നീതി മറികടക്കുന്ന കരുണ

നീതി മറികടക്കുന്ന കരുണ

ദൈവമുണ്ട് എന്ന തീരുമാനത്തോടെ തത്ത്വചിന്ത തുടങ്ങുന്നതിനോടു പല തത്ത്വചിന്തകരും എതിരാണ്. ചിന്ത ഈ മുന്‍വിധിയില്ലാതെ തുടങ്ങണം. എല്ലാ മുന്‍വിധികളെ യും ഒഴിവാക്കി ചിന്തിക്കണം. കാന്‍റ് അതാണു ചെയ്തത്. ദൈവത്തെ മാറ്റിനിര്‍ത്തിയ ശുദ്ധചിന്ത. എന്നാല്‍ പലരും പിന്‍വാതിലിലൂടെ ദൈവത്തെ അകത്തു പ്രവേശിപ്പിക്കുന്നു. എന്തുകൊണ്ട്? അതിനു ചിന്താപരമായ ഉത്തരങ്ങള്‍ പലതാണ്.

"നമ്മില്‍ വിശുദ്ധവും ദൈവികവുമായ വല്ലതിന്‍റെയും അടയാളങ്ങളോ ഭാവങ്ങളോ ഉണ്ടോ?" ഇതാണു ലളിതമായ ചോദ്യം. ഈ ചോദ്യം ഒരുതരം പ്രാതിഭാസിക ചിന്തയാണ്. "ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ടു ഞാനുണ്ട്" എന്നതരം ചിന്ത. അതു മനുഷ്യന്‍റെ ആന്തരികതയില്‍ നങ്കൂരമിട്ട ചിന്തയാണ്. അവിടെയാണു നമ്മെ അമ്പരപ്പിക്കുന്ന ചിലതു നാം കണ്ടെത്തുന്നത്. രണ്ടാം ലേകമഹായുദ്ധത്തില്‍ തോറ്റ ജര്‍മന്‍ പട്ടാളക്കാരെ പിടികൂടി ആക്രമിച്ചു തല്ലിച്ചതച്ചു ഗുഹയില്‍ അടച്ചു. ഈ ഗുഹയില്‍നിന്നു പുറത്തേയ്ക്ക് അവരെ വലിച്ചിഴച്ചുകൊണ്ടു വരുന്നു. ആ സമയം ഒരു സ്ത്രീ പുറത്തേയ്ക്കു വരുന്ന പട്ടാളക്കാരന് ഒരു റൊട്ടി കൊടുക്കുന്നു.

ഇതു ചെയ്യുന്നത് ഒരു സ്ത്രീയാണ്. ഏറ്റവും ബലഹീനയായ സ്ത്രീ. അവര്‍ എന്താണു ചെയ്തത്? അയാള്‍ അത് അര്‍ഹിക്കുന്നില്ല. കൊടുക്കാന്‍ അവര്‍ക്കു കടമയുമില്ല. ഇവിടെ ഒരു നീതിനടത്തിപ്പുമില്ല. എല്ലാം മറന്ന ഒരു ഔദാര്യം. അവര്‍ നീതിനടത്തിപ്പിനു കാത്തുനിന്നില്ല. അവര്‍ വാദിയുമല്ല, പ്രതിയുമല്ല. പ്രതിക്കു വാദിയുടെ മണ്ഡലത്തില്‍ നില്ക്കുന്നവള്‍ എല്ലാം മറന്നു നന്മ ചെയ്യുന്നു. പ്രതി വാദിയുടെ മേല്‍ വിവരിക്കാനാവാത്ത അവകാശം ഉണ്ടാക്കുന്നു. കരുണ ഒരു നിയയമവും പാലിക്കുന്നില്ല, എല്ലാ നിയമങ്ങളും മറികടക്കുകയും ചെയ്യുന്നു. ഒരു നിയമവും ഇതാവശ്യപ്പെടുന്നില്ല. എനിക്കോ മറ്റാര്‍ക്കുമോ ചെയ്യാന്‍ ബാദ്ധ്യതയില്ല. കാരണം ധാര്‍മികത നീതിയില്‍ അവസാനിക്കുന്നു. അതിനപ്പുറം നീതി ആവശ്യപ്പെടുന്നില്ല. അതു ചെയ്യുന്ന സ്ത്രീയെ പ്രേരിപ്പിക്കുന്നതു നന്മയുടെ കവിഞ്ഞൊഴുക്കാണ്. തന്നെയും മറികടക്കുന്ന ഏതോ ആധിപത്യത്തിലാണവര്‍. അതിനെ ദൈവികത എന്നു പറയാവുന്നതാണ്.

