കോഴിനേര്‍ച്ചയുടെ അര്‍ത്ഥം

കോഴിനേര്‍ച്ചയുടെ അര്‍ത്ഥം

പാശ്ചാത്യനാടുകളുടെ തത്ത്വചിന്തയുടെ പിതാമഹനായ സോക്രട്ടീസ് അവസാനമായി പറഞ്ഞ വാചകം എന്തായിരുന്നു? പ്ലേറ്റോയുടെ ഫേദ്രൂസ് എന്ന പുസ്തകപ്രകാരം അതു "ക്രീറ്റോ, ആസ്ലേപിയൂസിലേക്ക് ഒരു കോഴിനേര്‍ച്ചയുണ്ട്. അതു കൊടുക്കണം, മറക്കരുത്" എന്നാണു സാധാരണമായി നാം വായിക്കുക. രോഗശാന്തി കിട്ടിക്കഴിയുമ്പോഴാണ് ആ ക്ഷേത്രത്തില്‍ കോഴി നേര്‍ച്ച നടത്തുന്നത്? സോക്രട്ടീസിന് ഏതു രോഗശാന്തിയാണു ലഭിച്ചത്? ഇവിടെയാണു പ്രശ്നം. അങ്ങനെയൊരു രോഗത്തെക്കുറിച്ചു വിവരമില്ല. പിന്നെ അതു ക്രീറ്റോയോടു പറഞ്ഞത് എന്തിന്?

ജര്‍മന്‍ ചിന്തകനായ നീഷേ അതു തര്‍ജ്ജമപ്പെടുത്തിയതു തികച്ചും ഭിന്നമായിട്ടാണ്. 'ക്രീറ്റോ, ജീവിതം ഒരു രോഗമാണ്." സോക്രട്ടീസ് അങ്ങനെ ജീവിതത്തെക്കുറിച്ചു വലിയ ദോഷൈകവീക്ഷണക്കാരനായിരുന്നോ? ജീവിതത്തെ ശാപമായി കണ്ടിരുന്നോ? ഇല്ല എന്നാണു മറുപടി. ജീവിതം രോഗമാണ് എന്നതു ഗ്രീക്ക് ചിന്തയല്ല, അതൊരിക്കലും പ്ലേറ്റോയുടെ വീക്ഷണവുമല്ല. ജീവിതത്തില്‍ നിന്നു മരണത്തിലൂടെയുള്ള വിമോചനത്തിന്‍റെ മുഹൂര്‍ത്തത്തെ വരിക്കുകയാണോ സോക്രട്ടീസ്?

ഈ വാചകം രോഗമുക്തിയെക്കുറിച്ചുതന്നെയാണെന്നും എന്നാല്‍ രോഗം ജീവിതമെന്ന രോഗമല്ലെന്നുമാണു മിഷേല്‍ ഫുക്കേയുടെ വ്യാഖ്യാനം. സോക്രട്ടീസ് ജീവിതത്തെ ശപിച്ചവനോ ജീവിതം രോഗമാണ് എന്നു കരുതിയവനോ അല്ല. പക്ഷേ, രോഗമാണീ വാചകത്തിന്‍റെ വിഷയം; എന്തു രോഗശാന്തി? രോഗശാന്തിയെക്കുറിച്ചു പറയുന്നതു ക്രീറ്റോയോടാണ്.

ക്രീറ്റോതന്നെയാണു കൈക്കൂലി കൊടുത്തു സോക്രട്ടീസിനെ കപ്പലില്‍ മറ്റൊരു രാജ്യത്തേയ്ക്കു കടത്തി മരണത്തില്‍ നിന്നു രക്ഷിക്കാനുള്ള പദ്ധതി സോക്രട്ടീസുമായി ചര്‍ച്ച ചെയ്തത്. സോക്രട്ടീസ് അതിനു വഴങ്ങിയില്ല. ശിഷ്യരുടെ പൊതു താത്പര്യപ്രകാരമാണ് ഇതു ചെയ്തത്. പൊതുജനത്തിന്‍റെ താത്പര്യത്തെയും അഭിപ്രായത്തെയും എങ്ങനെ പരിഗണിക്കണം, എത്രമാത്രം അതു പാലിക്കണം എന്നതാണു പ്രശ്നം. സത്യത്തിന്‍റെ നിശ്ചയത്തില്‍ പൊതുജനഹിതം എത്രമാത്രം വിലപ്പെട്ടതാണ്? വിലപ്പെട്ടതാണ് എന്ന വിധമാണു ക്രീറ്റോ പെരുമാറിയത്. അതാണു സോക്രട്ടീസ് ജയിലറയില്‍ വച്ചു ക്രീറ്റോയെ ബോദ്ധ്യപ്പെടുത്തിയത്. ശരീരത്തിന്‍റെ നാശത്തേക്കാള്‍ വളരെ വലുതാണ് ആത്മനാശം. ആത്മരക്ഷയ്ക്കായി ശരീരനാശം തിരഞ്ഞെടുക്കണം. അവിടെ ആള്‍ക്കൂട്ടത്തിന്‍റെ ഒച്ചയ്ക്കു പ്രസക്തിയില്ല. ഈ ആള്‍ക്കൂട്ടാധിപത്യത്തിന്‍റെ രോഗത്തില്‍ നിന്നാണു സോക്രട്ടീസിനും ക്രീറ്റോയ്ക്കും ശാന്തി ലഭിച്ചത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org