
മതപരമായ കഥകള്‍ രാഷ്ട്രീയമായി നന്നായി ഉപയോഗിക്കുന്ന ചിന്തകനായിരുന്നു പ്ലേറ്റോ. അദ്ദേഹത്തിന്റെ ശരിയായ രാഷ്ട്രീയാധികാരി തത്വചിന്തകനായ രാജാവാണ്. അദ്ദേഹം മാത്രമാണ് മനുഷ്യജീവിതത്തിന്റെ ഗുഹയിലെ നിഴലുകളുടെ ലോകത്തില്‍ നിന്നു പുറത്തുകടന്ന് സൂര്യനെ കണ്ട് പ്രബുദ്ധനായവന്‍. എന്നാല്‍ ഈ പ്രബുദ്ധതയിലേക്കു പ്രവേശിക്കാതെ നിഴലുകള്‍ യാഥാര്‍ഥ്യങ്ങളായി മനസ്സിലാക്കുന്ന സാധാരണ മനുഷ്യന് ജീവിത പരിസരം ഗുഹയാണ്. സൂര്യനുദിക്കാത്ത നിഴലുകളുടെ ലോകം.
ഈ ലോകത്തില്‍ അടിമകളെപ്പോലെ ജീവിക്കുന്ന മനുഷ്യരെ രാഷ്ട്രീയമായി, അഥവാ സാമൂഹികമായി നിയന്ത്രിച്ച് കൊണ്ടുപോകേണ്ടതു താത്വികനായ രാജാവാണ്. ജനങ്ങളെ സത്യത്തിലൂടെ നടത്താന്‍ വെറും പ്രേരണ മാത്രം മതിയാകില്ല എന്നു ചിന്തിച്ചവനാണ് പ്ലേറ്റോ. ഒരു പരിധി വരെ അക്രമത്തിന്റെ ബലപ്രയോഗമില്ലാതെ സാധാരണ ജനങ്ങളെ ഭരിക്കാനാവില്ല. അവരെ പിന്നെ ചെയ്യാവുന്നതു ഭയപ്പെടുത്തി അനുസരിപ്പിക്കുക എന്നതാണ്. അതിനാണ് പ്ലേറ്റോ മതപരമായ നരകത്തിന്റെ കഥ ഉപയോഗിക്കുന്നത്. വെറും പ്രേരണയേക്കാള്‍ ഭയം സൃഷ്ടിക്കാനുതകുന്നതാണ് മനുഷ്യന് മരണാനന്തരമുള്ള നരകം എന്ന ആശയം. നരകഭയത്തില്‍ മനുഷ്യന് അധര്‍മ്മം ഉപേക്ഷിക്കുന്നു, രാജ്യനിയമങ്ങള്‍ അനുസരിക്കുന്നു. അനുസരിപ്പിക്കാന്‍ നരകഭയം ഉണ്ടാക്കിയാല്‍ മതി.
ഈ നരകഭയം ഏകാധിപതികള്‍ മരണാനന്തര യാഥാര്‍ഥ്യമായിട്ടു മാത്രമല്ല നിയമലംഘകര്‍ക്കു നരകം സൃഷ്ടിച്ച് അവരെ ശിക്ഷിച്ചു ശിക്ഷയുടെ ഭീതി സൃഷ്ടിക്കാം എന്നു കണ്ടെത്തുന്നു. ജയിലും കഠിന ശിക്ഷകളും അധികാരത്തിന്റെ പൊലീസും പട്ടാളവും തൂക്കിക്കൊലയ്ക്കു മുമ്പുള്ള കഠിന പീഡകളുടെയും ഉദ്ഭവം ഇങ്ങനെയാണ്. അനുസരിപ്പിക്കാന്‍ നരകം സൃഷ്ടിക്കുന്ന ഭീകരത രാഷ്ട്രീയാധികാരികളുടെ സൃഷ്ടിയാണ്. ഹന്ന അറന്റ് തന്റെ 'സാംസ്കാരിക പ്രതിസന്ധി' (The crisis of culture) എന്ന പുസ്തകത്തില്‍ എങ്ങനെ രാഷ്ട്രീയാധികാരികള്‍ മനുഷ്യന്റെ ഒടുക്കങ്ങളില്‍ നരകം, ശുദ്ധീകരണ സ്ഥലം, സ്വര്‍ഗം എന്ന മതത്തിന്റെ പരികല്പനകള് ഉപയോഗിച്ചു എന്നു വെളിവാക്കുന്നു.
ഒരു പരിധി വരെ അക്രമത്തിന്റെ ബലപ്രയോഗമില്ലാതെ സാധാരണ ജനങ്ങളെ ഭരിക്കാനാവില്ല. അവരെ പിന്നെ ചെയ്യാവുന്നതു ഭയപ്പെടുത്തി അനുസരിപ്പിക്കുക എന്നതാണ്.
വി. അഗസ്റ്റിന് പോലും നരകം, ശുദ്ധീകരണസ്ഥലം എന്ന ''മഹത്തായ നുണ'' (noble lie) ക്രൈസ്തവവിശ്വാസ പ്രമാണത്തിലേക്കു സന്നിവേശിപ്പിച്ചു എന്നു ഹന്ന അരന്റ് എഴുതി. അമേരിക്കന്‍ ഭരണഘടനയില്‍ നരകം കടന്നുപറ്റുന്നതു ജോണ്‍ ആഡംസ് എഴുതിയതുപോലെ ഏറ്റവും ഹീനമായ കൊലപാതകത്തില്‍ നിന്നു ജനങ്ങളെ അകറ്റാന്‍ പറ്റിയ മതപരമായ ഉപാധിയായിട്ടാണ്.
