അന്ധര്‍ കാണുന്നു

അന്ധര്‍ കാണുന്നു

"കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ?" എന്നതു യേശുവിന്‍റെ ചോദ്യമാണ് (മര്‍ക്കോ. 8:18). "കാഴ്ചയില്ലാത്തവര്‍ കാണുകയും കാഴ്ചയുള്ളവര്‍ അന്ധരായിത്തീരുകയും ചെയ്യേണ്ടതിനു ന്യായവിധിക്കായിട്ടാണു ഞാന്‍ വന്നത്" (യോഹ. 9:39). കണ്ണുണ്ടായാല്‍ പോരാ, കാണണം. കാഴ്ച കണ്ണിനെ മാത്രം ആശ്രയിച്ചിരിക്കുന്നില്ല എന്നതു ക്രിസ്തുവിന്‍റെ ദര്ശനവിശേഷമാണ്. ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറിലധികം വര്‍ഷങ്ങള്‍ക്കു മുമ്പു ജീവിച്ച സോഫോക്ലിസിന്‍റെ "ഈഡിപ്പസ് രാജാവ്" എന്ന നാടകത്തില്‍ സത്യം കാണുന്നതും കാഴ്ചയുള്ളതുമായ ഏക വ്യക്തി അന്ധനായ പ്രവാചകന്‍ തിരേസിയസ് ആണ്. പ്രശസ്ത കവിയായിരുന്ന ജോണ്‍ മില്‍ട്ടന്‍ അന്ധനായി മാറി. അദ്ദേഹത്തിന്‍റെ "പറുദീസാ നഷ്ടം" എന്ന മഹാകാവ്യത്തിന്‍റെ മൂന്നാം പുസ്തകത്തില്‍ പഴയ പ്രവാചകരെക്കുറിച്ചു പറയുമ്പോള്‍ തിരേസിയസ് എന്ന പ്രവാചകന്‍ അന്ധനായിരുന്നതിന്‍റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു.

താന്‍ ആരാണ് എന്നന്വേഷിക്കുന്ന ഈഡിപ്പസ് നാടാകാന്ത്യത്തില്‍ സത്യം അറിയുമ്പോള്‍ തന്‍റെ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കുന്നതിനുമുമ്പു പറയുന്നു. "അല്ലയോ വെളിച്ചമേ, അവസാനമായി ഞാന്‍ നിന്നെ കാണുന്നു." യേശു തന്‍റെ മലയിലെ പ്രസംഗത്തില്‍ ജനങ്ങളോടു പറയുന്നു. "നിന്‍റെ കണ്ണു നിനക്കു പാപഹേതുകമാകുന്നെങ്കില്‍ ചൂഴ്ന്നെടുത്തു കളയുക" (മത്താ. 5: 29). വെളിച്ചം കാണലും സത്യം കാണലും ഒന്നാണോ? വെളിച്ചത്തില്‍ കാണുന്നതുകൊണ്ടു മനുഷ്യന്‍ ശരിക്കും കാണുന്നുണ്ടോ? ഈഡിപ്പസ് തന്നെയും തന്‍റെ സത്യത്തെയും ആയുസ്സിന്‍റെ സൂര്യവെളിച്ചത്തില്‍ കണ്ടു. പക്ഷേ, ആ കാഴ്ചയിലൊന്നും അയാള്‍ തന്‍റെ സത്യം കണ്ടില്ല. വെളിച്ചം ഇനി കാണേണ്ട, എന്നു സത്യം കണ്ടവന്‍ തീരുമാനിച്ചു അന്ധനാകുന്നു. അന്ധത ഭാഗികമായ മരണമാണ്, പക്ഷേ അതു ദൈവികതയില്‍ നിന്ന് അഥവാ സത്യത്തില്‍ നിന്നുള്ള വേര്‍പിരിയലാകുമോ?

