
മാര്‍ക്‌സ് തന്റെ ഫൊയബാഗിനെക്കുറിച്ചുള്ള തീസിസുകള്‍ എന്ന രചനയില്‍ തത്ത്വചിന്തയെക്കുറിച്ച് വളരെ പ്രസിദ്ധമായ പരാമര്‍ശം നടത്തുന്നു: ''തത്ത്വചിന്തകര്‍ ലോകം പല വിധത്തില്‍ വ്യാ ഖ്യാനിച്ചു. പക്ഷെ പ്രസക്തമായതു ലോകം മാറ്റുകയാണ്.'' മാര്‍ക്‌സ് മാറ്റത്തിന്റെ നിലപാട് സ്വീകരിക്കുന്നു. തൊഴിലാളികളുടെ നീതിക്കുേവണ്ടിയുള്ള മാറ്റം. മാര്‍ക്‌സിന്റെ ചിന്ത മാറ്റത്തിന്റെ ചിന്തയാണ് - അതു വെറും വിശകലനമല്ല. അതു വിലയിരുത്തലും വിധിപറച്ചി ലുമാണ്. അതു മൂല്യപരിഗണനയാണ്. മാര്‍ക്‌സിന്റെ കേവലമായ മൂല്യം നീതിയാണ്. അതു ബൈബിളിന്റെ മൗലിക മൂല്യവുമാണ്. അതുകൊണ്ടാണ് മാര്‍ക്‌സിനെ ബൈബിളിന്റെ പ്രവാചകപരമ്പരയില്‍ പെടുത്താന്‍ ധൈര്യപ്പെടുന്നത്. ധാര്‍മ്മിക മാനദണ്ഡത്തില്‍ ലോകക്രമത്തിന്റെ വിമര്‍ശനമായിരുന്നു അദ്ദേഹത്തിന്റെ ചിന്തകള്‍.
മനുഷ്യന്റെ നീതിക്കുവേണ്ടിയുള്ള ഈ മാറ്റ ചിന്ത മൗലികമായി ധാര്‍മ്മികമാണ്. ലോകം മാറ്റാന്‍ കഴിയുന്നതു ധാര്‍മ്മികതയ്ക്കാണ് എന്നു വിശ്വസിച്ചിരുന്ന വ്യക്തിയുമാണ് മാര്‍ക്‌സ്. പക്ഷെ ചിന്തയിലും പ്രവൃത്തിയിലും ഈ ഒരു നീതിയുടെ ലോകം ഉണ്ടാക്കുന്ന രാഷ്ട്രീയ സ്ഥലങ്ങളില്‍, അതു നടപ്പിലാക്കുന്നിടത്തെ ധര്‍മ്മത്തെക്കുറിച്ച് ഗൗരവമായി പരിഗണിച്ചോ എന്നതാണ് മാര്‍ക്‌സിന്റെ രാഷ്ട്രീയ ചിന്തയുടെ മൗലികപ്രശ്‌നം.
നാസ്സി ഭീകരത ചര്‍ച്ച ചെയ്യുമ്പോള്‍ യഹൂദ പണ്ഡിതര്‍ ഉന്നയിക്കുന്നത്, ഈ പ്രശ്‌നംതന്നെയാണ്, നാസ്സി ഭീകരതയില്‍ മാര്‍ ക്‌സിസ്റ്റുകളും ഇരയാക്കപ്പെട്ടു. നാസ്സിസത്തിന്റെ മനുഷ്യശവങ്ങള്‍ ഉല്പാദിപ്പിക്കുന്ന ഫാക്ടറികള്‍ സംഭവിക്കാതിരിക്കാന്‍ എന്തു ചെയ്യണമെന്നതാണ് നാസ്സി കാലഘട്ടത്തിനു ശേഷം തത്വചിന്തയുടെ അടിസ്ഥാന ചോദ്യം. ഇത് ഉന്നയിക്കുമ്പോള്‍ ഹിറ്റ്‌ലറിന്റെയും കൂട്ടാളിയുടെയും കൂട്ടത്തില്‍ത്തന്നെയല്ലേ മാവോയും, പോള്‍ പോടും അവരുടെ കൂട്ടാളികളും നിലകൊള്ളുന്നത്? മനുഷ്യന്‍ മനുഷ്യനോട് ചെന്നായയായി മാറുന്നത് എന്തുകൊണ്ട് എന്നതാണ് തോമസ് ഹോബ്‌സ് ഉന്നയിച്ച ചോദ്യം. ചെന്നായ്ക്കളുടെ ലെവിയാത്താന്‍ എന്ന ദുര്‍ഭൂത സര്‍ക്കാരുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നം തത്വചിന്തയില്‍ ഗൗരവമായി വീണ്ടു വിചാരപ്പെടണം.
