
''മൃഗീയ അസഹിഷ്ണുത'' (brutal intolerance) എന്ന് വിമര്‍ശിക്കുന്നത് ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരായാണ് കാര്‍ഡിനല്‍ മുള്ളര്‍. 1962-ലെ ട്രെന്റ് കുര്‍ബാന എന്നറിയപ്പെടുന്ന ലാറ്റിന്‍ കുര്‍ ബാനയര്‍പ്പണാനുവാദം വത്തിക്കാനിലേക്കു മാത്രമായി നിജപ്പെടുത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തീരുമാനമാണ് വിമര്‍ശനവിഷയം. 2012-ല്‍ വത്തിക്കാനിലെ വിശ്വാസ കാര്യാലയത്തിന്റെ അധ്യക്ഷനായിരുന്ന ജര്‍മ്മന്‍ കാര്‍ഡിനല്‍ ജരാര്‍ഡ് മുള്ളര്‍ നല്ല ദൈവശാസ്ത്രജ്ഞനുമായി അറിയപ്പെടുന്നു. സ്ഥലങ്ങളിലെ മെത്രാന്മാരെ അവഗണിച്ച് പൂര്‍ണ്ണമായ കേന്ദ്രീകൃതമായ ഈ തീരുമാനം ''അജപാലനപരമായ വിരുദ്ധഫലം'' ഉണ്ടാക്കുന്നതാണ് എന്ന് അദ്ദേഹം കരുതുന്നു.
കൂദാശയുടെ സംലബ്ധമല്ലാത്ത സത്തയും ആരാധനക്രമാനുഷ്ഠാനങ്ങളുടെ സമ്പന്നമായ രൂപങ്ങളും തമ്മില്‍ വേര്‍തിരിക്കാന്‍ കഴിയാത്ത ദൈവശാസ്ത്ര കഴിവില്ലായ്മയുടെ ഭീകര ഉദാഹരണമായി അദ്ദേഹം ഇതു ചൂണ്ടിക്കാണിക്കുന്നു. അടിച്ചേല്പി ച്ചും ബലം പ്രയോഗിച്ചും നടപ്പിലാക്കേണ്ട ഒരു വിഷയമാണോ അനുഷ്ഠാനപരമായ കാര്യങ്ങള്‍ എന്നതാണ് കാര്‍ഡിനല്‍ മുള്ളര്‍ ഉന്നയിക്കുന്നത്. ''ഔപചാരികമായ അനുസരണം നിര്‍ബന്ധിക്കേ ണ്ട ആവശ്യമില്ല.'' എന്നതാണ് അദ്ദേഹത്തിന്റെ നിഗമനം. ദൈവത്തോടുള്ള അനുസരണം അന്ധമായ അടിമത്തമല്ല ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് അതിനെ വിശേഷിപ്പിക്കുന്നത് 'Obsequium rationabile - ബൗദ്ധികമായ ഭക്തിയാണ്. അനുഷ്ഠാനങ്ങളോട് പുലര്‍ത്തേണ്ട വിധേയത്വം ഭിന്നമാണ്. ഇവിടെ ദൈവത്തോടുള്ള വിധേയത്വമെന്നപോലെ അനുഷ്ഠാനകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്ന ആരോപണമാണ്.
