കുരിശും കുര്‍ബാന വിവാദവും

പോള്‍ തേലക്കാട്ട്
കുരിശും കുര്‍ബാന വിവാദവും

1360-ലാണ് മാര്‍ഗറിറ്റ് പൊരറ്റി (Marguerite Porete) ന്റെ ''ശുദ്ധാത്മാക്കളുടെ മുകരം'' എന്ന മിസ്റ്റിക്കല്‍ പുസ്തകത്തിന്റെ പേരില്‍ അവരെ സഭ കുറ്റിയില്‍ കെട്ടി പാഷണ്ഡതയുടെ പേരില്‍ കത്തിച്ചു. ഈ കാലട്ടത്തില്‍ ആത്മീയജീവിതത്തില്‍ തികച്ചും തനിമയാര്‍ന്ന സരണികള്‍ സൃഷ്ടിച്ചവരെ പിശാചുബാധിതരായി മുദ്രകുത്തി കത്തിച്ചു. എന്നാല്‍ ഇതേ പുസ്തകം അവരുടെ മരണശേഷവും പേരില്ലാതെ പ്രസിദ്ധീകരിച്ച് അതിലെ ആശയങ്ങള്‍ സ്വീകരിച്ച പുരുഷ സന്യാസികള്‍ പ്രകീര്‍ത്തിക്കപ്പെട്ടു. ഈ പിശാചുബാധിതരുടെ വേട്ടയെ വ്യാഖ്യാനിക്കുന്നതു സഭയിലെ പുരുഷാധിപത്യത്തി ന്റെയും അധികാരത്തിെന്റയും അതിശക്തമായതും ഏറ്റവും കാര്യക്ഷമവുമായ നടപടികളായിട്ടാണ്. അധികാരത്തിന്റെ ആധിപത്യം സ്ഥാപിച്ചതു ഈ പിശാചുവേട്ടയിലൂടെയായിരുന്നു.

കുരിശുവച്ച് കുര്‍ബാനയര്‍പ്പിക്കണം എന്ന നല്ലൊരു പാരമ്പര്യമുണ്ട്. എങ്ങോട്ട് തിരിഞ്ഞു കുര്‍ബാനയര്‍പ്പിക്കണമെന്ന ചോദ്യത്തിനു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നല്കിയ ഉത്തരം കുരിശിലേക്കു നോക്കി കുര്‍ബാനയര്‍പ്പിക്കാനാണ്. അതിനേക്കാള്‍ പ്രധാനം കുരിശുവച്ചു കുര്‍ബാനയര്‍പ്പിക്കുന്നതിന്റെ അര്‍ത്ഥം യേശുവിന്റെ വെളിപാടിന്റെ കേന്ദ്രബിന്ദുവാണ് കുരിശ് എന്നതിലാണ്. എല്ലാവിധ അധികാര അക്രമങ്ങളേയും അധീശത്വങ്ങളെയും ഒഴിവാക്കി അഹം മറന്ന അധികാരത്തിന്റെ ചിന്താകേന്ദ്രമാണ് കുരിശ്.

കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയാണ് ഈ കുരിശിനെ പട്ടാളത്തിന്റെ ചിഹ്നമാക്കിയത്. മില്‍വിയന്‍ പാലത്തില്‍ കണ്ട ദര്‍ശനത്തില്‍ സൂര്യന് താഴേക്കണ്ട കുരിശിന്റെ ലിഖിതം ''ഈ അടയാളത്തില്‍ കീഴടക്കും'' എന്നതാണ്. കുരിശ് അങ്ങനെ കീഴടക്കലിന്റെ ചിഹ്നമായി മാറി. സീറോ മലബാര്‍ സഭയില്‍ ആരാധനാക്രമ വിവാദത്തില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കുന്നവര്‍ക്കെതിരെ അക്രമത്തിന്റെ, അധിശത്വത്തിന്റെ കീഴടക്കുന്ന മാര്‍ഗ്ഗങ്ങളാണ് നിരന്തരം നടത്തുന്നത് എന്ന് ചിലര്‍ ആശങ്കപ്പെടുന്നു. കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയില്‍ കെട്ടിക്കിടക്കുന്ന ഒരു അധികാര പാരമ്പര്യത്തിന്റെ സഭയായി മാറുകയാ ണോ? ഈ അപകടത്തില്‍ നിന്നു പുറത്തു കടക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരം നടത്തുന്ന ശ്രമങ്ങള്‍ ഈ സഭ ശ്രദ്ധിക്കുന്നുണ്ടോ?

