ഏതു പ്രതിസന്ധിയും സാമാന്യബോധത്തിന്റെ പരാജയമാണ് എന്നു പറയുന്ന ഹന്ന അറന്റിന്റെ രാഷ്ട്രീയ ചിന്തയാണ്, ''അതാണ് ഇന്നത്ത പ്രതിസന്ധിയുടെ ഉറപ്പായ അടയാളം. ലോകത്തിലെ ഏതു പ്രതിസന്ധിയിലും എല്ലാവര്‍ക്കും പൊതുവായ എന്തോ നശിപ്പിക്കപ്പെടുന്നു. മാന്ത്രികന്റെ മാന്ത്രികദണ്ഡുപോലെ അതു പൊതുബോധത്തിന്റെ നാശമാണ്. നമുക്കു പൊതുവായിരുന്ന ഒരു ഇടം വെള്ളത്തില്‍ അലിഞ്ഞുപോകുന്നു.'' നമുക്കു പരസ്പരം സമീപിക്കാനുള്ള സാധ്യത അതോടെ ഇല്ലാതാകുന്നു. സമൂഹത്തില്‍ മാത്രമല്ല കുടുംബങ്ങള്‍ക്കുള്ളില്‍ത്തന്നെ ശണ്ഠകളും ശൈഥില്യങ്ങളും വ്യവഹാരങ്ങളും ഉണ്ടാക്കുന്നു. എന്തുകൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്നു ചോദിച്ചാല്‍ അംഗീകൃതമായിരുന്ന ഒരു പൊതു അധികാരം ഇല്ലാതാകുന്നു. എല്ലാവരേയും സംയോജിപ്പിച്ചിരുന്ന സ്ഥാപനങ്ങളും വ്യവസ്ഥിതികളും അതോടെ അന്യമായി മാറുന്നു. ''സത്യമാണ് സംഭാഷണം അവസാനിപ്പിക്കുന്നത് - അങ്ങനെയൊരു സത്യം ഇല്ലാതാകുന്നു.''
ഈ പ്രതിസന്ധിയിലാണ് ഹന്ന അറന്റ് താന്‍ നേരിട്ട് സാക്ഷിയായ ഐക് മാന്റെ വിസ്താരം തനിക്കു നല്കിയ പദത്തെക്കുറിച്ച് അവര്‍ പറയുന്നത്. 60 ലക്ഷം യഹൂദരെ കൊല്ലാന്‍ കൊണ്ടുവന്നു കൊടുത്ത ഈ നാസിയെ വിസ്തരിച്ചപ്പോള്‍ അയാള്‍ ബുദ്ധിയില്ലാത്തവനായിരുന്നില്ല. പക്ഷെ, അയാള്‍ ഈ കര്‍മ്മങ്ങള്‍ ചെയ്തപ്പോഴൊന്നും ചിന്തിച്ചില്ല. ചിന്തയില്ലാത്തവനായിരുന്നു. ചിന്താ ശൂന്യന്റെ ഭീകരതകളാണ് നാം കണ്ടത്. ലോകത്തില്‍ ഭീകരതകള്‍ സൃഷ്ടിക്കാന്‍, പൈശാചികതകള്‍ ഉണ്ടാക്കാന്‍ വേണ്ടതു ചിന്താശൂന്യരെയാണ്. അതിന്റെ പിന്നില്‍ ഭീകരമായ പൈശാചികതയൊന്നുമില്ല. ബുദ്ധി ഉപയോഗിക്കാതിരിക്കുക എന്നത് മാത്രമാണ് വേണ്ടത്. ഇവിടെയും ബുദ്ധിയെന്നതു കണക്കു കൂട്ടുന്ന ഗണിതശാസ്ത്ര ബുദ്ധിയൊന്നുമല്ല. മനുഷ്യന്‍ മൂന്നു കാര്യങ്ങളിലാണ് ബുദ്ധി ഉപയോഗിക്കുന്നത്, ചിന്തിക്കുക, ഇച്ഛിക്കുക, നിശ്ചയിക്കുക. ഈ മൂന്നു കാര്യങ്ങളിലാണ് മനുഷ്യന്‍ ചരിത്രം സൃഷ്ടിക്കുന്നത്. നാസ്സികളുടെ ഭരണകാലത്തു ജര്‍മ്മന്‍ ജനതയെ മുഴുവന്‍ ബാധിച്ച ഒരു വസന്തയായിരുന്നു ചിന്താശൂന്യത. അവര്‍ ബുദ്ധിയില്ലാത്തവരായിരുന്നു എന്നല്ല, അവര്‍ ബുദ്ധിയുള്ളവരായിരുന്നു. പക്ഷെ, ഈ ബുദ്ധി സാധാരണ ജീവിതത്തില്‍ അവര്‍ ഉപയോഗിച്ചില്ല.
