കേസ് കൊടുത്തത്. പ്രശ്‌നം വിശ്വാസ സംബന്ധിയല്ലാത്തതുകൊണ്ട് കോടതി പരിഗണിക്കാന്‍ തയ്യാറായി. മാത്രമല്ല മേജര്‍ ആര്‍ച്ചുബിഷപ് കോടതിക്ക് തീരുമാനിക്കാം എന്ന് സത്യവാങ്മൂലം എഴുതിക്കൊടുത്തു. അതിരൂപതയുടെ അഡ്മിനിസ്‌ട്രേറ്ററും അനുകൂലമായ പ്രസ്താവന കോടതിയില്‍ കൊടുത്തു. പള്ളികളില്‍ കുര്‍ബാന നിരോധിച്ചു. വലിയ വിജയമായി ചിലര്‍ ഇതു പരിഗണിച്ചു. പക്ഷേ, ആ കേസും നീങ്ങുന്നത് പരസ്പരം കേട്ട് അതനുസരിച്ചുള്ള വിധിയിലേക്കാണ്. ഇവിടെ സിനഡും വത്തിക്കാനും തയ്യാറാകാത്തത് കോടതികളില്‍ നടക്കുന്നു. ആവലാതിക്കാര്‍ക്ക് അവരുടെ നിലപാടും അഭിപ്രായ വ്യത്യാസവും പറയാനും അതു കേള്‍ക്കാനും കോടതി തയ്യാറാണ്. ഇത് അനുവദിക്കാത്ത സഭ, കോടതിയില്‍ കാണുന്നത് എന്താണ്? പ്രശ്‌നപരിഹാരം പരസ്പരം സംഭാഷിച്ചു കാര്യങ്ങള്‍ മനസ്സിലാക്കി നീങ്ങുന്നതാണ് കോടതി പതിവ്. അധികാരം ഞങ്ങള്‍ക്കാണ്, ഒന്നും ആരുമായും ചര്‍ച്ച ചെയ്യാനാവില്ല എന്ന നിലപാടിനു എന്തുപറ്റി? മാത്രമല്ല കോടതികള്‍ക്ക് സഭ ഭരിക്കാനുള്ള പൊതുസമ്മതമാണ് മേജര്‍ ആര്‍ച്ചുബിഷപ് നല്കിയിരിക്കുന്നത്. ഇതുണ്ടാക്കാന്‍ പോകുന്ന പുതിയ അന്തരീക്ഷം അവര്‍ മനസ്സിലാക്കുന്നുണ്ടോ?

പുലിക്കുന്നേല്‍ ജോസഫ് സാര്‍ വാദിച്ചിരുന്നതും 2009-ല്‍ കേരള ലോ കമ്മീഷന്‍ നയിച്ച ജസ്റ്റിസ് കൃഷ്ണയ്യരും പിന്നീട് ജസ്റ്റിസ് കെ ടി തോമസും കേരള ചര്‍ച്ച് ബില്‍ എന്ന് 2019-ല്‍ നിര്‍ദേശിച്ചതാണ് ഇപ്പോള്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ അഫിഡേവിറ്റിന്റെ ഫലമായി നടപ്പിലാകുന്നത്. സഭ ഭരിക്കാന്‍ കോടതികള്‍ക്ക് അധികാര അവകാശങ്ങള്‍ നല്കിയിരിക്കുന്നു. സിവില്‍ കോടതിയുടെ മുമ്പില്‍ സഭാഭരണാവകാശം കൊണ്ടുപോയി സമര്‍പ്പിച്ചിരിക്കുന്നു. സഭാഭരണം സിവില്‍ കോടതികള്‍ ഏറ്റെടുക്കുമ്പോള്‍ അപ്രസക്തമാകുന്നതു വത്തിക്കാനും മെത്രാന്മാരുമായിരിക്കും. ഈ പ്രശ്‌നത്തിന്റെ ആരംഭം മുതല്‍ പൊലീസില്‍ ആശ്രയിച്ച പഴയ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ പാതയിലാണ് ഇപ്പോഴും സഭ. സിവില്‍ കോടതിയിലേക്കു കേസ് മാറിയതോടെ പൊലീസിന്റെ മുഷ്ടിയല്ല മുന്‍സിഫുമാരുടെയും വക്കീലന്മാരുടെയും ഭാഷയിലേക്കും ഭാഷണത്തിലേക്കും കേസ് മാറുന്നു. കത്തോലിക്ക സഭയുടെ സംഭാഷണത്തിലോ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളിലോ വിശ്വാസമില്ലാതിരുന്ന സഭാനേതൃത്വം വക്കീലന്മാരുടെ വാദങ്ങളിലും അക്രൈസ്തവമോ അതിലേറെ പാര്‍ട്ടിപരമോ ആയി പ്രവര്‍ത്തിക്കാനും സാധ്യതയുള്ള ന്യായാധിപന്മാരുടെ കൈകളില്‍ സഭാതീരുമാനങ്ങള്‍ നിശ്ചയിക്കാന്‍ സമ്മതിക്കുന്നു. അമ്പലഭരണം റിസീവര്‍ ഭരണത്തിലാകുന്ന സ്ഥിതിയും വന്നു ചേരും. പെരുന്നാളും നേര്‍ച്ചപ്പണമെണ്ണലും കോടതി നിയന്ത്രണത്തിലാകുന്നതും വന്നു കൂടായ്കയില്ല. ധര്‍മ്മബോധമുള്ളവരുടെയും അതില്ലാത്തവരുടെയും കൈകളിലേക്ക് പള്ളിഭരണം മാറും. മെത്രാന്മാരുടെ ഭരണത്തിലും ഇതൊക്കെ നടന്നില്ലേ?

