ക്രൈസ്തവികത പ്രത്യയ ശാസ്ത്രമാക്കപ്പെടുന്നോ?

ക്രൈസ്തവികത പ്രത്യയ ശാസ്ത്രമാക്കപ്പെടുന്നോ?

ഒരു പ്രത്യയശാസ്ത്രത്തിനും (Ideology) വഴിപ്പെടാത്ത ഒരു വിശ്വാസമായിരുന്നു ക്രൈസ്തവികത. കാരണം ക്രിസ്തു ഒരു പരമ്പരാഗത മതത്തിനുള്ളിലെ പ്രവാചക വിഘടനമായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. മാത്രമല്ല സുവിശേഷങ്ങള്‍ യേശുക്രിസ്തുവിനെ ദൈവത്തിന്റെ മാംസമെടുക്കലായിട്ടാണ് കാണുന്നത്. യോഹന്നാന്റെ സുവിശേഷം വചനം മാംസം ധരിച്ചു എന്ന് എഴുതി. ഇതൊക്കെ മാംസത്തിലെ മനുഷ്യന് കൊടുത്ത വിമര്‍ശനവചനത്തിന്റെ വലിയ ശക്തിയായിരുന്നു. ആ വിധത്തില്‍ ക്രൈസ്തവവിശ്വാസം എല്ലാ മതങ്ങളേയും അതിന്റെ മാന്ത്രികതയേയും അനുഷ്ഠാനങ്ങളേയും വെല്ലുവിളിച്ചു. രക്തസാക്ഷിയായ ജസ്റ്റിന്‍ സാക്ഷിക്കുന്നത് ആദ്യകാല ക്രൈസ്തവര്‍ എല്ലാ ദൈവങ്ങളേയും നിഷേധിക്കുന്ന ''നിരീശ്വരവാദികള്‍'' എന്ന് വിമര്‍ശിക്കപ്പെട്ടു എന്നാണ്. നിലവിലിരുന്ന സകല ദൈവങ്ങളേയും നിഷേധിക്കുക മാത്രമല്ല ആരും ദൈവമെന്നു സങ്കല്പിക്കാത്തതും റോമന്‍ അധികാരം ക്രൂശിച്ചതുമായവനെയാണ് ദൈവമായി പരിഗണിച്ചത്. അതു വല്ലാത്ത ലൗകീകരണ നടപടിയായിരുന്നു. നിരീശ്വരപരവും എല്ലാം സെക്കുലറാക്കുന്നതുമായ ഈ വിശ്വാസമാണ് റോമാ സാമ്രാജ്യത്തില്‍ നിരന്തരം പീഡിപ്പിക്കപ്പെട്ടത്.

ക്രൈസ്തവികതയുടെ ചരിത്രം നിരന്തരമായ പ്രലോഭനങ്ങളുടെയും ചരിത്രമാണ്. യേശു പിശാചിനാല്‍ പ്രലോഭിക്കപ്പെട്ടത് അത്ഭുതപ്രവര്‍ത്തകനാകാനും അധികാരത്തിന്റെ വഴി സ്വീകരിക്കാനുമായിരുന്നു. യേശു ആ പ്രലോഭനങ്ങളെ അതിജീവിച്ചു. യോഹന്നാന്റെ സുവിശേഷത്തില്‍ യേശു അപ്പം വര്‍ദ്ധിപ്പിച്ച് നല്കിയത് ഭക്ഷിച്ചവര്‍ അവനെ ബലമായി രാജാവാക്കാന്‍ ശ്രമിക്കുന്നുണ്ട്. യേശു അവിടെനിന്നു രക്ഷപ്പെടുന്നു. എന്നാല്‍ കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തിക്കു ശേഷം അധികാര പ്രലോഭനത്തിലാണ് സഭ വഴുതി വീഴുന്നത്. മാത്രമല്ല സഹനത്തിന്റെയും ആത്മനിഗ്രഹത്തിന്റെയും കുരിശിനെ റോമാചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റയിന്‍ പട്ടാളത്തിന്റെ ആധിപത്യചിഹ്നമാക്കി, കുരിശുയുദ്ധത്തിന്റെ അടയാളമായി. സഭാധികാരം രാജത്വത്തിലേക്കു വഴുതി, സഭ ദൈവശാസ്ത്രങ്ങള്‍ നിര്‍മ്മിച്ചു. അതില്‍നിന്നു ഭിന്നമായ അഭിപ്രായങ്ങളും നിലപാടുകളും എടുക്കുന്നവരെ പാഷണ്ഡികളായി മുദ്രകുത്തി. പിശാചു ബാധിതരായി സ്ത്രീകളെ പിടികൂടി കൊന്നു. കൊല്ലപ്പെട്ടവരുടെ മതമായിരുന്നതു കൊല്ലുന്ന മതവുമായി. വിയോജിപ്പിനെ ഭാഷണവഴിയില്‍ പരസ്പരം മനസ്സിലാക്കാനും തിരുത്താനും സന്നദ്ധമല്ലാത്ത ഏകഭാഷാധികാരം സൃഷ്ടിക്കപ്പെട്ടു. ഔദ്യോഗികാധികാരത്തിന്റെ ഭാഷണം ആധിപത്യഭാഷണമയി. പലമ നിഷേധിക്കപ്പെട്ട് എല്ലാം ഒരുപോലെയാക്കുന്ന പ്രലോഭനത്തിനു വഴിപ്പെട്ടു.

