ഒഴിവാക്കാനാവാത്ത പ്രേതബാധ

ഒഴിവാക്കാനാവാത്ത പ്രേതബാധ

പ്രേതാവാസമില്ലാതെ ജീവിക്കാനാകുമോ? മരിച്ചതും മണ്ണടിഞ്ഞതും പേരുകളായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നു. "എല്ലാം ചത്തൊടുങ്ങുന്നു, പേരുകള്‍ മാത്രം നിലനില്ക്കുന്നു" എന്നു 12-ാം നൂറ്റാണ്ടില്‍ മൊര്‍ലെയിലെ വില്യം ലത്തീന്‍ കവിതയിലെഴുതി. പ്ലേറ്റോയും സോക്രട്ടീസും പ്രേതമായി എന്‍റെ കൂടെയുണ്ട്. വിട്ടുമാറാതെ എന്നെ ആവസിച്ചിരിക്കുന്നതു ക്രിസ്തുവാണ്. തോട്ടക്കാരനോടു മഗ്ദലനമറിയം പഞ്ഞതു കോടിക്കണക്കിനു മനുഷ്യര്‍ക്കും ഇന്നു പറയാനാകും "ഞാന്‍ അവനെ എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം" (യോഹ. 20:15).

യഹൂദചിന്തകനായ ഷാക് ദരീദ 1993-ല്‍ എഴുതിയ പുസ്തകത്തിന്‍റെ പേര് മാര്‍ക്സിന്‍റെ പ്രേതങ്ങള്‍ എന്നാണ്. ശ്രദ്ധിക്കേണ്ടത് അതൊരു പ്രേതമല്ല പലതാണ് എന്നാണ്. മാര്‍ക്സിനെ മാവോയിസ്റ്റുകള്‍ മനസ്സിലാക്കുന്നതുപോലെയല്ല ഭരണം നടത്തുന്ന മാര്‍ക്സിസ്റ്റുകള്‍ മനസ്സിലാക്കുന്നത്, ചൈന മനസ്സിലാക്കുന്നതു മറ്റൊരു വിധവുമാകാം. പക്ഷേ, ഇന്നും മാര്‍ക്സ് ജനലക്ഷങ്ങള്‍ക്ക് ഒരു ആവാസമാണ്. നമ്മുടെ പൂര്‍വികര്‍, നമ്മുടെ ബന്ധുക്കള്‍, നാട്ടുകാര്‍, ഗുരുക്കന്മാര്‍, ….അങ്ങനെ നമ്മെ സ്വാധീനിക്കുന്ന എത്രയോ പേര്‍. അവര്‍ കടന്നുപോയവരാകും. പക്ഷേ, അവര്‍ നമ്മിലേക്കു കടന്നുനില്ക്കുന്നു. അവര്‍ നമ്മെ വിട്ടുപോകുന്നില്ല. സാധാരണമായി ഭൂതത്തില്‍ നിന്നാണു പ്രേതങ്ങള്‍ വരുന്നത്. ഭൂതം ആവസിക്കാത്തവര്‍ ആരുമില്ല. ഈ ആവാസത്തിലാണു ഞാനും നിങ്ങളും ഉണ്ടാകുന്നതും ജീവിക്കുന്നതും.

പക്ഷേ, ഭൂതത്തിന്‍റെ ആവാസം മാത്രമാണോ? ഭാവിയുടെ ആവാസമല്ലേ… ഭാവിയുടെ പദ്ധതികള്‍, സ്വപ്നങ്ങള്‍, മോഹങ്ങള്‍, എല്ലാം ഭാവിയില്‍നിന്നു പറന്നു നമ്മിലിരിക്കുന്നു. അവരും അവരായിട്ടല്ല കടന്നുവരുന്നത്. ഏതോ പ്രേതംപോലെ മാലാഖ പോലെ വരുകയാണ്. പ്രേതം കൂടിയവരുടെ ഏറ്റവും വലിയ ലക്ഷണമായി ഞാന്‍ കണ്ടിട്ടുള്ളതു വിറയലാണ്. ഭൂതവും ഭാവിയും നമ്മിലേക്കു കടന്നിരുന്നു നമ്മെ വിറകൊള്ളിക്കുന്നു. ഇതു രണ്ടും വര്‍ത്തമാനത്തെ വിറപ്പിച്ചുണ്ടാക്കുകയാണ്.

