സഭാ പ്രതിസന്ധിയും കാനോന്‍ നിയമങ്ങളും

സഭാ പ്രതിസന്ധിയും കാനോന്‍ നിയമങ്ങളും

എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിസന്ധി കത്തോലിക്കാസഭയില്‍ ഉണ്ടായിരിക്കുന്ന ഒരു പ്രശ്‌നമാണ്. അതു വെറും കാനോനിക പ്രശ്‌നം മാത്രമായി ചിലര്‍ കാണുന്നതുപോലെ തോന്നുന്നു. ഏതു സംഘടനയ്ക്കും നിയമങ്ങള്‍ വേണം. പക്ഷെ, എന്തുകൊണ്ടാണ് ഇവിടെ ഈ പ്രതിസന്ധി രൂക്ഷമാകുന്നതും അതു പരിഹാരമില്ലാതെ നീളുന്നതുമെന്നു പഠിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കു മനസ്സുണ്ട് എന്നു വരുന്നില്ല. ഈ പ്രശ്‌നങ്ങള്‍ എല്ലാം നിയമത്തിന്റെ കമ്മട്ടത്തില്‍ മാത്രം പരിഹരിച്ചു കളയാം എന്ന നിലപാടും ചിലര്‍ക്കുണ്ട്. ഏകദേശം അമ്പതു കൊല്ലങ്ങള്‍ മുടക്കില്ലാതെ തുടര്‍ന്ന ഒരു പാരമ്പര്യമാണ് തുടരണമെന്ന് ഈ അതിരൂപത ആവശ്യപ്പെടു ന്നത്. അതു അധാര്‍മ്മികമോ അനുവദിക്കാത്തതോ അല്ല. സഭയില്‍ ഉടനീളം നടക്കുന്ന ഒരു വിധമാണ്. ഇതു നിയമ വിരുദ്ധമായി പ്രഖ്യാപിച്ചതു സിനഡാണ്. ഇതിനെതിരെ ശക്തമായ പ്രതിരോധമുയര്‍ത്തിയത് ഒരു പള്ളിയോ ഒരു സ്ഥാപനമോ അല്ല. ഈ അതിരൂപത യിലെ ജനങ്ങളും വൈദികരും ഒന്നിച്ചാണ് എതിര്‍ക്കുന്നത്. ഐക്യ രൂപ്യം അടിച്ചേല്പിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത സൈനിക നട പടി പോലെയാണ്. ഫലമായി ഐക്യമാണ് അപകടത്തിലാകുന്നത്.

ചരിത്രത്തില്‍ നടപ്പിലാക്കാന്‍ കഴിയാത്ത ഒരു കീറാമുട്ടി പൊക്കി യെടുത്തു ഉപായത്തില്‍ മാര്‍പാപ്പയുടെ കത്തും തരപ്പെടുത്തി ചര്‍ച്ചകള്‍ ഇല്ലാതെ നടപ്പിലാക്കാന്‍ സിനഡ് എല്ലാ പ്രതിഷേധങ്ങളെയും അവഗണിച്ചു തീരുമാനിച്ചത് എന്തിന്? അതു ഐക്യരൂപ്യത്തിന്റെ ഭംഗിക്കുവേണ്ടിയാണ് എന്നു പറഞ്ഞ് ആരെയെങ്കിലും പറ്റിക്കാനാ വുമോ? സഭാധ്യക്ഷന്റെ വസ്തുകച്ചവട വിവാദത്തില്‍നിന്നു ശ്രദ്ധ തിരിക്കാനും അതില്‍ തനിക്കു പിന്‍തുണ വര്‍ധിപ്പിക്കാനും അദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ചവരെ കൈകാര്യം ചെയ്യാനും നടത്തിയ ഇടപാടായി എറണാകുളം-അങ്കമാലി അതിരൂപത കരുതു ന്നു എന്നതാണ് ഏറെ ശ്രദ്ധേയം.