എന്നാല്‍ നരകം വച്ച് പേടിപ്പിക്കാനല്ല പല ഏകാധിപതികളും ശ്രമിച്ചത്. അനുസരിക്കാത്തവര്ക്കുവേണ്ടി നരകം സൃഷ്ടിക്കാനാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ ശുദ്ധീകരണ സ്ഥലം സോവ്യറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഉണ്ടാക്കിയ 'നിര്‍ബന്ധിത തൊഴിലാളി ക്യാമ്പുകള്‍' (Labour Camp) സാക്ഷാല്‍ ഭൂമിയിലെ ശുദ്ധീകരണ സ്ഥലങ്ങളായി; നിര്‍ബന്ധിത തൊഴില്‍ മണ്ഡലമായിരുന്ന ഈ പീഡനവേദികള്, കഠിനമായ ഏകാന്തതയുടെയുമായിരുന്നു. ശുദ്ധീകരണസ്ഥലം അനുസരിപ്പിക്കാന്‍ വേണ്ടി കമ്മ്യൂണിസം ഉണ്ടാക്കിയെടുത്തുവെങ്കില്, നരകം സൃഷ്ടിച്ചത് ജര്‍മ്മനിയിലെ നാസ്സികളായിരുന്നു.
ഇതാണു രണ്ടാം ലോക മഹായുദ്ധത്തിലേക്കു നയിച്ചത്. സാക്ഷാല്‍ ജര്‍മ്മന്‍ നാസ്സികള്‍ ഉണ്ടാക്കിയതു അസ്സല് നിത്യപീഢയുടെ നരകങ്ങള്‍ തന്നെയായിരുന്നു. മോചനമില്ലാത്ത കൊടും പീഡകളുടെ നിത്യത - മരണത്തിന്റെ ആശ്വാസം പോലും കിട്ടാത്ത അവസാനമില്ലാത്ത പീഡകളുടെ ഇടം. രാഷ്ട്രീയാധികാരത്തെ അനുസരിക്കാന്‍വേണ്ടി നരകം സൃഷ്ടിക്കുന്ന ഭീകരത. നാസ്സികള്‍ ജര്‍മ്മനിയിലെ വിവിധ സ്ഥലങ്ങളില്‍ ഉണ്ടാക്കിയ ശവ ഉല്പാദന ഫാക്ടറികളായിരുന്നു 28-ല്‍ അധികം ശാസ്ത്രീയമായി പ്രവര്‍ത്തിക്കുന്ന കോണ്‍സന്‍സ്ട്രേഷന്‍ ക്യാമ്പുകള്‍ എന്ന ഗ്യാസ് ചേമ്പറുകള്‍. ഇവിടങ്ങളിലാണ് അന്ത്യവിധി വിധിച്ച് ഹിറ്റ്ലര്‍ 60 ലക്ഷം യഹൂദരെ കൊന്നത്.
ഹന്ന അറന്റ് എഴുതി, ''പാശ്ചാത്യ ലോകത്ത് ഉണ്ടാക്കിയ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ മരണാനന്തരമുള്ള പാതാളം, ശുദ്ധീകരണ സ്ഥലം, നരകം എന്നീ മൂന്നിന്റെ പതിപ്പുകളായിരുന്നു. ശുദ്ധീകരണ സ്ഥലം സോവ്യറ്റ് യൂണിയന്റേതായിരുന്നു; അവിടെ ഏകാന്തതയിലേക്കു തള്ളി ഏറ്റവും ക്രമരഹിതമായ നിര്‍ബന്ധിത തൊഴിലിന്റെ മണ്ഡലമായിരുന്നു. നാസ്സികള്‍ വിദഗ്ദ്ധമായി ഉണ്ടാക്കിയതു നരകത്തിന്റെ അവതാരങ്ങളായിരുന്നു. ഏറ്റവും സൂക്ഷ്മമായും വളരെ വിദഗ്ദ്ധമായും പൂര്‍ണ്ണതയിലെത്തിയ പീഡനത്തിന്റെ ഉന്നതവും പൂര്‍ണ്ണവുമായ രൂപം.'' അതില്‍ നിന്നുള്ള മോചനം എന്നത് ഏറ്റവും ആശ്വാസപൂര്‍ണ്ണമായ അനുഗ്രഹമായി മാറുന്നു മരണം. മനുഷ്യപീഡനത്തിന്റെ അവിശ്വസനീയമായ വൈദഗ്ദ്ധ്യം. 60 ലക്ഷം യഹൂദരെ കൊല്ലാന്‍ കൊണ്ടുപോയി കൊടുത്ത ഐക്മാന് വിസ്തരിക്കപ്പെട്ടപ്പോള്‍ പറഞ്ഞു, ''അന്ത്യവിധി നടപ്പിലാക്കുന്ന ഘട്ടം വന്നപ്പോള്‍ കാന്റിന്റെ നിയമമൊന്നും ഞാന്‍ പാലിച്ചില്ല.''
ഇന്ന് ഈ നരകപീഡന ഉപാധികള്‍ പലവിധത്തില്‍ എല്ലാ അധികാരികളും ഉപയോഗിക്കുന്നു. ലക്ഷ്യത്തിനുവേണ്ടിയുള്ള ഉപാധികളായി ഇതു മാറുന്നു. പല അധികാരികള്‍ക്കും ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുന്നു. സീറോ മലബാര്‍ സഭയുടെ അധികാരികള്‍ എറണാകുളം-അങ്കമാലി അതിരൂപതയെ വരുതിയിലും വിധേയത്വത്തിലുമാക്കാന് ഈ പീഡന ഉപാധികള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്ന് ആത്മശോധന ചെയ്യുമോ?