വിശുദ്ധമായ സമൃദ്ധിയുടെ നിറഞ്ഞുതുളുമ്പല്‍ ഒരു ബലിയല്ലേ? കണ്ണടച്ചു ചെയ്യുന്ന ഒരു കരുണ പൊട്ടിയൊഴുകന്നതു ഒരു വലിയ നന്മയില്‍നിന്നാണ്. അതു ചെയ്യുന്ന വ്യക്തിക്ക് ഒന്നും കിട്ടാനല്ല. പക്ഷേ, മറ്റെന്തു ചെയ്താലും കിട്ടാത്തത് അവര്‍ക്കു കിട്ടുന്നു. അളക്കാനോ തൂക്കാനോ വില്ക്കാനോ സാദ്ധ്യമല്ലാത്ത ആനന്ദം. മാത്രമല്ല, അതോടെ വന്നുചേരുന്ന ഒരു ഔന്നത്യവുമുണ്ട്. ഇതു സംഭവിക്കുന്നതു വ്യക്തിയുടെ ഹൃദയത്തിലെ ഏതോ ദുഃഖത്തില്‍ നിന്നു കണ്ണ് നിറഞ്ഞാണ്. എന്തുകൊണ്ടു കണ്ണു നിറയുന്നു? സാധാരണ മനുഷ്യരുടെ സ്വഭാവത്തില്‍ നിന്നു ഭിന്നമായി ഉയര്‍ന്ന ഏതോ ഉദാത്തത അവിടെ പ്രകടമാകുന്നു. അതൊരു കനിവാണ്, അതു കുനിയലുമാണ്. സഹനത്തിന്‍റെ മുമ്പില്‍ മനുഷ്യത്വം കനിഞ്ഞു കുനിയുന്നു. അതില്‍ ശ്രേഷ്ഠതയും ആനന്ദവുമുണ്ട്.

ചിന്ത എന്ന ആത്മീയതയിലേക്കു മടങ്ങിയാല്‍ എത്തിച്ചേരുന്നതു ചിന്തയുടെ ആദിയിലാണ്. അതു തുടക്കമാണ്. പക്ഷേ ആ തുടക്കം അസ്തിത്വവും ചിന്തയും തമ്മിലുള്ള ബന്ധമാണ്. ആ ബന്ധം ഒരു മുറിവായി മാറുന്നു. അസ്തിത്വത്തിന്‍റെ മുറിവില്‍ നിന്നു ഭാഷയും കര്‍മവും ഉണ്ടാകുന്നു. ചിന്ത അവിടെ കേള്‍ക്കുന്നതും അറിയുന്നതും ഏതോ സൗന്ദര്യവും നന്മയുമാണ്. ഇവിടെയാണ് ചിന്തയുടെ അവബോധത്തില്‍ ദൈവികത കടന്നുവരുന്നത്? മനുഷ്യന്‍ സ്വന്തം അസ്തിത്വ സമസ്യയുടെ അര്‍ത്ഥം കണ്ടെത്തുന്നു.

"യഥാര്‍ത്ഥ തത്ത്വചിന്തകന്‍ ദൈവസ്നേഹത്തിലാണ്" എന്നു വി. അഗസ്റ്റിന്‍ എഴുതി. എന്‍റെ പരിമിതികള്‍ക്കുള്ളിലും എന്‍റെ അഹം കേന്ദ്രീകൃത സ്വഭാവത്തിലേക്കും ദൈവികത പ്രവേശിക്കുന്നു എന്നതാണ് ആശ്ചര്യം. മനസ്സിലാകാത്ത വിധം ദൈവത്തിന്‍റെ അസാന്നിദ്ധ്യം മാത്രമല്ല സാന്നിദ്ധ്യം എന്നിലേക്കു കടന്നിരിക്കുന്നു. അതു ഭാഷാന്തരം ചെയ്യാനാവാത്തവിധം തെളിഞ്ഞതും അതുകൊണ്ടുതന്നെ ഒളിഞ്ഞതുമായ വെളിപാടാണ്. അതുകൊണ്ടു ഹൈഡഗര്‍ എഴുതി: "ആ വിളി എന്നില്‍നിന്നു വരുന്ന, എന്നില്‍നിന്നും അപ്പുറത്തുനിന്നും എനിക്കു മുകളിലൂടെയും വരുന്നു." എന്‍റെ അസ്തിത്വം എന്നെക്കുറിച്ചുള്ള ചോദ്യമാണ്. എനിക്കു ഞാന്‍ അടിസ്ഥാനം നല്കണമെന്നു ഞാന്‍ കാണുന്നു. എന്‍റെ അടിസ്ഥാനം ഞാനല്ല എന്നതാണ് അതിന്‍റെ കാതല്‍, അതു ദൈവികതയായി ഞാന്‍ അറിയുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org