ആത്മപരിശോധനയിലെ തട്ടിപ്പ്

ആത്മപരിശോധനയിലെ തട്ടിപ്പ്

പോള്‍ തേലക്കാട്ട്

ഹിപ്പോയിലെ വിശുദ്ധനായ അഗസ്റ്റിന്റെ (354-430) ആത്മകഥയ്ക്കു നമ്മുടെ കാലത്തില്‍ നിന്നു 1800 വര്‍ഷങ്ങള്‍ പിന്നോട്ടു പോകണം. പക്ഷെ, അതില്‍ ഏറ്റവും പുതിയ ചിന്താസരണി കണ്ടെത്തുന്നു എന്നതാണ് അതിന്റെ വൈശിഷ്ട്യം. ഇരുപതാം നൂറ്റാണ്ടിന്റെ തത്വശാസ്ത്ര ശൈലിയായ പ്രതിഭാസിക വൈജ്ഞാനീയത്തിന്റെ ചിന്തകനായ ഗുസ്സേല്‍ തന്റെ കര്‍ത്തേസ്യന്‍ ധ്യാനങ്ങള്‍ അവസാനിപ്പിക്കുന്നതു അഗസ്റ്റിന്റെ ഉദ്ധരണികൊണ്ടാണ്. ഉത്തരാധുനികനായ ദരീദ എന്ന യഹൂദന്‍ തന്റെ ചിന്താരീതിക്ക് അഴിച്ചുപണി (Deconstruction) എന്നാണ് പേരിട്ടത്. എന്നാല്‍ ഈ അഴിച്ചുപണി ചിന്തയുടെ ഏറ്റവും നല്ല ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് അഗസ്റ്റിന്റെ ആത്മകഥയാണ്. അഗസ്റ്റിന്‍ അതില്‍ എഴുതി, "ഞാന്‍ എന്റെ വ്രണങ്ങള്‍ തുറന്നിടുന്നു." ഇതാണ് കഫ്കയുടെ "നാട്ടുവൈദ്യന്‍" എന്ന കഥയുടെ കാതല്‍.
"എന്റെ ഹൃദയത്തിന്റെ ആഴങ്ങളില്‍ അദ്ദേഹത്തെ ആദരിക്കുന്നു, സ്‌നേഹിക്കുന്നു." എന്ന് അഗസ്റ്റിനെപ്പറ്റി പറയുന്ന ദരീദയും അള്‍ജിയേസ്‌കാരനാണ്. അദ്ദേഹത്തിന്റെ അമ്മയെ അഗസ്റ്റിന്റെ അമ്മ മോനിക്കയോട് ഉപമിക്കുന്നുണ്ട്. അഗസ്റ്റിന്റെ ആത്മകഥയുടെ പേര് Confessions എന്നാണ്. ദരീദയുടെ ഏറ്റുപറച്ചിലിന് അദ്ദേഹം "Circumfessions" എന്നു പേരിട്ടു. ഛേദനാചാരത്തില്‍ നിന്നുള്ള ഏറ്റുപറച്ചിലാണ് ഇവിടെ സാക്ഷിക്കുന്നത്. ഇത് അദ്ദേഹത്തിലെ ഏതോ വ്രണമായി വിവക്ഷിക്കുന്നു. അഗസ്റ്റിന്‍ തന്റെ മുറിവിന്റെയും പാപത്തിന്റെയും വിലാപമാണ് നടത്തുന്നത്.
"ലിഖിതത്തിനു പുറത്തു ഒന്നുമില്ല" എന്നതാണ് ദരീദയുടെ ചിന്തയുടെ അടിസ്ഥാനം. അഗസ്റ്റിന്റെ കഥയാകട്ടെ "എടുത്തു വായിക്കുക" എന്നതില്‍ തുടങ്ങുന്നു. അദ്ദേഹം ദൈവത്തെ കണ്ടെത്തുന്നതു പ്രപഞ്ചത്തിലല്ല. അതു പുറത്തേക്കുള്ള യാത്രയല്ല, അകത്തേക്കാണ് പോകേണ്ടത്. അകത്താണ് സത്യവും ഈശ്വരനും കണ്ടെത്തപ്പെടുന്നത്. ഈശ്വരന്‍ അസ്തിത്വ സ്വത്വം എന്നതിനേക്കാള്‍ ആന്തരികസത്യമാണ്. ചിന്ത ദൈവചിന്തയായി മാറുന്നു എന്ന ഹൈഡഗറിന്റെ വിമര്‍ശനം അഗസ്റ്റിനെ ബാധിക്കുന്നില്ല.
ദരീദയ്ക്കു നിരീശ്വരത്വം എന്നത് ദൈവനിഷേധമല്ല, ഒരു തരം ദൈവവര്‍ജ്ജനമാണ്. ഈ വര്‍ജ്ജനം യഥാര്‍ത്ഥ ദൈവത്തിന്റെ കടന്നുവരവിനു ആവശ്യമാണ്. അപരനോടുള്ള ബ ന്ധത്തിലാണ് മതം എന്ന ലെവീനാസിന്റെ ചിന്തയെ പിന്‍തുടരുന്ന അദ്ദേഹം മതത്തിന്റെയും ക്രൈസ്തവികതയുടെയും ഭാവി അഴിച്ചുപണിക്കു വിധേയമാക്ക ണം എന്ന നിലപാടുകാരനാണ്. ദൈവത്തിന്റെ മരണം വ്യാകുലപ്പെടുത്താത്തവനാണ് ദരീദ. മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരേക്കാള്‍ സ്വാധീനമുള്ളവരാകും. എഴുത്തുകാരന്‍ എഴുത്തില്‍ എന്ന പോലെ ദൈവം സ്വയം ശൂന്യവല്‍ക്കരിക്കുന്നു. അവശേഷിക്കുന്നതു എഴുത്തു മാത്രം. സ്രഷ്ടാവ് സൃഷ്ടിയില്‍ അപ്ര ത്യക്ഷനാകുന്നു. എഴുത്തിലെ അസാന്നിദ്ധ്യമായി ദൈവം എഴുത്തിലുണ്ട്.