സഭാധ്യക്ഷന്‍ ചെയ്തതു ''കുറ്റകരമായ ഗൂഡാലോചന''യായി രുന്നു എന്ന് കേരള ഹൈക്കോടതിയുടെ വിധിയുണ്ട്. ആ വിധി സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. ഈ പ്രശ്‌നത്തിന്റെ പേരില്‍ ഭരണത്തില്‍ നിന്നു മാറ്റിനിറുത്തിയിട്ടുണ്ട്; ഉത്തരിപ്പു കടം നിറവേറ്റണം എന്നും അനുശാസിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹം അധാര്‍മ്മികമായി ഒന്നും ചെയ്തിട്ടില്ല എന്നും ഇതൊക്കെ എല്ലാവരും ചെയ്യു ന്നതാണ് എന്നും ആവര്‍ത്തിച്ചു പറയുന്നതു എന്തുകൊണ്ട്? വത്തി ക്കാന് ഈ പ്രശ്‌നം വീണ്ടും ആലോചിക്കാന്‍ പറഞ്ഞിട്ടും പാര്‍ട്ടി നിശ്ചയംപോലെ അവര്‍ പഴയ പല്ലവി ആവര്‍ത്തിക്കുന്നു.

സോഫോക്ലീസ്സിന്റെ ആന്റിഗണി നാടകത്തില്‍, അവളുടെ സഹോദരന്റെ ശവമടക്കാനുള്ള അവളുടെ തീരുമാനത്തെ മരണശിക്ഷ കൊണ്ടാണ് രാജാവ് തടുക്കുന്നത്. നിയമലംഘനത്തിന് അവള്‍ കൊല്ലപ്പെടും. രാജാവിനോട് അവള്‍ പറയുന്നത് താങ്കള്‍ ദൈവനിയമം ലംഘിച്ചു എന്നാണ്. അവള്‍ പറഞ്ഞു ''ഇന്നിനോ ഇന്നലെയ്‌ക്കോ വേണ്ടിയല്ലാത്ത നിയമം - നിത്യതയ്ക്കുവേണ്ടി. അത് എവിടെ നി ന്നു വരുന്നു എന്ന് എനിക്കറിയില്ല.'' ദൈവത്തിന്റെയും ധര്‍മ്മത്തിന്റെയും നിയമം ''എല്ലാവരും ചെയ്യുന്നത്'' എന്നു പറഞ്ഞ നിഷേധിക്കു ന്നവര്‍ തന്നെ കാനോന്‍ നിയമം കൊണ്ടു പേടിപ്പിക്കുന്നു!

കാനോന്‍ നിയമപണ്ഡിതര്‍ അനുസരണം ഉറപ്പാക്കുന്ന സ്റ്റേറ്റ് ക്ലാര്‍ക്കുമാരാകരുത് എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് ഇവര്‍ അറിയുന്നുണ്ടോ? നിയമപ്രശ്‌നത്തില്‍ ''സൗകര്യപ്രദമായ പരിഹാരം'' നേടാന്‍ കാനോന്‍ നിയമം കൊണ്ട് ശ്രമിക്കരുത് എന്നു പറഞ്ഞതും ശ്രദ്ധിക്കപ്പെടുന്നില്ല. ഈ മാര്‍പാപ്പ ആവര്‍ത്തിച്ചു പറയുന്നു, ''യാഥാര്‍ത്ഥ്യം ആശയത്തിന് ഉപരി''യാണ്. ഇവിടെ സങ്കീര്‍ണ്ണമായ ഒരു സഭാപ്രശ്‌നത്തെ കാനോന്‍ നിയമത്തിന്റെ കമ്മട്ടത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ തന്നെ പേപ്പല്‍ ഡെല ഗേറ്റിനെ ഈ പ്രശ്‌നത്തിനു പരിഹാരം നിര്‍ദേശിക്കാന്‍ ആവശ്യ പ്പെട്ടിരിക്കുന്നതും മറന്നു-മെത്രാന്മാരുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഒരു പ്രശ്‌നമായി മാത്രം കാണുന്നത് ഒരു ഹെഗേലിയന്‍ വര്‍ഗ സമര പ്രത്യയ ശാസ്ത്ര ശാഠ്യമല്ലേ? മനിക്കേയന്‍ പാഷണ്ഡ തയുടെ വീഴുന്ന അപകടത്തിലാണ് സഭ എന്നു മാത്രം ചൂണ്ടി ക്കാണിക്കട്ടെ.