മധ്യശതകങ്ങളില്‍ കുരിശുയുദ്ധങ്ങളുടെ വഴിയില്‍പ്പെട്ട് ക്രൈസ്തവികതയിലേക്ക് ഇസ്‌ലാമിന്റെ സ്വാധീനവും ക്രൈസ്തവികതയുടെ സെക്കുലര്‍ സ്വഭാവവും അതിന്റെ അവതാരത്തിന്റെ സാത്വികമാനങ്ങളും നഷ്ടപ്പെടുത്തി മതത്തിന്റെ മാന്ത്രികതയിലേക്കും അജ്ഞാതദൈവത്തിന്റെ അനുഷ്ഠാനങ്ങളിലേക്കും മാറി എന്ന ആക്ഷേപവുമുണ്ട്. ഇതൊക്കെ ക്രൈസ്തവികതയെ ഒരു പ്രത്യയശാസ്ത്രമായി മാറ്റി എന്നു കരുതുന്നവരുണ്ട്. കള പറിക്കരുത് എന്നു പഠിപ്പിച്ച യേശുവിന്റെ സഭ കള പറിക്കുന്ന സഭയായി. ശരിതെറ്റുകള്‍ സ്വയം നിര്‍മ്മിച്ച് അതു കഠിനമായി അടിച്ചേല്പിച്ച് തെറ്റുകാരെ ഇല്ലാതാക്കുന്ന പീഡനശൈലികളും നൈയാമികതയും സഭയെ ഭരിച്ചു. മനിക്കേയനിസം ഒരു ക്രൈസ്തവ പാഷണ്ഡതയായിരുന്നു. അതു ക്രൈസ്തവികതയിലക്കു കടന്നുകൂടി അതിനെ വെറും ഐഡിയോളജിയാക്കി. എല്ലാവര്‍ക്കും അവരുടെ ആവശ്യം പോലെ എല്ലാവരില്‍നിന്നും അവരവരുടെ കഴിവുപോലെ എന്ന ആപ്തവാക്യത്തില്‍ ഉണ്ടാകുന്ന കമ്മ്യൂണിസം എന്ന സാഹോദര്യ കൂട്ടായ്മ എന്ന ലക്ഷ്യത്തില്‍നിന്നു വഴുതി മാറി മുതലാളി തൊഴിലാളി തമ്മിലുള്ള യുദ്ധത്തിന്റെ പാര്‍ട്ടിയാകുകയും അവസാനം തൊഴിലാളികളുടെ പറുദീസ പാര്‍ട്ടിയുടെ സമഗ്രാധിപത്യമാകയും ചെയ്ത പ്രത്യയശാസ്ത്ര പ്രതിസന്ധി കമ്മ്യൂണിസ ത്തിലുണ്ടായതു പോലെ തന്നെ. വിപ്ലവം മോചനമല്ല കൊണ്ടു വന്നതു നരകതുല്യമായ സമഗ്രാധിപത്യമായിരുന്നു.

