പേഗനിസത്തിന്റെ വെല്ലുവിളി

പേഗനിസത്തിന്റെ വെല്ലുവിളി

പേഗനിസം എന്ന പ്രയോഗം ആധുനിക കാലഘട്ടത്തില്‍ തത്വചിന്തയില്‍ ഉപയോഗിച്ചതു നാസി കാലഘട്ടത്തിലെ യഹൂദചിന്തകനായ എമ്മാനുവേല്‍ ലെവിനാസാണ്. 60 ലക്ഷം യഹൂദരെ കൊന്ന ഭീകരതയനുഭവിച്ച ചിന്തകനാണ് ലെവിനാസ്. നാസികള്‍ നിരീശ്വരരായിരുന്നില്ല. ഹിറ്റ്‌ലറിനെ ജര്‍മ്മനിയിലെ ചില ക്രൈസ്തവര്‍ രക്ഷകനായി കണ്ടിരുന്നു. ആര്യവര്‍ഗാധിപത്യത്തിന്റെ നാസിസം ഇറാനിലെ ജനങ്ങളും ആര്യരാണ് എന്നു പറഞ്ഞ നാസികള്‍ ഹിറ്റ്‌ലറിനെ ഇസ്‌ലാമിന്റെ അവസാനത്തെ ഖലീഫയായി പ്രചരിപ്പിച്ചിരുന്നു.

നാസി പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രസിദ്ധ ജര്‍മ്മന്‍ ചിന്തകനായിരുന്ന ഹൈഡഗര്‍ ഒരു കാലത്തു സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹത്തിന്റെ നാട്ടുവഴി എന്ന കവിതാസമാനമായ എഴുത്തില്‍ ''എല്ലാം വരുന്നു, പോകുന്നു'' എന്നും ''അവര്‍ പറയാതെ പറയുന്ന വാക്ക് ദൈവമെന്നും'' പറയുന്നു. നാസിസത്തെയും ഹൈഡഗറിന്റെ അസ്തിത്വചിന്തയേയും ലെവിനാസ് പേഗനിസം എന്നു വിളിക്കുന്നുണ്ട്. അതിനു ഒറ്റക്കാരണമേയുള്ളൂ. യഹൂദനു ദൈവത്തിന്റെ വെളിപാട് ധാര്‍മ്മികതയാണ് - എത്തിക്‌സാണ്. ഈ ധര്‍മ്മം ആവശ്യപ്പെടുന്ന ദൈവവിശ്വാസത്തെയാണ് ലെവിനാസ് പേഗനിസം എന്നു വിളിക്കുന്നത്. പഞ്ചഭൂതങ്ങളുടെ പ്രകൃതിനാഥനാണ് അവര്‍ക്ക് ദൈവം. ആ ദൈവം കാവുകളിലും പ്രകൃതിയുടെ വിലാസത്തിലും സര്‍പ്പക്കാവുകളിലും വസിക്കുന്നു. യഹൂദര്‍ ലോകത്തില്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാകുന്നത് ഒരേ ഒരു കാരണത്താലാണ്. അവര്‍ ധര്‍മ്മം മതമാക്കുന്നു. ധര്‍മ്മമില്ലാത്തവര്‍ക്കു മതമില്ല.

ഇടിവെട്ടിന്റെ വേദത്തെക്കുറിച്ച് ബൃഹ്ദാരണിക ഉപനിഷത്ത് പ്രതിപാദിക്കുന്നു (5.2.3). ദ, ദ, ദ എന്ന മൂന്ന് അക്ഷരങ്ങള്‍ ഇടിനാദമാണ്. അതിനെ അവര്‍ പരാവര്‍ത്തനം ചെയ്ത് ദത്ത, ദമ്യത, ദയത്വം - ദാനം ചെയ്യുക, സംയമനം കാണിക്കുക, ദയ കാണിക്കുക. എന്നാല്‍ ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ മോസസ് ദൈവത്തോടു സംസാരിക്കുന്നതിനെക്കുറിച്ചു പറയുന്നു. ''മോശ സംസാരിക്കുകയും ദൈവം ഇടിമുഴക്കത്താല്‍ ഉത്തരം നല്കുകയും ചെയ്യുന്നു'' (പുറപ്പാട് 19:19). മോസസ് മലമുകളിലേക്ക് ദൈവവുമായി സംസാരിക്കാന്‍ കേറിപ്പോകുകയും ജനം താഴെനിന്നു ഇതിനു സാക്ഷികളാകുകയും ചെയ്തു. ജനം കേട്ടതു ഇടിനാദമായിരുന്നു. മോസസ് താഴെ നിന്ന ജനങ്ങള്‍ക്ക് ദൈവം സംസാരിച്ചതു എഴുതിക്കൊടുത്തത് രണ്ട് കല്പലകകളിലാണ്. അത് പത്തു കല്പനകളായിരുന്നു. ഇതു വെളിപാടായി ബൈബിളില്‍ സ്ഥാനം പിടിച്ചു. യഹൂദ മതത്തിന്റെ ആരംഭം ഇവിടെയാണ്. ദൈവം ജനത്തോട് ആവശ്യപ്പെട്ടത് ഒന്നു മാത്രം: ധര്‍മ്മം.