ഇവിടെയെല്ലാം വ്യക്തമായി മാറുന്നതു വിമര്‍ശനം നിരോധിച്ചും ഏകാധിപത്യത്തിലും ഒന്നും നടക്കാന്‍ സാധിക്കുകയില്ല എന്നാണ്. ദരീദ എഴുതി: ''ജനാധിപത്യവും അതിന്റെ പേരും ആശയവും ചരിത്രവുമടക്കം എല്ലാം വിമര്‍ശിക്കുന്നത് അംഗീകരിക്കാതിരിക്കാനാവില്ല.'' അഴിച്ചുപണിയില്‍ നിന്ന് ഒന്നിനും സംരക്ഷണമില്ല. ജനഹിതം കേള്‍ക്കാന്‍ ഏതധികാരിയും സന്നദ്ധമായേ തീരൂ. പരമാധികാരം എന്നതു ദൈവത്തില്‍ നിന്നു പിടിച്ചെടുത്ത ഒരു പദമാണ്. അതാണ് മെത്രാന്മാരുടെ അധികാരത്തിന്റെ ദൈവികാടിസ്ഥാനം. പക്ഷേ, ഈ പരമാധികാരം ഏകാധിപത്യമല്ല. അതു ദൈവവുമായി ബന്ധപ്പെടുത്തുമ്പോള്‍ പ്രവാചികാധികാരമാണ്. അത് ധാര്‍മ്മികാധികാരമാണ്. ഈ പ്രവാചകരും മറ്റെല്ലാവരും അധികാരത്തിന്റെ കേവലസ്വഭാവമെടുക്കുന്നു. ആര്‍ക്കും ദൈവത്തിന്റെ സ്ഥാനം സ്വന്തമാക്കാന്‍ അവകാശമില്ല. നമ്മളെല്ലാം, അധികാരികളും അധീനരും ഒന്നുപോലെ ദൈവത്തിന്റെ മക്കളാണ്. ദൈവമക്കളുടെ ധര്‍മ്മബോധം വെളിവാക്കുന്നത് ഭാഷണത്തിലാണ്, ഭാഷയിലാണ്. ഈ ഭാഷണത്തെ അട്ടിമറിക്കുന്നവര്‍ ചെന്നു വീഴുന്നതും ഭാഷണത്തിന്റെ അധികാരത്തിലാണ് എന്നതു മറക്കുന്നു. ജനാധിപത്യം എന്ന ഭാഷണാധികാരത്തിന്റെ രാഷ്ട്രീയ വ്യവസ്ഥിതി ആത്മീയപാരമ്പര്യത്തിന്റെ മണ്ണില്‍ മാത്രം നിലനില്‍ക്കുന്നതും വളരുന്നതുമാണ്. അപരനെ കേള്‍ക്കാന്‍ തയ്യാറില്ലാത്തവര്‍ ചെന്നു വീഴുന്നതു സെക്കുലര്‍ ജനാധിപത്യത്തിന്റെ ഭാഷണത്തിന്റെ അധികാര വ്യവസ്ഥയിലാണ് എന്നതു മറക്കുന്നു. ജനാധിപത്യ വ്യവസ്ഥിതിയെ പരിപോഷിപ്പിക്കുന്നതു ധാര്‍മ്മികവും ആത്മീയവുമായി പരസ്പരം കേട്ട് ദൈവഹിതം തിരിച്ചറിയുന്ന ഒരു സംഭാഷണ സംസ്‌കാരമാണ്. മെത്രാന്മാരും വൈദികരും കോടതിവിധിയുടെ നടത്തിപ്പുകാരാകുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org