സങ്കല്പങ്ങളും ദര്‍ശനങ്ങളും

സങ്കല്പങ്ങളും ദര്‍ശനങ്ങളും
Published on

പോള്‍ തേലക്കാട്ട്

മതത്തിനു രണ്ട് അടിസ്ഥാനങ്ങളുണ്ട്. ഉന്നതങ്ങളിലേക്കു നോക്കിയുള്ള കാവ്യസങ്കല്പങ്ങളും താഴേക്കു നോക്കി അടിസ്ഥാനമിടലും. ആദ്യത്തേതു കാവ്യസങ്കല്പത്തിന്റെ ബിംബങ്ങളാണെങ്കില്‍ രണ്ടാമത്തേതു ചിന്തയുടെ താത്ത്വികതയാണ്. തത്ത്വത്തിന്റെ ദര്‍ശനങ്ങളും കാവ്യബിംബങ്ങളും രണ്ടുതരം മാനവികപ്രതിഭകളില്‍ നിന്നുണ്ടാകുന്നു. പക്ഷേ, രണ്ടും ഒന്നിലേക്കുള്ളതാണു മനുഷ്യനില്‍. രണ്ടും വിഭജിതമായാല്‍ രണ്ടായി നിലകൊള്ളും – അതു ശൈഥില്യമാണ്.
ഇതു രണ്ടും ഒന്നിക്കേണ്ടത് ആത്മനിയന്ത്രണത്തിന്റെ ധാര്‍മികജീവിതത്തിലാണ്. നല്ല മനുഷ്യനെ സൃഷ്ടിക്കുന്ന കലയാണു ധര്‍മം. ധര്‍മമില്ലാത്ത ദര്‍ശനമില്ല, ദര്‍ശന മില്ലാത്ത ധര്‍മവുമില്ല. ധാര്‍മികതയില്ലാതെ തത്ത്വദര്‍ശനമില്ല. ചുരുക്കം ചിലര്‍ക്കു തത്ത്വശാസ്ത്രം പ്രാഥമികമായി ധര്‍മശാസ്ത്രമാണ്. കാന്റ്, ലെവീനാസ് എന്നിവര്‍ ഇങ്ങനെ ചിന്തിക്കുന്നു. ഇവിടെ ഏറെ പ്രധാനമായതു മനുഷ്യവംശത്തിന്റെ ബോധനമാണ്. ഈ ബോധനം കാവ്യത്തിലും ചിന്തയിലുമുണ്ട്. ധാര്‍മികതയിലാണു പക്വതയുണ്ടാകേണ്ടത്. മനുഷ്യനു പാകം വരുന്നതു ധാര്‍മികശിക്ഷണത്തിലാണ്. ചിന്തയുടെ ദര്‍ശനം രീതിയിലുള്ള ചിന്തയുടെ ഫലമാണ്. രീതി അഥവാ ചിന്താപദ്ധതി എന്നത് ഒരു അച്ചടക്കമാണ്. ധാര്‍മികതയും ഒരു വ്യവസ്ഥിതിയുടെ സ്ഥാപനവും അതിന്റെ രീതിയുടെ ഘടനയുമാണ്. കാവ്യത്തിന്റെ ലക്ഷ്യം മനുഷ്യവംശത്തിന്റെ ധാര്‍മിക ഉദ്ധാരണമാണ്. അതു ക്രമത്തിന്റെയും രീതിയുടെയും പ്രശ്‌നംതന്നെ. അതില്‍ തത്ത്വദര്‍ശനവും കാവ്യവുമുണ്ട്. പാകത വന്നവനാണു കവി. അതിഭൗതിക ആരോഗ്യം ഉണ്ടാക്കുന്നതാണു കാവ്യത്തിന്റെ കര്‍മം. ഈ അതിഭൗതിക ആരോഗ്യത്തിന്റെ വൈദ്യം എന്നതിന്റെ അര്‍ത്ഥം മനുഷ്യനെ തന്നില്‍ നിന്ന് ഉയര്‍ത്തുകയാണ്. നാം നമ്മില്‍നിന്നും ഉയരണം. ഉയര്‍ച്ചയുടെ ബിന്ദു അതിഭൗതികമാണ്. ഈ ബിന്ദു ബോധത്തിനും നിത്യനായവനും ഇടയിലാണ്. അത് എപ്പോഴും എന്നെ അതിക്രമിക്കുന്ന എന്നിലെ ഏതോ ആവേശമാണ്, ഈ നടപടികള്‍ അതിന്റെ നവീകരണത്തിലുമാണ്. ഇത് ഉന്നതമായ ഏതോ ആദര്‍ശത്തിന്റെ പിടിയിലാകുന്നതുമാണ്. അതിലൂടെ വ്യക്തി തന്റെ അഹത്തെയാണു നിഷേധിക്കുന്നത്. ഇത് ഏറ്റവും ഉന്നതമായ ആദര്‍ശത്തിന്റെയും ആദര്‍ശത്തിലേക്കുമുള്ള വിളിയാണ്. അത് ഉന്നതങ്ങളില്‍ നിന്നു വരുന്ന വിളിയുമാണ്.
