അവര്‍ പറഞ്ഞത്

അവര്‍ പറഞ്ഞത്
Published on

അന്നു കുര്‍ബാന സ്വീകരിക്കാനും വീഞ്ഞ് കുടിക്കാനും വന്ന മത്തായിയോടും യോഹന്നാനോടുംകൂടെ ഞാന്‍ ഇരുന്നു. നിറഞ്ഞ കാസ കുടിച്ചുതീര്‍ത്തു. അപ്പോഴാണ് ഈ വെളിപാട് കഥയുണ്ടായത്. അവരോടു ഞാന്‍ ചോദിച്ചു: "നല്ല സമരിയാക്കാരന്‍റെ" കഥ ലൂക്കാ എഴുതി. നിങ്ങള്‍ അതു വിട്ടുകളഞ്ഞതെന്തേ?" മത്തായി മറുപടി പറഞ്ഞു: "അതു വല്ലാത്ത പരുക്കന്‍ കഥയാണ്. എന്‍റെ വായനക്കാര്‍ക്ക് അതു ദഹിക്കില്ല. അതു പോരെങ്കില്‍ വല്ലാതെ മതവിരുദ്ധമാണ്."

"പക്ഷേ, യേശു പറഞ്ഞതല്ലേ?"

"എനിക്ക് ഓര്‍മ്മയില്ല."

"അങ്ങേക്കോ?" നിശ്ശബ്ദനായ യോഹന്നാനോട് ചോദിച്ചു: "പലതും ഞാന്‍ വിട്ടുകളഞ്ഞു. എല്ലാം എഴുതിയില്ല. എഴുതാത്തത് ആര്‍ക്കു വേണമെങ്കിലും സങ്കല്പിക്കാം." ഇത്രയും പറഞ്ഞ് നിശ്ശബ്ദനായി, മിതഭാഷിയായി, മുനിയായി. പക്ഷേ, ചോദ്യങ്ങളോടുള്ള അതൃപ്തി അതിലില്ലായിരുന്നു. തലയ്ക്കു വീഞ്ഞു പിടിച്ച് മുനിയായോ എന്നറിയില്ല. വളരെ ഉല്ലാസവാനായി കണ്ടതു മത്തായിയെയാണ്. അതുകൊണ്ടു ധൈര്യമവലംബിച്ചു ചോദിച്ചു: "യേശുവിന്‍റെ ജന്മത്തില്‍ ഈ മാലാഖയും കന്യകാഗര്‍ഭവുമൊക്കെ എഴുതി ആളുകളെ വലയ്ക്കണമായിരുന്നോ?

"എല്ലാം തുണിമാറ്റി കാണിക്കാനാവില്ല. കാരണം അതൊക്കെ ചെയ്താല്‍ നഗ്നത മാത്രമേ കാണൂ. മനുഷ്യന്‍റെ കഥ നിങ്ങള്‍ കരിയിലയിലും മണ്ണാങ്കട്ടയിലും പൊതിഞ്ഞു പറഞ്ഞതെന്തിന്? അങ്ങനെ പൊതിയാതെ പറയാനാവുമോ?"

ഞാന്‍ യോഹന്നാന്‍റെ മുഖത്തേയ്ക്കു നോക്കി. "ശരിയായ നടപടിക്രമങ്ങള്‍ എഴുതുകയായിരുന്നില്ലല്ലോ. അത് എഴുതുന്നതെന്തിന്? മനുഷ്യനായി എന്നു പറഞ്ഞാല്‍ പോരേ; മനുഷ്യനില്‍ ആദിയുടെ നിശ്വാസമുണ്ടായിരുന്നെന്നേ പറഞ്ഞുള്ളൂ."

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org