പോള്‍ തേലക്കാട്ട്
സഭാധികാരി പാപത്തിനു പ്രേരണ കൊടുക്കുന്ന ഉതപ്പാകും എന്ന് എഴുതിയതു കാര്‍ഡിനല്‍ റാറ്റ്‌സിംഗറാണ്. ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ അങ്ങനെയും ചെയ്യേണ്ടി വരുന്നു. അതു പത്രോസില്‍ നിന്നു തന്നെ തുടങ്ങുന്നു. ഫ്രാന്‍സിസ് പാപ്പയ്ക്കു അത്ര പ്രഭാപൂര്‍ണ്ണമല്ലാത്ത ഒരു ചരിത്രവുമുണ്ട്. 1973 ഏപ്രില്‍ മാസത്തില്‍ 36 വയസ്സുള്ളപ്പോള്‍ ജോര്‍ജ് ബര്‍ഗോളിയോ എന്ന ഈശോസഭ വൈദികനെ ആ സന്യാസസഭയുടെ അര്‍ജന്റീനയുടെയും ഉറുഗ്വയുടെയും പ്രോവിന്‍ഷ്യലായി നിയമിതനായി. പക്ഷേ, അദ്ദേഹത്തിന്റെ ഭരണം സൃഷ്ടിച്ചതു സന്യാസ സമൂഹത്തില്‍ വലിയ വിഭാഗീയതയായിരുന്നു. അദ്ദേഹത്തിന് അനുകൂലമായും പ്രതികൂലമായും. അത് അവസാനിച്ചത് ഈശോ സഭയുടെ കേന്ദ്ര കാര്യാലയത്തില്‍നിന്ന് അദ്ദേഹത്തെ കോര്‍ദോബാ എന്ന നഗരത്തിലേക്കു നാടുകടത്തിയായിരുന്നു.
1946 മുതല്‍ അര്‍ജന്റീന ഭരിച്ചതു ഡൊമിനിങ്കോ പെരോന്‍ എന്ന പട്ടാളമേധാവിയായിരുന്നു. അദ്ദേഹത്തിന്റെ ഭരണം സോഷ്യലി സ്റ്റ് എന്നു പറയപ്പെട്ടിരുന്നെങ്കിലും അത് ഇറ്റലിയിലെ മുസ്സോളിനിയുടെ ഫാസിസവുമായി ബന്ധത്തിലായിരുന്നു. രണ്ടുയുക്തികള്‍ അദ്ദേഹത്തില്‍ സംയോജിച്ചു. ഫാസിസത്തിന്റെ ഉരുക്കുമുഷ്ടിയും കത്തോലിക്ക സഭയുടെ ധാര്‍മ്മിക ബോധവും. പക്ഷേ, ഈ പാര്‍ട്ടി രണ്ടായി പിളര്‍ന്നു. 1973, 76 കാലഘട്ടം ആഭ്യന്തര കലാപത്തിന്റെയായിരുന്നു. രണ്ടു വിഭാഗങ്ങളും പരസ്പരം കൊന്നു കൊണ്ടിരുന്നു. ഈ സാഹചര്യത്തില്‍ ഈശോസഭയും വിഭജിതരായി. വലതുപക്ഷവും ഇടതുപക്ഷവും പരസ്പരം യുദ്ധം വെട്ടി. ഫ്രാന്‍സിസ് മാര്‍പാപ്പ പിന്നോട്ട് നോക്കി പറഞ്ഞു: ''പ്രയാസമേറിയ സാഹചര്യങ്ങള്‍ എനിക്കു നേരിടേണ്ടി വന്നു. ഞാന്‍ പെട്ടെന്നും, ഞാന്‍ മാത്രവും തീരുമാനങ്ങള്‍ എടുത്തു. എന്റെ അധികാര സമീപനവും പെട്ടെന്നു തീരുമാനങ്ങള്‍ എടുക്കുന്നതും എ ന്നെ നിരന്തരം പ്രതിസന്ധികളിലാക്കി. ഞാന്‍ വലതുപക്ഷ തീവ്രവാദിയായി ആക്ഷേപിക്കപ്പെട്ടു.'' പ്രോവിന്‍ഷ്യലായപ്പോള്‍ ഈശോസഭയുടെ പിന്‍തുണയുണ്ടായിരുന്ന ബര്‍ഗോളിയോ ജോലി 1986 അവസാനിച്ചപ്പോള്‍ സ്‌നേഹിക്കുന്നവരെക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടാത്തവരായി മാറി. ഒരു ഈശോസഭക്കാരന്‍ പറഞ്ഞു, ''അദ്ദേഹം മനുഷ്യരെ ഭ്രാന്തുപിടിപ്പിച്ചു - അദ്ദേഹത്തിനു മാത്രമേ ശരിയായ വഴി അറിയൂ എന്ന നിര്‍ബന്ധം.'' ഈശോസഭക്കാര്‍ പറഞ്ഞു, ''മതി.''