ബൃഹ്ദാരണിക ഉപനിഷദ് കാവ്യപ്രചോദനമാണ്. പക്ഷെ, അതു മോസസില്‍ ദൈവത്തിന്റെ വെളിപാടായി - മതത്തിന്റെ മൗലികപ്രശ്‌നമാണിത്. നാസിസത്തിന്റെ കാലത്തെ മതത്തില്‍ നിന്നു ചോര്‍ന്നു പോയതു ധര്‍മ്മമാണ്. അത് ഒരു മനസ്സാക്ഷിയുമില്ലാതെ ആര്യവര്‍ഗാധിപത്യം നടപ്പിലാക്കിയതു മറ്റുള്ളവരെ കൊന്നുകൊണ്ടാണ്. ഹൈഡഗറിന്റെ തത്വചിന്ത ഈ നാസി ചിന്തയായി മാറി. അദ്ദേഹത്തിന്റേതു അസ്തിത്വ ചിന്തയായിരുന്നു - ജീവിതകാമം. അതിന്റെ അടിസ്ഥാനം ജീവിതചക്രവാളം ഉയരുന്നത് ജീവിക്കുന്ന സ്ഥലകാലങ്ങളാണ്. മനുഷ്യന്‍ ആയിരിക്കുകയല്ല, ആയിത്തീരുകയാണ്. ജീവിതസാഹചര്യത്തിന്റെയും ജന്മത്തിന്റെയും വിധികള്‍ തീര്‍ക്കുന്ന സാധ്യതകള്‍ വെട്ടിപ്പിടിച്ചാണ് ജീവിതം വിലസിക്കുന്നത്, പ്രകാശിപ്പിക്കുന്നത്. ഭാരത പാരമ്പര്യം പറയുന്നതുപോലെ അതു അശ്വമേധമാണ്. അഹത്തിന്റെ കുതിരയെ അഴിച്ചുവിടുന്നു. അതിനെ പിടിച്ചുകെട്ടുന്നവനുമായി യുദ്ധം. ജീവിത വിലാസം, യുദ്ധ വിലാസമാണ്. നാസികള്‍ തങ്ങളുടെ ജീവിത വിലാസത്തില്‍ 60 ലക്ഷം യഹൂദരെ കൊന്നൊടുക്കി - ആര്യാധിപത്യം ഉണ്ടാക്കാന്‍.

ലെവിനാസ്, ഹൈഡഗറിന്റെ ചിന്ത സമഗ്രാധിപത്യത്തിന്റെ ആധിപത്യ ചിന്തയാണ് എന്നു വിമര്‍ശിച്ചു. അഹത്തിന്റെ വെട്ടിപ്പിടുത്ത കഥ. പക്ഷെ, ജീവിതത്തിന്റെ പ്രാഥമിക വെളിപാട്, അത് അപരന്റെ മുഖത്തിന്റെ പ്രത്യക്ഷത്തിലാണ്. മുഖം ഒരു പ്രതിഭാസമല്ല, പ്രത്യക്ഷമാണ്. മുഖത്താണ് ദൈവത്തിന്റെ ഒളിമങ്ങല്‍ പ്രത്യക്ഷമാകുന്നത്. ആ മുഖം ചോദിക്കുന്നു: ''ധര്‍മ്മം തരണേ?'' അതു പ്രാര്‍ത്ഥിക്കുന്നു: ''കൊല്ലരുത്.'' ഈ പ്രാര്‍ത്ഥന സ്വന്തം ആന്തരികതയുടെ ആഴത്തിലേക്കാണ് നയിക്കുന്നത്. അത് ഓര്‍മ്മയാണ്. എന്റെ ജീവിതം ദാനമാണ് എന്ന ഓര്‍മ്മ. എനിക്ക് ഔന്നത്യം നല്കുന്ന ഓര്‍മ്മ. അപരനു ആതിഥ്യം നല്കി എനിക്ക് മഹത്വം എന്ന ഔന്നത്യം ഉണ്ടാകുന്നു. മനുഷ്യന്‍ തന്റെ വിധികളെ മറികടന്ന് തന്നെ നിഷേധിച്ച് അപരനുവേണ്ടി ജീവിക്കാന്‍ തയ്യാറാകുന്നതാണ് ധര്‍മ്മം. അത് സ്വന്തം ജാതി, മത, ദേശങ്ങളില്‍ നിന്ന് ആണി ഊരി പുറപ്പാട് നടത്തുന്നതാണ്. മനുഷ്യജീവിതം വീടണയുന്നത് ദേശത്തോ ഗോത്രത്തിലോ അല്ല - സൗഹൃദത്തിലും ആതിഥ്യത്തിലും അതിഥിക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുന്നതിലുമാണ്.