മില്‍ട്ടന്‍റെ അന്ധത മരണത്തിന്‍റെ അനുഭവമായി. സാംസന്‍റെ സൂര്യന്‍ അസ്തമിച്ചതുപോലെ മില്‍ട്ടന്‍റെ പ്രകാശം കെട്ടു. പക്ഷേ, മില്‍ട്ടന്‍ എഴുതി: "വെളിച്ചം ആത്മാവിലാണ്. അവള്‍ എല്ലായിടത്തുമുണ്ട്. അതിനെ കണ്ണിലെ കൃഷ്ണമണിയില്‍ മാത്രം എന്തിന് ഒതുക്കണം?" അന്ധരായിരുന്ന പഴയ പ്രവാചകര്‍ വെളിച്ചം നഷ്ടപ്പെട്ടതില്‍ നിരാശരായിരുന്നില്ല. അന്ധത അവര്‍ക്കു വലിയ പ്രചോദനകാരണമായി. കവികള്‍ക്ക് അന്ധത ആദികവിയായ ഹോമറില്‍ നിന്നു പകര്‍ന്നുകിട്ടിയതാണെന്നു പറയുന്നു. എല്ലാ കവികളും അന്ധരാണ്, അന്ധരാകാതെ കവിയകാനാവില്ല. മില്‍ട്ടനെ സംബന്ധിച്ചിടത്തോളം അന്ധത "മര്‍ത്യരുടെ കാഴ്ചയ്ക്ക് അദൃശ്യമായതു കാണാനും പറയാനു"മാണ്. സുപ്രസിദ്ധ ചിത്രകാരനായ റാഫേല്‍ പറഞ്ഞു: സുന്ദരിയായ സ്ത്രീയെ വരയ്ക്കാന്‍ എനിക്കു പല സ്ത്രീകളെയും കാണേണ്ടിയിരിക്കുന്നു. പക്ഷേ, സുന്ദരികള്‍ കുറവാണ്; മാത്രമല്ല സൗന്ദര്യത്തെക്കുറിച്ചുള്ള ധാരണകളും പരസ്പരവിരുദ്ധവുമാകാം. അതുകൊണ്ടു സുന്ദരിയെ ഞാന്‍ മനസ്സില്‍ കാണുന്നു, അതു വരയ്ക്കുന്നു. അതുകൊണ്ട് അന്ധത "ദൈവരഹസ്യങ്ങള്‍ മനനം ചെയ്യുന്ന ദൈവനിവേശിതനായ സന്ന്യാസിപോലെ സൃഷ്ടിയില്‍ മുഴുകുന്ന കവിയുടെയും കലാകാരന്‍റെയും പ്രതീകമാണ് അന്ധന്‍. തന്നില്‍ത്തന്നെയുള്ള പ്രകാശത്തില്‍നിന്ന് അഥവാ ആന്തരികതയില്‍ നിന്നു പ്രകാശിക്കുന്നതാണ് അയാളുടെ സൃഷ്ടി.