അപരന്‍ മാര്‍ക്‌സിസത്തില്‍ എങ്ങനെ പരിഗണിക്കപ്പെടുന്നു? അവിടെ മുതലാളി തൊഴിലാളി എന്ന വിഭജനത്തില്‍ ബൂര്‍ഷ്വാ എന്നവന്‍ ജര്‍മ്മനിയിലെ അനാര്യന്‍ ആയില്ലേ? ഫലമായി രാഷ്ട്രീയമായി ഏറ്റവും ബൂര്‍ഷ്വാ മുതലാളിയായി പാര്‍ട്ടിയും സര്‍ക്കാരും മാറിയതല്ലേ നാം കണ്ടത്? ഈ രാഷ്ട്രീയം ഒരു നിബന്ധനയ്ക്കും ഒരു പരിധിക്കും വിധേയമല്ലാതെ വന്നപ്പോള്‍ രാഷ്ട്രീ യം എന്ന ഭീകര ലെവിയാത്തനെ ആ നാട്ടുകാര്‍ കണ്ടു. അതിന്റെ പീഡനത്തിന് ഇരയായി. ഈ പ്രശ്‌നം ഗൗരവമായ പഠനത്തിനും വിശകലനത്തിനും വിഷയമാക്കാതെ പറ്റുമോ? തത്വചിന്ത ഇന്നും ആ വീണ്ടു വിചാരവുമാണ്.
ലോകം മാറ്റാന്‍ വലിയ ആവേശമെടുക്കുമ്പോള്‍ അതില്‍ വിവേകത്തിന്റെ ശാന്തമായ ധര്‍മ്മ പരിഗണനകള്‍ അനിവാര്യമാണ്. മാറ്റത്തിനുവേണ്ടി മാത്രമല്ല, മാറ്റുന്നത്. അതില്‍ മനുഷ്യസമൂഹത്തിന്റെ ശാന്തിയും സുസ്ഥിതിയും ലക്ഷ്യമാണ്. ചരിത്രമാണ് ഗൗരവമായ പഠനത്തിനും ഇടപെടലിനും വിഷയമാകേണ്ടത്. ചരിത്രത്തിലെ ഇടപെടലിന്റെ അടിസ്ഥാനം വെറും ശക്തിയും അധികാരവുമല്ല. അവിടെയാണ് മാര്‍ക്‌സ് വിലപിക്കുന്ന നീതിയുടെ പ്രശ്‌നമുള്ളത്. ഇവിടെ അപരചിന്തയാണ് അനിവാര്യം. അപരനെ എന്തു ചെയ്യണം എന്നതു വെറും നടപടിയുടെ കാര്യം മാത്രമല്ല. അതു ദാര്‍ശനികമാണ്, അതു ധാര്‍മ്മികമാണ്. അവിടെ മനുഷ്യനെ മുതലാളി തൊഴിലാളി എന്നു വേര്‍തിരിക്കുന്നതും തൊഴിലാളിയുടെ പക്ഷം പിടിച്ച് ബൂര്‍ഷ്വകള്‍ എന്ന മുദ്രയില്‍ കളപറിക്കുന്നതിന്റെ ധര്‍മ്മവും അതിന്റെ ദാര്‍ശനികതയും എങ്ങനെ ചിന്തയില്‍നിന്നു ഒഴിവാക്കും? ആര്യനല്ലാത്തവനെ കൊന്നു വംശശുദ്ധി വരുത്തുന്ന ഒരു നിലപാടിനെ എത്രമാ ത്രം മുകളില്‍ പറഞ്ഞതില്‍ നിന്നു ഭിന്നമായി കാണാനാകും? നന്മ യും തിന്മയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ എവിടെ എന്നു സോള്‍ഷെനിറ്റ്‌സിന്‍ ചോദിച്ചു. അതു വര്‍ഗ്ഗങ്ങള്‍ക്കിടയിലൂടെയും ജാതികള്‍ക്കിടയിലൂടെയുമാണോ കടന്നുപോകുന്നത്? അത് ഓരോ മനുഷ്യഹൃദയത്തിലൂടെയും കടന്നു പോകുന്നു എന്നതില്‍ സത്യമുണ്ടെങ്കില്‍ നാം സ്വീകരിക്കേണ്ട ചരിത്ര നടപടി എന്തായിരിക്കണം? തിന്മ ചെയ്യുന്നതും തിന്മ ചെയ്തവനെ വെട്ടിനീക്കുന്നതും ഒന്നാണോ? സങ്കീര്‍ണ്ണമായ സാമൂഹിക യാഥാര്‍ത്ഥ്യത്തെ അതിലഘൂകരിക്കുന്നതിന്റെ അപകടം തിരിച്ചറിയേണ്ടതല്ലേ?