ഇന്ന് ഇന്ത്യയില്‍ ഭൂരിപക്ഷ മതമുണ്ട്; ന്യൂനപക്ഷ മതങ്ങളും. എല്ലാ മതങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകുന്നത് ധര്‍മ്മ പ്രതിബദ്ധതയാണ് എന്ന് ദുഃഖത്തോടെ പറയട്ടെ. ജാതി സമ്പ്രദായം ഒരു തരം ആധിപത്യമായിരുന്നു. അതു തിരിച്ചു വരുന്നു. ഇനി മേല്‍ക്കോയ്മ ഇന്ത്യയിലെ എല്ലാ മതങ്ങളിലും കടന്നുകയറി മേല്‍ജാതിക്കാരും കീഴ്ജാതിക്കാരുമായി ജാതി തിരിയുന്നു. ക്രൈസ്തവസഭയില്‍ പോലും ചിലര്‍ മേല്‍ജാതിക്കാരാകുന്ന മനോഭാവങ്ങള്‍ വര്‍ധിക്കുന്നു. ധര്‍മ്മശോഷണം എവിടെയും കാണാം.

പേഗനിസം എന്ന പ്രയോഗം ആധുനിക കാലഘട്ടത്തില്‍ തത്വചിന്തയില്‍ ഉപയോഗിച്ചതു നാസി കാലഘട്ടത്തിലെ യഹൂദചിന്തകനായ എമ്മാനുവേല്‍ ലെവിനാസാണ്. 60 ലക്ഷം യഹൂദരെ കൊന്ന ഭീകരതയനുഭവിച്ച ചിന്തകനാണ് ലെവിനാസ്. നാസികള്‍ നിരീശ്വരരായിരുന്നില്ല. ഹിറ്റ്‌ലറിനെ ജര്‍മ്മനിയിലെ ചില ക്രൈസ്തവര്‍ രക്ഷകനായി കണ്ടിരുന്നു. ആര്യവര്‍ഗാധിപത്യത്തിന്റെ നാസിസം ഇറാനിലെ ജനങ്ങളും ആര്യരാണ് എന്നു പറഞ്ഞ നാസികള്‍ ഹിറ്റ്‌ലറിനെ ഇസ്‌ലാമിന്റെ അവസാനത്തെ ഖലീഫയായി പ്രചരിപ്പിച്ചിരുന്നു.

നാസി പാര്‍ട്ടിയില്‍ ചേര്‍ന്ന പ്രസിദ്ധ ജര്‍മ്മന്‍ ചിന്തകനായിരുന്ന ഹൈഡഗര്‍ ഒരു കാലത്തു സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹത്തിന്റെ നാട്ടുവഴി എന്ന കവിതാസമാനമായ എഴുത്തില്‍ ''എല്ലാം വരുന്നു, പോകുന്നു'' എന്നും ''അവര്‍ പറയാതെ പറയുന്ന വാക്ക് ദൈവമെന്നും'' പറയുന്നു. നാസിസത്തെയും ഹൈഡഗറിന്റെ അസ്തിത്വചിന്തയേയും ലെവിനാസ് പേഗനിസം എന്നു വിളിക്കുന്നുണ്ട്. അതിനു ഒറ്റക്കാരണമേയുള്ളൂ. യഹൂദനു ദൈവത്തിന്റെ വെളിപാട് ധാര്‍മ്മികതയാണ് - എത്തിക്‌സാണ്. ഈ ധര്‍മ്മം ആവശ്യപ്പെടുന്ന ദൈവവിശ്വാസത്തെയാണ് ലെവിനാസ് പേഗനിസം എന്നു വിളിക്കുന്നത്. പഞ്ചഭൂതങ്ങളുടെ പ്രകൃതിനാഥനാണ് അവര്‍ക്ക് ദൈവം. ആ ദൈവം കാവുകളിലും പ്രകൃതിയുടെ വിലാസത്തിലും സര്‍പ്പക്കാവുകളിലും വസിക്കുന്നു. യഹൂദര്‍ ലോകത്തില്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാകുന്നത് ഒരേ ഒരു കാരണത്താലാണ്. അവര്‍ ധര്‍മ്മം മതമാക്കുന്നു. ധര്‍മ്മമില്ലാത്തവര്‍ക്കു മതമില്ല.