മില്‍ട്ടന്‍റെ പറുദീസ നഷ്ടത്തിലെ പതിനൊന്നാം പുസ്തകത്തില്‍ മിഖായേല്‍ മാലാഖ ആദത്തിന്‍റെ കണ്ണുകളെ "വരാനിരിക്കുന്നതു" കാണാന്‍ ഒരുക്കുന്നു. വാഗ്ദാനം ചെയ്ത ദര്‍ശനത്തിനു യോഗ്യമാകാന്‍ "ജീവന്‍റെ കിണറ്റില്‍" നിന്നു രണ്ടു തുള്ളി കണ്ണുകളിലൊഴുക്കി. "ജീവന്‍റെ വൃക്ഷത്തിന്‍റെ പഴം തിന്നുണ്ടായ കണ്ണിലെ പാട നീക്കിക്കളയുന്നു. അങ്ങനെ കണ്ണ് ശുദ്ധിയാക്കുന്നു. കാമംമൂലവും കാലുഷ്യംമൂലവും കത്തുന്ന കണ്ണു കാഴ്ചയില്ലാത്തതും അഹത്തിന്‍റെ ആധിപത്യം മാത്രം അടിച്ചേല്പിക്കുന്നതുമാണ്. ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ സമാഗമകൂടാരത്തിനു മുമ്പില്‍ പ്രവേശിക്കുന്നതിനുമുമ്പു നടത്തുന്ന ക്ഷാളനകര്‍മത്തിന്‍റെ പ്രസക്തി (പുറ. 40:12, 30-32) ഇന്ദ്രിയങ്ങളുടെ ശുദ്ധീകരണമാണ്. മില്‍ട്ടനെ സംബന്ധിച്ചിടത്തോളം കാണല്‍ എന്നത് കണ്ണ് എന്ന ഇന്ദ്രിയം ഭൗതികമായി കണ്ണില്‍ പ്രതിഫലിക്കുന്ന പടം കാണലാണ്. എന്നാല്‍ വെളിവ് ആത്മീയമായി വെളിവായി വീണു കിട്ടുന്നതാണ്. ഇവിടെ ക്രൈസ്തവപാരമ്പര്യത്തിലെ രണ്ടു ലത്തീന്‍ പദങ്ങള്‍ക്ക് ഒരേ അര്‍ത്ഥമാണെങ്കിലും രണ്ടു തരം കാഴ്ചയെ സൂചിപ്പിക്കുന്നു. സൂര്യപ്രകാശത്തില്‍ (Lux) എല്ലാം പ്രകാശിതമായി കാണുന്നു. ഇതു കാണുന്നവനില്‍ നിന്നു കാഴ്ചവസ്തുവിലേക്കു ചെല്ലുന്ന വെളിച്ചമാണ്. അതു കാഴ്ചക്കാരന്‍റെ വെളിച്ചം – അതില്‍ അവന്‍റെ മോഹങ്ങളുണ്ട്, വിധങ്ങളുണ്ട്. പക്ഷേ, ഒരു വസ്തു അതില്‍ത്തന്നെ വെളിവാകുകയാണ്. കാഴ്ചക്കാരന്‍ അതിന്‍റെ കാഴ്ചയ്ക്കു വെളിവാകലിനു വിധേയമാകുന്ന (Lumen) സൂര്യപ്രകാശവും ദൈവത്തിന്‍റെ പ്രകാശവും രണ്ടാണ്. ദൈവപ്രകാശമാണ് എന്നു പറയുമ്പോള്‍ മനുഷ്യനയനങ്ങള്‍ക്ക് അദൃശ്യമായതു കാണുന്ന പ്രകാശമാണ്. ദൈവം പ്രകാശമാണ് എന്നു പറയുമ്പോള്‍ ആ പ്രകാശം മനുഷ്യനേത്രങ്ങള്‍ക്ക് അദൃശ്യമായതു കാണാന്‍ കാരണമാകുന്നു. ദൈവത്തിന്‍റെ വഴികള്‍ മനുഷ്യനു വെളിവാകുന്നത് അന്തര്‍ദര്‍ശനത്തിലാണ് – ഇതു പ്രചോദനമാണ്.

ഇതു സാദ്ധ്യമാകണമെങ്കില്‍ മനുഷ്യന്‍റെ ഇന്ദ്രിയങ്ങള്‍ പ്രത്യേകിച്ചും കണ്ണു ശുദ്ധമാണ്. കാമം കടന്നിരിക്കുന്ന കണ്ണില്‍ കര്‍ത്താവില്‍ നിന്ന് അഞ്ജനം വാങ്ങി(വെളി. 3:18) കണ്ണെഴുതി ശുദ്ധമാക്കണം. അപ്പോഴാണ് "ആത്മീയദര്‍ശനം" സാദ്ധ്യമാകൂ. സിലോഹ കുളക്കരയില്‍ കാത്തുകെട്ടി കിടന്നവനും കുതിരപ്പുറത്തുനിന്നു വീണു അന്ധനായ സാവൂളും കാത്തിരിക്കുന്നു വെളിച്ചത്തിനായി. അതുകൊണ്ടു സെന്‍റ് പോള്‍ എഴുതി: "ഞങ്ങള്‍ നടക്കുന്നതു വെളിച്ചംകൊണ്ടല്ല, വിശ്വാസംകൊണ്ടാണ്" (2 കോറി. 5:7).

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org