ബെനഡിക്ട് 16-ാമന്‍ പാപ്പയും ഫ്രാന്‍സിസ് പാപ്പയും തമ്മിലുള്ള വീക്ഷണ വ്യത്യാസം ഇവിടെ നിര്‍ണ്ണായകമാണ്. ബെനഡിക്ട് മാര്‍പാപ്പയാണ് ട്രെന്റ് കുര്‍ബാന അനുവദിച്ചത്. അതിനു പിന്നില്‍ അദ്ദേഹത്തിന്റെ ദൈവശാസ്ത്രമുണ്ട്. വത്തിക്കാന്റെ ഭരണകാര്യങ്ങളുടെ നിര്‍വഹണ ഉദ്യോഗസ്ഥരോട് 2005 ഡിസംബറില്‍ ചെയ്ത പ്രഭാഷണത്തില്‍ അതുകാണാം. സൂനഹദോസിനു മുമ്പും പിമ്പും രണ്ടു കത്തോലിക്കാസഭകള്‍ ഉണ്ടായിരുന്നില്ല, ഒരേ ഒരു സഭ മാത്രം. സഭയുടെ വളര്‍ച്ചയാണ് ഉണ്ടായത്. പഴയതില്‍ നിന്നു വളരുകയായിരുന്നു; ഇടറുകയായിരുന്നില്ല. ഇന്നലെ ശരിയായിരുന്നത് ഇന്നു തെറ്റാകുന്നില്ല. പണ്ട് ചെയ്തിരുന്നതിന്റെ രൂപവും ഭാവവും മാറാം - അതിന്റെ സത്ത മാറുന്നില്ല. ഒരു സത്ത ഒരു കാലത്തിന്റെ രൂപത്തിലും ഭാഷയിലുമാകുമ്പോള്‍ അതിനു പരിമിതികള്‍ ഉണ്ട്. അതു വേറൊരു ഭാഷണത്തിലേക്കും രൂപത്തിലേക്കും മാറാം. അവിടെ മാറ്റമുണ്ട്, തുടര്‍ച്ചയുമുണ്ട്. ഈ മാറ്റം, വ്യത്യാസമാണ്. അതു ഇടര്‍ച്ചയായി മാറുന്നില്ല. അതു തുടര്‍ച്ചയായി സ്വീകരിക്കപ്പെടുന്നു. മാറ്റം സ്വീകരിക്കപ്പെടുന്നു എന്ന ഘടകം പ്രധാനമാണ്. ഈ പൊതു അംഗീകാരം ഉണ്ടാക്കപ്പെടുന്നതല്ല, സ്വയം ഉണ്ടാകുന്നതാണ്. ഇതാണ് ജനങ്ങളുടെ, വിശ്വാസികളുടെ വിശ്വാസാനുഭവം സ്വാഭാവികവും സ്വതന്ത്രവുമായും നടക്കുന്നത്. മാറ്റങ്ങള്‍ സ്വീകാര്യമാകണം. ഇവിടെയാണ് സഭയുടെ കൂടിയാലോചനകളുടെ പ്രസക്തി. അതില്ലാതെ കുറെപ്പേര്‍ തീരുമാനങ്ങള്‍ അടിച്ചേല്പിക്കുകയല്ല. സഭ ഞങ്ങളാണ് എന്നു മെത്രാന്മാര്‍ മാത്രം കരുതുമ്പോള്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കും.
ട്രെന്റ് കുര്‍ബാന കൗണ്‍സിലിനുശേഷം തെറ്റാണ് എന്നു പറയാനാവില്ല. കുറെ ആളുകള്‍ പുതിയ സമീപനത്തോട് യോജി ക്കാത്തവരുണ്ടാകാം. അവര്‍ എല്ലാ കാര്യങ്ങളിലും വിഘടിക്കുന്നവരുമല്ല. അവര്‍ക്ക് അനുകൂലമായ ഒരു നിലപാടാണ് ബെനഡിക്ട് പാപ്പ കുര്‍ബാനയര്‍പ്പണം ചില നിബന്ധനകളോടെ അനുവദിച്ചപ്പോള്‍ സ്വീകരിച്ചത്. ഇവിടെ ബെനഡിക്ട് മാര്‍പാപ്പയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്, ''വിശ്വാസം അനുവദിക്കുന്ന എല്ലാറ്റിനും ഇടം കൊടുക്കാന്‍ നമുക്ക് ഉദാരമായി ഹൃദയങ്ങള്‍ തുറക്കാം.'' ഇതുതന്നെയായിരുന്നില്ലേ ഫ്രാന്‍സിസ് മാര്‍പാപ്പ ഐക്യരൂപ്യമല്ല ഐ ക്യമാണ് സഭ ആഗ്രഹിക്കുന്നത് എന്നുപറഞ്ഞപ്പോഴും അര്‍ത്ഥമാ ക്കിയത്. ''അനുരഞ്ജിതമായ വൈവിധ്യത്തിന്റെ'' ഐക്യം എന്ന പ്രയോഗവും അര്‍ത്ഥമാക്കുന്നത് വൈവിധ്യം അനുവദിക്കുന്നതിലാണല്ലോ. ഇവിടെ ഐക്യം എന്നത് ഒന്നിന്റെ ആധിപത്യമല്ല.