''മതവിമര്‍ശനം മനുഷ്യനു മനുഷ്യനാണ് ആത്യന്തിക മാനദണ്ഡം എന്നതില്‍ എത്തിച്ചേരുന്നു. അപ്പോള്‍ മനുഷ്യനെ അധഃ പതിക്കുന്നതും, അടിമപ്പെടുത്തുന്നതും അവഗണിക്കുന്നതും വെ റുക്കുന്നതുമായ എല്ലാ സാഹചര്യങ്ങളെയും തകിടം മറിക്കുന്നതു കേവല ധര്‍മ്മമാകുന്നു'' എന്ന് മാര്‍ക്‌സ് എഴുതി. അവിടെ ഉണ്ടാക്കപ്പെട്ടത് എന്തായിരുന്നു? അട്ടിമറിയുടെ വിപ്ലവം നടത്തി. ഫലമായി സകല തിന്മകളുടെ ശക്തികളും തകര്‍ന്നടിഞ്ഞു. അവശേഷിച്ചതു സര്‍ക്കാര്‍ എന്ന സ്ഥാപനമായി. ഈ സ്ഥാപനമായി അവസാനം സത്യനീതികളുടെ നിര്‍വചനാധികാരം. വ്യത്യസ്തമായി ചിന്തിക്കുന്നവരെ രാജ്യത്തില്‍ നിന്നു പുറത്താക്കി. ബൂര്‍ഷ്വാസി എന്ന് ആരോപിച്ച എല്ലാ ചൂഷണങ്ങളും ദേശസാല്‍ക്കരിക്കപ്പെട്ടു; ചൂഷണത്തിന്റെ കുത്തകാവകാശം രാഷ്ട്രത്തിനായി മാറി. ഈ സര്‍ക്കാര്‍ സ്ഥാപനവും പാര്‍ട്ടിയും ഒന്നിച്ചു. മനുഷ്യസഹനം സം സാരിക്കാത്തതും കേള്‍ക്കാന്‍ ചെവിയില്ലാത്തതുമായ സ്ഥാപനമായി മാറി. സഹനം എന്ന വസ്തുനിഷ്ഠത വ്യക്തികളുടെ ഭാരമാകാതായി. രാഷ്ട്രീയ ജീവിതത്തിന്റെ ഇടത്തില്‍ ഒന്നിന്റെ തന്നെ ആവര്‍ത്തനമാണ് ഉണ്ടായത്. അപരന്‍ എന്നത് രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കി. ധാര്‍മ്മികത നിലനില്‍ക്കുന്നത് അതിന്റെ ഭൗതികനേട്ടങ്ങളിലാണ്. ''ദശകങ്ങളായി നുണ അടിഞ്ഞു കൂടിയപ്പോള്‍ അടിസ്ഥാനപരവും മൗലികവുമായി നുണ മരത്തിലെ ഇലകളിലല്ല അതിന്റെ വേരുകളിലാണ് എന്നു നാം മറന്നു'' എന്ന അലക്‌സാണ്ടര്‍ സോള്‍ഷെനിറ്റ്‌സ് റഷ്യന്‍ പൗരന്മാരെ ഓര്‍മ്മപ്പെടുത്തിയത് ഒരിടത്തും മറക്കാനാവില്ല.