''ഞാന്‍ പ്രോവിന്‍ഷ്യലായതു വളരെ ചെറുപ്പത്തിലാണ്. അതു ഭ്രാന്തന്‍ പരിപാടിയായിപ്പോയി'' ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ഈശോസഭാധികാരികള്‍ അദ്ദേഹത്തെ ശിക്ഷിച്ചു. പാളിച്ചകളുടെ ഉത്തരവാദിത്വത്തിന് അദ്ദേഹത്തെ കോര്‍ദോബയിലെ ആശ്രമത്തിലേക്കു സ്ഥലം മാറ്റി. അവിടെ ഡോക്ടറല്‍ പഠനം നടത്താം, പള്ളിയില്‍ പരസ്യമായി കുര്‍ബാന ചൊല്ലാന്‍ പാടില്ല. എഴുത്തുകള്‍ നിയന്ത്രിച്ചു. അനുവാദമില്ലാതെ ഫോണ്‍ വിളിക്കാന്‍ പാടില്ല. അനുയായികളുമായി ബന്ധം പാടില്ല. ഇത് ഒറ്റപ്പെടുത്തലുംതരംതാഴ്ത്തലുമായിരുന്നു. ഈ ശിക്ഷയുടെ പിന്നില്‍ ''നൂറുകണക്കിന് അബദ്ധങ്ങള്‍'' ഉണ്ടായിരുന്നു എന്നു പാപ്പ ഓര്‍മ്മിക്കുന്നു. എന്നാല്‍ ഈ അനുഭവത്തെ അദ്ദേഹം സ്വീകരിച്ചത് ആരും പ്രതീക്ഷിക്കാത്ത വിധമായിരുന്നു. എല്ലാം അദ്ദേഹം ആന്തരികതയിലേക്കു ആവഹിച്ചു. ദസ്തയേവിസ്‌ക്കിയും ''ഭൂഗര്‍ഭത്തില്‍ നിന്നുള്ള കുറിപ്പുകളിലെ ''ഭൂഗര്‍ഭം'' അദ്ദേഹത്തിന്റെ ആന്തരികതയായി. അകത്തെ വിപ്ലവകരമായ അഴിച്ചുപണി ആരും കാണാതെ നടന്നു. 1992-ല്‍ തലസ്ഥാന നഗരത്തിന്റെ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായപ്പോള്‍ അദ്ദേഹം ഭിന്നനായ മനുഷ്യനായിരുന്നു. ഏകാധിപതി എന്നു പേരു കിട്ടിയവന്‍ വ്യത്യസ്തനായ സഭാനേതാവായി. അദ്ദേഹത്തിന്റെ തീരുമാനശൈലി മാറ്റി. അതു പങ്കാളിത്തത്തിന്റെ പരസ്പര കൂടിയാലോചനകളുടേതുമായി. ശിക്ഷയുടെ രണ്ടു വര്‍ഷങ്ങള്‍ വിഭാഗീയതയുടെ നേതാവുതന്നെ ആന്തരികത അഴിച്ചുപണിയാന്‍ ഉപയോഗിച്ചു. അദ്ദേഹം വിമോചന ദൈവശാസ്ത്രത്തിന്റെ ഭാഷ പറയാന്‍ തുടങ്ങി.