ഇടിവെട്ടിന്റെ വേദത്തെക്കുറിച്ച് ബൃഹ്ദാരണിക ഉപനിഷത്ത് പ്രതിപാദിക്കുന്നു (5.2.3). ദ, ദ, ദ എന്ന മൂന്ന് അക്ഷരങ്ങള്‍ ഇടിനാദമാണ്. അതിനെ അവര്‍ പരാവര്‍ത്തനം ചെയ്ത് ദത്ത, ദമ്യത, ദയത്വം - ദാനം ചെയ്യുക, സംയമനം കാണിക്കുക, ദയ കാണിക്കുക. എന്നാല്‍ ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ മോസസ് ദൈവത്തോടു സംസാരിക്കുന്നതിനെക്കുറിച്ചു പറയുന്നു. ''മോശ സംസാരിക്കുകയും ദൈവം ഇടിമുഴക്കത്താല്‍ ഉത്തരം നല്കുകയും ചെയ്യുന്നു'' (പുറപ്പാട് 19:19). മോസസ് മലമുകളിലേക്ക് ദൈവവുമായി സംസാരിക്കാന്‍ കേറിപ്പോകുകയും ജനം താഴെനിന്നു ഇതിനു സാക്ഷികളാകുകയും ചെയ്തു. ജനം കേട്ടതു ഇടിനാദമായിരുന്നു. മോസസ് താഴെ നിന്ന ജനങ്ങള്‍ക്ക് ദൈവം സംസാരിച്ചതു എഴുതിക്കൊടുത്തത് രണ്ട് കല്പലകകളിലാണ്. അത് പത്തു കല്പനകളായിരുന്നു. ഇതു വെളിപാടായി ബൈബിളില്‍ സ്ഥാനം പിടിച്ചു. യഹൂദ മതത്തിന്റെ ആരംഭം ഇവിടെയാണ്. ദൈവം ജനത്തോട് ആവശ്യപ്പെട്ടത് ഒന്നു മാത്രം: ധര്‍മ്മം.

ബൃഹ്ദാരണിക ഉപനിഷദ് കാവ്യപ്രചോദനമാണ്. പക്ഷെ, അതു മോസസില്‍ ദൈവത്തിന്റെ വെളിപാടായി - മതത്തിന്റെ മൗലികപ്രശ്‌നമാണിത്. നാസിസത്തിന്റെ കാലത്തെ മതത്തില്‍ നിന്നു ചോര്‍ന്നു പോയതു ധര്‍മ്മമാണ്. അത് ഒരു മനസ്സാക്ഷിയുമില്ലാതെ ആര്യവര്‍ഗാധിപത്യം നടപ്പിലാക്കിയതു മറ്റുള്ളവരെ കൊന്നുകൊണ്ടാണ്. ഹൈഡഗറിന്റെ തത്വചിന്ത ഈ നാസി ചിന്തയായി മാറി. അദ്ദേഹത്തിന്റേതു അസ്തിത്വ ചിന്തയായിരുന്നു - ജീവിതകാമം. അതിന്റെ അടിസ്ഥാനം ജീവിതചക്രവാളം ഉയരുന്നത് ജീവിക്കുന്ന സ്ഥലകാലങ്ങളാണ്. മനുഷ്യന്‍ ആയിരിക്കുകയല്ല, ആയിത്തീരുകയാണ്. ജീവിതസാഹചര്യത്തിന്റെയും ജന്മത്തിന്റെയും വിധികള്‍ തീര്‍ക്കുന്ന സാധ്യതകള്‍ വെട്ടിപ്പിടിച്ചാണ് ജീവിതം വിലസിക്കുന്നത്, പ്രകാശിപ്പിക്കുന്നത്. ഭാരത പാരമ്പര്യം പറയുന്നതുപോലെ അതു അശ്വമേധമാണ്. അഹത്തിന്റെ കുതിരയെ അഴിച്ചുവിടുന്നു. അതിനെ പിടിച്ചുകെട്ടുന്നവനുമായി യുദ്ധം. ജീവിത വിലാസം, യുദ്ധ വിലാസമാണ്. നാസികള്‍ തങ്ങളുടെ ജീവിത വിലാസത്തില്‍ 60 ലക്ഷം യഹൂദരെ കൊന്നൊടുക്കി - ആര്യാധിപത്യം ഉണ്ടാക്കാന്‍.