യേശു ലോകത്തിന്റെ മുമ്പില്‍ വച്ച ഒരു ജീവിതമാര്‍ഗ്ഗമുണ്ട്. അത് ഒരിക്കലും നിര്‍ബന്ധത്തിന്റെതായിരുന്നില്ല. അതു സ്വീകരിക്കാനും നിരാകരിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരുന്നു. യേശുവിന്റെ ദൈവരാജ്യത്തിന്റെ വഴി തനിമയുടേതായിരുന്നു. സ്വാതന്ത്ര്യത്തിന്റെ ദാക്ഷിണ്യമാണ് അതിന്റെ തനിമ. അതൊരു നവീകരണ പ്രസ്ഥാനമായിരുന്നു. യേശു പ്രസംഗിച്ച ദൈവരാജ്യത്തിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടായിരുന്നു. അതു സാമൂഹ്യജീവിത ക്രമീകരണത്തെക്കുറിച്ചുമായിരുന്നു. കൂട്ടായ്മയുടെ മൗലികത സാമൂഹികത തന്നെ. അത് തിരസ്‌ക്കരിക്കാനും കഴിയുമായിരുന്നു. അവന്റെ നിര്‍ദ്ദേശം തള്ളി അപ്രസക്തമാക്കാനും സാധിക്കുമായിരുന്നു.

ക്രിസ്ത്യാനികള്‍ സ്വപ്നം കണ്ടതും ബൈബിള്‍ അവരെ പഠിപ്പിച്ചതും ചരിത്രത്തില്‍ ദൈവം ഇടപെടുന്നു എന്നാണ്. അങ്ങനെ ചരിത്രത്തെ ധര്‍മ്മചരിത്രമാക്കുന്നത് അവര്‍ സ്വപ്നം കണ്ടവരാണ്. ദൈവം ചരിത്രത്തില്‍ ഇടപെടുന്ന കഥയായിട്ടാണ് ബൈബിള്‍ വായിക്കപ്പെട്ടത്. ദൈവത്തിന്റെ വഴിയുടെ ചരിത്രസാക്ഷ്യമാണ് ബൈബിളില്‍. അതു അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും സ്വാതന്ത്ര്യ നിഷേധത്തിന്റെയും വഴിയല്ല. പുതിയ നിയമത്തില്‍ കുരിശില്‍ പൂര്‍ത്തായയതു ദൈവത്തിന്റെ കുഞ്ഞാടിന്റെയും സഹന ദാസന്റെയും മഹത്വപൂര്‍ണ്ണമായ ആവിഷ്‌ക്കാരമായിരുന്നു. പ്രപഞ്ചത്തിന്റെ കാര്യകാരണ ബന്ധത്തിന്റെ നിയമത്തിന്റെ സാധൂകരണമല്ല വേദപുസ്തകത്തിന്റെ നിയമം. ദൈവത്തോടുള്ള അനുസരണത്തിന്റെ വെളിപാടിന്റെ വഴി കാണിക്കുന്നു. അതു കാര്യകാരണ ബന്ധമല്ല; അതു സഹന-ഉത്ഥാനമാര്‍ഗ്ഗമാണ്. ലോകത്തിന്റെ വഴിയായി ബൈബിള്‍ അവതരിപ്പിക്കുന്നതു ശക്തിപ്രതാപങ്ങളുടെ മാര്‍ഗ്ഗമല്ല. ''ഈ അടയാളത്തില്‍ നീ കീഴടക്കും'' എന്നതു സീസറിന്റെ വഴിയാണ് - ബൈബിളിന്റെ വഴിയല്ല. കോണ്‍സ്റ്റന്റയിന്റെ ഈ വഴിയിലേക്കു പഴയനിയമവും സഭയും വഴുതി വീഴുന്നു. ചരിത്രത്തെ നേരെയാക്കുന്ന ബലത്തിന്റെ പ്രലോഭനം സഭയില്‍ എന്നുമുണ്ടായിരുന്നു.

