
''സത്രത്തില്‍ അവര്‍ക്ക് സ്ഥലം ലഭിച്ചില്ല'' (ലൂക്കാ 4:2) എന്നു യേശുവിനു ജനിക്കാന്‍ ജനിക്കാന്‍ ഇടം ലഭിക്കാതെ പോയതിനെക്കുറിച്ച് ലൂക്കാ സുവിശേഷകന്‍ എഴുതി. മനുഷ്യജന്മത്തിന്റെ ഇടം നിഷേധിക്കപ്പെട്ടവന്‍ മൃഗങ്ങളുടെ ഇടയില്‍ ജനിച്ചു. ജനിച്ചതു മുതല്‍ രാജാവിനു ഭീഷണിയായി. അവന്‍ ജീവന്‍ നിലനിര്‍ത്താന്‍ ഈജിപ്തിലേക്കു അഭയം പ്രാപിച്ചതിനെക്കുറിച്ച് മത്തായിയുടെ സുവിശേഷം പ്രതിപാദിക്കുന്നു. മനസ്സമാധാനം എന്നത് എല്ലാവരും സുരക്ഷിതരാണ് എന്ന ബോധം സൃഷ്ടിക്കുന്നതാണ്. മറ്റൊരു പൗരനില്‍ നിന്നു ഭയപ്പെടേണ്ട ഒന്നുമില്ല എന്ന രാഷ്ട്രീയാവസ്ഥയാണ് ഈ മനസ്സമാധാനത്തിന്റെ അടിസ്ഥാനം. എല്ലാവര്‍ക്കും തുല്യമായി ജീവിക്കാന്‍ അവകാശം അനുവദിക്കുന്നിടത്താണ് അതുണ്ടാകുക.
ഏതെങ്കിലും ഒരു മനുഷ്യസമൂഹത്തിനു ജീവിക്കാന്‍ ഇടം കൊടുക്കില്ല എന്ന നിര്‍ബന്ധം പിടിച്ചവര്‍ ഉണ്ടാക്കിയ ഭീകര മനുഷ്യഹത്യയുടെ കഥകളും അതിന്റെ തിരിച്ചടികളുടെയും ചരിത്രം നമ്മുടെ മുമ്പിലുണ്ട്. 1920 മെയ് 25-ാം തീയതി ഉച്ചകഴിഞ്ഞ് രണ്ടു മണി സമയത്തു പാരിസ് നഗരത്തിന്റെ ലാറ്റിന്‍ ഭാഗത്തിലൂടെ ഒരാള്‍ ഊന്നുവടിയുമായി നടക്കുന്നു. എതിരെ മറ്റൊരാള്‍ വരുന്നു. രണ്ടുപേരും കൂട്ടിമുട്ടുന്നിടമായപ്പോള്‍ അപരന്‍ ഉക്രെയ്‌നിയന്‍ ഭാഷയില്‍ ചോദിച്ചു, ''താന്‍ പെറ്റ്‌ലിവയ(Simon Petlivia)യല്ലേ?'' മറുപടിയില്ല. വടികൊണ്ട് ഭിക്ഷക്കാരനെ മാറ്റുന്നതുപോലെ വടിപൊക്കി. അപരന്‍, ''നിന്നെത്തന്നെ സംരക്ഷിക്ക്.'' എന്നു പറഞ്ഞുകൊണ്ട് കൈത്തോക്കില്‍ മൂന്നു വെടിയില്‍ അയാള്‍ വീണു.
വംശഹത്യ, ന്യൂനപക്ഷ വിരോധം തുടങ്ങിയ ഭീകരതകള്‍ സാധ്യമാകുന്ന രാഷ്ട്രീയം എവിടെയും ഉണ്ടാകാം. അങ്ങനെ വരുമ്പോള്‍ ന്യൂനപക്ഷ മതത്തിലോ സമൂഹത്തിലോ പെട്ടുപോയാല്‍ ജീവിതം യുക്തിസഹമായി തുടരും എന്ന വിശ്വാസം അപകടത്തിലാകുന്നു.
രണ്ടു വെടി കൂടി വച്ചു കൊന്നുവെന്ന് ഉറപ്പാക്കി. പൊലീസെത്തിയപ്പോള്‍ അയാള്‍ കീഴടങ്ങിക്കൊണ്ട് പറഞ്ഞു, ''ഒരു ഭീകര കൊലയാളിയെ ഞാന്‍ കൊന്നു.'' അയാള്‍ ഫവാന്‍സ് ബാര്‍ഡ് ഷോളോം എന്ന ഉക്രെയ്‌നിയന്‍ യഹൂദ കവിയായിരുന്നു. കൊല്ലപ്പെട്ടതു ഉക്രെയ്‌നിലെ കൊന്നവന്റെ കുടുംബമടക്കം 50,000 ത്തിനും 2,00,000 ത്തിനുമിടയില്‍ യഹൂദരെ കൊന്നൊടുക്കിയ ഉക്രെയ്‌നിയന്‍ സീസര്‍ എന്നറിയപ്പെട്ട പട്ടാളമേധാവിയായിരുന്നു.