ലെവിനാസ്, ഹൈഡഗറിന്റെ ചിന്ത സമഗ്രാധിപത്യത്തിന്റെ ആധിപത്യ ചിന്തയാണ് എന്നു വിമര്‍ശിച്ചു. അഹത്തിന്റെ വെട്ടിപ്പിടുത്ത കഥ. പക്ഷെ, ജീവിതത്തിന്റെ പ്രാഥമിക വെളിപാട്, അത് അപരന്റെ മുഖത്തിന്റെ പ്രത്യക്ഷത്തിലാണ്. മുഖം ഒരു പ്രതിഭാസമല്ല, പ്രത്യക്ഷമാണ്. മുഖത്താണ് ദൈവത്തിന്റെ ഒളിമങ്ങല്‍ പ്രത്യക്ഷമാകുന്നത്. ആ മുഖം ചോദിക്കുന്നു: ''ധര്‍മ്മം തരണേ?'' അതു പ്രാര്‍ത്ഥിക്കുന്നു: ''കൊല്ലരുത്.'' ഈ പ്രാര്‍ത്ഥന സ്വന്തം ആന്തരികതയുടെ ആഴത്തിലേക്കാണ് നയിക്കുന്നത്. അത് ഓര്‍മ്മയാണ്. എന്റെ ജീവിതം ദാനമാണ് എന്ന ഓര്‍മ്മ. എനിക്ക് ഔന്നത്യം നല്കുന്ന ഓര്‍മ്മ. അപരനു ആതിഥ്യം നല്കി എനിക്ക് മഹത്വം എന്ന ഔന്നത്യം ഉണ്ടാകുന്നു. മനുഷ്യന്‍ തന്റെ വിധികളെ മറികടന്ന് തന്നെ നിഷേധിച്ച് അപരനുവേണ്ടി ജീവിക്കാന്‍ തയ്യാറാകുന്നതാണ് ധര്‍മ്മം. അത് സ്വന്തം ജാതി, മത, ദേശങ്ങളില്‍ നിന്ന് ആണി ഊരി പുറപ്പാട് നടത്തുന്നതാണ്. മനുഷ്യജീവിതം വീടണയുന്നത് ദേശത്തോ ഗോത്രത്തിലോ അല്ല - സൗഹൃദത്തിലും ആതിഥ്യത്തിലും അതിഥിക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുന്നതിലുമാണ്.

ഇന്ന് ഇന്ത്യയില്‍ ഭൂരിപക്ഷ മതമുണ്ട്; ന്യൂനപക്ഷ മതങ്ങളും. എല്ലാ മതങ്ങളില്‍ നിന്നും ഒഴിഞ്ഞുപോകുന്നത് ധര്‍മ്മ പ്രതിബദ്ധതയാണ് എന്ന് ദുഃഖത്തോടെ പറയട്ടെ. ജാതി സമ്പ്രദായം ഒരു തരം ആധിപത്യമായിരുന്നു. അതു തിരിച്ചു വരുന്നു. ഇനി മേല്‍ക്കോയ്മ ഇന്ത്യയിലെ എല്ലാ മതങ്ങളിലും കടന്നുകയറി മേല്‍ജാതിക്കാരും കീഴ്ജാതിക്കാരുമായി ജാതി തിരിയുന്നു. ക്രൈസ്തവസഭയില്‍ പോലും ചിലര്‍ മേല്‍ജാതിക്കാരാകുന്ന മനോഭാവങ്ങള്‍ വര്‍ദ്ധിക്കുന്നു. ധര്‍മ്മശോഷണം എവിടെയും കാണാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org