സഭയില്‍ ആത്മീയമായ പുതിയ ശബ്ദം ഉണ്ടാക്കിയവരെ സഭാധികാരം മന്ത്രവാദിനികളായി മുദ്രകുത്തി അടിച്ചമര്‍ത്തി. ക്രിസ്തുവിന്റെ സമാധാനമാണ് അവര്‍ ഉണ്ടാക്കിയത് എന്ന് അവര്‍ കരുതി. പക്ഷെ, അങ്ങനെ സമാധാനം ഉണ്ടാക്കുന്ന എല്ലാ നടപടിയും ക്രിസ്തു വിരുദ്ധമാണ്. ക്രിസ്തുവിന്റെ സമാധാനം ഉറപ്പാക്കാനാണ് സഭയില്‍ പലരും ശ്രമിച്ചത്. അങ്ങനെ ഉറപ്പാക്കുന്നവര്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുന്നു. സഹിഷ്ണുത എന്നതു സംഭാഷണത്തിന്റെ വ്രണിതാനുഭവത്തിന്റെ ഫലമാണ്. ഇങ്ങനെ വ്രണിതരാകാന്‍ സന്നദ്ധരല്ലാത്തവര്‍ ദൈവരാജ്യത്തില്‍ നിന്നു വഴിതെറ്റിയവരാണ്.

പ്രതിസന്ധികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നവര്‍ അതു ചെയ്യേണ്ടത് ആത്മവിമര്‍ശന സാധ്യതകള്‍ അടച്ചുപൂട്ടിക്കൊണ്ടല്ല. ഏതു സംഘര്‍ഷവും ആത്മീയമായി വിവേചനത്തിന്റെ വഴിയില്‍ വന്നു ചേരാവുന്നതാണ്. ഈ സംഘര്‍ഷങ്ങളെ അടിച്ചൊതുക്കാനുള്ള അധികാരിക തീരുമാനങ്ങള്‍ നടത്തുന്നവര്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിയുടെ അധികാരത്തിന്റെ പിന്‍ഗാമികള്‍ മാത്രമാണ്. സഭ നിരന്തരം അനുവര്‍ത്തിക്കേണ്ടത് ഓര്‍മ്മയുടെ ശുശ്രൂഷയാണ്. യേശുവിന്റെ സന്ദേശവും സാക്ഷ്യവും ചരിത്രത്തിലൂടെയും തലമുറകളിലൂടെയും തുടരേണ്ടതാണ്. ഈ ചരിത്ര പാരനമ്പര്യത്തിലാണ് സഭ വേവലാതിപ്പെടേണ്ടത്. അവിടെ നമ്മെ ബാധിക്കുന്ന വസന്ത വൈവിധ്യങ്ങളെ കൈകാര്യം ചെയ്യുന്ന വൈദഗ്ദ്ധ്യമാണ്. നിരന്തരമായി വൈവിധ്യങ്ങളുടെമേല്‍ മുകളില്‍നിന്ന് ഏതോ അഹത്തിന്റെ അശ്വമേധം നടത്തുന്നത് അധികാരത്തിന്റെ രൂപഘടനയിലാണ്. ഇവിടെ സഭ ഉപേക്ഷിക്കുന്നത് ആദിമ ക്രൈസ്തവ സമൂഹത്തിന്റെ സാക്ഷ്യമായിരിക്കും.