പണ്ട് എന്‍ വി കൃഷ്ണവാര്യര്‍ ''ചിന്തതന്നുറവിടം വറ്റിയ മൃഗങ്ങളേ'' എന്ന് ഇക്കൂട്ടരെ അഭിസംബോധന ചെയ്തത് ഇവിടെയും നാം ശ്രദ്ധിക്കണം. ഗൗരവമായ ശാസ്ത്രചിന്തയില്ലാത്തവരായിരുന്നു എന്നതല്ല ഇത് അര്‍ത്ഥമാക്കുന്നത്. ശരി തെറ്റ് എന്ന വിവേചന ചിന്തയുടെ ഭരണമാണിവിടെ സാര്‍വത്രികമായി സംഭവിക്കുന്നത്. ഇതു ധര്‍മ്മചിന്ത സമൂഹത്തില്‍ നിന്ന് ഒഴിഞ്ഞുപോയ അവസ്ഥയാണ്. ഇതിനെ 'തിന്മയുടെ സാധാരണത്വം' (banality of evil) എന്നാണ് ഹന്ന അറന്റ് വിളിച്ചത്. ഈ ചിന്തയില്ലായ്മ അപരചിന്തയുടെ അഭാവമാണ് - സ്വകാര്യ ചിന്തയ്ക്ക് ഒരു കുറവുമില്ല. തന്റേയും തന്റേതായി കരുതുന്നവരേയും കുറിച്ചുള്ള ചിന്തകളുണ്ട്. അവിടെ ചിന്ത വര്‍ഗീയമാകുന്നു, പ്രാദേശികമാകുന്നു, ദേശീയമാകുന്നു. സ്ഥലകാലങ്ങളില്‍ ആണിവച്ച ചിന്തയാണ് വ്യാപകം. മറിച്ച് ''വ്യാപകമായ ചിന്ത'' ബാഷ്പീകരിച്ചു സംസ്‌കാരം വളരെ വന്ധ്യമാകുന്നു. ഇവിടെ ഏറെ ശ്രദ്ധേയമാകുന്ന മാറ്റം പ്രത്യയശാസ്ത്രങ്ങളുടെ അഥവാ ഐഡിയോളജികളുടെ ചിന്തയാണ് വ്യാപകമാകുക. അതു സ്വയം നിര്‍മ്മിതമായ ചിന്തയുടെ കഠിനമായ ചട്ടക്കൂടില്‍ ഒതുങ്ങി നിന്നുള്ള ചിന്ത മാത്രമല്ല; വിമര്‍ശനബോധം പ്രത്യയശാസ്ത്രപരമാകുന്നു. വിമര്‍ശനം ധാര്‍മ്മികമാകാതെ പ്രത്യയശാസ്ത്രപരവും ഐഡിയോളജിക്കലുമായിരിക്കുന്നു. ഇതായിരുന്നു ജര്‍മ്മനിയിലെ ചിന്ത - നാസ്സി ഐഡിയോളജിയോട് പൂര്‍ണ്ണമായി യോജിച്ചുള്ള ചിന്ത. വേറെ വാക്കുകളില്‍ പറഞ്ഞാല്‍ വിധേയത്വ ചിന്ത. ഇവിടെ ഭിന്നമായ ഒരു ചിന്തയ്ക്കും സാധ്യതയില്ല. അധികാരത്തിലിരിക്കുന്ന ചിന്തയ്ക്കു വിധേയപ്പെട്ട് ജീവിക്കുക. സ്പീനോസ് എഴുതിയതുപോലെ അടിമത്തത്തിനുവേണ്ടി ശരീരം സന്നദ്ധമാകുകയും ബുദ്ധി നിശ്ശബ്ദമായി മാറുകയും ചെയ്യുന്ന പ്രതിസന്ധി.
ഇതു പൂര്‍ണ്ണാര്‍ത്ഥത്തില്‍ വയനാട് വെറ്ററിനറി യൂണിവേഴ്‌സിറ്റിയില്‍ സിദ്ധാര്‍ ത്ഥന്റെ ദുരന്തമരണത്തിലേക്കു നയിച്ച സംഭവങ്ങളില്‍ പ്രകടമാണ്. എങ്ങനെ ചിന്താശൂന്യത അവരെ വിദ്വേഷവും അപരവേട്ടയും മൃഗീയതയും സംസ്‌കാരത്തിന്റെ ആധിപത്യമായി വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അധികാരികളെയും മരവിപ്പിക്കുകയും നിശ്ശബ്ദമാക്കുകയും ചെയ്തു എന്നതു ശ്രദ്ധിക്കണം. ഒരു മലയാളി വിദ്യാര്‍ത്ഥി പോലും ഈ സംഭവങ്ങള്‍ പുറത്തു പറഞ്ഞില്ല. പറഞ്ഞാല്‍ താന്‍ ഇരയാക്കപ്പെടും എന്ന് ഉറപ്പുള്ളവരായി വിദ്യാര്‍ത്ഥികള്‍ മാറി. പ്രത്യയശാസ്ത്രം അത്ര ഭീകരതയില്‍ അധികാരത്തിലായി. ഇതു മാര്‍ക്‌സ് എഴുതി പഠിപ്പിച്ച മാനവികതയുടെ സ്ഥാപനമല്ല, വെറും കൊടി പിടിച്ചു നടത്തിയ ക്രൂരതയുടെ മൃഗീയഭരണമായിരുന്നു - പാര്‍ട്ടി സംരക്ഷിക്കുന്ന മൃഗീയതയുടെ ഭീകരത. ഇത് ഇന്ന് ഒരു പാര്‍ട്ടി നടത്തിയെങ്കില്‍, അവര്‍ ഇടതുപക്ഷമായെങ്കില്‍ നാളെ ഏതു പാര്‍ട്ടിയും അധികാരം കിട്ടിയാല്‍ ആവര്‍ത്തിക്കും എന്നതില്‍ സംശയം വേണ്ട. ഇവിടെ പ്രത്യയ ശാസ്ത്രമാണ് ശരി തെറ്റുകള്‍ നിര്‍ണ്ണയിക്കുന്നത് അതിനു മുകളില്‍ ഒരു സത്യവുമില്ല.