വി. അഗസ്റ്റിന്‍ തന്റെ ആത്മകഥയില്‍ പ്രാര്‍ത്ഥനയായി എഴുതി, ''നീ എന്നിലായിരുന്നു, ഞാന്‍ നിന്നിലായിരുന്നില്ല.'' അധികാരം ആന്തരികതയുടെ ദൈവികതയില്‍ കണ്ടെത്തി അത് അനുധാവനം ചെയ്യുന്നതാണ്. അതു ചെയ്യാത്തവര്‍ അഹത്തിന്റ കാമനകളില്‍ ജീവിതം ബന്ധിപ്പിച്ച് ദുരന്തങ്ങളും ഉതപ്പുകളും നിരന്തരം സൃഷ്ടി ക്കും. നിരീശ്വരനായ ഇവാന്‍ കരമസോവ് എഴുതുന്നു, ''വലിയ കുറ്റ വിചാരകന്റെ'' കഥകേട്ട സഹോദരനായ അലോഷ്യ നോവലില്‍ പറയുന്നു, ''സൃഷ്ടിക്കാനും എഴുതാനുമുള്ള ലൂസിഫറിന്റെ പ്രലോ ഭനവുമായി ബന്ധപ്പെട്ടതാണ്, സ്വയം ദൈവമാകാന്‍.'' ഈ വലിയ കുറ്റവിചാരകന്‍ ആര്‍ക്കുമാകാം. ക്രിസ്തുവിന്റെ സഭയെ സ്വന്തം രക്ഷാകര പദ്ധതിയനുസരിച്ച് അഴിച്ചുപണിയുന്നവര്‍.

ഒരു സോക്രട്ടീസിനു വിഷം കൊടുത്ത് പ്രശ്‌നം പരിഹരിക്കാം എന്നു കരുതുന്നവരുണ്ടാകാം. ആഥന്‍സിലെ ന്യായാധിപന്മാര്‍ അതാണ് ചെയ്തത്. ഈ ചരിത്രത്തെ വ്യാഖ്യാനിച്ച് റൊമാനോ ഗര്‍ദീനി എന്ന ആരാധനക്രമ പണ്ഡിതന്‍ എഴുതി, ''തത്വചിന്ത മരണ പരിശീലനമാണ്, ജീവനുവേണ്ടിയുള്ള ആത്മാവിന്റെ മരണ മുമ്പിലെ ജീവിതം. ഇതും ദൈവത്തിലേക്കും ലോകത്തിലേക്കും തിരിയുന്നതിന്റെ ''വൈരുധ്യാത്മിക'' ചലനങ്ങള്‍ നമ്മില്‍ ഉണ്ടാക്കും. എന്നാല്‍ കേവലവും ആത്യന്തികവുമായ അര്‍ത്ഥം സോക്രട്ടീസ് സംഭാഷണത്തിന് ഉണ്ടാക്കുന്നില്ലേ? പ്രതിസന്ധികളെ തരണം ചെ യ്യേണ്ടതു സംഭാഷണത്തിലാണ് എന്നു സോക്രട്ടീസ് പറഞ്ഞതു മരണമില്ലാതെ നിലകൊള്ളുന്നു. എങ്ങോട്ടു തിരിഞ്ഞ് കുര്‍ബാന ചൊല്ലണമെന്നതിന്മേലുള്ള വിധി അന്ത്യമായത് ഇനി മാറ്റമില്ലാതെ തുടരണം! ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനില്‍ ഈ ഫെബ്രുവരി 23-നു പ്രസംഗിച്ചു, ''സഭ പ്രത്യയ ശാസ്ത്ര വിഭാഗീയതയ്ക്കു കീഴ് പ്പെടുകയാണ്. പുരോഗമനവാദി, യാഥാസ്ഥികന്‍ എന്നീ പേരുകളി ലുള്ള വിവാദങ്ങളില്‍ ''പരിശുദ്ധാത്മാവ്'' എവിടെയാണ്? ശ്രദ്ധി ക്കുക, സുവിശേഷം ഒരു ആശയമോ ആശയസംഹിതയോ അല്ല... നിങ്ങള്‍ സുവിശേഷത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കുന്നു, പ്രത്യയ ശാസ്ത്രമാക്കുന്നു, സാമൂഹിക ക്ലബ് ആക്കുന്നു.''

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org