സാഹിത്യത്തിന്‍റെ സ്വാധീനത്തെ പ്രേതാവാസമായി കാണുന്നു. സാഹിത്യം ഭാവിയുടെ ഭാഷയാണ്. അതു നമ്മെ അമ്പരപ്പിക്കുകയും പിടികൂടുകയും ഭയാനകമാംവിധം വിറകൊള്ളിക്കയും ചെയ്യും. യോദ്ദാം ഗരീസിം മലയുടെ മുകളില്‍ നിന്നു പറഞ്ഞത് ഒരു കഥയായിരുന്നു. മരണങ്ങളുടെ രാജാവിനെ തിരഞ്ഞെടുത്ത കഥ. തന്‍റെ കുടുംബത്തിലെ 70 പേരെ കൊന്ന രാജാവിന്‍റെ അക്രമത്തിന്‍റെ ചോരയില്‍ നിന്നാണ്, മലമുകളില്‍ നിന്നു രാജാവിനെ തിരഞ്ഞെടുത്തവരോട് ഈ കഥ പറയുന്നതും. ആ കഥ ഒരു അഗ്നിപര്‍വതത്തിന്‍റെ ലാവ ഭാഷയായി മാറിയ കഥയാണ്. അതു നമ്മെ വേട്ടയാടുന്ന കഥയാണ് ഇന്നും. അതു വരാന്‍ പോകുന്ന ദുരന്തത്തിന്‍റെ അസാന്നിദ്ധ്യമുണ്ടാക്കി. അതു നമ്മില്‍ മുറിവുണ്ടാക്കുന്നു. അതിന്‍റെ പ്രേതം ഒഴിയാത്ത ലോകമാണു നമ്മുടേത്. മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയ കഥയും നമ്മുടെ ജീവിതത്തില്‍ നമ്മോടൊപ്പമുണ്ട്. ഈ സാഹിത്യസൃഷ്ടികള്‍ക്കു ഭൂതമില്ല, ഭാവിയില്ല, വര്‍ത്തമാനമില്ല. അതു നിരന്തരം ഏതു കാലത്തും ഏതു സ്ഥലത്തും ഏതു സാഹചര്യത്തിലും സംസാരിക്കുന്നു. ആ കഥ വരുന്നത് ഏതോ വിദൂരതയില്‍ നിന്നാണ്. നക്ഷത്രങ്ങളെ നോക്കി മേലോട്ടു പോകുന്ന പുഴുവിന്‍റെ പ്രരോദ്ദനം ആശാന്‍റെ കാലത്തില്‍ മണ്ണടിയുന്നില്ല. അത് ഇന്നും നമ്മുടെ മദ്ധ്യത്തില്‍ ജീവിക്കുന്നു. ആ പ്രബോധനം എന്‍റെ നക്ഷത്രങ്ങളിലേക്കു പറക്കലിന്‍റെ വിലാപവും പ്രാര്‍ത്ഥനയുമാണ്. ജീവിതയാത്രയില്‍ പറയാനാവാത്തതു അതു പറയുന്നു, കേള്‍ക്കാനാവാത്തത് അതു കേള്‍പ്പിക്കുന്നു. ഒരു കഥയ്ക്കോ കവിതയ്ക്കോ തീയതിയില്ല, ജനമൃതികളില്ല. അതു വരുന്നു, വന്നുകൊണ്ടേയിരിക്കുന്നു. ഈ പ്രേതാവാസമില്ലാതെ ജീവിതം ജീവക്കാനാവാത്തതാകുന്നു. അതു ഭാവിയുടെ ഭാഷയാണ്, അതില്ലാത്ത ജീവിതം അര്‍ത്ഥരഹിതമായി മാറും. പ്രസിദ്ധ കവിയായ വാള്‍ട്ട് വിറ്റമാന്‍ 'മൗലികതയുടെ കണ്ണ്, ജാനുസ് ദേവന്‍റേതുപോലെ ഭൂതത്തിലേക്കും ഭാവിയിലേക്കും തിരിച്ച രണ്ടു മുഖങ്ങളാണ്' എന്നെഴുതി. മൗലികത മൂലത്തിലേക്കും ആദിയിലേക്കും നോക്കുന്നതാണ്. അതു പിന്നിലുമാണ്, അതു മുന്നിലാണ്, ആദിയുടെ അന്ത്യം എന്ന നിലയില്‍. ആയിരിക്കുന്നത്, ആയിത്തീരേണ്ടതും കുറേസമയം കാണുമ്പോള്‍ ഉണ്ടാകേണ്ട കാലത്തിന്‍റെ ആദിയുടെയും അന്ത്യത്തിന്‍റെയും പ്രേതങ്ങള്‍ കൂടുന്നു. വായനതന്നെ ഒരു പ്രേതലോകവുമായുള്ള ബന്ധമാണ്. അക്ഷരങ്ങളുടെ ഭാഷ യാഥാര്‍ത്ഥ്യങ്ങളുടെ പ്രേതലോകമാണ്. അതു ചൂണ്ടുകമാത്രം ചെയ്യുന്നു. അതിന്‍റെ അകം പൊള്ളയാണ്. അതൊരു ശൂന്യമായ ഗര്‍ത്തത്തിലേക്കാണു കൊണ്ടുപോകുക. അതു പ്രേതങ്ങള്‍പോലെ ആവസിക്കുന്നു. അക്ഷരങ്ങളില്‍നിന്നു ചാടി ആത്മാവിനെ ഗ്രസിക്കണം. അപ്പോഴും പ്രേതാവാസത്തിലാകുകയാണു നാം. മാത്യു അര്‍ണോള്‍ഡ് എഴുതി: "കാവ്യമില്ലാതെ ശാസ്ത്രം അപൂര്‍ണമായി കാണപ്പെടും. ഇന്നു നാം മതവും തത്ത്വചിന്തയുമെന്നു കരുതുന്നതിന്‍റെ സ്ഥാനം കാവ്യം എറ്റെടുക്കും." ജീവിതത്തിന്‍റെ അര്‍ത്ഥപൂര്‍ണമായ വ്യാഖ്യാനമാണു മതവും സാഹിത്യവും നടത്തുന്നത്. അതിന് അതിഭൗതികമായത് സഹവസിക്കുകതന്നെ വേണം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org