സൂനഹദോസിന്റെ സമീപനം ആധിപത്യത്തിന്റെയാണെന്ന് കരുതുന്നില്ല. സൂനഹദോസിന്റെ സമീപനമാണ് പ്രധാനം. ലത്തീന്‍ റീത്തില്‍ ഒരു വിശ്വാസം പല അനുഷ്ഠാനരൂപങ്ങളില്‍ നടത്തുന്നുവെന്നതു വലിയ ദുരന്തമൊന്നുമല്ല. അതു വലിയ സമ്മര്‍ദങ്ങളും സംഘട്ടനങ്ങളുമില്ലാതെ അംഗീകരിക്കുകയല്ലേ ഉചിതം? ധാര്‍മ്മികവും വിശ്വാസപരവുമായ കാര്യങ്ങളില്‍ ഭിന്നമായ സമീപനങ്ങള്‍ ഉണ്ട്; ധാര്‍മ്മിക കാര്യങ്ങളിലും. അങ്ങനെയല്ലാത്ത കാര്യങ്ങളില്‍ പരസ്പരം ആദരിക്കുന്ന വൈവിധ്യത്തിന്റെ ഐക്യം സാധ്യമാണ്. അവിടെ കടുംപിടുത്തങ്ങള്‍ അഭിലഷണീയമായി കരുതാനാവില്ല.
സീറോ മലബാര്‍ സഭാനേതൃത്വത്തെക്കുറിച്ച് കാര്‍ഡിനല്‍ മുള്ളറുടെ ആരോപണം ശരിയല്ലേ? ധാര്‍മ്മിക കാര്യങ്ങള്‍ എങ്ങനെ പോയാലും പ്രശ്‌നമില്ല, അനുഷ്ഠാന കാര്യങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നത് ഒരു രോഗലക്ഷണമല്ലേ എന്നു സംശയിക്കു ന്നു. വിശ്വാസകാര്യങ്ങളില്‍ പോലും വിഷം കലരുന്നതു നിര്‍മ്മമമായി നോക്കിനില്‍ക്കുന്നവര്‍ വെറും അനുഷ്ഠാനകാര്യത്തില്‍ ബലം പ്രയോഗിക്കുമ്പോള്‍ നമുക്കും എന്തോ തകരാറുണ്ട്. സീറോ മലബര്‍ സഭയില്‍ ചുരുക്കം ചിലര്‍ സുറിയാനി കുര്‍ബാനയര്‍പ്പിക്കുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ പഴയ ലാറ്റിന്‍ കുര്‍ബാനയെക്കുറിച്ച് എടുത്ത നടപടികളെക്കുറിച്ചൊന്നും ഇവിടെ അധികാരികള്‍ ചിന്തിച്ചിട്ടില്ല. യാതൊരു ഭീകര അസഹിഷ്ണുതയും പ്രകടിപ്പിച്ചിട്ടുമില്ല. അത് നിര്‍ബാധം തുടരുന്നു. എന്നാല്‍ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി അവരുടെ ഒരാവശ്യം നടത്തിത്തരുന്നതിലാണ് വലിയ ബലംപിടുത്തം. അതും 'മൃഗീയമായ അസഹിഷ്ണുത'യായി കാണാം. ഇങ്ങനെ പറഞ്ഞ കര്‍ദിനാളും അതുപോലെ ഈ മാര്‍പാപ്പയോട് വിയോജിക്കുന്ന പതിമൂന്നു കര്‍ദിനാള്‍മാരുമുണ്ട് എന്നതു പരസ്യമാണ്. ഇവര്‍ക്കെതിരായി വത്തിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസും അച്ചടക്കനടപടികളും സ്വീകരിക്കുന്നതു നാം കാണും എന്നു വിചാരിക്കുന്നു. ഇവരൊക്കെ സഭാവിരുദ്ധരാണോ? അതിലൊരാള്‍ വിശ്വാസകാര്യങ്ങളുടെ അധ്യക്ഷനുമായിരുന്നു.