ഏതു കലയും ശാസ്ത്രമാകണം, ഏതു ശാസ്ത്രവും കലയുമാകണം. കലയും ശാസ്ത്രവും മനുഷ്യന്റെ കല്പനയുടെ ചിന്തയുമായി ബന്ധപ്പെട്ടതാണ്. ഇവ രണ്ടും മനുഷ്യനില്‍ ഒന്നിക്കുന്നു. മനുഷ്യന്റെ ജനനം, അസ്തിത്വം, പ്രപഞ്ചത്തിന്റെ ഉത്പത്തി, മനുഷ്യധര്‍മം, മരണം എന്നിവയെ സംബന്ധിച്ചു കാവ്യമണ്ഡലത്തില്‍ നിലകൊള്ളുന്ന പുരാണകഥകളും സങ്കല്പങ്ങളുമുണ്ട്. മനുഷ്യജീവിതത്തിന്റെ സമസ്യകളെ സൂചിപ്പിക്കുന്ന പുരാണകഥകള്‍. ആ കഥകളില്‍ നിന്നും കാവ്യങ്ങളില്‍ നിന്നും ഉണ്ടാകുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലകൊള്ളുന്നു. ഇവയെ ആണ് ഗ്രീക്ക് പാരമ്പര്യത്തിന്റെ മിത്തുകള്‍, ഐതിഹ്യങ്ങള്‍ എന്നൊക്കെ പറയുന്നത്. ഈ കഥകളില്‍ നിന്നാണു നാം ദൈവങ്ങളെക്കുറിച്ചും മാലാഖമാരെക്കുറിച്ചും പിശാചുക്കളെപ്പറ്റിയും രക്ഷ, ശിക്ഷ, നരകം, സ്വര്‍ഗം ശുദ്ധീകരണസ്ഥലം എന്നിവയെക്കുറിച്ചും അറിയുന്നത്. ഈ കഥകളും വേദപുരാണങ്ങളുടെ ഭാഗമാണ്. പക്ഷേ, അവ കാവ്യകല്പിതങ്ങളുമാണ്. മതപാരമ്പര്യത്തില്‍ അവയെ വെളിപാടുകള്‍ എന്നും പറയുന്നു. കാവ്യത്തില്‍ അവ പ്രചോദിതമാണ്. ഡാന്റെയുടെ കാവ്യത്തില്‍ നിന്നാണു ക്രൈസ്തവമായ നരകം, ശുദ്ധീകരണ സ്ഥലം, സ്വര്‍ഗം എന്നിവയുടെ കാഴ്ചപ്പാടുകള്‍ നമുക്കു ലഭിച്ചിട്ടുള്ളത്.
ക്ഷേത്രങ്ങളും പള്ളികളും ഭൂമിയില്‍ ഉണ്ടാക്കപ്പെടുന്നു. അവയ്ക്കു വ്യക്തമായ രൂപഭാവങ്ങളുണ്ട്. അവയൊക്കെ കാവ്യകല്പനകളാണ് എന്നതില്‍ തര്‍ ക്കമില്ല. ക്ഷേത്രം ഒരു കാഴ്ചപ്പാടുമാണ്. അതിന്റെ മൂര്‍ത്തമായ ബിംബമാണ്. ടി.എസ്. എലിയട്ടിന്റെ കാഴ്ചകള്‍ നമ്മെ സ്വാധീനിക്കുന്നു. കാര്‍ഡിനല്‍ ന്യൂമാ ന്റെ പ്രാര്‍ത്ഥന നമ്മെ ആകര്‍ഷിക്കുന്നു. മൈക്കിള്‍ ആഞ്ചെലോയുടെ പിയെത്താ നാം വണങ്ങുന്നു. ഇതുപോലെ കാവ്യങ്ങളും അവയുടെ മൂര്‍ത്തമായ ബിംബങ്ങളും എല്ലാ മതങ്ങളിലുമുണ്ട്.