ബൈബിള്‍ നമുക്കു തരുന്നതു ഒരു ധര്‍മ്മ പാരമ്പര്യമാണ്. അതു പ്രസ്താവനകളിലല്ല, നിയമങ്ങളിലല്ല, സാക്ഷ്യമായിട്ടാണ്. അതു സഹന സാക്ഷ്യമാണ് - ബലത്തിന്റെ അടിച്ചേല്പിക്കലല്ല. ബൈബിള്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കുന്ന പുസ്തകമല്ല. അതു ഒരു യുക്തിയുടെ തര്‍ക്ക ശാസ്ത്രവുമല്ല. അതു പ്രസക്തവും സാംസ്‌കാരികാന്തരവുമായ മാതൃകകളാണ്. ബൈബില്‍ നല്കുന്ന ലക്ഷ്യത്തെ അട്ടിമറിക്കുന്ന വിധത്തില്‍ ബൈബിളിനോട് പ്രതികരിക്കരുത്. ബൈബിളില്‍ നിന്നു വാചകങ്ങള്‍ ഊരിമാറ്റി ഉപയോഗിക്കുന്നതു നിരന്തരം കാണുന്നു. ബൈബിള്‍ വാചകങ്ങള്‍കൊണ്ട് യുദ്ധന്യായീ കരണങ്ങള്‍ നടത്തുന്നു. ജീവിതം കൊണ്ട് അനുകരിക്കാത്ത ആരും ക്രിസ്തുവിനെ അറിയുന്നില്ല.

ടോള്‍സ്റ്റോയിയും, ഗാന്ധിജിയും, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും യേശുവിന്റെ അഹിംസയുടെ സുവിശേഷം സഭയോട് പ്രസംഗിച്ചത്. ദരിദ്രരോടുള്ള പക്ഷപാതത്തില്‍ മാര്‍ക്‌സും ചില പ്രവാചകരും ക്രിസ്തുവിനെ മനസ്സിലാക്കാതെ പോയി. സുവിശേഷം കൊല്ലരുത് എന്ന പത്തു കല്പനകളില്‍ നിന്നാണ് വളര്‍ന്നത്. ചോരചിന്തലില്‍ നിന്ന് അകറ്റുന്ന മാര്‍ഗ്ഗം.

അത് അബ്രാഹത്തിനു കിട്ടിയ വിളിയില്‍ അന്തര്‍ലീനമായിരുന്നു. മേരിയുടെ സ്‌തോത്രഗീതത്തില്‍ മക്കബായക്കാരുടെ പുസ്തകം നിഴലിക്കുന്നില്ലേ? ദരിദ്രരേയും അവശരേയും അനുഗ്രഹിക്കുന്നത് അക്രമത്തിന്റെ മാര്‍ഗ്ഗമല്ല. സാംസ്‌കാരിക ലോകമായിരുന്ന കല്‍ദായ വിടാനാണ് ദൈവം അബ്രാഹത്തോട് പറഞ്ഞത്. സംസ്‌കാരത്തില്‍ ആണിയുറപ്പിക്കാനല്ല. അതു പുറത്തേക്കുള്ള തീര്‍ത്ഥാടനമാണ്. അതു സീസറിന്റേതോ കോളനിയുണ്ടാക്കുന്നവരുടേതോ അല്ല. യേശു സമൂഹത്തിന്റെ തനിമ നഷ്ടപ്പെടുത്താതിരിക്കണം. അതു ജാതിഗോത്രദേശങ്ങള്‍ക്കതീതമായ എല്ലാവരേയും ആശ്ലേഷിക്കുന്ന പുതിയ സമീപനമാണ്. ഇവിടെ അധികാരം, കര്‍തൃത്വം ആധിപത്യത്തിന്റെയല്ല - അതു സഹിക്കുന്നു. സ്വയം ശൂന്യവല്‍ക്കരിക്കുന്നതും മരിക്കുന്നതുമായ അധികാരികതയാണ് ക്രൂശിതന്‍ നല്കിയത്. അധികാരം കായേന്റെ വഴി വെടിയണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org