പിന്നാലെ പോകുക

പിന്നാലെ പോകുക

1963-ല്‍ ജര്‍മ്മന്‍ തത്ത്വചിന്തകനായ ഹൈഡഗറിനോടു ഒരാള്‍ ചോദിച്ചു: സ്ഥാപകനെ അനുധാവനം ചെയ്യുന്നതല്ലാതെ മതം മറ്റ് എന്നാണു ചെയ്യുക? ഈശോസഭയില്‍ ചേര്‍ന്നു പിന്നീടു പുറത്തുപോയി തത്ത്വശാസ്ത്രജ്ഞനായ ഹൈഡഗര്‍ പറഞ്ഞു: "നിര്‍ണായകമായതു മാത്രമാണു പ്രധാനം. സ്ഥാപകന്‍റെ വചനങ്ങളെ പിന്‍തുടരുക. അതു മാത്രമാണു പ്രധാനം. വ്യവസ്ഥിതികളോ പ്രബോധനങ്ങളോ വിശ്വാസസത്യങ്ങളോ ഒന്നുമല്ല പ്രധാനം. മതം അനുധാവനമാണ്. വഴിയില്ലാതായാല്‍ നാം ദൈവങ്ങളുമായി ബന്ധമില്ലാത്തവരാകും. ദൈവങ്ങളാല്‍ സ്പര്‍ശിക്കപ്പെടാതായാല്‍ ദൈവാനുഭവം നഷ്ടമാകും." ദൈവാനുഭവമാണു ജീവിതത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കുന്നത്. പിന്നെ സംഭവിക്കുന്നതു വെറും മതാനുഭവമാണ്, അതു ദൈവങ്ങള്‍ ഓടിയൊളിച്ച ലോകത്തിന്‍റെ പ്രതിസന്ധിയാണ്. വിശുദ്ധിയുടെ കാല്പാടുകള്‍ കഴുകി മാറ്റപ്പെടുമ്പോള്‍ ഉണ്ടാകുന്നതാണു "മതാനുഭവം."

സ്ഥാപകന്‍റെ വാക്കുകളുടെ പിന്നാലെ പോകുക എന്നതുകൊണ്ട് എന്നാണ് അര്‍ത്ഥമാക്കുക? ജര്‍മ്മന്‍ ദൈവശാസ്ത്രജ്ഞനായ ബെനോഫര്‍ എഴുതി: "എന്‍റെ പിന്നാലെ അനുഗമിക്കുക. അവന്‍റെ പിന്നാലെ ഓടുക. അവന്‍റെ കാലടികളെ അനുഗമിക്കുക എന്നാല്‍ ഉള്ളടക്കമില്ലാത്ത ശൂന്യമായ പിന്തുടരലാണ്. ജീവിതത്തിന് അതു യുക്തിസഹമായ ഒരു പദ്ധതിയായിരുന്നില്ല. ഒരു ലക്ഷ്യമോ ഒരു ആദര്‍ശമോ പിന്തുടരാനുമില്ല. യേശുക്രിസ്തുവുമായുള്ള ബന്ധം മാത്രമാണത്. എല്ലാ പദ്ധതികളെയും ആദര്‍ശങ്ങളെയും നിയമവ്യവസ്ഥിതികളെയും പൂര്‍ണമായി വേര്‍പെടുത്തിക്കൊണ്ട് അവന്‍റെ പിന്നാലെ വിളിക്കുമ്പോള്‍ നാം അവന്‍ എന്ന വ്യക്തിയുമായുള്ള പൂര്‍ണമായ സംബന്ധത്തിലേക്കാണു വിളിക്കപ്പെടുന്നത്."

യേശുക്രിസ്തുവിനെ പിന്തുടരാത്ത ക്രൈസ്തവികത ഒരു ആശയം മാത്രമാണ്; അത് ഒരു കെട്ടുകഥയാണ്. യേശുക്രിസ്തുവുമായുള്ള ബന്ധത്തെ ഒരു ആശയത്തിലേക്കോ പ്രബോധനവ്യവസ്ഥയിലേക്കോ മതത്തിന്‍റെ പ്രസാദവരത്തെയും പാപമോചനത്തെയും കുറിച്ചുള്ള തത്ത്വത്തിലേക്കോ ചുരുക്കുമ്പോള്‍ അതു ക്രൈസ്തവികതയല്ലാതാകും. മാത്രമല്ല ഈ തത്ത്വങ്ങളുടെ അനുധാവനം യേശുക്രിസ്തുവിനെ അനുഗമിക്കുന്നതിനു തടസ്സവുമാകും. യേശു കുറേ തത്ത്വങ്ങള്‍ പാലിക്കാനല്ല പറഞ്ഞത്, അവന്‍റെ വാക്കുകള്‍ സ്വയം വ്യാഖ്യാനിച്ച് അതു പിന്‍ചെല്ലാനുമല്ല. ഒരു വ്യവസ്ഥയുമില്ലാതെ അവന്‍റെ പിന്നാലെ ഇറങ്ങിത്തിരിക്കാനാണ്. പിന്‍ചെല്ലുന്നതിന്‍റെ ആധാരം, പിന്‍ചെല്ലുന്നവനിലല്ല. അവനു പുറത്താണ്. അത് അവനോടുള്ള പൂര്‍ണവിധേയത്വമാണ്. അനുധാവനം എന്നത് അവന്‍റെ ജീവിതംകൊണ്ടു ഞാന്‍ മിമിക്രി നടത്തുന്നതല്ല. അവന്‍റെ സത്യം സ്നേഹത്തിന്‍റെ അക്രമമായി എന്നെ അഴിച്ചുപണിയുന്നതാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org