ഞാന്‍ എന്‍റെ ചരിത്രം കണ്ടുപിടിക്കുന്നു

ഞാന്‍ എന്‍റെ ചരിത്രം കണ്ടുപിടിക്കുന്നു

"അത്ഭുതങ്ങള്‍ അനവധിയാണ്, പക്ഷേ, മനുഷ്യനോളം അത്ഭുതകരമായ മറ്റൊന്നുമില്ല… മരണത്തില്‍നിന്നു രക്ഷപ്പെടാന്‍ മാത്രമേ അവന്‍ ഒരു വഴി കണ്ടെത്താത്തതുള്ളൂ. മനസ്സില്‍ കണ്ടെത്തുന്ന പ്രതീക്ഷയില്ലാത്ത രോഗങ്ങളില്‍ നിന്നുപോലും അവന്‍ രക്ഷപ്പെടുന്നു. തികച്ചും അപ്രതീക്ഷിതമായ കൗശലബുദ്ധിയുടെ കണ്ടെത്തലിലൂടെ അവന്‍ ചിലപ്പോള്‍ തിന്മയിലും ചിലപ്പോള്‍ നന്മയിലും എത്തുന്നു." ക്രിസ്തുവിനു നാലു നൂറ്റാണ്ടുമുമ്പു സോഫോക്ലിസ് എഴുതിയ ആന്‍റിഗണി എന്ന അതിപ്രശസ്തമായ ദുരന്തനാടകത്തിലെ സംഘഗാനത്തില്‍ നിന്നാണീ ഉദ്ധരണി.

അത്ഭുതം എന്നു തര്‍ജ്ജമ ചെയ്ത ഗ്രീക്ക് പദത്തിനു ദുരന്തം, ഗൃഹാതുരത്വം എന്നൊക്കെ അര്‍ത്ഥമുണ്ട്. മനുഷ്യന്‍റെ തനിമയാര്‍ന്ന സര്‍ഗാത്മകത "ചിലപ്പോള്‍ നന്മയിലും ചിലപ്പോള്‍ തിന്മയിലും എത്തുന്നു." ഇതാണു മനുഷ്യന്‍റെ അത്ഭുതത്തിന്‍റെയും ദുരന്തത്തിന്‍റെയും അനന്യത. വിവരിക്കാനാവാത്തതും ഭയപ്പെടുത്തുന്നതും ഇതുതന്നെ. ആശ്ചര്യമായി പ്രത്യക്ഷപ്പെടുന്ന മനുഷ്യന്‍ ഒരേസമയം ഭീകരതയിലും അതേസമയം മനോഹാരിതയിലും ചെന്നെത്തുന്നു. അവന്‍റെ കൗശലത്തിന്‍റെ സര്‍ഗാത്മകത പ്രവചനാതീതമാണ്. ഒരേസമയം ദുഷ്ടതയുടെ വിജയമാഘോഷിക്കുകയും നിര്‍ദ്ദോഷകരമായ നന്മയെ വീണ്ടെടുക്കാനാവാതെ വീണുപോകുകയും ചെയ്യുന്നു. ഫ്രോയ്ഡ് പറഞ്ഞിട്ടുളളതുപോലെ അബോധത്തിന്‍റെ ദുരന്തപൂര്‍വകമായ വൈരുദ്ധ്യമാണു നാം ചര്‍ച്ച ചെയ്യുന്നത്. അതു ലൈംഗികതയുടെ അപരിഹാര്യമായ അന്യവത്കരണവുമാകും.

ഇതാണു മനുഷ്യന്‍റെ കാവ്യധര്‍മ്മത്തിന്‍റെ കഥനമാകുന്നത്. സ്വന്തം കഥ രചിക്കുന്ന കാവ്യധര്‍മ്മം ഒരേസമയം വിധേയത്വത്തിന്‍റെയും ഒപ്പം കര്‍മ്മനിരതയുടെയുമാണ്. ഇവിടെ എഡ്മണ്ട് ഹുസ്സേല്‍ ചൂണ്ടിക്കാണിച്ച ധാര്‍മ്മികമായ ഉദ്ദേശ്യം പ്രധാനമാണ്. അത് "എനിക്കു കഴിയും" എന്ന നഗ്നവും പൗരാണികവുമായ ഒരു വിശ്വാസമാണ്. ചരിത്രം "എനിക്കു കഴിയും" എന്നതിന്‍റെ കഥയാണ്. ചരിത്രം ഞാന്‍ കണ്ടുപിടിക്കുകയാണ്. അതു പൂര്‍ണമായ സൃഷ്ടിയല്ല, മറിച്ചു കണ്ടുപിടിക്കലാണ്. അംഗീകരിക്കുകയും ആദരിക്കുകയും ഉണ്ടെങ്കിലും അതു കണ്ടെത്തലാണ്. അതു ചരിത്രസൃഷ്ടിയുടെ ഭാഗംതന്നെ. എന്‍റെ സ്വാതന്ത്ര്യമെന്നത് എന്‍റെ ജീവിതവഴിയാണ്. അതു നിങ്ങളെ ആദരവോടെ പരിഗണിച്ച് എന്നെ ആദരിക്കുന്ന എന്‍റെ വഴിയാണ്. അവിടെ ജീവിതസുഖം എന്നതു ലക്ഷ്യബോധത്തില്‍ വന്നു പതിക്കുന്ന പ്രതിധ്വനികളുമാണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org