ജോര്‍ജ് ഓര്‍വല്‍ 1984 എന്ന നോവലിലൂടെ പറഞ്ഞു വച്ചതു പ്രത്യയശാസ്ത്രത്തിന്റെ കഥയാണ്. അവിടെയാണ് ഭിന്നമായി ചിന്തിക്കുന്നതു കുറ്റമായി പിടിക്കപ്പെടുന്നത്. അങ്ങനെ പിടിക്കപ്പെട്ടവനെ പാര്‍ട്ടി വീണ്ടും പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. പിടിക്കപ്പെട്ടു മനോരോഗാശുപത്രിയിലായവനോട് പാര്‍ട്ടിയുടെ പ്രതിനിധി ചോദിക്കുന്നു 2+2 എത്ര? അയാള്‍ 4 എന്നു പറഞ്ഞു. പക്ഷേ, അയാള്‍ പിന്നെ കേട്ടതു 2+2 = 5 എന്നു പാര്‍ട്ടി പറഞ്ഞാല്‍ 2 + 2 എത്ര? അയാളെ അഞ്ച് എന്നു പറയുന്നതുവരെ പീഡിപ്പിക്കുന്നു. അങ്ങനെ ഭിന്നചിന്ത സാധ്യമല്ലാത്ത ഒരു വ്യവസ്ഥിതിയുണ്ടാകുന്നു.

ഇതൊക്കെ സഭയുടെ മുകളിലെ തലങ്ങളിലാണ് നടന്നത്. താഴേ ഇടവകകളില്‍ ക്രിസ്തുവിനെ അനുകരിക്കുന്ന മനുഷ്യസമൂഹങ്ങള്‍ ജീവിച്ചു. എന്നാല്‍ മുകളിലെ തലങ്ങളില്‍ വലിയ വീണ്ടുവിചാരങ്ങള്‍ ഉണ്ടായതിന്റെ തെളിവാണ് ആധുനിക ലോകത്തില്‍ നടക്കുന്നത്. ആധുനിക മാര്‍പാപ്പമാര്‍ സഭയുടെ വഴി രാജത്വത്തിന്റെയല്ല എന്നു തിരിച്ചറിയുന്നവരാണ്. സഭാധികാരത്തെ യേശുവിന്റെ അധികാരവീക്ഷണത്തോട് ബന്ധപ്പെടുത്താനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സംഭാഷണത്തിലൂന്നിയ അധികാര വീക്ഷണത്തെക്കുറിച്ച് പറയുന്നത്. പക്ഷേ, പഴയ പുരുഷാധിപത്യത്തിന്റെയും സൂര്യപുരാണത്തിന്റെയും പരിചിത പാതയില്‍ നിന്നു മാറാന്‍ തയ്യാറില്ലാത്ത അധികാര താത്പര്യത്തിനു ശക്തമായ പാരമ്പര്യ നിലപാടുകള്‍ പ്രകടമാണ് സഭയില്‍. റോമാ പറഞ്ഞു, ഇനി പറച്ചിലില്ലെന്ന സീസറന്റെ ശൈലി വേണമെന്ന നിര്‍ബന്ധങ്ങള്‍ ക്രൈസ്തവികതയെ വെറും പ്രത്യയശാസ്ത്രമാക്കി മാറ്റുന്ന അപകടത്തിലാണ്. തിമിംഗലം വിഴുങ്ങിയ യോനാ പ്രവാചകന്റെ കഥ ആര്‍തര്‍ ക്വോസ്റ്റ്‌ലര്‍ വ്യാഖ്യാനിക്കുന്നു.

തിമിംഗലം വിഴുങ്ങാന്‍ അനുവദിക്കാത്ത പ്രവാചകന്മാര്‍ ഉണ്ടാകുമ്പോള്‍ ആന്തരികമായ ഒരു മാറ്റവും വരാത്ത രാഷ്ട്രീയക്കാര്‍ പ്രവാചക വേഷങ്ങളില്‍ പ്രത്യക്ഷമാകും. അവര്‍ ദെസ്‌തേവ്‌സ്‌കിയുടെ കഥയിലെ കര്‍ദ്ദിനാളിനെപ്പോലെ ക്രിസ്തുവിനെ പള്ളിയില്‍ നിന്നു പുറത്താക്കും.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org