രണ്ടു കാര്യങ്ങള്‍ ഈ സംഭവം പഠിപ്പിക്കുന്നു 1) അധികാരം ആത്മീയതയും പാകതയും ഉള്ളവര്‍ക്കാണ്. 2) ഒരു അധികാരി തെറ്റ് ചെയ്താല്‍ അതു തെറ്റാണ് എന്ന് പറയാനും നടപടി എടുക്കാനും മേലധികാരികള്‍ക്കു കഴിയണം. മേലധികാരികള്‍ അധികാരിയെ അല്ല അധികാരത്തെയാണ് ബലപ്പെടുത്തിയത്. അദ്ദേഹം ചെയ്തതു ശരിയാണ് എന്നു പ്രഖ്യാപിച്ചു സംരക്ഷിക്കാന്‍ അവര്‍ തയ്യാറായില്ല. ഈ സമീപനമാണ് ജനകീയനായ ഒരു മാര്‍പാപ്പയെ സൃഷ്ടിച്ചത്. ചിലപ്പോഴൊക്ക സഭയില്‍ നടക്കുന്നത് അധികാരിയെ അധാര്‍മ്മികമായി പിന്‍താങ്ങി അധികാരത്തിന്റെ ആദരണീയത നശിപ്പിക്കുകയാണ്.
ജനകീയനായ മാര്‍പാപ്പയ്ക്കും വിമര്‍ശകരുണ്ട് സഭയില്‍. വിശ്വാസകാര്യാലയത്തിന്റെ മുന്‍ അധ്യക്ഷനായിരുന്ന കാര്‍ഡിനല്‍ ജറാര്‍ഡ് മുള്ളര്‍ ഇറ്റലിയിലെ ടൂറിനില്‍ മേയ് 11-ന് ചെയ്ത പ്രസംഗം ഫ്രാന്‍സിസ് മാര്‍പാപ്പയെ അതിരൂക്ഷമായി വിമര്‍ശിക്കുന്നു. പരമമായ തീരുമാനത്തിന്റെ അധികാരി ആത്മസംതൃപ്തിയും സ്വന്തം സംരക്ഷണവലയവും ലക്ഷ്യമാക്കി ഉണ്ടാക്കുന്ന ഉപദേശകസമിതി ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നു കാര്‍ഡിനല്‍ പറഞ്ഞു. ഉന്നത അധികാരത്തിനു സ്തുതിയും പുകഴ്ചയും അവശ്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ കര്‍ദിനാളിനോട് കൂടെ യോജിക്കുന്ന മറ്റു ചില കര്‍ദിനാളന്മാരുമുണ്ട്. ഇവരെ സീറോ മലബാര്‍ സിനഡ് ''വിമതര്‍'' എന്നു വിളിക്കുമായിരിക്കും. പക്വമായ വിമര്‍ശനത്തിനു സഭയില്‍ ഇടം വേണം.
ഏറെ ദുഃഖകരമായത് ഇവിടെ ഉന്നതാധികാരത്തിന്റെ സമിതി, ഒരധികാരി ചെയ്തതു ''ധാര്‍മ്മികമായി തെറ്റല്ലെന്നും, അതൊക്കെ എല്ലാവരും ചെയ്യുന്നതാണ്'' എന്നും പറയുന്നു. പക്ഷേ, കേരളത്തിലെ ഹൈക്കോടതി ''ക്രിമിനല്‍ ഗൂഡാലോചന'' നടന്നു എന്നു വിധിക്കുന്നു, അതു സുപ്രീംകോടതി ശരിവയ്ക്കുന്നു. വത്തിക്കാന്‍ അധികാരിയെ അതിരൂപതാ ഭരണത്തില്‍നിന്നു മാറ്റുന്നു, ഉത്തരിപ്പുകടം നിറവേറ്റണമെന്നു പറയുന്നു. ചരിത്രത്തിന്റെ വിധിയില്‍ ഉന്നതാധികാരികള്‍ ഉതപ്പായി മാറുകയാണോ? പത്രോസിനെ ''കപടമായ പെരുമാറ്റത്തിനു'' കുറ്റപ്പെടുത്തുന്ന പൗലോസിന്റെ പാദുകങ്ങള്‍ അണിയുന്നവരും സഭയില്‍ ഉണ്ടാകും. അതും ഭാഷണ പലമയുടെ ഭാഗമാണ്. അധികാരം എല്ലാ ഭാഷണങ്ങളുടെയും അന്ത്യമല്ല. എല്ലാവര്‍ക്കും ഭാഷണ സാധ്യതയുണ്ടാക്കുന്നതാണ്. ബഹുസ്വരങ്ങളെ ഏകോപിപ്പിക്കുന്ന സൃഷ്ടിയാണ് നേതൃത്വം.