കേള്‍ക്കപ്പെടാത്ത വൈയാകരണനായി ദൈവം നിലകൊള്ളുന്നു. "മൃഗവും പരമാധികാരിയും" (Beast and the Soverign) എന്ന കൃതിയില്‍ ദൈവത്തെ പരമാധികാരിയാക്കുന്നതു അഴിച്ചുപണി അനിവാര്യമായ കാവ്യമാണ് എന്നു പറയുന്നു. ദൈവത്തെ ഭീകര സ്വത്വമാക്കലായിരുന്നു ഫലം. ഏറ്റുപറച്ചിലും ഛേദനാചാരവും സ്വയം മുറിക്കുന്ന വേദനയുടെയും വിഭജനത്തിന്റെയും നടപടിയാണ്. എന്നെ കണ്ടെത്താനുള്ള അന്വേഷണം നിന്നെ ഏറ്റു പറയുന്നതായി മാറുന്നു. അഗസ്റ്റിന്റെ ആത്മകഥ തന്നെ കണ്ടെത്തുന്ന അന്വേഷണമാണ്. അതു സംശയത്തില്‍ തുടങ്ങുന്നു. ഡെക്കാര്‍ട്ടിന്റെ ഞാന്‍ എന്നെ സംശയിക്കുന്ന അന്വേഷണം അഗസ്റ്റിന്‍ എഴുതി "ഞാന്‍ വീഴുന്നെങ്കില്‍ ഞാനുണ്ട്" (Si fallor sum). എന്റെ വീഴ്ചയിലാണ് ഞാന്‍ എന്നെ കണ്ടെത്തുന്നത്. എന്നെക്കുറിച്ചുള്ള എന്റെ അറിവിനെ ഞാന്‍ സംശയിക്കണം. ഇല്ലെങ്കില്‍ "ആത്മപരിശോധനയുടെ കുശാഗ്രബുദ്ധി" എന്നെ വഞ്ചിക്കും. എന്നില്‍ നിന്ന് എന്റെ സത്യം ഒളിക്കുന്ന എന്റെ വക്രബുദ്ധിയുടെ തട്ടിപ്പ്. "മറ്റുള്ളവരില്‍ നിന്ന് സ്തുതിയും പുകഴ്ചയും കിട്ടാനുള്ള പ്രലോഭന"ത്തില്‍ വീണുപോകും. "എന്റെ അഹത്തെ ചവിട്ടിമെതിച്ചു" ദൈവത്തിന്റെ പ്രകാശം കടന്നുവരാന്‍ വാതില്‍ തുറക്കണം. അവിടെയാണ് ഞാന്‍ എനിക്കു മുറിവേല്പിക്കേണ്ടത്. യാക്കോബിന്റെ എളിയെല്ല് ഉളുക്കിയ അവസ്ഥ. ഇതാണ് ഞാന്‍ എന്നെ അറിയുന്ന സ്ഥിതി. ഇവിടെ വലിയ പ്രതിസ ന്ധി തീര്‍ക്കുന്നതു ആന്തരികതയുടെ സ്വകാര്യവല്‍ക്കരണമാണ്. ആന്തരികത ആരും കാണാത്തതും അറിയാത്തതുമായ രഹസ്യമണ്ഡലമാണ്. ഈ മണ്ഡലത്തില്‍ അഹം വാഴുമ്പോള്‍ എല്ലാം സ്വകാര്യവല്‍ക്കരിക്കുന്ന പാഷണ്ഡത ഉണ്ടാകുന്നു. ഈ സ്വകാര്യമണ്ഡലം തുറന്നിടുന്നതാണ്, അല്ലെങ്കില്‍ എന്റെ "ലോകമോഹങ്ങളുടെ അടിസ്ഥാനത്തില്‍" ഞാന്‍ വീണുപോകാം. "നന്നായി ചെയ്തു, നന്നായി ചെയ്തു… എന്ന കീര്‍ത്തനങ്ങളുടെ കാണിക്കലില്‍" ഞാന്‍ വീണു പോകും. ആത്മവഞ്ചനയില്‍ ഞാന്‍ പെട്ടുപോകും. ശത്രുവിന്റെ "വാഴ്ത്തലുകളില്‍ ഞാന്‍ അഭിരമിച്ച് ഞാന്‍ എന്റെ കാമത്വരയെ മാത്രം കേള്‍ക്കുന്നു. മറിച്ചു ഞാന്‍ വാതില്‍ തുറന്ന് എന്റെ രഹസ്യത്തില്‍ അപരന്റെ വെളിച്ചം വീഴുമ്പോള്‍ ഞാന്‍ മുറിവേറ്റവനാകും – ഞാന്‍ സത്യത്തിന്റെ പിടിയിലാകും. ഇതാണ് ഏറ്റുപറച്ചില്‍, ഇതാണ് ഞാന്‍ ദൈവത്താല്‍ മുറിവേല്ക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org