ഫ്രാന്‍സിലും പാശ്ചാത്യ നാടുകളിലും കോളിളക്കം സൃഷ്ടിച്ച കൊലപാതകവും കോടതി വിസ്താരവും. കോടതി കൊന്നയാളെ വെറുതെ വിട്ടു. അറുപതു ലക്ഷം യഹൂദരെ ജര്‍മ്മനിയിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊല്ലാന്‍ കൊണ്ടുപോയി കൊടുത്ത റുഡോള്‍ഫ് ഐക്മാനെയും ജറുസലേം കോടതി വിസ്തരിച്ചു വിധിച്ചു. ''നീയും നിന്റെ മേലധികാരികളും ഒരു യഹൂദനും ഈ ഭൂമിയില്‍ ഇടം കൊടുക്കില്ല എന്നു നിശ്ചയിച്ചു. അതേ കാരണം കൊണ്ട് ഈ ഭൂമിയില്‍ നിനക്കും ഇടം നല്കില്ല. ഭൂമിയില്‍ നിനക്ക് ഇടമില്ല എന്നു കോടതി നിശ്ചയിക്കുന്നു.''
ഈ രണ്ടു സംഭവങ്ങളും പാശ്ചാത്യ നാടുകളില്‍ ഉണ്ടായതാണ്. ഒരു വിഭാഗം ജനത്തിനും ഭൂരിപക്ഷം ഇടം നല്‍കില്ല എന്ന ഒരു സര്‍ക്കാര്‍ തീരുമാനിക്കുന്ന പ്രതിസന്ധിയായിരുന്നു രണ്ടിടത്തും സംഭവിച്ചത്. ഒരു ജാതിക്കോ ഗോത്രത്തിനോ തങ്ങളുടെ ആധിപത്യത്തില്‍ മറ്റൊരു വിഭാഗത്തെ തുടച്ചു നീക്കുന്ന വംശഹത്യകള്‍ ഭാരതത്തിലും സംഭവിച്ചിട്ടുണ്ട്. ഇത് എവിടെയും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചില മനുഷ്യ സമൂഹങ്ങളില്‍ ഉണ്ടാകുന്ന വെറുപ്പും വിദ്വേഷവും സൃഷ്ടിക്കുന്ന വലിയ വംശഹത്യകള്‍.
ഭാരതത്തിന്റെ ഇതര ഭാഗത്തു ചില സംസ്ഥാനങ്ങളില്‍ വളരുന്നതു ആള്‍ക്കൂട്ട സംസ്‌കാരമാണ്. അതു സാധാരണയായി ഭൂരിപക്ഷ സമൂഹത്തില്‍ നിന്നാണ് ഉണ്ടാകുക. ഈ ആള്‍ക്കൂട്ടത്തിന് ഒരു നേതാവുമില്ല, ഒരു ക്രമവുമില്ല, ഒരു ധര്‍മ്മവുമില്ല. അവര്‍ കണ്ണടച്ച് വെറുപ്പിന് തീ കൊടുക്കുകയാണ്. വംശഹത്യ നടക്കുകയാണ്. ഇവര്‍ അനിഷ്ടകരമായ വീടുകള്‍ ബുള്‍ഡോസര്‍ വച്ചു തകര്‍ക്കുകയാണ്. നിയമപാലകര്‍ നോക്കിനില്‍ക്കുന്നു, മൗനമായി രാഷ്ട്രീയത്തിന്റെ മൗനാനുവാദത്തില്‍ എന്തു കൊലയും കൊള്ളിവയ്പും നടക്കുന്നു. ഭയത്തോടും വിറയലോടും കൂടി എഴുതട്ടെ, ആള്‍ക്കൂട്ട സംസ്‌കാരവും അതിന്റെ അഴിഞ്ഞാടലും അനുവദിക്കുന്ന ഭരണസംവിധാനം ഉണ്ടായിപ്പോകുന്നു. ഇതു മനസ്സിലാക്കാന്‍ മനസ്സാകാത്ത സഭാ നേതൃത്വവും.