ഇതേ അപകടം സഭകളില്‍ സംഭവിക്കുമെന്ന് മുന്‍കൂട്ടി പറയുന്നതു ഫ്രാന്‍ സിസ് മാര്‍പാപ്പ തന്നെയാണ്. 2023 സെപ്തംബര്‍ 4-ന് മംഗോളിയ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോള്‍ വിമാനത്തില്‍ നടന്ന അഭിമുഖത്തിലാണ് മാര്‍പാപ്പ ഇതു പറഞ്ഞത്, ''സഭകള്‍ക്കുള്ളിലും പലപ്പോഴും പ്രത്യയശാസ്ത്ര രൂപീകരണമുണ്ട് അവ സഭകളെ വേരുകളില്‍ നിന്നു മുകളിലേക്കുള്ള ജീവിതത്തില്‍ നിന്ന് അകറ്റുന്നു.'' അദ്ദേഹം തുടര്‍ന്നു, ''പ്രത്യയശാസ്ത്രത്തിനു മനുഷ്യാവതാരം അസാധ്യമാണ്, കാരണം അതു വെറും ആശയമാണ്. എന്നാല്‍ പ്രത്യയശാസ്ത്രം ബലപ്പെട്ട് രാഷ്ട്രീയമാകും. അത് സാധാരണമായി ഏകാധിപത്യമാകുന്നില്ലേ? അതിനു സംഭാഷണം അസാധ്യമാണ്, മറ്റു സംസ്‌കാരങ്ങളോട് അടുക്കാന്‍ സാധിക്കുകയില്ല. ഇതൊക്കെ ഏകാധിപത്യമാകുന്നു. ഏകാധിപത്യം പ്രത്യയശാസ്ത്രത്തിന്റെ ശക്തിയുടെ ആധിപത്യമാണ്.'' മാര്‍പാപ്പയുടെ ഈ വാക്കുകള്‍ ക്രൈസ്തവ വിശ്വാസത്തെ സഭാധികാരം പ്രത്യയശാസ്ത്രമാക്കുന്ന പ്രതിസന്ധിയെക്കുറിച്ചു ആര്‍ജവമാര്‍ന്ന പ്രസ്താവങ്ങളാണ്. സഭ വേരുപിടിച്ചിരിക്കുന്നത് ദൈവത്തോടു വിശ്വസ്തത പുലര്‍ത്തുന്ന വിശുദ്ധരായ വിശ്വാസികളിലാണ്. പ്രത്യയശാസ്ത്രം യാഥാര്‍ത്ഥ്യത്തില്‍നിന്നും ജനങ്ങളില്‍നിന്നും ഭിന്നമായ ആശയങ്ങള്‍ മാത്രമാണ്. ഈ പ്രതിസന്ധി ഗൗരവമായി ബാധിച്ച ഒരു സഭയായിരുന്ന റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ. അതു സാര്‍ ചക്രവര്‍ത്തിമാരോടും മാര്‍ക്‌സിസത്തോടും വിധേയപ്പെട്ട് അന്തര്‍യാമിയായി വര്‍ത്തിച്ച സഭയായിരുന്നു. ആ സഭ വലിയ ഇരുട്ടിലും മൗലികവാദത്തിലും ആഴ്ന്നിറങ്ങി തലപൊക്കാന്‍ ധൈര്യം കാണിക്കാതെ കഴിഞ്ഞതിനെക്കുറിച്ചത് നിക്കോളായ് ബര്‍ഡിയേവ് എന്ന റഷ്യന്‍ ഓര്‍ത്തഡോക്‌സ് ചിന്തകന്‍ എഴുതിയിട്ടുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാണിച്ച ആധുനിക പ്രത്യയശാസ്ത്ര പ്രതിസന്ധി തന്നെയല്ലേ സീറോ മലബാര്‍ സഭയും നേരിടുന്നത് എന്നു ചിന്തിക്കേണ്ടതാണ്. ഒരു പൊതുബോധത്തിന്റെ പരിപൂര്‍ണ്ണമായ തകര്‍ച്ച ഇവിടെ പ്രകടമാണ്. നന്മതിന്മകള്‍ സ്വയം സൃഷ്ടിക്കുന്ന പ്രതിസന്ധിയുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്.