ഈ കാല്പനിക ലോകവും താത്ത്വികദര്‍ശനങ്ങളും മതത്തില്‍ അന്തര്‍ലീനമാണ്… ഒരുവിധത്തില്‍ നോക്കിയാല്‍ പരസ്പരം മത്സരിക്കുന്ന രണ്ടു മുഖങ്ങളാണ്. താത്ത്വികമായ ചിന്തകളുടെ ദര്‍ശനവും കാവ്യകല്പനയുടെ മൂര്‍ത്തമായ കഥകളും ബിംബങ്ങളും. തത്ത്വദര്‍ശനം മാറ്റിവച്ചാല്‍ ശേഷിക്കുന്നതു സാങ്കല്പിക പുരാണങ്ങള്‍ മാത്രമാണ്. ഈ സാങ്കല്പികകഥനങ്ങള്‍ എളുപ്പത്തില്‍ മനുഷ്യന്റെ ജീവിതത്തിന്റെ കാഴ്ചപ്പാടായി മാറുന്നു. തത്ത്വചിന്തയുടെ ഉത്പത്തിയില്‍ കാവ്യത്തിന്റെ അത്ഭുതബോധവും ആരാധനയുമുണ്ട്. അവയില്‍ നിന്നാണു ചിന്തയും അതിന്റെ വ്യവസ്ഥിതികളുമുണ്ടാകുന്നത്. അവിടെയാണ് ഏറ്റവും ഉദാത്തവും ഉന്നതവുമായതും ലൗകികമായതും സമ്മേളിക്കുന്നതും സന്ധിക്കുന്നതും. തത്ത്വദര്‍ശനം കാവ്യത്തിന്റെ പരിചാരികയാണ്. അവിടെ ചിന്തയെന്നതു ചരിത്രത്തിലെ ചിന്താസരണികള്‍ മാത്രമാണ്.
കാവ്യവും ദര്‍ശനവും ചേര്‍ന്ന അതിഭൗതിക വൈദ്യന്‍ ആരോഗ്യം ഉണ്ടാക്കുന്ന കലയില്‍ ആമഗ്നനാകുന്നു. അതൊരു മാന്ത്രികതയാണ്. തന്നെത്തന്നെ പണിയുന്ന മാന്ത്രികതയാണ്. നാളെ ഞാനാകുന്ന ലക്ഷ്യത്തിന്റെ സ്വാതന്ത്ര്യമാണ്. എന്നെ ദൈവികതയില്‍ സങ്കല്പിച്ചു പണിയുന്നതാണ്. ഞാനാകുന്ന യാഥാര്‍ത്ഥ്യത്തെ ദൈവികതയില്‍ ഉറപ്പിച്ചു പണിയുന്ന കലയാണത്. എന്റെ ലോകമാകുന്ന ശരീരം എനിക്കുവേണ്ടി മാറ്റുന്നു. എല്ലാം രൂപപ്പെടുത്തുന്നത് എന്നിലും എന്നിലൂടെയുമാണ്. ദൈവത്തിന്റെ മഹത്ത്വം ദര്‍ശിക്കുന്ന കവി ഭൂമിയില്‍ നഗരങ്ങളിലും കോടതികളിലും ചേരികളിലും ചന്തയിലും അന്വേഷിക്കുന്നു. അവന്റെ മഹത്ത്വം ഇവിടെ കാണാതെ കൊള്ളക്കാരിലും വ്യഭിചാരികളിലും കണ്ടുപോകുന്നു. എന്നെ ചികിത്സിക്കാന്‍ ഞാന്‍ വിസമ്മതിക്കുമ്പോള്‍ രക്ഷയുടെ എല്ലാ ശ്രമങ്ങളും എന്നില്‍ തകരുന്നതു കവി കാണുന്നു. ഏറ്റവും വലിയ കലയെന്നത് "ഞാന്‍ എന്റെ ജീവിതം മാറ്റുന്നതാകും."
കാലുഷ്യം പോട്ടെ, സ്‌നേഹം അതിന്റെ കര്‍മം ചെയ്യും. സ്‌നേഹം കല്ലായി മാറിയ ഹൃദയത്തില്‍ നിന്നു ചോരയൊലിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org