വംശഹത്യ, ന്യൂനപക്ഷ വിരോധം തുടങ്ങിയ ഭീകരതകള്‍ സാധ്യമാകുന്ന രാഷ്ട്രീയം എവിടെയും ഉണ്ടാകാം. അങ്ങനെ വരുമ്പോള്‍ ന്യൂനപക്ഷ മതത്തിലോ സമൂഹത്തിലോ പെട്ടുപോയാല്‍ ജീവിതം യുക്തിസഹമായി തുടരും എന്ന വിശ്വാസം അപകടത്തിലാകുന്നു. അസ്തിത്വഭീഷണിയിലാകുന്നു ജീവിതം. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലെ ന്യൂനപക്ഷങ്ങള്‍ ഈ ഭീതിയിലാണ്. എങ്ങനെയാണ് ഈ കൊലപാതക രാഷ്ട്രീയം ഉണ്ടാകുന്നത്? യഹൂദരെ കൊന്ന രണ്ടു സാഹചര്യങ്ങളാണ് ഇവിടെ ഉദ്ധരിച്ചത്. അവിടെ നൂറ്റാണ്ടുകളിലൂടെ വളര്‍ന്ന വെറുപ്പിന്റെ അടിസ്ഥാനം എന്തായിരുന്നു? എല്ലാം കെട്ടുകഥകളായിരുന്നു. ഉണ്ടാക്കി പ്രചരിപ്പിച്ച കഥകള്‍. 1903 നുശേഷം യൂറോപ്പില്‍ പ്രചരിച്ച കഥ സത്യമാക്കിയവരായിരുന്നു നാസ്സികള്‍. ഹിറ്റ്‌ലര്‍ അത് 'എന്റെ യുദ്ധ'ത്തില്‍ സത്യമായി വിശ്വസിച്ചാണ് യഹൂദരെ കൊന്നത്. ഡിയോണിന്റെ മൂപ്പന്മാരുടെ എന്ന പേരില്‍ ഉണ്ടാക്കിയ വ്യാജരേഖ ആര് എവിടെ ഉണ്ടാക്കി എന്ന് ഇപ്പോഴും പിടിയില്ല. അതു യഹൂദരുടെ ലോകാധിപത്യത്തിന്റെ നടപടികളും എല്ലാ സാമ്പത്തികസ്ഥാപനങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനെപ്പറ്റി പറയുന്നു. അതു രഹസ്യരേഖയുമായിട്ടാണ് അറിയപ്പെട്ടത്. ഇല്ലാത്ത മഹാദുരന്തത്തെ ഹിറ്റ്‌ലര്‍ നേരിടുകയായിരുന്നു. ഈ വ്യാജത്തിന്റെ പേരില്‍ കൊല്ലപ്പെട്ടതു 60 ല്‍ അധികം ലക്ഷം മനുഷ്യരാണ്.
ഇന്ത്യയിലും ഇങ്ങനെ വെറുപ്പിന്റെ കഥകള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. ഈ വ്യാജകഥകള്‍ ഉണ്ടാക്കുന്നവര്‍ ലക്ഷ്യമിടുന്നതു സമാധാനമല്ല. ഹിറ്റ്‌ലര്‍ ഒരു നോവലില്‍ യഹൂദരോട് പറയുന്നു, ''എന്റെ സിദ്ധാന്തം നിങ്ങളില്‍ നിന്നു ഞാന്‍ എടുത്തതാണ്.'' മൗലികവാദികള്‍ എതിര്‍ക്കുന്നവരില്‍ ആരോപിക്കുന്ന തിന്മയുടെ തന്നെ മനുഷ്യരായി മാറുന്നു. നാസികള്‍ യഹൂദരില്‍ ലോകാധിപത്യ ജ്വരവും അക്രമവും ആരോപിച്ച് അവര്‍ തന്നെ അക്രമത്തിന്റെയും ആധിപത്യത്തിന്റെയും രൂപങ്ങളായി മാറി. നാസ്സിസത്തിന്റെ പ്രചാരക മന്ത്രിയായിരുന്ന ജോസഫ് ഗോസെല്‍സ്സ് 1941-ല്‍ എഴുതി, ''ജന്മം കൊണ്ടും ജാതി കൊണ്ടും എല്ലാ യഹൂദരും നാഷ്ണല്‍ സോഷ്യലിസ്റ്റ് ജര്‍മ്മനിക്ക് (Nazi) എതിരായ അന്തര്‍ദേശീയ ഗൂഡാലോചനക്കാരാണ്. ഈ ഗൂഡാലോചന നടപ്പിലാക്കാനും രാജാവിനെ ഇല്ലാതാക്കാനും അവര്‍ എല്ലാം ചെയ്യുന്നു.'' ഒരു മിഥ്യയില്‍ വിശ്വസിച്ചു നടത്തിയ നാസ്സി ഭീകരത.